Monday 12 November 2018 12:02 PM IST

‘അത് ഞാനല്ലെന്ന് കരഞ്ഞു പറ‍‌ഞ്ഞു, അവർക്ക് ഞാനൊരു വനിതാ ഗുണ്ടയാണത്രേ...’

R. Sreelekha IPS

sree

മാതാപിതാക്കളെ ഞാൻ കണ്ടിട്ടില്ല, അവര്‍ എവിെടയാണെന്ന് അറിയുക പോലും ഇല്ല. പലയിടത്തും പലതും ചെയ്ത് ഞാൻ ജീവിച്ചു. മാനസികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ട ശരീരമാണിത്. ഒട്ടേറെ തവണ. എത്രമാത്രം ദ്രോഹം ശരീരത്തിൽ ഉണ്ടായാലും ജീവൻ അതിൽ അള്ളിപിടിച്ചങ്ങു കിടക്കും. ആത്മാവിനു ശരീരം വിട്ടുപിരിയാൻ നല്ല വിഷമമാണ്.

വളർന്നത് അനാഥാലയത്തിലാണ്. എട്ടാംതരം വരെ പഠിച്ചു. പിന്നെ ആരോ ചില ജോലി സ്ഥലങ്ങളിലേക്കും വീടുകളിലും ഒക്കെ കൊണ്ടു പോയി. പല സ്ഥലത്തും എനിക്കു പ ല പേരുകളായിരുന്നു. പക്ഷേ, ഞാൻ സ്വയം എനിക്കിട്ട പേര്, എന്നെ ‘അയാള്‍’ ആദ്യമായി സ്നേഹത്തോടെ വിളിച്ച നാമമാണ്. പിന്നെ, അയാളും എന്നെ ഉപേക്ഷിച്ചു.

അയാളും കൂട്ടുകാരും ചേര്‍ന്നാണ് എന്നെ ലൈംഗിക തൊഴിലിലേക്ക് തിരിച്ചുവിട്ടത്. കാശൊന്നും കാര്യമായി കിട്ടില്ല, ജീവിച്ചു പോകാനുള്ളത് തരും. ചെയ്യുന്നതൊക്കെ തെറ്റാണെന്നറിയാം. പക്ഷേ, ജീവിക്കേണ്ടേ... അല്ലെങ്കിൽ തന്നെ, എന്താണ് ശരി എന്താണ് തെറ്റ് എന്നൊക്കെ ആരാണ് തീരുമാനിക്കുന്നത്?

കഴിഞ്ഞ കുറെയേറെ വർഷമായി കേരളത്തിലെ പല ജയിലുകളിലായി ഞാൻ ശിക്ഷ അനുഭവിച്ചു വരുന്നു. എനിക്കെതിരെ പൊലീസ് പന്ത്രണ്ടിലധികം കേസുകൾ എടുത്തിട്ടുണ്ട്. ഏഴെട്ടു പൊലീസ് സ്റ്റേഷനുകളിൽ ഞാൻ അറസ്റ്റിൽ ആയിട്ടുണ്ട്. പക്ഷേ, ഒന്നും ഞാൻ അറിഞ്ഞ കേസുകൾ ആയിരുന്നില്ല എന്നു മാത്രം. ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട സംഭവം തന്നെ പറയാം.

രാത്രി മുഴുവൻ ജോലി ചെയ്ത ശേഷം രാവിലെ ഏഴരയോടെ ബസിൽ കയറി എന്നെപ്പോലുള്ളവർക്കായി ഒരുക്കിയ പാർപ്പിടത്തിലേക്കു വന്നിറങ്ങിയതേ ഉള്ളൂ. നന്നായി കുളിച്ച ശേഷം ഉറങ്ങണം എന്നു മാത്രമായിരുന്നു അന്നേരം ആകെയുള്ള ആഗ്രഹം. പക്ഷേ, അവിടെ എന്നെ കാത്തു കുറെ പൊലീസുകാർ ഉണ്ടായിരുന്നു. ഒന്നും ചോദിക്കാതെ അവർ എന്നെ ഒരു ജീപ്പിൽ കയറ്റി പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോയി.

"എന്താ സാറെ കാര്യം, എന്നെ എവിടെക്കാ സാറെ കൊണ്ട് പോകുന്നത്?" എന്നു പല തവണ ചോദിച്ചിട്ടും അതെല്ലാം അവഗണിച്ചു. സ്റ്റേഷനിൽ ചെന്നു കുറെ നേരത്തിനു ശേഷം ചോദ്യം ചെയ്യാന്‍ വനിതാപൊലീസ് കൊണ്ടു പോയി. ആരെയോ ഞാൻ ചതിച്ചു എന്നാണവർ പറഞ്ഞത്. വലിയ ഉദ്യോഗസ്ഥനാണത്രേ അയാള്‍. ഏതോ ലൈംഗിക കെണിയിൽ പെടുത്തി അയാളുടെ ചിത്രങ്ങളൊക്കെ എടുത്ത് ആയിരക്കണക്കിനു രൂപ തട്ടിയെന്നാണു കേസ്.

‘‘അയ്യോ, ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല...’’ എന്നു ഞാൻ തീർത്തു പറഞ്ഞു. മുതിർന്ന പൊലീസുകാരി എന്റെ മുടിക്കുത്തിൽ പിടിച്ചു തല കറക്കികൊണ്ടു ചോദിച്ചു, ‘‘പിന്നെ ഈ ചിത്രത്തിലുള്ളത് ആരാടീ?’’

ഫോട്ടോയില്‍ എന്നെപ്പോെലാരാള്‍

അവർ എന്റെ മൂക്കിന് താഴെ കാട്ടിയ രണ്ടു പേരുടെ അർദ്ധനഗ്ന ഫോട്ടോ ഞാൻ ശരിക്കും കണ്ടു കൂടിയില്ല. അങ്ങനെയൊരു ചിത്രത്തെക്കുറിച്ചോ ഉദ്യോഗസ്ഥനെക്കുറിച്ചോ എനിക്കൊരറിവും ഇല്ലായിരുന്നു. ഞാൻ ആരുടെയും കൂടെ അങ്ങനെ കിടന്നിട്ടുമില്ല ചിത്രം എടുക്കാൻ കൂട്ട് നിന്നിട്ടുമില്ല, ആരുടെയും കയ്യിൽ നിന്നും തുക വാങ്ങിയിട്ടുമില്ല. ‘‘അത് ഞാനല്ല’’ ഞാൻ കരച്ചിലോടെ പറഞ്ഞു. ആ പൊലീസുകാരി ചിരിച്ചുകൊണ്ട് ചോദിച്ചു: ‘‘പിന്നെ ഇതാര്...? നിന്റെ ഇരട്ട പെറ്റ സഹോദരിയോ?’’

സത്യത്തിൽ എനിക്കൊന്നും മനസ്സിലായില്ല. വാദിയെന്ന് അവർ പറഞ്ഞ ആളെയോ അയാളുടെ പരാതിയിൽ പറയുന്ന സ്ഥലമോ എനിക്കൊട്ടും പരിചിതം അല്ല. അവിടൊന്നും ഞാൻ പോയിട്ടേ ഇല്ല. കോടതിയില്‍ അവര്‍ പറഞ്ഞ പേര് പോലും എന്റേതല്ല. പൊലീസും കോടതിയും ചേർന്ന് അന്ന് എനിക്ക് മറ്റൊരു വ്യക്തിത്വം തന്നു. ഏതോ ഒരു പേര്, ഏതോ ഒരു അ ഡ്രസ്, ഞാന്‍ ചെയ്ത എന്തൊക്കെയോ കുറേ കുറ്റങ്ങള്‍...

എനിക്ക് വേണ്ടി കോടതിയിൽ ഹാജരായ വക്കീൽ ശരിക്കും എനിക്ക് വേണ്ടിയല്ല, പൊലീസിനു വേണ്ടിയാണ് സംസാരിച്ചത്. ഏഴു മാസം വിചാരണ തടവുകാരിയായി ജയിലിൽ അടയ്ക്കപ്പെട്ട ഞാൻ ഏറെ അസ്വസ്ഥയായിരുന്നു. ജയിലിൽ ഉള്ളവരോട് ഞാൻ സത്യമൊക്കെ പറഞ്ഞു. അവിടെയുള്ള ഒരു ഉദ്യോഗസ്ഥ പറഞ്ഞു, ‘‘ഫോട്ടോഷോപ്പ് എന്ന കംപ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇങ്ങനെയൊക്കെ ചിത്രം ഉണ്ടാക്കാം. എന്തായാലും ആ ചിത്രത്തിൽ നിന്നെപ്പോലെ തന്നെയിരിക്കുന്ന ഒരു സ്ത്രീയുണ്ട്, നിന്നെ കണ്ട് പരാതിക്കാരൻ തിരിച്ചറിഞ്ഞതായും പറഞ്ഞിട്ടുണ്ട്. ഇത് രണ്ടുമാണ് നിനക്കെതിരെയുള്ള തെളിവുകൾ. വിചാരണയിൽ നീ ഇതൊക്കെ പറയണം. ചിലപ്പോൾ രക്ഷ കിട്ടും.’’

ഇതൊക്കെ കോടതിയിൽ പറഞ്ഞിട്ടും അതൊന്നും പരിഗണിക്കാതെ എന്നെ രണ്ടു വർഷത്തേക്ക് ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. അതേവരെ സമ്പാദിച്ച തുകയെല്ലാം ചെയ്യാത്ത കുറ്റത്തിന് പിഴയായി ഞാന്‍ അടച്ചു. മറ്റേതോ സ്ത്രീ ചെയ്ത കുറ്റത്തിന് രണ്ടു വർഷം ജയിൽ ശിക്ഷയും.

ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി ഒന്നരവർഷത്തിനുള്ളിൽ വീണ്ടും പൊലീസ് എന്നെ അറസ്റ്റ് ചെയ്തു. ഞാൻ ആരുടെയോ കയ്യിൽ നിന്ന് ലക്ഷക്കണക്കിനു രൂപ വാങ്ങി വണ്ടിചെക്കുകൾ നൽകി അവരെ ചതിച്ചു എന്നാണു കേസ്. അഞ്ചു കേസിലാണ് അറസ്റ്റ്. ‘‘സാറെ, ഇത് ഞാനല്ല, ഈ ചെക്ക് ഒന്നും ഞാൻ കൊടുത്തതല്ല. ഈ പേരും അഡ്രസും, എന്തിന്, മാതാപിതാക്കളുടെ പേരുകൾ പോലും എന്റേതല്ല, ഇതെന്റെ ഒപ്പും അല്ല. ഈ കേസിലെ വാദികളെ ഒന്നും ഞാൻ കണ്ടിട്ടു കൂടിയില്ല.’’ എന്നൊക്കെ കരഞ്ഞു പറഞ്ഞു.

‘‘കള്ളി, നിന്നെയൊക്കെ സ്ഥിരമായി ജയിലിൽ തന്നെ തളച്ചിടുകയാണ് വേണ്ടത്.’’ എന്നാണ് കിട്ടിയ മറുപടി.

ഒരു ജയിൽപുള്ളിക്ക് ആരാണ് 50000 രൂപ വെറുമൊരു ചെക്ക് വാങ്ങി കൊടുക്കുന്നത്? സത്യമായും എനിക്കൊരു ബാങ്കിലും അക്കൗണ്ട് ഇല്ല. പിന്നെങ്ങനെ ചെക്ക് നൽകാൻ. എന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം തരാതെ എന്നെ വീണ്ടും ശിക്ഷിച്ചു, എല്ലാ കേസുകൾക്കും കൂടി അഞ്ചു വർഷം.

പുതിയ ജോലി സ്ഥലത്തും പൊലീസ്

ആരോഗ്യമോ ഭംഗിയോ ഇല്ലാത്ത ഒരു േകാലമായാണ് ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. ‘രാത്രിജോലി’ക്ക് ആര്‍ക്കുമെന്നെ വേണ്ടാതായി. പിന്നെ, ഞാൻ ചെമ്മീൻ കമ്പനിയിൽ ജോലിക്കു പോയി. ഗതിേകട് േനാക്കണേ, ഒരു കുറ്റവും ചെയ്യാതെ ശ്രദ്ധിച്ചു ജീവിച്ച എന്നെ ഒരു വർഷത്തിനു ശേഷം പൊലീസ് സ്ഥലം തിരഞ്ഞു പിടിച്ചു വന്ന് വീണ്ടും അറസ്റ്റ് ചെയ്തു.

‘‘സാറെ, മര്യാദയ്ക്ക് ജോലി ചെയ്തു ജീവിക്കുകയാണല്ലോ? എന്തിനാ അറസ്റ്റ് ചെയ്യുന്നത്?’’ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത് ദിവസങ്ങൾക്കു ശേഷമായിരുന്നു. ഞാനൊരു വനിതാ ഗുണ്ടയാണത്രേ. എനിക്ക് ആദ്യത്തെ ശിക്ഷ കിട്ടുന്നതിനു മുൻപ് ഏതോ ഗുണ്ടാ സംഘത്തിൽ പ്രവർത്തിച്ചതിന്റെ തെളിവുകൾ അവരുടെ പക്കൽ ഉണ്ടെന്നും, അതിന്റെ ഏഴു കേസുകളിൽ ഞാൻ കൂട്ട് പ്രതിയാണെന്നും, ഇതേവരെ തെളിവില്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ പറ്റിയില്ലെന്നും, ഇപ്പോൾ ആ സംഘത്തിലെ രണ്ടു ഗുണ്ടകളെ അറസ്റ്റ് ചെയ്തപ്പോൾ അവരിൽ നിന്നു കിട്ടിയ തെളിവുകളിൽ നിന്നും മൊഴിയിൽ നിന്നു മൊക്കെയാണ് എന്റെ പങ്ക് പൊലീസ് മനസ്സിലാക്കിയതെന്നും കാട്ടി കുറെ കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു. ഏതാണാ ഗുണ്ടാ സംഘം? എന്ത് തരം ഗുണ്ടാ പ്രവർത്തനമാണ് ഞാൻ ചെയ്തത്? ഒന്നും അറിയില്ല.

കോടതിയിൽ വിചാരണ നടക്കുമ്പോൾ ഞാൻ കണ്ടിട്ടില്ലാത്ത കുറെ ആണുങ്ങൾ എന്റെ കൂട്ട് പ്രതികളാണെന്നു പറഞ്ഞു നിൽക്കുന്നത് കണ്ടു. ഹൈവേയിൽ കാർ തടഞ്ഞു നിർത്തി കത്തി കാട്ടി സ്ത്രീകളിൽ നിന്ന് ആഭരണങ്ങളും രൂപയും ക വർന്നു, ഏതോ വീട്ടിൽ കയറി ആരെയോ കുത്തി വീഴ്ത്തി, ഉറങ്ങിക്കിടന്ന ഏതോ കൊച്ചിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു തുടങ്ങി ഏഴു വിവിധ കുറ്റകൃത്യങ്ങൾ ഞാൻ എട്ടൊൻപതു വർഷം മുൻപ് ചെയ്തിട്ടുണ്ടത്രേ! ഇപ്പോൾ ഞാൻ ശിക്ഷ അനുഭവിക്കുന്നത് ആ കേസിലാണ്, ഏഴു വർഷത്തേക്ക്...

എന്റെ ബലമായ സംശയം എന്റെ രൂപസാദൃശ്യമുള്ള, എ ന്നെപ്പോലെയിരിക്കുന്ന ഒരു സ്ത്രീ സമൂഹത്തിൽ ഇങ്ങനെ കുറ്റം ചെയ്ത് ഇപ്പോഴും നടക്കുന്നുണ്ട് എന്നാണ്. അവർ ചെയ്യുന്ന എല്ലാ കുറ്റകൃത്യവും ആരോരുമില്ലാത്ത എന്റെ തലയിൽ ബോധപൂർവം ആ സ്ത്രീയും വേറെ ആരൊക്കെയോ ചേർന്നും കെട്ടി വയ്ക്കുന്നതാണ്.

പക്ഷേ, ഇതൊക്കെ എനിക്കെങ്ങനെ, പ്രത്യേകിച്ചും ഈ ജയിലിനുള്ളിൽ കിടന്നു കൊണ്ട്, തെളിയിക്കാനാകും? എപ്പോഴെങ്കിലും ഇത് തെളിഞ്ഞാൽ തന്നെ എങ്ങിനെയാണ് ഇത്രകാലം അനുഭവിച്ച യാതനകൾക്കു പരിഹാരം ലഭിക്കുക?

പൊലീസ് കേസുകളിൽ ഒട്ടേറെ കുറ്റകൃത്യങ്ങൾ ചെയ്തു എന്നു പറയുന്ന ആ സ്ത്രീ ഞാനല്ല എന്റെ അപരയാണെന്ന് എങ്ങനെയാണ് അധികാരികളെ പറഞ്ഞു വിശ്വസിപ്പിക്കേണ്ടത്?