Tuesday 13 November 2018 03:50 PM IST

ജീവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല

R. Sreelekha IPS

23

പന്ത്രണ്ടു വർഷം മുൻപ് ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പകൽ പിറന്നത് നാട്ടുകാരെ ഞെട്ടിച്ചുകൊണ്ടായിരുന്നു. എന്റെ കുടുംബാംഗങ്ങൾ വീട്ടിലും പറമ്പിലെ കിണറിലുമായി മരിച്ചു കിടക്കുന്നത് അയൽവാസിയാണ് ആ ദ്യം കണ്ടത്. കിണറിൽ നിന്നു മൃതദേഹങ്ങൾ പുറത്തെടുത്ത ഫയർഫോഴ്സ് ജീവനക്കാർ എനിക്ക് സ്വൽപം ജീവൻ അവശേഷിക്കുന്നുണ്ടെന്നു കണ്ടു. എന്നെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബോധംകെട്ട ഭർത്താവിനും ബാക്കിയുണ്ടായിരുന്നു ജീവന്റെ തുടിപ്പ്. അമ്മ, മൂന്നു സഹോദരിമാർ, മൂത്ത ചേച്ചിയുടെ ആറു വയസ്സായ മകൻ, ഒരു സഹോദരൻ എന്നിവരും മരിച്ചു.

എന്താണ് സംഭവിച്ചതെന്നല്ലേ? അമ്മ വിധവയാണ്. ആറു മക്കളുണ്ട്. മൂത്ത ചേച്ചി ഭർത്താവുമായി പിണങ്ങി കൊച്ചുമായി വീട്ടിൽ തന്നെ. മൂത്ത സഹോദരൻ കുടുംബമായി ഗൾഫിൽ താമസിക്കുന്നു. ഞാൻ മൂന്നാമത്തവൾ. താഴെ രണ്ട് അനിയത്തിമാർ, ഒരു അനിയൻ. ഇവരെ കൂടാതെ എന്റെ ഭർത്താവും വീട്ടിൽ തന്നെയുണ്ട്. അദ്ദേഹമാണ് കുടുംബത്തിലെ എല്ലാവരെയും സംരക്ഷിച്ചു പോന്നത്. ഒരാളുടെ വരുമാനം കൊണ്ട് എട്ടുപേരുടെ വയർ നിറക്കാൻ സാധിക്കാത്തതിനാൽ അനിയനും പഠിത്തം നിർത്തി ജോലിക്കു പോയി തുടങ്ങിയിരുന്നു.

എന്നെ വിവാഹം ചെയ്യുന്നതിന് മുൻപ് അദ്ദേഹം ഒന്ന് കെട്ടിയതാണ്. ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. എന്തോ പ്രശ്നത്തിൽ ഭാര്യ പിണങ്ങി മകനുമായി പോയി. ആ വിവാഹബന്ധം വേർപെടുത്തിയ ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. ഒരു വിധത്തിൽ നോക്കിയാൽ അദ്ദേഹം ഞങ്ങളോടൊപ്പം താമസിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് വയറിന്റെ തീ കുറഞ്ഞതും അനിയത്തിമാർക്കു പേടി കൂടാതെ രാത്രി വീട്ടിൽ ഉറങ്ങാൻ പറ്റിയതും. അമ്മയ്ക്കും അനിയനും അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. ‘എന്റെ മൂത്ത മോനാണിവൻ’ എന്ന് അമ്മ എപ്പോഴും പറയും. ഗൾഫിലെ ചേട്ടൻ ചേട്ടത്തിയുടെ നിയന്ത്രണത്തിലായതിനാൽ അമ്മയെ തിരിഞ്ഞു നോക്കാറില്ല. ഒരു കാശും അയച്ചു കൊടുക്കാറില്ല, നാട്ടിൽ വന്നാൽ വീട്ടിലേക്കു വരാറുമില്ല.

ഞങ്ങളുടെ സ്വന്തമായതെല്ലാം വിറ്റു പെറുക്കിയാണ് ഞ

ങ്ങൾ പെൺമക്കളുടെ കല്യാണം അമ്മ നടത്തിയത്. പിന്നെയൊരു കുഞ്ഞു വാടക വീട്ടിലാണ് താമസം. അനിയത്തിമാർ കോളജിലും സ്കൂളിലുമായി പഠിക്കുകയാണ്. ഒപ്പം ചേച്ചിയുടെ മകനും. എല്ലാ ചെലവുകളും വഹിച്ചിരുന്നത് എന്റെ ഭർത്താവ് തന്നെ. കുഞ്ഞിനായി ഞാൻ ആഗ്രഹിച്ചപ്പോഴെല്ലാം അദ്ദേഹം പറയും, ‘ഇപ്പോൾ വേണ്ട. നമ്മുടെ ഈ പ്രാരബ്ധത്തിലേക്ക് ഒരു നിഷ്കളങ്ക ജീവിതം കൂടി വരേണ്ട. പക്ഷേ, യഥാർഥ പ്രശ്നം അദ്ദേഹം ഞങ്ങളെ അറിയിച്ചിരുന്നില്ല.

ഒടുവിൽ ഞങ്ങളത് അറിഞ്ഞു

എന്റെ വിവാഹം കഴിഞ്ഞു നാലു വർഷത്തിനു ശേഷമാണ് അ ദ്ദേഹം ഉള്ളിലെ എല്ലാ വിഷമങ്ങളും ഞങ്ങളോടു പറയുന്നതു തന്നെ. വാടക വീടിന്റെ ഉടമസ്ഥൻ ഒരുനാൾ വീട്ടിൽ വന്നു വാടക കുടിശ്ശികയായ വെറും 2400 രൂപയ്ക്ക് വേണ്ടി വഴക്കിട്ട് അദ്ദേഹത്തെ തല്ലി. അതും എല്ലാവരുടെയും മുന്നിലിട്ട്. എനിക്കതു സഹിക്കാൻ പറ്റിയില്ല. അന്നാണ് അദ്ദേഹം കടം കയറി മുടിഞ്ഞിരിക്കുകയാണ് എന്ന് ഞങ്ങൾ എല്ലാവരും അറിയുന്നത്. പിറ്റേന്ന് അദ്ദേഹവും അനിയനും കൂടെ പല വഴിയിലും പണം സംഘടിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ഒന്നും ശരിയായില്ല. വിൽക്കാൻ വിലപിടിപ്പുള്ള ഒന്നും വീട്ടിൽ ഇല്ലായിരുന്നു. കരി പിടിച്ച കുറെ പാത്രങ്ങൾ, പൊട്ടിയ വീട്ടുപകരണങ്ങൾ, കീറിയ വസ്ത്രങ്ങൾ ഇതൊക്കെയായിരുന്നു ഞങ്ങളുടെ സമ്പാദ്യം.

ജീവിക്കാനായുള്ള അവസാനശ്രമം

അന്ന് സന്ധ്യക്ക്‌ ഭർത്താവിനും അനിയനും ഒപ്പം വീട്ടുടമസ്ഥനെ കാണാൻ ചെന്നു. ഭർത്താവു ഭൂമിയോളം താണു. അമ്മ കരഞ്ഞു പറഞ്ഞു. അനിയൻ പറഞ്ഞു നോക്കി, ‘സാറിനു ഞാ ൻ ഉറപ്പു തരാം, ഒരാഴ്ചയ്ക്കകം കൂലിപ്പണിയെടുത്തെങ്കിലും കാശ് തരാം,’ എന്ന്.

‘നാളെ വീട്ടിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ ഒന്നുകിൽ ഗുണ്ടകളെ നേരിടാൻ തയാറായിരുന്നോ. അല്ലെങ്കിൽ കന്യകമാരുണ്ടല്ലോ അവിടെ, അതുങ്ങളെ ഇവിടെ പകരം കൊണ്ട് തരാൻ തയാറായിക്കോ.’ അങ്ങേർ ആക്രോശിച്ചു. പിന്നെ, ഞങ്ങളുടെ മുന്നിൽ വാതിൽ കൊട്ടിയടച്ചു.

എനിക്ക് കലിയടക്കാൻ കഴിഞ്ഞില്ല. ഞാൻ ആ വാതിലിന്റെ അടുത്ത് കിടന്ന കോടാലിയെടുത്ത് ആഞ്ഞടുത്തു. ‘കൊല്ലും അവനെ, തെമ്മാടി!’ ഞാൻ അലറി. പക്ഷെ, ഭർത്താവ് തടഞ്ഞു. ‘വേണ്ട, വേണ്ട. നല്ല പിടിപാടുള്ള മനുഷ്യനാണ്. നമുക്ക് വേറെ വഴിയുണ്ടാക്കാം.’ അദ്ദേഹം സമാധാനിപ്പിച്ചു.

‘ഒരൊറ്റ വഴിയേ ഇനിയുള്ളൂ. എല്ലാവർക്കും കൂടി ചാവാം.’ തിരികെ വീട്ടിലേക്കു പോകുംവഴി ഞാൻ പുലമ്പി. ‘എന്റെ അനിയത്തിമാരെ വിൽക്കുന്നതിലും ഭേദമാണ് അത്.’ അത് കേട്ട് അമ്മ എങ്ങലടിച്ചു കരഞ്ഞു. ദുഃഖങ്ങൾ പങ്കുവെച്ച് ഉറങ്ങാതെ ഇരുന്ന ഞങ്ങളുടെ മനസ്സിൽ മരണം എന്ന ചിന്ത ഒരേപോലെ വന്നടിഞ്ഞു.

‘സുഹൃത്തിന്റെ റബർ തോട്ടത്തിൽ തളിക്കാനായി വാങ്ങിയ വിഷം കുറച്ചു കുപ്പിയിൽ ഇരിപ്പുണ്ട്. അമ്മ അൽപം കഞ്ഞി വെച്ചാൽ എല്ലാർക്കും കൂടി അത് കഴിക്കാം.’ അനിയൻ മെല്ലെ പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി അമ്മ അടുക്കളയിൽ കയറി പാചകം തുടങ്ങി. ആരോ പോയി വിഷക്കുപ്പി എടുത്തു വന്നു. ഒരു തുലാസിൽ 2400 രൂപയും മറ്റതിൽ എട്ടു ജീവിതങ്ങളും. ഏതിനായിരിക്കും ഭാരക്കൂടുതൽ? പക്ഷേ, വെറും 2400 രൂപയുടെ പ്രശ്നമായിരുന്നില്ല അത്. എല്ലായിടത്തും കടമാണെന്ന് അന്നത്തെ ചർച്ചയിലാണ് ഞങ്ങൾക്കു മനസ്സിലായത്. പാലുകാരന്, മീൻകാരന്, പലചരക്കു കടയിൽ, പച്ചക്കറി സ്റ്റാളിൽ, മരുന്നു കടയിൽ, ചായക്കടയിൽ,...

ബന്ധുക്കളോ അയൽക്കാരോ സുഹൃത്തുക്കളോ ഇനി കാ ൽകാശ് കടം തരില്ല. രാത്രി രണ്ടര മണി. ഞങ്ങൾ വിഷംകലക്കിയ കഞ്ഞി കുടിച്ചു. ആർക്കും തികഞ്ഞില്ല. ചേച്ചിയുടെ മടിയിൽ തളർന്നു കിടന്ന മോന്റെ വായിൽ നിർബന്ധിച്ചും ബലം പ്രയോഗിച്ചുമാണ് അതൊഴിച്ചു കൊടുത്തത്.

അവിടെയും കണക്കു തെറ്റി. ഞങ്ങളെല്ലാവരും മണിക്കൂറുകളോളം വയറു വേദനയെടുത്തു പുളയുകയും ഛർദ്ദിക്കുകയും ചെയ്തതല്ലാതെ ബോധം പോകുകയോ ചാകുകയോ ചെയ്തില്ല. മൂത്ത അനിയത്തിയാണ് അത് സഹിക്കവയ്യാതെ ആദ്യം ഓടിപ്പോയി കിണറിൽ ചാടിയത്. പിന്നാലെ ചേച്ചി മോനെയും എടുത്തു കൊണ്ട് ഓടി. അവനെ കിണറ്റിൽ എറിഞ്ഞ ശേഷം അവർ അവിടെ വീണു പോയി.

അതിനിടെ നിലത്തു കിടന്നുരുണ്ട അമ്മ തോർത്തെടുത്തു നീട്ടി എന്റെ ഭർത്താവിനോട് കെഞ്ചി. ‘പൊന്നു മോനെ, അമ്മയെ ഒന്ന് കൊന്നു താ.. മോനെ, ദൈവത്തെയോർത്തു ഒന്ന് കൊന്നു താ ...’ ‘എന്തായാലും എല്ലാം ഒടുങ്ങി തീരുകയാണ്. ഇനി ഈ വേദന അവർ അനുഭവിക്കണ്ടല്ലോ’ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം അമ്മയുടെ അടുത്തേക്ക് പോയി. അത് കാണാൻ ശേഷിയില്ലാതെ ഞാൻ പുറത്തേക്കു ഓടി. എന്റെ അനിയൻ മരച്ചില്ലയിലും ചേച്ചി മുറിക്കുള്ളിലെ കഴുക്കോലിലും തൂങ്ങി മരിക്കാനുള്ള കയറുകൾ കെട്ടിക്കഴിഞ്ഞിരുന്നു.

അവർക്കു രണ്ടാൾക്കും മരണം അടുത്ത നേരത്തും വെള്ളം പേടിയായിരുന്നു. ചേച്ചി തൂങ്ങുന്നത് ഞാൻ ജനലിലൂടെ കണ്ടു. അനിയൻ തൂങ്ങിയ കൊമ്പും കയറും പൊട്ടി നല്ല ഒച്ചയോടെ നിലത്തു വീണു പിടഞ്ഞു. കിണറ്റിൻ വക്കിലേക്ക് ഓടിയ എന്നെ ഭർത്താവു തടഞ്ഞു നിർത്തി.

‘ദേ, അവൻ പാവം നിലത്തു കിടന്നു പിടയുന്നു. കിണറ്റിൽ നല്ല വെള്ളമുണ്ട്. നീ സഹായിച്ചാൽ നമുക്കവനെയും എടുത്തതിൽ ഇടാം. എന്നിട്ടു നമുക്ക് ഒന്നിച്ചു ചാടാം.’ ഞങ്ങൾ രണ്ടാളും കൂടി അനിയനെയും തൂക്കിയെടുത്തു കിണറ്റിൽ ഇട്ടു. പുറകെ ഞാനും ചാടി. ഇനി നിമിഷങ്ങൾ മാത്രം, എല്ലാം തീരും. അതായിരുന്നു എന്റെ ആ നേരത്തെ ചിന്ത.



തെറ്റിയ കണക്കുകൾ

പിന്നെന്താ പറ്റിയതെന്ന് അറിയില്ല. ഭർത്താവിന്റെ ശരീരം കയറിൽ കുടുങ്ങി കിടന്നതിനാൽ വെള്ളത്തിൽ വീണില്ല എന്നും എപ്പോഴോ അദ്ദേഹം വെള്ളത്തിൽ നിന്ന് പൊങ്ങി വന്ന എന്റെ കൈകളിൽ മുറുകെ പിടിച്ചു എന്നും പിന്നീട് പറഞ്ഞു. ഞ ങ്ങൾ രണ്ടാളും മരിച്ചു പോകാത്തതിൽ പൊലീസിന് സംശയം. പിന്നെയുണ്ടായ കഥയിൽ ഞാനും ഭർത്താവും കൂടി നടത്തിയ കൊലപാതകമായി മാറി ആ മരണങ്ങൾ.

എല്ലാവർക്കും വിഷം നൽകി, ഞങ്ങൾ കുടിച്ചില്ല, എല്ലാവരെയും കിണറിൽ എറിഞ്ഞും കെട്ടിത്തൂക്കിയും കൊന്നു, ഞങ്ങൾ കിണറിന്റെ കയറിലും റിങ്ങിലും പിടിച്ചുതൂങ്ങി കിടന്നു, സ്വത്തു മുഴുവൻ തട്ടിയെടുക്കാൻ ചെയ്തതാണ്, കുടുംബക്കാരുടെ ബാധ്യത ഇല്ലാതെ സുഖമായി ജീവിക്കാൻ ആസൂത്രണം ചെയ്തത് എന്നൊക്കെയാണ് കഥകൾ.

പതിനൊന്നു വർഷമായി ഞാനീ ജയിലിൽ. ഭർത്താവ് രണ്ടു വർഷം മുൻപു പരോളിൽ ഇറങ്ങി ആത്‍മഹത്യ ചെയ്തു. മരവിച്ച എന്റെ മനസ്സിന് ഒരു വിഷമവും തോന്നിയില്ല. ഞാൻ പരോളിൽ ഇറങ്ങാറില്ല. എവിടെ പോകാൻ? ദൈവം പോലും പുറംതള്ളിയ ജീവിതമല്ലേ? ആ കയ്പ് ആവോളം അനുഭവിച്ചങ്ങനെ കഴിയുന്നു.