Saturday 14 August 2021 03:03 PM IST : By Jacob Varghese Kunthara

ചെറുതേനിന്റെ ഒന്നു-രണ്ട് കൂടുകൾ ഉദ്യാനത്തിന്റെ ഭാഗമാക്കിയാൽ മതി; തേൻമധുരം വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നിന്ന് സ്വന്തമാക്കാം

gardejjjflowww

നാവിൽ മധുരത്തിന്റെ അലകൾ തീർക്കുന്ന തേൻമധുരം വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നിന്ന് സ്വന്തമാക്കാം. ചെറുതേനിന്റെ ഒന്ന്– രണ്ട് കൂടുകൾ കൂടി ഉദ്യാനത്തിന്റെ ഭാഗമാക്കിയാൽ മതി. വീട്ടിലേക്ക് ആവശ്യമായ തേൻ ലഭിക്കും.

മനുഷ്യരെ ആക്രമിക്കാത്ത ചെറുതേനീച്ചയുടെ കോളനി ലളിതമായി പരിപാലിക്കാനാകും. മനുഷ്യ സഹവാസം ഇഷ്ടപ്പെടുന്ന ചെറുതേനീച്ച പൂന്തോട്ടത്തിൽ തന്നെ സ്വമേധയാ കൂടുകൂട്ടും. തേനീച്ചയുടെ സാന്നിധ്യം അടുക്കളത്തോട്ടത്തിലെ പാവലിനും മത്തനും പാഷൻഫ്രൂട്ടിനുമെല്ലാം കായ് കൂടുതലുണ്ടാക്കുമെന്ന ഗുണവുമുണ്ട്.

ഒരുക്കാം ചെറുതേൻ ഉദ്യാനം

ഉദ്യാനത്തിന്റെ ഭാഗമായോ തേനിന് വേണ്ടി മാത്രമായോ ഇത്തരം പൂന്തോട്ടം ഒരുക്കാം. ഔഷധഗുണത്തിലും വിപണിയിലും വൻതേനിനേക്കാൾ മുന്നിലാണ് ചെറുതേൻ. ചെറുതേനീച്ചയ്ക്ക് യോജിച്ച തേനുള്ള പൂച്ചെടികളിലേറെയും കേരളത്തിലെ കാലാവസ്ഥയിൽ വളരുന്നവയാണ്. ഒരു നിര ഇതളുള്ള പൂച്ചെടികളാണ് തേനീച്ചയ്ക്ക് എളുപ്പത്തിൽ തേൻ ശേഖരിക്കാൻ പറ്റിയത്. തേനീച്ചക്കൂട് സ്ഥാപിക്കുന്നതിനൊപ്പം തേനീച്ചകൾക്കായുള്ള പൂച്ചെടികൾ കൂടി നട്ടു വളർത്തണം. കാലവ്യത്യാസമില്ലാതെ വർഷം മുഴുവൻ പൂവിടുന്ന ചെടികൾക്ക് മുൻഗണന നൽകുക.  

വേണം ഈ ചെടികൾ

ചെറിയ കുറ്റിച്ചെടികൾ: ബാൾസം, സെഫിറാന്തസ് ലില്ലി, പത്തുമണി ചെടി, വെർബീന, സീനിയ, കുഫയ, ഗോൾഡൻ റോഡ്

കുറ്റിച്ചെടികൾ: ഹമീലിയ, ഡുറാന്റാ, ചെത്തി, ഹെലിക്കോണിയ, യൂഫോർബിയ, മന്ദാരം, കല്യാണ സൗഗന്ധികം, ഡോംബിയ അഥവാ പിങ്ക് ബോൾ ചെടി.

വള്ളിച്ചെടികൾ: കോറൽ വൈൻ, ഗോൾഫിമിയ വൈൻ, അലങ്കാര പാഷൻ ഫ്രൂട്ട്.

മരങ്ങൾ: ബോട്ടിൽ ബ്രഷ്, മിർട്ടിൽ ട്രീ, രാജമല്ലി, കണിക്കൊന്ന, ടെക്കോമ, ഡിവി`ഡിവി, ചെന്തെങ്ങ്.

ജലസസ്യം: ആമ്പൽ.

gllvbby6774f

ഇവയിൽ ചെറിയ പൂക്കളുള്ള ഗോൾഡൻ റോഡ്, ഹമീലിയ, യൂഫോർബിയ, കുഫയ, ചെത്തി തുടങ്ങി പലതിന്റെയും തേൻ ചെറുതേനീച്ചയ്ക്ക് മാത്രമേ ശേഖരിക്കാനാകൂ. മഞ്ഞ, നീല, വയലറ്റ് പൂക്കളോടാണ് തേനീച്ചയ്ക്ക് കൂടുതൽ പ്രിയം. കോറൽ വൈൻ, പത്തുമണി ചെടി, ലില്ലി തുടങ്ങിയവ തേനിനേക്കാൾ കൂടുതൽ പൂമ്പൊടിയുടെ സ്രോതസ്സാണ്.

ഔഷധച്ചെടികളായ തുളസി, തുമ്പ, ശതാവരി, മുക്കുറ്റി തുടങ്ങിയവയിൽ നിന്നുമെല്ലാം തേൻ ശേഖരിക്കുന്നതുകൊണ്ടാണ് ചെറുതേനിന് ഔഷധമൂല്യമേറുന്നത്. കൂടിനടുത്ത് തേനുള്ള ചെടികളുടെ എണ്ണമനുസരിച്ചാകും കൂട്ടിൽ നിന്ന് ലഭിക്കുന്ന തേനിന്റെ അളവും. തേനീച്ച കൂടിന്റെ അറകളിൽ ശേഖരിക്കുന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ തേനും, പ്രോട്ടീൻ നിറയെ ഉള്ള പൂമ്പൊടിയും തേനീച്ചയ്ക്കും കുഞ്ഞുങ്ങൾക്കും വളരാൻ വേണ്ട ഭക്ഷണപദാർഥങ്ങളാണ്.

20210328_084334

ചെറുപൂക്കളിലുണ്ട് ഔഷധഗുണം

നേരിട്ട് വെയിൽ കിട്ടുന്നിടങ്ങളിൽ ചെറുതും വലുതുമായ കുറ്റിച്ചെടികൾ കൂട്ടമായാണ് വളർത്തേണ്ടത്. പുൽത്തകിടിയുടെ അരികിൽ  നിരയായും പൂത്തടം തയാറാക്കാനും ഇവ ഉപയോഗിക്കാം. ചെറിയ പൂക്കൾ ഉള്ള ചെടികൾ ഒരുമിച്ചു വളർത്തിയാൽ തേനീച്ചയ്ക്ക് എളുപ്പത്തിൽ തേൻ ശേഖരിക്കാനായി വന്നെത്താൻ സാധിക്കും.

മതിലിലോ പ്രത്യേകം തയാറാക്കിയ ട്രെല്ലിയിലോ വള്ളിച്ചെടികൾ പടർത്തി കയറ്റാം. പല ഉയരത്തിൽ വളരുന്ന ചെടികൾ ഒരുമിച്ചു നടുമ്പോൾ ഉയരം കൂടിയവ പിന്നിലും ഉയരം കുറഞ്ഞവ മുൻപിലുമായോ നടാം. ഉയരം കൂടിയവ മധ്യത്തിൽ നട്ട് ചുറ്റും വൃത്താകൃതിയിൽ ഉയരം കുറഞ്ഞവയും നടാം. ഉദ്യാനത്തിന്റെ പടിഞ്ഞാറുവശത്തായി പൂമരങ്ങൾ വളർത്തിയാൽ പൂക്കളിൽ നിന്ന് തേനീച്ചയ്ക്ക് കൂടുതൽ തേൻ ലഭിക്കും. പൂച്ചെടികളെയും തേനീച്ചയെയും ശക്തമായ കാറ്റിൽ നിന്നു സംരക്ഷിക്കാനും ഇവ ഉപകരിക്കും. മരത്തണലിലോ വീടിനോടു ചേർന്ന് ഉറുമ്പ് ശല്യമില്ലാത്ത ഇടങ്ങളിലോ രണ്ട്– മൂന്ന് അടി ഉയരത്തിലാണ് തേനീച്ചക്കൂട്  സ്ഥാപിക്കേണ്ടത്. കൂടിനടുത്തായി, തണലുള്ള ഭാഗത്ത്, തേനീച്ചകൾക്ക് കുടിക്കാൻ പരന്ന പാത്രത്തിൽ വെള്ളം ഒരുക്കാം. പാത്രത്തിൽ വെള്ളാരംകല്ല് നിരത്തി കല്ലുകൾ മൂടാത്ത വിധം വെള്ളം ഒഴിച്ചു വയ്ക്കാം.

ചെടികൾക്ക്  പരിപാലനവും സംരക്ഷണവും ആവശ്യാനുസരണം നൽകണം. കുറ്റിച്ചെടികളിൽ കൂടുതൽ ശിഖരങ്ങളും പൂക്കളും ഉണ്ടാകാൻ മഴക്കാലം തുടങ്ങുന്നതിനു തൊട്ടു മുൻപ് കമ്പു കോതി നിർത്തണം. പൂക്കൾക്ക് ചെടിയിൽ കൂടുതൽ ആയുസ്സും നിറവും കിട്ടാൻ ജൈവവളമാണ് നല്ലത്. വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും വെള്ളത്തിൽ പുളിപ്പിച്ചെടുത്തതിന്റെ തെളി നേർപ്പിച്ചത് ഉപയോഗിക്കാം. എല്ലുപൊടി, സ്റ്റെറാമീൽ തുടങ്ങിയവയും നല്ലതാണ്.

രാസകീടനാശിനികൾ തേനീച്ചയെയും പൂമ്പാറ്റയെയും അകറ്റും. ഉറുമ്പ്, പല്ലി, കടന്നൽ, നിശാശലഭം മുട്ടയിട്ടുണ്ടാകുന്ന പുഴുക്കൾ തുടങ്ങി ചെറുതേനീച്ചയെ ആഹാരമാക്കുന്ന ജീവികളെ ജൈവമാർഗങ്ങളിലൂടെ നിയന്ത്രിക്കണം. ഇല്ലെങ്കിൽ കൂട് ഉപേക്ഷിച്ചു തേനീച്ചകൾ പോകാനിടയുണ്ട്.

800px-Red_bottle_brush

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

∙ ചെടികളുടെ എണ്ണത്തിന് ആനുപാതികമായി വേണം തേനീച്ചക്കൂടുകൾ. പൂക്കൾ കുറവുള്ള മഴക്കാലത്ത് ഇവയ്ക്ക് തേൻ ലഭിക്കാൻ ബുദ്ധിമുട്ടു  വരും.

∙ തേനുള്ള കൂടിനു ചുറ്റും ഉറുമ്പുകൾ എത്തും. ഇവയെ ജൈവ മാർഗങ്ങളിലൂടെ നിയന്ത്രിക്കണം.

∙ കൂടിനു ചുറ്റും ഉണ്ടാകുന്ന ചിലന്തി വലകൾ മാസത്തിലൊരിക്കൽ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചെമ്പരത്തിയിലെ കറുപ്പു നിറം

ചെമ്പരത്തി ചെടികളുടെ ഇലകളിലും തണ്ടിലും കറുപ്പ് നിറം കാണുന്നു. തുടച്ചാലോ കഴുകിയാലോ ഇത് പോകും. ഇലകൾ അസാധാരണമായി ചുരുളുന്നു. ഇലകളുടെ അടിയിൽ വെള്ള നിറമുള്ള പറക്കുന്ന കീടങ്ങളുമുണ്ട്.

ഒരുതരം കുമിൾ ഉണ്ടാക്കുന്ന രോഗമാണെങ്കിലും കറുപ്പ് നിറം അകത്തേക്കു ബാധിച്ച് ചെടിയെ നശിപ്പിക്കാറില്ല. ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം ഇൻഡോഫിൽ കുമിൾനാശിനി ചേർത്ത് തളിക്കുക. ഇലകളുടെ അടിയിൽ വെള്ളീച്ചയുടെ കീടബാധയാണ് ഇലമുരടിപ്പിന് കാരണം. മൂന്ന് ലീറ്റർ വെള്ളത്തിൽ  ‘തയ്യാമെത്തോക്സം’ അടങ്ങിയ 'അക്ട്രാ' കീടനാശിനി ഒരു ഗ്രാം ചേർത്ത് ഇലകളുടെ അടിഭാഗം ഉൾപ്പടെ ചെടി മുഴുവൻ അഞ്ച് ദിവസത്തെ ഇടവേളയിൽ ഒന്ന് രണ്ടു തവണ തളിക്കുക.

016LR-Passion-Flower
Tags:
  • Columns