Monday 12 November 2018 11:59 AM IST

നിങ്ങള്‍ വിശ്വസിക്കൂഞാന്‍ നിരപരാധിയാണ്

R. Sreelekha IPS

1

എനിക്കറിയാം ഞാൻ തെറ്റൊന്നും െചയ്തിട്ടില്ലെന്ന്. എന്റെ വക്കീൽ ഉറപ്പിച്ചു പറഞ്ഞു കോടതി എന്നെ ശിക്ഷിക്കില്ലെന്ന്. ആത്മവിശ്വാസത്തോടെയാണ് ഞാൻ പ്രതിക്കൂട്ടിൽ വിധി കേൾക്കാനായി നിന്നത്. എന്നെ നോക്കാതെ ജ‍ഡ്ജി വിധി പ്രസ്താവിച്ചു.

കുറ്റകൃത്യങ്ങൾ നിസ്സംശയം തെളിഞ്ഞതിനാൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുന്നു!’

ഞാൻ ഞെട്ടിത്തരിച്ചു. കണ്ണിൽ ഇരുട്ടു കയറി. ഭൂമി കാൽ ക്കീഴിൽ നിന്ന് ചോർന്നു പോയതു പോലെ. ഞാൻ കുഴഞ്ഞു വീണു. ഇല്ല! ഇല്ല! ഞാൻ തികച്ചും നിരപരാധിയാണ്, തികച്ചും! എന്റെ ശബ്ദം പുറത്ത് വന്നില്ല. എങ്കിലും ഞാൻ ആർത്തു വിളിച്ചു.

പൂക്കളെയും പറവകളെയും സ്നേഹിച്ചു നടന്ന പെൺകുട്ടിയായിരുന്നു ഞാൻ. വെളുത്തു തുടുത്ത എന്നോട് നന്നായി പഠിക്കണം എന്ന് ആരും പറഞ്ഞു തന്നില്ല. പകരം പാട്ടും നൃത്തവും ചിത്രകലയും പഠിപ്പിച്ചു. പത്ത് വരെ എങ്ങനെയോ ഞാൻ പഠിച്ചു. താമസിയാതെ ഒരു ഗൾഫ്കാരന്റെ ഭാര്യയായി. അപ്പോഴും ഞാനൊരു കുട്ടിയായിരുന്നു.

ക്രൂരനായിരുന്നു എന്റെ ഭർത്താവ്. രസത്തിന് വേണ്ടി എ ന്നെ വേദനിപ്പിച്ചിരുന്നു. അയാൾ ജോലിക്ക് തിരികെ പോകുമ്പോൾ മാത്രമായിരുന്നു എനിക്ക് സമാധാനം. എന്റെ ശരീരത്തിലെ മുറിവുകളും സിഗരറ്റ്കുറ്റി കൊണ്ടുണ്ടായ പൊള്ളലുകളും കണ്ട് ഭർത്താവിന്റെ അനുജൻ എന്നെ വളരെ ദയാപൂർവം സമാധാനിപ്പിച്ചിരുന്നു.

വർഷങ്ങൾ കടന്നു പോയതോടെ ഞാൻ രണ്ടു മക്കളുടെ അമ്മയായി. എങ്കിലും ഭർത്താവ് അവധിക്ക് വരുന്നു എന്ന് അറിയുമ്പോൾ മരിച്ചാൽ മതിയായിരുന്നു എന്നു തോന്നുമായിരുന്നു. അത്രയ്ക്ക് ഭയമുണ്ടായിരുന്നു അയാളെ. ആ അവധിക്ക് ഭർത്താവ് വന്നപ്പോൾ ഞാനനുഭവിച്ച യാതന ഒരു സ്ത്രീയും അനുഭവിക്കേണ്ടി വരല്ലേ എന്നാണെന്റെ പ്രാർഥന. അയാൾ വന്നു മൂന്നാം ദിവസം ഞാൻ ആശുപത്രിയിലായി. പൊലീസ് കേസായാൽ എന്നെയും മക്കളെയും കൊന്നു കളയുമെന്ന് ഭീഷണപ്പെടുത്തിയതു കൊണ്ട് ഡോക്ടർ നിർബന്ധിച്ചിട്ടും ഞാൻ കേസാക്കാൻ കൂട്ടാക്കിയില്ല.

അയാൾ മടങ്ങിയ ശേഷമാണ് ഒരു പുരുഷന്റെ സ്നേഹം എന്താണെന്ന് ജീവിതത്തിൽ ഞാനാദ്യമായി അറിയുന്നത്. എന്റെ അനിയന്‍, അതായതു ഭർത്താവിന്റെ അനിയൻ. ഞാനവന്റെ ചേട്ടത്തിയും. എല്ലാം എനിക്കറിയാം. പക്ഷേ, എന്നേക്കാൾ ആറു വയസ്സിന് മൂപ്പുണ്ടായിരുന്നു അന്നേരം അവന്. വിവാഹം വേണ്ട എന്നു പറഞ്ഞു നിൽക്കുകയും. ഞങ്ങൾ സ്നേഹത്തിലായി.

പതിയെ, വളരെ മൃദുവായി, ഒരു പൂ പോലെയാണയാൾ എന്നെ സ്പർശിച്ചത്. ഒരു പെണ്ണിന് ഇത്രയേറെ സുഖവും സന്തോഷവും കിട്ടും എന്ന് ഞാനറിയുന്നത് അവനിലൂടെയായിരുന്നു. ഞങ്ങൾ രഹസ്യമായാണ് അടുത്തതും ബന്ധപ്പെട്ടതും. പക്ഷേ, ആ തെറ്റിന് ഞാനിന്നും വിലകൊടുത്തു കൊണ്ടിരിക്കുകയാണ്.

എന്റെ ഭർത്താവിന്റെ അമ്മ ഞങ്ങളുടെ ബന്ധം മണത്തറിഞ്ഞു. അന്നു മുതൽ പ്രശ്നങ്ങളായി. പല ദിവസങ്ങളിലും എ ന്നെ അവർ ക്രൂരമായി ഉപദ്രവിച്ചു. മക്കളെ വീടിന് പുറത്ത് രാത്രി മുഴുവൻ നിർത്തി. എനിക്കുള്ള ശിക്ഷ പാവം ആ കുരുന്നുകളും അനുഭവിച്ചു. അനിയനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു. ഭർത്താവിനെ ഗൾഫിൽ നിന്നു വിളിച്ചു വരുത്തി. ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അല്ലാതെ എനിക്കൊരു പോംവഴി ഇല്ലായിരുന്നു. കെട്ടിച്ചു വിട്ടതോടെ തങ്ങളുടെ ക ടമ കഴിഞ്ഞു എന്ന മട്ടിലായിരുന്നു എന്‍റെ മാതാപിതാക്കളുെട പെരുമാറ്റം. ഭർത്താവിന്റെ അനിയനുമായുള്ള ബന്ധം എ ന്നെ വീട്ടിലും സമൂഹത്തിലും തീർത്തും ഒറ്റപ്പെടുത്തി.

ഒരു രാത്രി എന്നെ മർദിച്ച ശേഷം മൂത്ത മകളുമായി ഭർത്താവ് അയാളുടെ അമ്മാവന്റെ വീട്ടിൽ പോയി. കരുതി വച്ചിരുന്ന ബ്ലേഡ് എടുത്ത് എന്റെ രണ്ടു കൈത്തണ്ടകളും നീളത്തിൽ മുറിച്ചു. രക്തം വാർന്നു കിടന്ന ഞാൻ കണ്ടു. ആരോ ഒരാൾ ഇരുട്ടത്തു മുറിയിൽ വന്ന് ഉറങ്ങിക്കിടന്ന എന്റെ മകനെ എടുത്തു കൊണ്ടു പോകുന്നത്. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ, പറ്റിയില്ല.

പിറ്റേന്ന് ആശുപത്രി കിടക്കയിൽ ബോധം വീണപ്പോഴാണ് ഞാനറിയുന്നത്. എന്റെ മകനും അമ്മായിയമ്മയും കുത്തേറ്റ് മരിച്ചു എന്നും. അത് ചെയ്തത് ഞാനാണെന്നതാണ് പൊലീസ് ഭാഷ്യമെന്നും! ഞാനറിഞ്ഞ കാര്യമല്ല. അത് ഞാനല്ല ചെയ്തത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ് ഞാൻ. ഒരാൾ ഇരുട്ടത്ത് വന്ന് എന്റെ കു‍ഞ്ഞിനെ കൊണ്ടു പോകുന്നത് ഞാൻ കണ്ടതാണ് എന്നൊക്കെ പറഞ്ഞു. ആര് കേൾക്കാൻ?

വേറെയാർക്കും അമ്മായിയമ്മയേയും മോനെയും കൊല്ലേണ്ട കാര്യമില്ലത്രേ! എനിക്ക് ഭർത്താവിന്റെ അനുജനുമായി ജീവിക്കാൻ വേണ്ടി ഞാൻ ചെയ്തതാണത്രേ! ഭർത്താവും അനുജനും ദൂരെ എവിടെയോ ആയിരുന്നു എന്നതിന് തെളിവുണ്ടത്രേ! പിന്നെ, വേറെ ആർക്കും അമ്മായിയമ്മയെ കൊല്ലേണ്ട കാര്യമില്ലല്ലോ... ഇതൊക്കെയായിരുന്നു പൊലീസ് കഥ.

നൊന്തു പെറ്റ മകനെ ഞാനെന്തിന് കൊല്ലണം? കൈയിൽ ബ്ലേഡ് കൊണ്ടു മുറിച്ചു രക്തം വാര്‍ന്നു കിടന്ന എനിക്കെങ്ങനെ അമ്മായിയമ്മയെ കൊല്ലാൻ ശക്തി കിട്ടും. ഇ തൊെക്ക ഞാന്‍ എല്ലാവരോടും ചോദിച്ചു. രണ്ടു പേരെയും കുത്തിക്കൊന്ന ശേഷമാണ് ഞാൻ കഥയൊടുക്കാനായി കൈമുറിച്ചതെന്നവർ ആരോപിച്ചു. അവരെ കൊല്ലാനുപയോഗിച്ച കത്തിയിൽ എന്റെ വിരലടയാളം ഉണ്ടായിരുന്നു പോൽ! അത് ഞാൻ നിത്യേന അടുക്കളയിൽ ഉപയോഗിച്ചിരുന്ന കത്തിയായിരുന്നു.

ചെയ്യാത്ത തെറ്റിന് പന്ത്രണ്ട് വർഷമായി ഞാൻ കാരാഗൃഹത്തിലാണ്. ദിനരാത്രങ്ങളും വിശേഷദിവസങ്ങളും എല്ലാം ഇവിടെത്തന്നെ. എന്നെങ്കിലും സമൂഹം മനസ്സിലാക്കും ഞാൻ നിരപരാധിയാണെന്ന്. അതാണെന്‍റെ വിശ്വാസം. അതിനു പ്രതീക്ഷ നൽകുന്ന തരത്തിൽ ഒരു വലിയ തെളിവും പിന്നീെടാരു നാള്‍ ലഭിച്ചു. ഒരു കത്തിന്റെ രൂപത്തിൽ. പേരുവയ്ക്കാത്ത കത്ത് ജയിലിലേക്കാണ് വന്നത്.

ഞാനാണ് അവരെ കൊന്നത്. നിന്റെ കൈയിൽ തുണി വച്ചു കെട്ടിയതും ഞാനാണ്. കൃത്യം നടത്തിയശേഷം അയൽക്കാരെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞതും ഞാനാണ്. നീ നിരപരാധിയാണ്. പക്ഷേ, എനിക്ക് തൽക്കാലം ഇതു പൊലീസിനോടു പറയാനാകില്ല. ഈ കത്ത് നിനക്ക് ഗുണം ചെയ്യുമെങ്കിൽ ചെയ്യട്ടെ.’

ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. ഞാനത് വക്കീലിനു കൊടുത്തു. അതിന്റെ കോപ്പി ഇപ്പോഴും എന്റെ കൈവശം ഉണ്ട്. പക്ഷേ, പൊലീസ് ആ കത്ത് എന്റെ തന്നെ സൃഷ്ടിയാണെന്നു പറഞ്ഞ് കേസ് ഫയലിൽ ഉൾപ്പെടുത്തിയതേ ഇല്ല!

ഇപ്പോളെനിക്കു തീരെ പ്രതീക്ഷയില്ല. ഇരട്ട ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെയാണെന്ന് എനിക്കറിയാം. ഇടയ്ക്ക് പരോളിൽ ഇറങ്ങാറുണ്ട്. പക്ഷേ, എന്തിന്? എന്നെ ആർക്കും വേണ്ട. ജീവനെപ്പോലെ ഞാൻ സ്നേഹിക്കുന്ന മ കളും എന്നെ കണ്ടാൽ ഇപ്പോള്‍ മുഖം തിരിക്കും. ഭർത്താവിന്റെ അനിയൻ വേറെ കല്യാണം കഴിച്ചു ഗൾഫിൽ പോയി.

ഇനി ഇതാണെന്റെ വീട്. എന്റെ ലോകം, എന്റെ കുടുംബം, ഇത് മാത്രം! ∙