Saturday 09 February 2019 02:39 PM IST

‘എന്റെ അമ്മ പതിനാലു വർഷം കൊണ്ട് അനുഭവിച്ച വേദന ഞാൻ ഒരു ദിവസത്തിൽ അനുഭവിച്ചു’! ‘പി.ടി ഉഷ’യെന്ന വിശേഷണത്തിൽ നിന്നു ജയിലറയിലേക്കുള്ള യാത്ര

R. Sreelekha IPS

marupuram-new

ഒാരോ നാണയത്തിനും മറുപുറം ഉള്ളതു പോലെ ഓരോ കേസിനും പ്രതികൾക്കും മറുപുറം ഉണ്ട്. ജയിലറയ്ക്കുള്ളിലെ സ്ത്രീകൾ എന്നോടു ചില മറുപുറങ്ങൾ കാട്ടിത്തന്നു. അവ ഞാൻ അവരുടെ ഭാഷയിൽ തന്നെ നിങ്ങള്‍ക്കായി സമർപ്പിക്കുന്നു.’ കേരളത്തിലെ ആദ്യ വനിത ഡിജിപി ആർ. ശ്രീലേഖ ഐപിഎസ് എഴുതുന്നു

സന്തോഷം, സമാധാനം, സംതൃപ്തി... ഇതൊക്കെ നൽകുന്ന വെളിച്ചമുണ്ടല്ലോ? അത് എന്റെ ജീവിതത്തിൽ വല്ലപ്പോഴുമേ ഇതേവരെ വന്നിട്ടുള്ളൂ. വിരലിൽ എണ്ണാൻ പറ്റുന്ന തവണകൾ മാത്രം!

കുട്ടിക്കാലം മുതൽ വീട്ടിൽ എപ്പോഴും വഴക്കും പട്ടിണിയും പ്രാരബ്ധവും മാത്രം കണ്ടു ശീലിച്ചവളാണ് ഞാൻ. പല പുരുഷന്മാരെയും മാറി മാറി അച്ഛൻ എന്ന് വിളിക്കാൻ പരിശീലിപ്പിച്ച ബാല്യം. പാവം അമ്മ, എന്നും തല്ലു കൊള്ളലാണ് അവരുടെ വിധി. ആദ്യമായി ജീവിതത്തിൽ വെളിച്ചം വന്നത് സ്കൂളിൽ കായിക മത്സരങ്ങളിൽ ഒന്നാമതായപ്പോഴാണ്. ‘പി . ടി. ഉ ഷ’ എന്നായിരുന്നു കായികാധ്യാപകൻ എന്നെ വിളിച്ചിരുന്നത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും കായികമത്സരം തന്നെ.

പക്ഷേ, ഏഴാം ക്ലാസ്സിൽ എന്റെ പഠനം നിന്നു പോയി. ഒരു ചെറിയ പനി വന്നത് കടുത്തു. ടൈഫോയ്ഡ് ആയി എന്നാണു ആശുപത്രിയിൽ നിന്നു പറഞ്ഞത്. സംസ്ഥാന സ്കൂൾ കായികമത്സരങ്ങളുടെ സമയം ഞാനങ്ങനെ അസുഖത്തിന്റെ പുതപ്പിനടിയിൽ ആയിരുന്നു. എന്റെ ആദ്യ വെളിച്ചം അതോടെ പൊലിഞ്ഞു.

പതിമൂന്നാം വയസ്സിൽ ഞാനൊരു വീട്ടു ജോലിക്കാരിയായി. സ്വന്തം വീട്ടിൽ നിന്നു മാറി നിൽക്കുന്നത് ഇടയ്ക്കിടെ ഒരു മങ്ങിയ വെളിച്ചം ജീവിതത്തിൽ നൽകിയിരുന്നു. വിശപ്പിന് ഒരറുതിയായി. ശമ്പളം എല്ലാം അച്ഛൻ കൊണ്ടുപോകുമെങ്കിലും വീട്ടുകാർ ഇടയ്ക്കിടെ സിനിമ കാണാനും യാത്രയ്ക്കും കൊണ്ടു പോയിരുന്നു. അവർ വളരെ അലസമായാണ് കാശും ആഭരണങ്ങളും കൈകാര്യം ചെയ്തിരുന്നത്. അതു കാണുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു. അവിടുത്തെ സാർ ഗൾഫിൽ ആണ്. കാശിനൊന്നും ഒരു പഞ്ഞവും ഇല്ല. കടയിൽ സാധനം വാങ്ങാനായി എന്നെ വിട്ടാൽ ബാക്കി നൽകുന്ന രൂപ എണ്ണി നോക്കാതെയാണ് ഒരിടത്തു വയ്ക്കുക. ഒന്നു വില പേശിയെങ്കിൽ പകുതി കാശിനു കിട്ടുന്ന മത്സ്യം, മുട്ട, പഴം എല്ലാം ഇരട്ടി വില കൊടുത്തു വാങ്ങും.

ഇതു പതിവായി കണ്ട ഞാൻ ചെറിയ രീതിയിൽ രൂപ അടിച്ചു മാറ്റാൻ തുടങ്ങി. അതൊന്നും എന്റെ കയ്യിൽ വയ്ക്കില്ല. ഉടൻ കടയിൽ പോയി എന്തെങ്കിലും വാങ്ങി കഴിക്കും. പിന്നീട് ആഭരണങ്ങള്‍ എടുത്തു തുടങ്ങി. അവ വിൽക്കാൻ പ്രയാസ മായതു കൊണ്ട് ഒളിപ്പിച്ചു വയ്ക്കും. എന്നെ ആദ്യമായി പൊലീസ് പിടിക്കുന്നത് പതിനഞ്ചാം വയസ്സിലാണ്. ഇരുട്ടിനും വിവിധ തലങ്ങളുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയ സമയം. എന്റെ അമ്മ പതിനാലു വർഷം കൊണ്ട് അനുഭവിച്ച വേദന ഞാൻ ഒരു ദിവസത്തിൽ അനുഭവിച്ചു. ‘മാല തിരികെ കിട്ടിയല്ലോ, ഇനി കേസൊന്നും വേണ്ട. അതിന്റെ പുറകെ കോടതിയിൽ പോകാനൊന്നും എനിക്ക് വയ്യ.’ എന്നെ കൊണ്ടു സത്യം പറയിക്കാനായി ഗൾഫിൽ നിന്നു വന്ന വീട്ടിലെ സാർ പൊലീസിനോടു പറഞ്ഞു. അതുകൊണ്ടെനിക്ക് ജയിലിൽ അന്നേരം കിടക്കേണ്ടി വന്നില്ല.

പിന്നീടു പലയിടത്തും ഞാൻ ജോലി ചെയ്തു. പ ക്ഷേ, രൂപയോ സ്വർണമോ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരിൽ നിന്നു ഞാൻ എടുക്കും. അതെടുക്കുന്നതു വരെ എന്റെ മനസ്സിന് സമാധാനം കിട്ടില്ല. എടുത്തു കഴിഞ്ഞാൽ ഒരാശ്വാസം കിട്ടും. പിടിക്കപെടാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

ഇരുപതാം വയസ്സിൽ അടുത്ത വെളിച്ചം ജീവിതത്തിൽ വന്നു. പുതിയ അച്ഛന്റെ ബന്ധത്തിലുള്ള ഒരാൾ എന്നെ കല്യാണം കഴിച്ചു. അയാൾക്ക് കൂലിവേലയാണ്. കുറെനാൾ ഞാൻ ജോലിക്കൊന്നും പോയില്ല. രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായശേഷം അടുത്ത വീടുകളിൽ അടുക്കളപണിക്ക് പോയി. ഭർത്താവിന്റെ വരുമാനം കൊണ്ടു മാത്രം ജീവിക്കാൻ ബുദ്ധിമുട്ടായിരുന്നു. അ തിയാനാണെങ്കിൽ വേറെ ഒരു പെണ്ണുമായി ബന്ധവും തുടങ്ങിയിരുന്നു. എങ്കിലും ഇടയ്ക്കിടെ വീട്ടിൽ വരും. അതോടൊപ്പം വെളിച്ചവും വരും.

‘നീ ഇത്ര മിടുക്കിയോ?’

അങ്ങനെ ഒരിക്കൽ വീട്ടിൽവന്ന ഭർത്താവ് പായയുടെ മടക്കിൽ ഞാന്‍ ഒളിപ്പിച്ചു വച്ചിരുന്ന കുറച്ചു സ്വർണാഭരണങ്ങള്‍ കണ്ടെടുത്തു. ‘ഇതെന്താടീ? ശരിക്കും സ്വർണമാണോ?’ അയാൾ ചോദിച്ചു. ഞാൻ പലയിടങ്ങളിൽ നിന്നും കട്ടെടുത്തതാണെന്ന് സ്വൽപം പേടിച്ചു പറഞ്ഞപ്പോൾ ആൾ പൊട്ടിച്ചിരിച്ചു. ‘ആഹാ, നീയിത്ര മിടുക്കിയാണോ? ഇതു ഞാൻ വിറ്റു തരാം.’ അയാൾ എന്നെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

പിന്നെ, അതൊരു പതിവായി. പിടിക്കപ്പെടുമെന്നു തോന്നിയാൽ ആ വീട്ടിൽ നിന്നു മുങ്ങും. ഒരിക്കലും ഞാൻ അലമാര പൊളിച്ചോ സൂക്ഷിച്ചു വയ്ക്കുന്നയിടത്തു നിന്നോ ഇതേവരെ മോഷ്ടിച്ചിട്ടില്ല. ബാത്റൂമിൽ, ബെഡ്‌റൂമിൽ, നിലത്തു കിടക്കുന്നവ, അലക്ഷ്യമായി ഇടുന്നവ... ഇതൊക്കെയേ എടുക്കാറുള്ളൂ. സ്വർണാഭരണങ്ങൾ വിറ്റു കിട്ടുന്ന കാശിൽ ഒരു ഭാഗം മാത്രമേ ഭർത്താവ് തരാറുള്ളൂ, പക്ഷേ, ജീവിതത്തിലെ ഏറ്റവും തിളക്കമേറിയ വെളിച്ചം അൽപസമയത്തേക്കെങ്കിലും സ്വന്തമാക്കണമെങ്കിൽ പണം വേണം എന്ന ബോധ്യം എന്നെക്കൊണ്ട് പല മോഷണങ്ങളും ചെയ്യിച്ചു.

ഈ കൂരിരുട്ടിൽ വന്നു പെടുന്നതിനു മുൻപ് ഞാൻ വീട്ടുവേലയ്ക്കു പോയത് ഒരു ഡോക്ടറുടെ വീട്ടിലാണ്. അവിടെയുള്ള സ്ത്രീ സ്വർണം ശരീരത്തിൽ ധരിക്കുന്നതു വല്ലപ്പോഴുമാണ്. കല്യാണങ്ങള്‍ക്കോ വിശേഷങ്ങൾക്കോ പോകാനായി ബാങ്ക് ലോക്കറിൽ നിന്നു സ്വർണം എടുക്കും, പിറ്റേന്നു തന്നെ തിരികെ കൊണ്ടു വയ്ക്കും. ആറേഴു മാസം അവിടെ നിന്നിട്ടും ഒന്നും കയ്യിൽ തടഞ്ഞില്ല. എന്നാൽ അവിടെ നിന്നു വേറെ ഏ തെങ്കിലും വീട്ടിലേക്കു ജോലിക്കു പോയാലോ എന്നാലോചിച്ചിരിക്കുമ്പോഴാണ് സാറിന്റെ സഹോദരീപുത്രിയുടെ കല്യാണം തീരുമാനിക്കുന്നത്. എങ്കിൽ അതു കഴിയുന്നതു വരെ നോക്കാം എന്നു ഞാൻ തീരുമാനിച്ചു. പിന്നെയും മൂന്ന് മാസത്തിനു ശേഷമാണ് കല്യാണം, പക്ഷേ, വീട്ടുകാർ കുറെ സ്വർണം പുതുതായി വാങ്ങിവന്നു. പിന്നീടുള്ള രണ്ടു മൂന്ന് ദിവസം അവധിയായതിനൽ അതൊക്കെ വീട്ടിലെ അലമാരയി ൽ തന്നെ ഉണ്ടെന്ന് എനിക്കറിയാം.

ആദ്യമായാണ് ഞാൻ ശരിക്കും ഒരു മോഷണത്തിന് തുനിയുന്നത്. ഇതിനകം ഭർത്താവ് നല്ലതുപോലെ സ്വാധീനവും ചെലുത്തിതുടങ്ങിയിരുന്നു. ‘എന്താടീ, ഈയിടെ ഒന്നും കൊണ്ടുവരാത്തത്? എത്ര നാളായി?’ എന്നൊക്കെ ഇടയ്ക്കിടെ ചോദിക്കും. മൂന്നാലു വട്ടം ശ്രമിച്ചിട്ടും അലമാരയുടെ താക്കോൽ എവിടെയാണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടുകാരി അ തീവ ശ്രദ്ധാലു ആയിരുന്നു താനും. പിറ്റേന്ന് ബാങ്കിൽ സ്വർണം കൊണ്ടു വയ്ക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ അന്നു കാലത്തു മുതൽ വീട്ടമ്മയുടെ പുറകെ കൂടി. അവർ മുറിയിലേക്കു പോയാൽ എന്തെങ്കിലും പറഞ്ഞു ഞാനും കയറും, അല്ലെങ്കിൽ ഒളിച്ചിരുന്നു നോക്കും.

അലമാരയുടെ താക്കോൽ അവർ വയ്ക്കുന്നത് ഒരുങ്ങുന്ന കണ്ണാടിയുടെ കീഴിൽ ഉള്ള അറയിൽ ആണെന്ന് മനസ്സിലാക്കി. അന്നു വൈകിട്ട് വീട്ടിൽ വിരുന്നുകാർ ഉണ്ടായിരുന്നു. എ ല്ലാവരുടെയും കണ്ണു വെട്ടിച്ചു ഞാൻ അവരുടെ കിടപ്പുമുറിയി ൽ കയറി താക്കോൽ അറയിൽ നിന്നെടുത്ത് അലമാര തുറന്നു. കുറച്ചേറെ സമയമെടുത്തു സ്വർണം കണ്ടുപിടിക്കാൻ. അ തിൽ നിന്നൊരു മാലയോ വളയോ എടുത്ത ശേഷം മറ്റേതെല്ലാം തിരികെ വയ്ക്കണമെന്നായിരുന്നു ആഗ്രഹം. എങ്കിലും അത്രയ്ക്ക് സ്വർണം ഒന്നിച്ചു കണ്ടപ്പോൾ മനസ്സിൽ ഒരു ഭൂതം കയറിക്കൂടി. ആർത്തിയുടെ ഭൂതം. കിട്ടിയതെല്ലാം ഞാൻ എടുത്തു. പിന്നെ, ബ്ലൗസിന്റെയും അടിവസ്ത്രത്തിന്റെയും ഉള്ളി ലാക്കി അലമാര പൂട്ടി താക്കോൽ തിരികെയിട്ടു മുറിയിൽ നിന്നു പുറത്തിറങ്ങി. സന്ധ്യക്ക് ഞാൻ പതിവുപോലെ അവിടെ നിന്ന് ഇറങ്ങി വീട്ടിൽ പോയി. ആഭരണങ്ങൾ രാത്രിയിൽ തന്നെ ഭർത്താവിനെ ഏൽപിച്ചു.

കിടപ്പുമുറിയില്‍ ആരും അറിയാതെ

‘എത്രയും പെട്ടെന്ന് നമുക്കിവിടെ നിന്നു വീട് മാറണം, എന്റെ ഫോണും മാറ്റണം.’ ഞാൻ പറഞ്ഞു. ആ വീട്ടുകാർക്ക് എന്റെ ഫോൺ നമ്പർ അറിയാമായിരുന്നു. സ്വർണം പോയി എന്നറിഞ്ഞാൽ അവർ എന്നെ മാത്രമേ സംശയിക്കൂ എന്നും ഉറപ്പായിരുന്നു. പക്ഷേ, അത്രയും സ്വർണം, അതും ഇത്ര പുത്തൻ സാധനം, ഒന്നിച്ചു വിൽക്കാൻ ഭർത്താവിനാകില്ല. ഞാൻ ഫോൺ ഓഫാക്കി വച്ചു. എങ്കിലും മൂന്നാം ദിവസം പൊലീസ് എന്നെ തേടി വന്നു. ഞാനും ഭർത്താവും പിടിയിലായി. ഞാൻ അറിഞ്ഞ കാര്യമല്ല, പെട്ടെന്ന് സുഖമില്ലാത്തതു കൊണ്ട് അവിടെ നിന്നു പോന്നതാണെന്നും രണ്ടു ദിവസം ആശുപത്രിയിൽ ആയിരുന്നെന്നും പറഞ്ഞു നോക്കി.

എന്റെ നിർഭാഗ്യത്തിന് മോഷണം ചെയ്തതിന്റെ ശക്തമായ തെളിവ് പൊലീസിന്റെ അടുത്തുണ്ടായിരുന്നു. ആ വീട്ടിലെ കിടപ്പുമുറിയിലെ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എന്തിനാണ് കിടപ്പുമുറിയിൽ ക്യാമറ വയ്ക്കുന്നതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല. സാധാരണ വീടിന്റെ വാതിലിനരികെയല്ലേ ക്യാമറ വയ്ക്കുക? എപ്പോഴും പ്രവർത്തിപ്പിച്ചിരുന്ന ആ ക്യാമറ ഞാൻ അലമാര തുറക്കുന്നതും ആഭരണങ്ങൾ എടുത്തു ഒളിപ്പിക്കുന്നതും എല്ലാം റിക്കോർഡ് ചെയ്തു. രണ്ടടി കിട്ടിയപ്പോൾ ഭർത്താവ് തൊണ്ടിമുതൽ പൊലീസിന് എടുത്തു കൊടുത്തു.

അങ്ങനെ ഞങ്ങൾ രണ്ടാളും ജയിലിൽ ആയി. മൂന്നു വർഷമാണ് എന്റെ ശിക്ഷ. ഭര്‍ത്താവിന് രണ്ടു വർഷവും. മക്കൾ അനാഥാലയത്തിലാണ്. ഇപ്പോൾ ജീവിതത്തിൽ മൊത്തം ഇ രുട്ടാണ്. തെറ്റ് ചെയ്തിട്ടു തന്നെ, ശരിയാണ്. എങ്കിലും ആ വീട്ടുകാർക്ക് ഒരു സൂചന നൽകാമായിരുന്നു. ‘ഈ വീട്ടിൽ എല്ലാ മുറിയിലും ക്യാമറ വച്ചിട്ടുണ്ട്, കേട്ടോ?’ എന്ന്. അതറിഞ്ഞിരുന്നെങ്കില്‍ മോഷണത്തെപ്പറ്റി ചിന്തിക്കുക കൂടി ഇല്ലായിരുന്നു.

കുറ്റകൃത്യം തടയാൻ ആർക്കും എന്താ ഒരു ബാധ്യതയും ഇല്ലാത്തത്. കുറ്റം ചെയ്യാന്‍ സാഹചര്യങ്ങളൊരുക്കി െചയ്യിച്ച േശഷം രഹസ്യമായി അറിഞ്ഞ്, പിടിച്ച് അവരെ ശിക്ഷിക്കുന്നതാണോ മനുഷ്യർക്ക് ഇഷ്ടം? ആവോ, അറിയില്ല.