Saturday 03 August 2019 06:10 PM IST

കത്തി തീരുന്നത് നടപ്പിനെക്കാൾ മൂന്നു മടങ്ങ് കാലറി; ലിഫ്റ്റിന് കാത്തുനിൽക്കാതെ ഇനിമുതൽ കോണിപ്പടി കയറാം!

Dr. B. Padmakumar

Professor Medicine,medical College, Trivandrum

stairs-walking

ഓഫിസിലും ഫ്ലാറ്റിലും ലിഫ്റ്റ് കാത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് പതിവു കാഴ്ചയാണ്. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടികളെയും ടൂവീലറിലും കാറിലും യാത്ര ചെയ്തുവന്ന ചെറുപ്പക്കാരെയുമൊക്കെ ഈ കൂട്ടത്തിൽക്കാണാം. 

എട്ടു മണിക്കൂർ ഒരേയിരുപ്പ് ഇരിക്കുന്നവരാണ് ഈ കാത്തുനിൽക്കുന്നതെന്ന് ഓർക്കണം. വ്യായാമത്തിനുള്ള നല്ല മാർഗമാണ് സ്റ്റെയർകെയ്സിന്റെ രൂപത്തിൽ തുറന്നു കിടക്കുന്നത്. ആരും അതുവേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല എന്നു മാത്രം.

മറ്റു പല വ്യായാമങ്ങളെക്കാളും എളുപ്പവും  മികച്ചതുമാണ്  കോണിപ്പടികയറൽ. നടപ്പ് നല്ല വ്യായാമമുറയാണല്ലോ. നടക്കുന്നതിനെക്കാൾ മൂന്നു മടങ്ങ് കാലറിയാണ് പടികൾ കയറുമ്പോൾ കത്തിച്ചു കളയുന്നത്. ലൈഫ്സ്റ്റൈൽ രോഗങ്ങളെ പടിക്കു പുറത്തു നിർത്താൻ ഇനി നമുക്ക് കോണിപ്പടി കയറാം.

സമയമില്ലാത്തവർക്ക് പറ്റിയ മാർഗം

വ്യായാമം മരുന്നാണ്. സമയക്കുറവാണ് പലർക്കും വ്യായാമത്തിനുള്ള തടസ്സം.

മിക്ക ഓഫിസുകളിലും കെട്ടിടങ്ങളിലും കോണിപ്പടി കയറിയിറങ്ങാൻ അവ സരമുണ്ടാകും.    

ജോലിക്കിടയിൽത്തന്നെ സ്വാഭാവികമായി ചെയ്യാൻ പറ്റുന്ന വ്യായാമമായി കോണിപ്പടി കയറ്റം മാറ്റാം. രാവിലെ എഴുന്നേറ്റു എക്സർസൈസ് ചെയ്യാൻ പോകുന്നതിന്റെ മുന്നൊരുക്കമൊന്നും വേണ്ട. പ്രത്യേകിച്ച് ചെലവുമില്ല.  

വ്യായാമം ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി ഒരു ജോലിയായി ചെയ്യുന്നവർക്കും തികച്ചും അനായാസമായി പടികൾ കയറി ആരോഗ്യം മെച്ചപ്പെടുത്താം. ജോലിക്കിടയിലെ  ടെൻഷനും   ഇരിപ്പിന്റെ മുഷിച്ചിലുമൊക്കെ കുറയ്ക്കാനും പടി കയറൽ സഹായിക്കും.

പ്രതിരോധത്തിന്റെ ചവിട്ടുപടി

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താൻ കോണി കയറൽ സഹായിക്കും.  

രക്തത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കൂടുന്നത് ഹൃദയധമനി രോഗങ്ങളെ പ്രതിരോധിക്കും. ഒരു മിനിറ്റ് കോണിപ്പടി കയറുമ്പോൾ എട്ടു മുതൽ 11 കാലറി ഊർജമാണ് ചെലവാകുന്നത്.   

ശരീരഭാരം കുറയുന്നത് ഹൈപ്പർടെൻഷനെയും പ്രമേഹത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. പടികൾ കയറിയിറങ്ങുമ്പോൾ കാലിലെ പേശികളുടെ ബലം കൂടും. പ്രായമാകുമ്പോൾ വീഴ്ചകളും മറ്റും ഒഴിവാക്കാൻ ഇതു സഹായിക്കും.   അസ്ഥികളുടെ സാന്ദ്രത വർധിപ്പിച്ച് ഓസ്റ്റിയോ പൊറോസിസിനെ പ്രതിരോധിക്കാനും പടികയറൽ സഹായിക്കും.

ഒഴിവാക്കേണ്ടവർ

ഹൃദയാഘാതം ഉണ്ടായിട്ടുള്ളവരും ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരായവരും കോണിപ്പടി കയറുന്നത് ഒഴിവാക്കണം.

ഓസ്റ്റിയോ ആർത്രൈറ്റിസ് പോ ലെയുള്ള  മുട്ടു തേയ്മാനത്തിന്റെ പ്രശ്നമുള്ളവർ കാൽമുട്ടുകൾക്കു കൂടുതൽ സമ്മർദം ഉണ്ടാകുമെന്നതുകൊണ്ട് പടി കയറിയിറങ്ങൽ ഒഴിവാക്കണം. സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവരും ഇത് ഒഴിവാക്കുന്നതാണ് സുരക്ഷിതം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പടികൾ കയറി തുടങ്ങുന്നതും ഇറങ്ങുന്നതും സാവധാനമാകണം. വീഴ്ചയുണ്ടാകാതിരിക്കാൻ ശ്രദ്ധയും കരുതലും വേണം. ഹൈഹീൽ ചെരുപ്പുകൾ ഉപയോഗിക്കുന്നതും മൊൈബൽ ഫോണിൽ സംസാരിച്ചു കൊണ്ടു പടി കയറിയിറങ്ങുന്നതും ഒഴിവാക്കണം. അഞ്ച് – ആറ് നിലവരെ കോണിപ്പടികൾ ചവിട്ടിക്കയറാൻ സാധാരണ പ്രയാസമുണ്ടാകില്ല. ഭക്ഷണം കഴിച്ചയുടൻ പടി കയറുന്നത് ഒഴിവാക്കണം.

Tags:
  • Health Tips