Wednesday 12 May 2021 03:10 PM IST

അരി, കല്ല്, കുമ്മായം, പേപ്പർ തുടങ്ങിയ പല വസ്തുക്കളും കണ്ടാൽ കട്ടു തിന്നും; വിളർച്ചയുടെ കാരണങ്ങളും അത് മാറ്റാനുള്ള മാർഗങ്ങളും അറിയാം

Dr. B. Padmakumar

Professor Medicine,medical College, Trivandrum

dr-b-padmakumar6655anemiaaa

വിളർച്ചയുടെ കാരണങ്ങളും അത് മാറ്റാനുള്ള മാർഗങ്ങളും മനസ്സിലാക്കാം...

‘വല്ലാതെ വിളറി വെളുത്തിരിക്കുന്നല്ലോ... ഹീമോഗ്ലോബിൻ കുറവായിരിക്കും. രക്തം ഒന്നു പരിശോധിക്കണം.’  ഏറെ നാളിനു ശേഷം കാണുന്ന സുഹൃത്താകാം ചിലപ്പോൾ ഇങ്ങനെ പറയുന്നത്. പല കാരണങ്ങൾ കൊണ്ടും വിളർച്ച (അനീമിയ) ഉണ്ടാകാം. അയണിന്റെ കുറവ് മൂലമുണ്ടാകുന്ന  വിളർച്ചയാണ് കൂടുതലായി കണ്ടുവരുന്നത്.

ചുവന്ന രക്താണുക്കൾക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ എത്തിക്കാൻ കഴിയുന്നത് അവയിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ഹീമോഗ്ലോബിൻ മൂലമാണ്. ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് ആവശ്യം വേണ്ട ഘടകമാണ് ഇരുമ്പ് (അയൺ). പുരുഷന്മാരിൽ ഹീമോഗ്ലോബിന്റെ അളവ് 13ൽ കുറയുമ്പോഴും സ്ത്രീകളിൽ 12ൽ കുറയുമ്പോഴും വിളർച്ചയുണ്ടെന്ന് പറയാം. ഗർഭിണികളിൽ  ഹീമോഗ്ലോബിൻ 11ൽ കുറയുമ്പോഴാണ് വിളർച്ചയുണ്ടെന്ന് പറയുന്നത്.

പൈൽസും വിളർച്ചയും

വിളർച്ചയ്ക്കുള്ള പ്രധാന കാരണമാണ് രക്തസ്രാവം. അർശസ് രോഗമുള്ളവരിൽ മലത്തോടൊപ്പം രക്തം പോകുന്നത്  വിളർച്ചയുണ്ടാക്കാം. പെപ്റ്റിക് അൾസർ, രക്തം കട്ട പിടിക്കാതിരിക്കാൻ  സ്ഥിരമായി കഴിക്കുന്ന ആസ്പിരിൻ, വേദനസംഹാരികൾ, സ്റ്റി റോയിഡുകൾ തുടങ്ങിയവയും ഉ ദര രക്തസ്രാവത്തിനും വിളർച്ച യ്ക്കും കാരണമാകാം. കുട്ടികളിലെ വിളർച്ചയ്ക്കുള്ള പ്രധാന കാരണം പോഷകക്കുറവും വിരബാധയുമാണ്. ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും അധികമായി ആവശ്യം വരുന്ന അയൺ ലഭ്യമാകാത്തതും വിളർച്ചയുണ്ടാക്കാം. ആർത്തവത്തിലൂടെ ശരാശരി 125 മില്ലീഗ്രാം അയൺ നഷ്ടപ്പെടുന്നുണ്ട്.

അരി കണ്ടാൽ കട്ടു തിന്നും

ഇരുമ്പിന്റെ അളവ് കുറയുന്നതിനെ തുടർന്നുണ്ടാകുന്ന വിളർച്ചയുള്ളവരിൽ കാണുന്ന ഒരു വിചിത്ര ലക്ഷണമാണ് ‘പൈക്ക’.  

അരി, കല്ല്, കുമ്മായം, പേപ്പർ തുടങ്ങിയ പല വസ്തുക്കളും കാണുമ്പോൾ ഇവർക്ക് കഴിക്കാൻ തോന്നും.  അയൺ നൽകി വിളർച്ച അപ്രത്യക്ഷമാകുമ്പോൾ  ഈ സ്വഭാവം മാറും. ക്ഷീണം, തളർച്ച, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, കണ്ണിൽ ഇരുട്ടു കയറുക, തലകറക്കം തുടങ്ങിയവയാണ്  മറ്റു പ്രധാന ലക്ഷണങ്ങൾ.  

ഹീമോഗ്ലോബിന്റെ അളവ് സാവധാനം കുറയുന്നവരിൽ ക്ഷീണം മാത്രമായിരിക്കും പ്രശ്നം. രക്ത പരിശോധനയിലേക്കു പോകുമ്പോഴായിരിക്കും അനീമിയ കണ്ടെത്തുന്നത്.

വിളർച്ച മാറ്റാനുള്ള വഴി

ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളിൽ ഇരുമ്പ് നന്നായി അടങ്ങിയിട്ടുണ്ട്. ധാന്യങ്ങൾ, പയറുവർഗങ്ങൾ,  അണ്ടിപ്പരിപ്പ്, ശർക്കര, ഈന്തപ്പഴം, ഉണക്കമുന്തിരി, തണ്ണിമത്തൻ തുടങ്ങിയവയും അയണിന്റെ നല്ല സ്രോതസുകളാണ്.

മാംസം, മത്സ്യം, മുട്ട ഇവയിലൊക്കെ നന്നായി ആഗിരണം ചെയ്യപ്പെടുന്ന ഹീം അയണാണ് അടങ്ങിയിട്ടുള്ളത് എന്ന മെച്ചവുമുണ്ട്.  

അയണിന്റെ ആഗിരണത്തിനു തടസ്സം നിൽക്കുന്നവയാണ് ചായ, പാൽ, മുട്ടയുടെ മഞ്ഞക്കരു എന്നിവ. അയൺ ഗുളികകളോടൊപ്പം ഇവ കഴിക്കരുത്.

അയൺ ഗുളിക കഴിക്കുമ്പോൾ

അയൺ ഗുളികകൾ നെഞ്ചെരിച്ചിൽ, വയറുവേദന, മലബന്ധം, മലം ക റുത്തുപോകുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.  

ആഹാരത്തിനുശേഷം കഴിച്ചാൽ വയറിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാം. അയൺ ഗുളികകളോടൊപ്പം കാത്സ്യം ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കണം.  മൂന്നു മുതൽ ആറു മാസം വരെ അയൺ ഗുളിക  കഴിക്കേണ്ടതായി വരും.

Tags:
  • Columns