Saturday 13 July 2019 10:53 AM IST

കംപ്യൂട്ടറും കഴുത്ത് വേദനയും തമ്മിൽ; കാരണമറിഞ്ഞ് ചികിത്സിക്കാം

Dr. B. Padmakumar

Professor Medicine,medical College, Trivandrum

neck-pain-padmakumar

കംപ്യൂട്ടർ ഉപയോഗിക്കാത്ത ജീവിതത്തെപ്പറ്റി ഇനി നമുക്ക് ചിന്തിക്കാനേ കഴിയില്ല. കംപ്യൂട്ടറും ലാപ്ടോപ്പും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മണിക്കൂറുകളോളം തുടർച്ചയായി കംപ്യൂട്ടറിനു മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരുണ്ട്. ബാങ്ക് ജീവനക്കാർ, ‍ഡിടിപി ഓപ്പറേറ്റർമാർ, സോഫ്റ്റ്‌വെയർ വിദഗ്ധർ തുടങ്ങിയവർ സ്ഥിരമായി കംപ്യൂട്ടർ ഉപയോഗിക്കുന്നവരാണ്. കംപ്യൂട്ടർ സ്ക്രീനിൽ കണ്ണുംനട്ട് കൂടുതൽ നേരം ഇരുന്നു ജോലി ചെയ്യുന്നവർക്ക് നടുവിനും കഴുത്തിനും ആയാസമുണ്ടാകാനിടയുണ്ട്. ശരിയായ ശരീര വിന്യാസം പാലിച്ച് ഇരിക്കുകയും ജോലിക്കിടയിൽ ലഘുവ്യായാമങ്ങളിൽ ഏർപെടുകയും ചെയ്താൽ കഴുത്തിന്റെയും നടുവിന്റെയും പേശികളുടെ സമ്മർദം ഒഴിവാക്കാൻ സാധിക്കും.

കംപ്യൂട്ടർ ഉപയോഗവും പുറംവേദനയും

സ്ഥിരമായി കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ കഴുത്തിലെയും പുറത്തെയും പേശികൾ ക്ഷീണിക്കുന്നത് വേദനയുണ്ടാക്കും. കംപ്യൂട്ടർ ഉപയോഗിക്കുന്നവർ കൂടുതലും മുന്നോട്ടാഞ്ഞാണ് ഇരിക്കുന്നത്. ഇങ്ങനെ ഇരിക്കുമ്പോൾ കശേരുക്കൾക്കിടയിലെ ഷോക് അബ്സോർബറായ ഡിസ്കിൽ കൂടുതൽ സമ്മർദമുണ്ടാകും. ഇതുമൂലം ഡിസ്ക് പുറത്തേക്കു തള്ളി സുഷുമ്ന നാഡിയിലോ കൈകാലുകളിലേക്കുള്ള നാ ഡീ ഞരമ്പുകളിലോ ഞെരുക്കമുണ്ടാക്കും. ഈ സമ്മർദം കഴുത്തുവേദനയും നടുവേദനയും കൈകാലുകളിലേക്കു പടരുന്നതിനു കാരണമാകും. ദീർഘനേരമുള്ള ഇരിപ്പും ജോലിഭാരവും മാനസിക പിരിമുറുക്കവും പേശികൾ വരിഞ്ഞുമുറുകി വേദനയുണ്ടാക്കും.

ആയാസമില്ലാതെ ഇരിക്കണം

ഇരിക്കുമ്പോൾ കൈമുട്ടുകൾ കസേരയിലെ താങ്ങുകളിൽ വയ്ക്കണം. തോൾപേശികളുടെ ആയാസം കുറയ്ക്കാൻ ഇതു സഹായിക്കും. കൂടുതൽ നേരം ഇരിക്കേണ്ടി വരുമ്പോൾ  പുറംഭാഗത്തുള്ള വളവിനും കസേരയുടെ ബാക്ക് റെസ്റ്റിനുമിടയ്ക്കുള്ള ഭാഗത്ത് ഒരു ചെറിയ തലയണയോ കുഷനോ വയ്ക്കുന്നത് ആ ഭാഗത്ത് ആവശ്യമായ താങ്ങ് നൽകും. പാദങ്ങൾ രണ്ടും തറയിൽ ഉറപ്പിച്ചു വയ്ക്കണം കാൽമുട്ടുകളും കണങ്കാലുകളും 90 ഡിഗ്രിയിൽ ആയിരിക്കണം വയ്ക്കേണ്ടത്. തുടകൾ രണ്ടും സമാന്തരമായിരിക്കണം. കാൽമുട്ടിന്റെ പിറകുവശം കസേരയുടെ അരികിൽ അമരുന്നത് ഒഴിവാക്കണം. മുഷ്ടി ചുരുട്ടി കാൽമുട്ടിനും കസേരയുടെ വശത്തിനും ഇടയ്ക്കു കൂടി സുഗമമായി ചലിപ്പിക്കാൻ സാധിക്കണം.

കംപ്യൂട്ടറിന്റെ ക്രമീകരണം

കസേരയിൽ ശരിയായി ഇരുന്നശേഷം കഴുത്ത് നേരെയാക്കി കംപ്യൂട്ടർ സ്ക്രീനിലേക്കു നോക്കുക. സ്ക്രീനിന്റെ മധ്യഭാഗത്താണ് ദൃഷ്ടി പതിയുന്നതെങ്കിൽ സ്ക്രീനിന്റെ ഉയരം കൃത്യമാണ്. കൈകൾ രണ്ടും  കസേരത്താങ്ങിൽ  90 ഡിഗ്രിയിൽ  മടക്കി  വച്ച ശേഷം  കൈക്കുഴകൾ മുകളിലേക്കോ താഴേക്കോ അനക്കാതെ സീറോ ഡിഗ്രിയിൽ ചലിപ്പിക്കാവുന്ന തരത്തിലാകണം കീബോർഡ് ക്രമീകരിക്കേണ്ടത്. കണ്ണിന്റെ ആയാസം കുറയ്ക്കാനായി ആന്റി ഗ്ലെയർ സ്ക്രീനുകളും ഉപയോഗിക്കാം.

ജോലിക്കിടയിൽ വ്യായാമം

∙ സാവധാനം കഴുത്ത് മടക്കുകയും നേരെയാക്കുകയും ചെയ്യുക.  ഇരുവശങ്ങളിലേക്കും തിരിക്കുക. ഇടതു തോളിന്റെയും വലതു തോളിന്റെയും അരുകിലേക്കു ചെരിക്കുക. പേശികളിലേക്കുള്ള രക്തപ്രവാഹം വർധിക്കും.

∙ കൈകൾ രണ്ടും തലയുടെ പിറകിൽ കൊണ്ടുവന്ന് തല കൈപ്പത്തിയിലേക്ക് അമർത്തുക. പിന്നീട് കൈകൾ രണ്ടും നെറ്റിയുടെ മുന്നിൽ കൊണ്ടുവന്ന് നെറ്റി കൈപ്പത്തിയിലേക്കമർത്തുക. 10–15 തവണ ഈ വ്യായാമം  ചെയ്യുന്നത്  പേശികൾ അയവുള്ളതാക്കും.

Tags:
  • Health Tips