Tuesday 02 November 2021 03:03 PM IST

‘എനിക്ക് പെൻസിലിനോട് അലർജിയാണ്, ബീഫ് കഴിച്ചാൽ ചൊറിഞ്ഞു തടിക്കും- വാക്സീൻ എടുക്കാമോ?’: അലർജിയ്ക്കുള്ള ചികിത്സാ മാർഗങ്ങളും മുൻകരുതലുകളും അറിയാം

Dr. B. Padmakumar

Professor Medicine,medical College, Trivandrum

allergy-padmakumar555ghjuj

അലർജി എങ്ങനെ നേരിടാം.. ചികിത്സാമാർഗങ്ങളും മുൻകരുതലുകളും അറിയാം.. ‍

കോവിഡ് വാക്സീൻ എടുക്കേണ്ടി വന്നപ്പോഴാണ് അലർജി ഇത്രയും ചർച്ച ആയത്. ‘എനിക്ക് സൾഫാ അലർജിയുണ്ട്, പെൻസിലിനോട് അലർജിയാണ്, ബീഫ് കഴിച്ചാൽ ചൊറിഞ്ഞു തടിക്കും – വാക്സീൻ എടുക്കാമോ’ എന്നു ചോദിച്ച് നിരവധി അന്വേഷണങ്ങളാണ് ഡോക്ടർമാരെ തേടിയെത്തുന്നത്. അലർജി പേടിച്ച് വാക്സീൻ എടുക്കാത്തവരും നിരവധി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം അനാഫിലാക്സിസ് പോലെയുള്ള ഗുരുതരമായ മരുന്ന് അലർജിയോ ഭക്ഷണ അലർജിയോ ഉള്ളവരാണ് വാക്സീൻ ഒഴിവാക്കേണ്ടത്. ലഘുഅലർജി അലട്ടുന്നവർക്ക് ഡോക്ടർമാരുടെ നിർദേശാനുസരണം വാക്സീൻ എടുക്കാം.

അമിതമായ പ്രതികരണമാണ് അലർജി

ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ തരം പ്രോട്ടീനുകളോട്  ശരീരം അസാധാരണമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്നു പറയുന്നത്. പൊടിപടലങ്ങൾ, പൂമ്പൊടി, ഭക്ഷണ വിഭവങ്ങൾ, മരുന്ന് ഇങ്ങനെ പല അലർജനുകളോടും അലർജി ഉണ്ടാകാം. ചില വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയൊക്കെ തൊലിപുറമേയുള്ള അലർജിക്കു കാരണമാകാം. പൊടി,  പുക, വളർത്തു മൃഗങ്ങളുടെ രോമങ്ങൾ എന്നിവയാണ് മൂക്കിലെ അലർജിക്കുള്ള (അലർജിക് റൈനൈറ്റിസ്) പ്രധാന കാരണം.

അലർജി രോഗമാകുമ്പോൾ

തുടർച്ചയായ തുമ്മൽ, മൂക്കടപ്പ്, ജലദോഷം, മൂക്കുചൊറിച്ചിൽ എന്നിവയാണ് അലർജിക് റൈനൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. പലപ്പോഴും ഇതോടൊപ്പം കണ്ണിന് ചൊറിച്ചിലും ചുവപ്പും അനുഭവപ്പെടുന്ന അലർജിക് കൺജങ്റ്റിവൈറ്റിസും കാണുന്നു. ശ്വാസതടസം, ചുമ, കഫകെട്ട്, കുറുങ്ങൽ തുടങ്ങിയവയാണ് അലർജി മൂലമുള്ള ആസ്മയുടെ ലക്ഷണങ്ങൾ. രാത്രിയിലും തണുപ്പ് കാലാവസ്ഥയിലും ഇത് കൂടും. അലർജി മൂലം കൈകാലുകൾ ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥയാണ് എക്സിമ. കുട്ടികൾക്ക് എക്സിമ കൂടുതലായി കണ്ടുവരുന്നു.

ചികിത്സയ്ക്ക് മൂന്നു ഘട്ടങ്ങൾ

അലർജിയുണ്ടാക്കുന്ന ഘടകങ്ങളെ (അലർജനുകളെ) കണ്ടെത്തി ഒഴിവാക്കുകയാണ് ഏറ്റവും പ്രധാനം. മരുന്നു ചികിത്സയാണ് രണ്ടാം ഘട്ടം. ആന്റിഹിസ്റ്റമിനുകൾ, സ്റ്റിറോയിഡുകൾ എന്നിവയാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. മൂക്കിലടിക്കുന്ന നേസൽ സ്പ്രേയും  വാതകരൂപത്തിലുള്ള മരുന്ന് നേരിട്ടു ശ്വാസകോശത്തിലെത്തിക്കുന്ന ഇൻഹേലർ ചികിത്സയും ഫലപ്രദമാണ്. അലർജി ടെസ്റ്റിങ്ങിലൂടെ കണ്ടെത്തിയ അലർജനുകളെ നീർവീര്യമാക്കാനായി വളരെ ചെറിയ അളവിൽ നിശ്ചിത ഇടവേളകളിൽ കുത്തിവയ്ക്കുന്നതാണ് ഇമ്യൂണോ തെറാപി, അലർജനുകളുമായുള്ള നിരന്തര സമ്പർക്കം മൂലം ശരീരം പിന്നീട് പ്രതികരിക്കാതാകുന്നു.

വീട്ടിലും വേണം കരുതൽ

മുറികളിൽ പ്രത്യേകിച്ചും കിടക്കമുറി പൊടി വിമുക്തമാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ ഫാൻ, ലാംപ്ഷെയ്ഡുകൾ, ഫർണിച്ചറുകൾ എന്നിവ തുടച്ചു വൃത്തിയാക്കണം. അലർജിയുള്ളവർ വീട്ടിനുള്ളിൽ കാർപറ്റുകൾ ഒഴിവാക്കുന്നതാണ് നല്ലത്. വളർത്തു മൃഗങ്ങളെയും പക്ഷികളെയും വീട്ടിനുള്ളിൽ വളർത്തരുത്. മുറികൾക്കുള്ളിൽ ചെടികളും വളർത്താതിരിക്കുക.

ഫൂഡ് അലർജി

പാൽ, മുട്ട, മാംസം, ഗോതമ്പ്, കൊഞ്ച്, ഞണ്ട്,  കക്ക തുടങ്ങിയ കടൽ വിഭവങ്ങൾ കശുവണ്ടി, പയറുവർഗങ്ങൾ തുടങ്ങിയവയാണ് ഏറ്റവുമധികം അലർജിയുണ്ടാക്കുന്നത്. ഭക്ഷണം കഴിച്ചാലുടൻ ശരീരം ചൊറിഞ്ഞു തടിക്കുകയോ, ഛർദി, വയറിളക്കം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങളോ ഉണ്ടാകാം. ഏതു ഭക്ഷണമാണ് അലർജി ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി ഒഴിവാക്കണം. ഫൂഡ് അലർജി കണ്ടെത്താൻ അലർജി ടെസ്റ്റിങ് സഹായിക്കും.

Tags:
  • Columns