Friday 01 October 2021 03:25 PM IST

തുടക്കം സാധാരണ പനി പോലെ, സിക്ക വൈറസ് ഗർഭസ്ഥ ശിശുക്കളിൽ വൈകല്യങ്ങൾക്കു കാരണമാകും; ഗർഭിണികൾ ജാഗ്രത പാലിക്കണം

Dr. B. Padmakumar

Professor Medicine,medical College, Trivandrum

padmabbb54ygygdh

കൊതുകുകൾ പരത്തുന്ന സിക്ക വൈറസ് രോഗം കേരളത്തിലും കണ്ടെത്തിയെന്ന വാർത്ത പരക്കെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പൊതുവെ മാരകമാകാറില്ലെങ്കിലും ഗർഭസ്ഥശിശുവിന് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാക്കാൻ സിക്ക വൈറസിനു കഴിയും. കൂടാതെ രോഗബാധിതരിൽ നാഡീരോഗ സംബന്ധിയായ തകരാറുകളും ഉണ്ടാകാം. വാക്സീനോ ഫലപ്രദമായ ആന്റിവൈറൽ മരുന്നോ ലഭ്യമല്ലാത്ത ഈ പുതിയ പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ കൊതുകു നശീകരണം മാത്രമാണ് പോംവഴി.

രോഗം പകരാൻ നിരവധി മാർഗങ്ങൾ

പ്രധാനമായും പകൽ സമയത്ത് കുത്തുന്ന ഈഡിസ് കൊതുകുകളിലൂടെയാണ് രോഗം പകരുന്നത്. ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്കും രോഗം പകരാം. പ്രസവസമയത്തും അമ്മ മുലയൂട്ടുന്നതിലൂടെയും രോഗപ്പകർച്ച ഉണ്ടാകാം. രോഗവാഹകന്മാരുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പകരാം. രോഗബാധിത വ്യക്തിയിൽ നിന്നുള്ള രക്തം, രക്തഘടകങ്ങൾ എന്നിവ സ്വീകരിക്കുന്നതാണ് രോഗം പകരുന്ന മറ്റൊരു മാർഗം.

തുടക്കം സാധാരണ പനിപോലെ

സാധാരണ വൈറൽ പനിപോലെ തന്നെയാണ് സിക്ക വൈറസ് ബാധയുടെയും പ്രാരംഭ ലക്ഷണങ്ങൾ. പനി, തലവേദന, ക്ഷീണം, ചർമത്തിൽ ചുവന്ന പാടുകൾ, കണ്ണിന് ചുവപ്പ്, പേശീവേദന, സന്ധിവേദന തുടങ്ങിയവും പ്രധാന ലക്ഷണങ്ങളാണ്. മിക്കവാറുമാളുകളിൽ രോഗം ഏ താനും ദിവസങ്ങൾക്കകം അപ്രത്യക്ഷമാകാറാണ് പതിവ്. എന്നാൽ ചെറിയ ശതമാനമാളുകളിൽ  മെനിഞ്ചൈറ്റിസ്, എൻസിഫലൈറ്റിസ്, പെരിഫറൽ ന്യൂറോപ്പതി, കാഴ്ച – േകൾവി തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.

കോവിഡ് കാലത്ത് മറ്റു പനികൾ

കോവിഡിനെ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് പുതിയ പകർച്ചവ്യാധിയുടെ ഭീഷണി. പനി ഉണ്ടായാൽ പരിഭ്രാന്തരാകാതെ ആദ്യം ദിവസം തന്നെ കുടുംബ ഡോക്ടറുടെ അടുത്തോ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ അടുത്തുള്ള ക്ലിനിക്കിലോ എത്തി പ്രാഥമിക ചികിത്സ തേടണം. സ്വന്തമായി ലാബ് പരിശോധനകൾ നടത്തുന്നതും സ്വയം ചികിത്സയും ഒഴിവാക്കണം.

ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ

വീടിന്റെ പരിസരത്തുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ, ചിരട്ട, മറ്റ് പാഴ്‌വസ്തുക്കൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം  ഒഴുക്കി കളഞ്ഞ് ഡ്രൈ ഡേ ആചരിക്കണം. പരിസരം വൃത്തിയായും ഈർപ്പരഹിതമായും സംരക്ഷിക്കണം. കൊതുകു കടി ഏൽക്കാതിരിക്കാനായി ശരീരം മുഴുവൻ മൂടിക്കിടക്കുന്ന വസ്ത്രങ്ങൾ  ധരിക്കണം. വീട്ടിലെ കതകുകളും ജനാലയും നെറ്റ് തറച്ച് കൊ തുകുകൾ കയറാതെ സംരക്ഷിക്കണം.

കൺജനൈറ്റൽ സിക്ക സിൻഡ്രോം

ഗർഭിണികളെ രോഗം ബാധിക്കുമ്പോൾ ഗർഭസ്ഥശിശുവിന് നിരവധി വൈകല്യങ്ങൾ ഉണ്ടാകാം. മസ്തിഷ്ക വളർച്ച തടസ്സപ്പെടുക, തല ചെറുതാകുക (മൈക്രോ കെഫാലി), കൈകാലുകൾ ശോഷിക്കുക, ശ്രവണവൈകല്യങ്ങൾ, തലച്ചോറിൽ കാത്സ്യം അടിഞ്ഞു കൂടുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഗർഭിണികൾ രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.

Tags:
  • Columns