Monday 12 November 2018 12:27 PM IST

ഞാൻ ജീവിക്കുന്നു, ഭൂമിയിലെ നരകത്തിൽ

R. Sreelekha IPS

5

കേരളത്തിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീയാണ് ഞാൻ. ചിലപ്പോൾ അവസാനമായും; കാരണം എന്റെയത്ര ക്രൂരത കാട്ടാൻ ഒരു സ്ത്രീക്കും ആകുമെന്നെനിക്ക് തോന്നുന്നില്ല.

ഞാൻ ചരിത്രം എം.എ പഠിച്ചതാണ്. കോളജ് പഠനകാലത്ത് സുഹൃത്തുക്കൾക്കൊപ്പം ജയിൽ സന്ദർശിച്ചിട്ടുണ്ട്. മരവിച്ച മനസ്സുള്ള ആൾക്കാരെ കണ്ട് പുച്ഛവും സഹതാപവും തോന്നിയിട്ടുണ്ട്. എത്രയോ പുരുഷ സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. അവരോടൊന്നും നല്ല കാലത്ത് എനിക്ക് പ്രണയം തോന്നിയിട്ടില്ല. അതൊക്കെ വലിയ തെറ്റാണെന്നാണ് മാതാപിതാക്കൾ പഠിപ്പിച്ചിരുന്നത്. സർക്കാർ ഉദ്യോഗസ്ഥരായിരുന്നു രണ്ടുപേരും. എനിക്ക് മൂന്ന് ആങ്ങളമാർ ഉണ്ടെങ്കിലും ഞാനൊറ്റ പെൺകുട്ടിയാണ്.

എങ്കിലും കല്യാണം കഴിക്കാൻ എന്റെ രക്ഷിതാക്കൾ കണ്ടെത്തിയത് എന്നേക്കാൾ പന്ത്രണ്ട് വർഷം മൂപ്പുള്ള ഒരാളെയായിരുന്നു. വലിയ പണക്കാരനാണത്രേ! എന്നെ കണ്ട് ഇഷ്ടം തോന്നി പെണ്ണ് ചോദിച്ചു വന്നതാണ്. പെണ്ണു കാണാൻ വന്നപ്പോൾ പയ്യന്റെ കഷണ്ടിത്തലയും നരച്ച മീശയും കുടവയറും കണ്ടു ഞാൻ സ്തബ്ധയായി നിന്നുപോയി! വിവാഹത്തിനുശേഷം ഞാൻ വീണ്ടും ഞെട്ടി. അതയാളുടെ രണ്ടാം െകട്ടാണെന്ന്! അന്നു മുതൽ ഞാനെന്റെ മാതാപിതാക്കളെയും സഹോദരന്മാരെയും വെറുക്കാൻ തുടങ്ങി. ഒരു വാശി പോലെ ജീവിതം ജീവിച്ചു തീർക്കണം. ഞാൻ ഉറപ്പിച്ചു.

ഭർത്താവിനെന്നെ ജീവനായിരുന്നു. വേണ്ടതെല്ലാം വാങ്ങിത്തന്നു. എവിടെ പോകണമെന്നു പറഞ്ഞാലും കൊണ്ടുപോകും. വലിയ വീട്, ജോലിക്കാർ, വാഹനങ്ങൾ എല്ലാമുണ്ട്. അതൊക്കെ കൊണ്ട് ഞാൻ സംതൃപ്തയായിരുന്നു. താമസിയാതെ ഞാനൊരു െപൺകുഞ്ഞിനു ജന്മം നൽകി. മൂന്നാല് വർഷം അങ്ങനെ കടന്നുപോയി.

നിരന്തരം ടൂർ പോകുന്ന ഭർത്താവ്, മകൾ പ്ലേ സ്കൂളിൽ. വീട്ടിലിരുന്ന് ബോറടിച്ച ഞാൻ ഒരിക്കൽ അദ്ദേഹത്തോടു ചോദിച്ചു.

‘‘ആ തുണിക്കട ഞാൻ നോക്കി നടത്തട്ടെ? ഇത്രയും പഠിച്ചശേഷം വെറുതെ വീട്ടിലിരുന്നാൽ എങ്ങനെ ശരിയാകും? ചേട്ടനാണെങ്കിൽ മാനേജരുടെ ശമ്പളം ലാഭിക്കാം.’’

‘‘അതു വേണ്ട. ബോറടിക്കുന്നെങ്കിൽ വല്ലതും പഠിക്കാൻ നോക്കൂ. തുന്നലോ, ഡ്രൈവിങ്ങോ എന്തെങ്കിലും’’

ഞാൻ വാശി തുടർന്നു. അവസാനം വീടിന്റെ അടുത്തുള്ള മരുന്നു കടയിൽ ഇരിക്കാൻ അനുവാദം ലഭിച്ചു.

‘‘ഫാർമസി ഡിഗ്രി ഇല്ലാത്തവർ മരുന്ന് വിൽക്കാൻ പാടില്ല എന്നാണ് ചട്ടം. കണക്ക് മാത്രം നോക്കിയാൽ മതി.’’ അദ്ദേഹം ഉപദേശിച്ചു.

എന്നും കാലത്ത് നല്ല വസ്ത്രമൊക്കെ ധരിച്ച് സുന്ദരിയായി ഞാൻ കടയിൽ പോകാൻ തുടങ്ങി. അങ്ങനെയെങ്കിലും നാലഞ്ച് പേരെ കാണാമല്ലോ? കൂടാതെ ഉടമസ്ഥ എന്ന ‘മാഡം’ വിളി ഞാൻ ഏറെ ഇഷ്ടപ്പെട്ടു. ഒരു പട്ടാള ക്യാംപിന്റെ സമീപമായിരുന്നു കട. സുന്ദരന്മാരായ കുറെ പട്ടാളക്കാർ അവിടെ മരുന്ന് വാങ്ങാൻ വന്നിരുന്നു. അതിലൊരു പ യ്യനുണ്ടായിരുന്നു. അവൻ മിലിട്ടറി നഴ്സാണ്. കുട്ടക്കണക്കിന് മരുന്നാണ് വാങ്ങിക്കൊണ്ട് പോവുക.

അടുപ്പം പതിയെ പ്രണയത്തിലേക്ക് വഴുതി വീണു. അ തും എന്റെ അറിവോടെ തന്നെ. പ്രണയം തലയ്ക്ക് പിടിച്ചാൽ പിന്നെ യാതൊരു രക്ഷയുമില്ല എന്ന് അറിയാതെയല്ല. ചതിക്കുഴികൾ ഏറെയുണ്ടെന്നും അറിയാമായിരുന്നു. പക്ഷേ, ജീവിതത്തിൽ വല്ലപ്പോഴും ഒക്കെ എന്തെങ്കിലും രസം വേണ്ടേ? ആ പ്രണയച്ചുഴിയിൽ ആസ്വദിച്ച് നീന്തവേ എന്റെ എല്ലാ സാമാന്യ ബുദ്ധിയും എങ്ങോ ഒലിച്ചു പോയി.

അവൻ വിവാഹിതനാണ്. രണ്ട് മക്കളുണ്ട്. വെറും തമാശയിൽ തുടങ്ങിയ പ്രണയം ആരുമറിയാതെ, ഇരു കുടുംബത്തിനും പ്രയാസമൊന്നുമുണ്ടാക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ശ്രദ്ധിച്ചു. പക്ഷേ, പോകെപ്പോകെ ഞങ്ങൾ വല്ലാതെ അടുത്തു. എനിക്കവനെയും അവന് എന്നെയും കാണാതിരിക്കാനാകാതെ വന്നു.

‘‘നമുക്ക് ഒരുമിച്ച് ജീവിക്കാം, വിവാഹം ചെയ്തു തന്നെ. നീ ആ കിളവനെ ഉപേക്ഷിക്ക്. ഞാനെന്റെ ഭാര്യയെയും ഉപേക്ഷിക്കാം.’’ അവൻ നിരന്തരം പറയാൻ തുടങ്ങി. പക്ഷേ, ഞാനതിന് തയാറായിരുന്നില്ല. ഇത്രയേറെ സൗഭാഗ്യങ്ങൾ കളഞ്ഞിട്ട് ഒരു നഴ്സിന്റെ ഭാര്യയായി പട്ടാള ക്വാർട്ടേഴ്സിൽ താമസിക്കണോ? എന്റെ മോളെ എന്തു ചെയ്യും? എനിക്കവനെ ഇഷ്ടമായിരുന്നെങ്കിലും ഞാൻ വിവാഹത്തിന് വഴങ്ങിയില്ല.

‘‘അയാള്‍ക്ക് എന്തെങ്കിലും അസുഖം വന്ന് ചത്താൽ നീ എന്നെ കല്യാണം കഴിക്കുമോ?’’ എന്നായി അവന്‍റെ അടുത്ത ചോദ്യം.

‘‘എന്തസുഖം? അദ്ദേഹം തികച്ചും ആരോഗ്യവാനാണ്. ഇപ്പോഴൊന്നും മരിക്കില്ല.’’ ഞാൻ അതിനും വഴങ്ങിയില്ല. പതിയെ പതിയെ ഈ വികാരങ്ങളൊക്കെ എങ്ങോ പോകും. എനിക്കുറപ്പുണ്ടായിരുന്നു.

‘‘രോഗം ഭേദമാകാൻ മരുന്നുള്ളതുപോലെ രോഗം ഉണ്ടാക്കാനും മരുന്നുണ്ട്.’’ അവൻ അടുത്ത പ്രയോഗം തുടങ്ങി.

‘‘അയ്യോ... അതൊന്നും വേണ്ട.’’ എനിക്കു പേടിയായി.

അവൻ പിണങ്ങി. ആഴ്ചകളോളം എന്നെ കാണാൻ കൂട്ടാക്കാതെ മാറി നിന്നു. അപ്പോഴാണ് എന്റെ ദുരിതം ശരിക്ക് തുടങ്ങിയത്. വല്ലാത്ത വിരഹവേദന. ഊണില്ല, ഉറക്കമില്ല, പെട്ടെന്ന് ദേഷ്യം വരിക, ശരീരം വിയർത്തു തളരുക. എനിക്ക് സഹിക്കാനായില്ല. ഒരു ജീവിതമേയുള്ളൂ. അതിങ്ങനെ പോയി തീരാൻ പാടില്ല, ഞാൻ നിശ്ചയിച്ചു.

ഞാനവനെ വീണ്ടും കണ്ടു. ‘‘എന്തെങ്കിലും ആയിക്കോളൂ. എനിക്ക് നീയില്ലാതെ വയ്യ.’’ ഞാൻ സമ്മതിച്ചു.

അദ്ദേഹത്തിന്റെ ഭക്ഷണത്തിലിടാൻ അവനൊരു മരുന്ന് തന്നു. അന്ന് രാത്രി ഞാനവനെ വാതിൽ തുറന്ന് വീട്ടിലേക്ക് ക്ഷണിച്ചു.

‘‘ഇത് െവറും മയക്കമാണ്. ഹൃദയാഘാതം മൂലം മരിച്ചു എന്ന് വരുത്തണമെങ്കിൽ ഒരു ഇൻ‌ജക്ഷൻ എടുക്കണം.’’ ഉറങ്ങിക്കിടന്ന എന്റെ ഭർത്താവിനെ നോക്കി അവൻ പറഞ്ഞു.

എന്നാൽ സിറിഞ്ച് ശരീരത്തിൽ കയറിയതും അദ്ദേഹം ഞെട്ടിയുണർന്നു. പിന്നെ പിടിവലി, ബഹളം... എനിക്കൊന്നും ചെയ്യാനായില്ല. ഒടുവില്‍ പട്ടാളക്കാരനായ അവന്‍റെ കരുത്തിനു മുന്നില്‍ അദ്ദേഹം വീണു.

പിന്നീടായിരുന്നു കൂടുതല്‍ കുഴപ്പങ്ങള്‍. മരിച്ചു കിടന്ന ഭർത്താവിന്റെ ശരീരം മൊത്തം മുറിവുകളും രക്തവും! ഇതെങ്ങനെ ഹൃദയാഘാതം എന്നു പറയും?

‘‘വഴിയുണ്ട്. നല്ല മൂർച്ചയുള്ള കത്തി വേണം. കുറേ തുണിയും പ്ലാസ്റ്റിക് സഞ്ചികളും’’ അവൻ നിർദ്ദേശിച്ചു. പിന്നെ, നടന്നത് എന്റെ മനസ്സാക്ഷിയെ വരെ ഞെട്ടിച്ചു. എന്റെ ഭർത്താവിന്റെ ശരീരം ഒരു ടാർപോളിൻ ഷീറ്റിൽ ഇട്ട് വെട്ടി നുറുക്കി. എന്നിട്ട് ഭാഗങ്ങൾ പ്ലാസ്റ്റിക് സഞ്ചികളിൽ ആക്കി കെട്ടി. അവസാനം തല വേറൊരു സഞ്ചിയിലാക്കവേ ഞാൻ കണ്ടു എന്റെ അഞ്ചു വയസ്സായ മോൾ വാതിൽക്കൽ എല്ലാം കണ്ട് നിൽക്കുന്നു. ഞാൻ ഞെട്ടിത്തരിച്ചു പോയി.

അവൻ എല്ലാം വൃത്തിയാക്കി സ്ഥലം വിട്ടപ്പോൾ മുതൽ എനിക്ക് എന്നോടും അവനോടും ഈ ഭൂമിയോട് തന്നെയും വല്ലാത്ത വിരക്തി തോന്നി. പൊലീസന്വേഷണത്തിൽ എനിക്കെല്ലാം പറയേണ്ടി വന്നു. എന്റെ മകൾ എനിക്കെതിരെ പൊലീസിൽ മൊഴി നൽകി. അതു നന്നായി. അവൾ നല്ല കുട്ടിയാണ്.

തൂക്കു കയർ ഞാനർഹിക്കുന്നു. പക്ഷേ, എന്റെ സഹോദരന്മാർ ഏര്‍പ്പെടുത്തിയ വക്കീൽ നൽകിയ അപ്പീലിൽ എന്റെ ശിക്ഷ ജീവപര്യന്തമായി െെഹക്കോടതി കുറച്ചു. പക്ഷേ, അവന് ശിക്ഷ ഇളവ് കിട്ടിയില്ല. സ്ത്രീയാണെന്ന പരിഗണന കോടതി എന്നോടു കാട്ടി.

പന്ത്രണ്ട് വർഷം കഴിഞ്ഞു ജയിലിൽ. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നാണ്. എനിക്ക് സന്തോഷമാണ്. പരോളിൽ ഇറങ്ങുമ്പോൾ മോൾ എന്നെ കൊണ്ടുപോകും, ആ വലിയ വീട്ടിലേക്ക്. അവൾ പ്ലസ് ടൂ കഴിഞ്ഞു. ഡോക്ടർ ആകണമെന്നാണ് ആഗ്രഹം. ഈ സമൂഹത്തിലെ സഹോദരിമാരോട് എനിക്ക് പറയാൻ ഒന്നുണ്ട്. ദയവു ചെയ്ത് പ്രണയത്തിന്റെ പേരിൽ ഇതുപോലെ മഹാപാതകങ്ങൾ ഒന്നും ചെയ്യല്ലേ! ഏതു ജയിലിൽ അടയ്ക്കപ്പെട്ടാലും തീരാത്ത, കെടാത്ത തീ നെഞ്ചിലിങ്ങനെ കത്തിക്കൊണ്ടേ ഇരിക്കും. ഈ ഭൂമിയിലെ നരകത്തിൽ ജീവിതം എന്നെന്നേക്കും തളക്കപ്പെടും.