Tuesday 22 June 2021 03:28 PM IST : By Ratheesh R. Menon

ഉപയോഗിക്കാൻ ഈസി, പറഞ്ഞാൽ മതി ഓൺ ആയിക്കൊള്ളും; വീട്ടിൽ ലൈറ്റ് ഓൺ‌, ഓഫ് ചെയ്യുന്നതോർത്ത് ഇനി ടെൻഷൻ വേണ്ട

ratheesh-rr4322455

എവിടെയെങ്കിലും യാത്ര പോകുമ്പോൾ പലരുടെയും പേടി വീട്ടിൽ കള്ളനോ മറ്റോ കയറുമോ എന്നാണ്. രാത്രിയാകുമ്പോൾ പുറത്തെ ലൈറ്റുകൾ ഒാൺ ആക്കിയിടുകയാണ് പലരും സ്വീകരിക്കുന്ന പ്രാഥമിക പ്രതിരോധ വഴി.

എന്നാൽ വീട്ടിൽ ഇല്ലാതിരിക്കുന്ന സമയത്ത് ലൈറ്റ് മുഴുവൻ സമയവും തെളിച്ചിടാനും പറ്റില്ലല്ലോ. അതിനുള്ള പോംവഴിയാണ് സ്മാർട് ബൾബുകൾ.

വൈ ഫൈ സ്മാർട് ബൾബ് !!!

ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ തുറന്നാൽ എപ്പോഴും കാണുന്ന പ്രൊഡക്റ്റാണിത്. നല്ല ചുവപ്പും പച്ചയും നീലയും നിറങ്ങളിലൊക്കെ ഇവ കാണാം. അതുകൊണ്ടുതന്നെ ചിലരെങ്കിലും ഇത് മുറി അലങ്കരിക്കാനുള്ള ലൈറ്റാണെന്ന് തെറ്റിധരിച്ചേക്കാം. സത്യത്തിൽ അവ എന്തിനാണെന്ന് അന്വേഷിച്ചിട്ടുണ്ടോ ?

നമ്മൾ കുടുംബവുമൊത്ത് യാത്ര പോയെന്നു കരുതുക. വൈകിട്ട് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് യാത്ര. പക്ഷേ, രാത്രിയായിട്ടേ മടങ്ങി എത്താനാകൂ എന്നറിയുന്നത് വൈകിയാണ്. വീടിന്റെ ഉമ്മറത്തെ ലൈറ്റെങ്കിലും ഓൺ ആക്കിയിടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നായിരിക്കും ഭൂരിഭാഗം വീട്ടമ്മമാരുടെയും അപ്പോഴത്തെ ടെൻഷൻ.

കാരണം വീടിനു പുറത്ത് നേരമേറെ ഇരുട്ടിയിട്ടും തെളിയാത്തതും, നേരമേറെ വെളുത്തിട്ടും അണയാത്തതുമായ ലൈറ്റുകൾ മോഷ്ടാവിനുള്ള ക്ഷണക്കത്തുകളാണെന്നു നമുക്കറിയാം. ഇവിടെയാണ് സ്മാർട് ബൾബുകൾ യഥാർഥത്തിൽ സ്മാർട്ടാകുന്നത്.

പറഞ്ഞാൽ മതി, ഓൺ ആയിക്കൊള്ളും

എല്ലാ സ്മാർട് ഡിവൈസുകളെയും പോലെ സ്മാർട് ബൾബുകളും ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. സ്മാർട് ബൾബിന് സ്മാർട്ടാകാൻ  വൈ ഫൈയാണ് വേണ്ടത്. വൈഫൈ സ്മാർട് ബൾബുകൾ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ലോകത്തിന്റെ ഏത് കോണിലിരുന്നും നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന  ആപ്ലിക്കേഷനിലൂടെ ലൈറ്റ് ഓൺ ആക്കുകയും ഓഫ് ആക്കുകയും ചെയ്യാം.

ഏതു നിറത്തിൽ വേണമെങ്കിലും സ്മാർട് ബൾബ് തെളിയിക്കാനാകും. ഏത് സമയത്ത് തനിയെ ഓൺ ആകണമെന്നും ഓഫ് ആകണമെന്നും സെറ്റ് ചെയ്ത് വയ്ക്കുകയും ചെയ്യാം. അപ്പോൾ  നമ്മൾ മറന്നാലും സാരമില്ല, ബൾബ് തനിയെ നിശ്ചയിച്ച സമയത്തിന് ഓൺ ആയിക്കൊള്ളും.

ഇതിനു പുറമേ നിങ്ങളുടെ വീട്ടിൽ ഗൂഗിൾ ഹോം അല്ലെങ്കിൽ ആമസോൺ അലക്സാ തുടങ്ങിയ സ്മാർട് സ്പീക്കറുകൾ ഉണ്ടെങ്കിൽ വോയ്സ് കമാൻ‍ഡുകളിലൂടെയും  സ്മാർട് ബൾബുകളെ നിയന്ത്രിക്കാം. കളറും ബ്രൈറ്റ്നെസ്സും ഒക്കെ ഇങ്ങനെ ചേഞ്ച് ചെയ്യാം.

ഉപയോഗിക്കാൻ ഈസി

വീട്ടിലെ പ്രായമുള്ളവർക്ക് പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് സ്മാർട് ബൾബുകളുടെ പ്രവർത്തനം. വിലയും അത്ര കൂടുതലൊന്നുമല്ല. വിവിധ കമ്പനികളുടെ സ്മാർട് ബൾബുകൾ 300 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്.

സ്മാർട് ബൾബുകളോടൊപ്പം കമ്പനി നിർദേശിക്കുന്ന ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. അതിനു ശേഷം സ്മാർട് ബൾബ് ഹോൾഡറിലിട്ട് സ്വിച്ച് ഓൺ ചെയ്യണം. ഇനി ഫോണിൽ വൈ ഫൈ നെറ്റ്‌വർക്ക് സെർച്ച് ചെയ്താൽ ഒരു പുതിയ വൈഫൈ കൂടി കാണാം.

അതുമായി കണക്റ്റ് ചെയ്ത ശേഷം നേരത്തേ ഇൻസ്റ്റാ ൾ ചെയ്ത ആപ്ലിക്കേഷനിൽ ബൾബ് സെലക്റ്റ് ചെയ്താൽ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന വൈ ഫൈ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്യാൻ ആവശ്യപ്പെടും. വൈഫൈ കണക്റ്റ് ചെയ്താൽ ബൾബ് ഇനി എപ്പോൾ വേണമെങ്കിലും ഫോൺ വഴി പ്രവർത്തിപ്പിക്കാനാകും.  

ഇനി ലൈറ്റിന്റെ സ്വിച്ച് ഓൺ ആക്കിയിട്ട് ധൈര്യമായി എ വിടെ വേണമെങ്കിലും പൊയ്ക്കോളൂ. നിങ്ങൾ നിൽക്കുന്നിടത്തു നിന്നുകൊണ്ട് തീരുമാനിക്കാം ലൈറ്റ് ഓൺ ആക്കണോ ഓഫ് ആക്കണോ എന്ന്. മോഷ്ടാക്കൾ സ്മാർട് ആയ ഈ കാലത്ത് നമ്മൾ അവരേക്കാൾ സ്മാർട് ആകേണ്ടേ? അപ്പോൾ സ്മാർട് ബൾബിൽ തന്നെ തുടങ്ങാം.