Saturday 01 January 2022 03:10 PM IST : By Ratheesh R Menon

മെമ്മറി ഫുൾ ആണോ? ഫോണിലെ ഫോട്ടോയും വിഡിയോയും സൂക്ഷിക്കാൻ ഗൂഗിളിൽ വഴിയുണ്ട്

ratheesh-r-menon6765rfhuyh

ഫോണിലെ സ്റ്റോറേജ് തീര്‍ന്നു എന്നു കാണുമ്പോള്‍ തന്നെ ഗാലറിയിലുള്ള ഫോട്ടോയും വിഡിയോയുമൊക്കെ ഡിലീറ്റ് ചെയ്ത് സ്പേസ് ഉണ്ടാക്കുന്നതാണോ ശീലം? എന്നാൽ അവ ഡിലീറ്റ് ചെയ്യാതെ തന്നെ ഫോൺ സ്റ്റോറേജ് നിലനിർത്താൻ വഴിയുണ്ട്.

ഗൂഗിളാണു താരം

സ്റ്റോറേജ് കുറവാണ് എന്നു കണ്ടാൽ 99% സ്മാർട്  ഫോണ്‍ ഉപയോക്താക്കളും ഗാലറിയിലാണ് കൈവയ്ക്കുന്നത്. എന്നാല്‍ ഗൂഗിള്‍ തരുന്ന ഫോട്ടോസ് എന്ന ആപ്ലിക്കേഷന്‍ ശരിയായി ഉപയോഗിച്ചാല്‍ 15 ജിബി വരെ സ്പേസ് നമ്മുടെ ഫോണില്‍ റിക്കവര്‍ ചെയ്യാനും സ്പേസിനു വേണ്ടി ഡിലീറ്റാക്കുന്ന ഫോട്ടോ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാനും സാധിക്കും.

ഫോട്ടോസ് എന്ന ആപ്ലിക്കേഷന്‍ എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളുടെയും ഗൂഗിള്‍ എന്ന ഫോള്‍ഡറില്‍ ഉണ്ട്.

ഇത് ഓപ്പണാക്കിയാല്‍ നമ്മുടെ ഫോണിലുള്ള ഫോട്ടോയും  വിഡിയോയും ഗാലറിയില്‍ എന്ന പോലെ തന്നെ കാണാം.

ഈ വിൻഡോയുടെ വലത് സൈഡില്‍ മുകളില്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിന്റെ ഐക്കണ്‍ കാണാം. ഇതില്‍ അമര്‍ത്തിയാല്‍ ധാരാളം ഓപ്ഷന്‍സ് കാണാം. അവയിൽ ‘ബാക്കപ് ഈസ് ഓഫ്’ എന്നാകും കിടക്കുന്നത്.

അതിനടുത്തുള്ള ‘ടേണ്‍ ഓണ്‍ ബാക്കപ്’ സെലക്ട് ചെയ്താല്‍ രണ്ട് ഓപ്ഷന്‍സ് കാണാം. ഒറിജിനല്‍ ക്വാളിറ്റിയില്‍ തന്നെ വേണോ, അതോ സൈസ് കുറച്ച് ക്വാളിറ്റി നഷ്ടപ്പെടാത്ത രീതിയിലാണോ നമ്മുടെ ഫോട്ടോയും വിഡിയോയും ഗൂഗിള്‍ സൂക്ഷിക്കേണ്ടത് എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ആദ്യത്തേത് തന്നെ സെലക്ട് ചെയ്യാം. അതിനു താഴെ വൈഫൈ ഇല്ലാത്തപ്പോള്‍ മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് ഇതു വര്‍ക്ക് ചെയ്യണോ എന്ന ചോദ്യം കാണാം. അത് ‘എനേബിളാ’ക്കുക. അതിനു ശേഷം ‘കണ്‍ഫേം’ അമര്‍ത്തി ‘ഗോട്ട് ഇറ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നമ്മുടെ ഫോട്ടോസ് ഗൂഗിളിന്റെ സെര്‍വറിലേക്ക് സിങ്ക് ചെയ്യപ്പെടുന്നത് കാണാം. ബാക്കിങ് അപ് എന്നതില്‍ അമര്‍ത്തിയാല്‍ സിങ്ക് ചെയ്യപ്പെടുന്ന ഫോട്ടോസ്, വിഡിയോസ് ഇവ കാണാം.

സിങ്ക് ചെയ്തവയിൽ, അതായത് ഗൂഗിളിലേക്ക് സുരക്ഷിതമാക്കപ്പെട്ടവയില്‍ ഒരു മേഘത്തിന്റെ ചിഹ്നവും, അല്ലാത്തതില്‍ മേഘത്തിന്റെ ചിഹ്നത്തിന്മേല്‍ ഒരു വരയും, സിങ്ക് ചെയ്തുകൊണ്ടിരിക്കുന്നതില്‍ കറങ്ങുന്ന അനിമേഷനും കാണാം.

സ്റ്റോറേജ് എങ്ങനെ

ചിത്രങ്ങൾ ഗൂഗിളിൽ ബാക്കപ് ആയെന്നു കരുതി നിങ്ങളുടെ ഫോണില്‍ ഒരു എംബി പോലും സ്പേസ് ഇപ്പോള്‍ കൂടിയിട്ടുണ്ടാകില്ല. എല്ലാ ചിത്രങ്ങളും വിഡിയോകളും സിങ്ക് ആയിക്കഴിഞ്ഞാലാണ് ഫോൺ സ്റ്റോറേജ് കൂട്ടുന്ന കാര്യത്തിലേക്ക് കടക്കാന്‍ ആകുക.   

ബാക്കപ് പൂർണമായി കഴിയുമ്പോള്‍ വീണ്ടും ഗൂഗിള്‍ ഫോട്ടോസിലെ നിങ്ങളുടെ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ഐക്കണില്‍ ടച്ച് ചെയ്തുനോക്കുക. അപ്പോള്‍ ‘ബാക്കപ്’ എന്നതിനു താഴെ ‘ഫ്രീ അപ്’ എന്നതിനൊപ്പം എത്ര എംബി അല്ലെങ്കില്‍ എത്ര ജിബി എന്നു കാണിച്ചിട്ടുണ്ടാകും. അതില്‍ അമര്‍ത്തുക.

ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്കപ് ചെയ്ത ഫോട്ടോസ്, വിഡിയോസ് ഇവയുടെ ഒരു കോപ്പി നമ്മുടെ ഫോണിലും ഉണ്ടല്ലോ. അവ ഏതൊക്കെയെന്നു ഗൂഗിള്‍ ഫോട്ടോസ് തന്നെ കണ്ടെത്തി ഡിലീറ്റാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

‘ഫ്രീ അപ്’ ബട്ടന്‍ അമര്‍ത്തി, പെർമിഷൻ ‘അലൗ’ ചെയ്യുമ്പോൾ ആ ഫയലുകള്‍ ഡിലീറ്റായി സ്പേസ് സേവ് ചെയ്യുന്നതിന്റെ പ്രോഗ്രസ് കാണാനുമാകും.

ഇങ്ങനെ നിങ്ങളുടെ ഫോണിലുള്ള 15 ജിബി വരെയുള്ള ഫോട്ടോസ് വിഡിയോസ് ഇവ ഗൂഗിള്‍ ഫോട്ടോസില്‍ അപ്‌ലോഡ് ചെയ്യാം.

ഒറിജിനല്‍ ഫയല്‍ നഷ്ടപ്പെടാതെ ഗൂഗിള്‍ ഫോട്ടോസില്‍ കിടക്കുമെന്നു മാത്രമല്ല, ഫോണില്‍ സ്പേസ് കിട്ടുകയും ചെയ്യും.

എപ്പോള്‍ വേണമെങ്കിലും ഗൂഗിള്‍ ഫോട്ടോസ് എടുത്താൽ  ഇവ ഗാലറിയിലെന്ന പോലെ കാണാനും പ്ലേ ചെയ്യാനും സാധിക്കും.

ഫോണ്‍ മാറുമ്പോൾ ഇതേ ഗൂഗിള്‍ അക്കൗണ്ടിലൂടെ പുതിയ ഫോണിൽ സൈന്‍ ഇന്‍ ചെയ്താല്‍ ഫോട്ടോസ് കാണാം. അതല്ലെങ്കിൽ https://photos.google.com/ എന്ന വെബ് ലിങ്കിലൂടെയും അവ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാകും.

Tags:
  • Columns