Saturday 08 May 2021 02:55 PM IST : By സ്വന്തം ലേഖകൻ

ഏതു വസ്ത്രത്തിന്റെയും കൂടെ അണിയാം; ജൂത്തീസില്ലെങ്കിൽ പിന്നെ, എന്താഘോഷം! ബിസിനസിൽ ക്ലിക്കായ കഥയുമായി ഫരീന്‍ മൂസ

busiwommmbff5566

സിവിൽ എൻജിനീയറിങ് പഠി‍ച്ചിട്ടു പിന്നെ,  ബിസിനസിൽ കൈവയ്ക്കാമോ എന്ന സംശയമൊന്നും മലപ്പുറം സ്വദേശിനി ഫരീന്‍ മൂസയ്ക്ക് ഉണ്ടായിരുന്നില്ല. വിവാഹശേഷം സമാധാനത്തോടെ വീട്ടിലിരുന്ന് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ മേൽ ജൂത്തീസിന്റെ നിറങ്ങൾ പടർന്നത് അങ്ങനെയാണ്. ട്രഡീഷനൽ ജൂത്തീസിന്റെ വ്യത്യസ്തമായ കളക്‌ഷനാണ് ഫരീൻ പരിചയപ്പെടുത്തുന്നത്.

‘‘നാട് മലപ്പുറത്താണെങ്കിലും ഭർത്താവിന്റെ ജോലിയുമായി കൊച്ചിയിലാണ്. ഒാൺലൈൻ ബിസിനസ് എന്ന ഐഡിയ മിന്നിയപ്പോള്‍ ആദ്യം കൈ വച്ചത് വസ്ത്രവ്യാപാരത്തിൽ ആയിരുന്നു. പക്ഷേ, പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു, എല്ലാവരും ചെയ്യുന്നത് തന്നെ തുടരുന്നതിൽ ത്രില്ലില്ല.

പണ്ടു തൊട്ടെ എനിക്ക് ജൂത്തീസ് ഇഷ്ടമാണ്. ഏതു വസ്ത്രത്തിന്റേയും കൂടെ അണിയാം. ഒരിക്കൽ ബെംഗളൂരുവിൽ എക്സിബിഷൻ കാണാൻ പോയി. അന്നവിടെ കുറച്ചധികം ജൂത്തീസ് കണ്ടു. രണ്ടു മൂന്ന് ജോഡികൾ വാങ്ങിയെങ്കിലും ബാക്കിയുള്ളതിന്റെ ഭംഗി എന്നെ കൊതിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ജൂത്തീസ് കിട്ടുന്ന സ്ഥലത്തെ കുറിച്ചും  ഉണ്ടാക്കുന്നയാളുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചത്.

ആദ്യം വാങ്ങിയത്

സ്വന്തം ആവശ്യങ്ങൾക്കായിട്ടാണ് ഞാന്‍ ആദ്യം ഒരു ഡീലറെ കണ്ടെത്തിയത്. സത്യം പറഞ്ഞാൽ നല്ല ഡീലറെ കിട്ടുന്നതാണ് ഓൺലൈൻ ബിസിനസിന്റെ ഏറ്റവും വലിയ വിജയം. സഹോദരന്റെ വിവാഹത്തിന് ഞാൻ കുറച്ച് ജൂത്തികൾ ചെയ്യിച്ചു, പല നിറങ്ങളിൽ. അതു കണ്ട് ഒരുപാട് പേര് വന്ന് എന്റെ ചെരിപ്പിനെ കുറിച്ച് അന്വേഷിച്ചു, ചിലരൊക്കെ ഇട്ടു നോക്കി. നിരവധിപ്പേർ ഇത്തരം ജൂത്തീസ് വാങ്ങിച്ചു കൊടുക്കാമോ എന്ന് ചോദിക്കാൻ തുടങ്ങി. അപ്പോള്‍ എനിക്ക് മനസിലായി ഇതു തന്നെയാണ് എന്റെ ബിസിനസിന്റെ തുടക്കം.

ആദ്യം കുടുംബത്തിനകത്ത് തന്നെയാണ് കച്ചവടം തുടങ്ങിയത്. ബന്ധുക്കൾ ഇട്ടു കണ്ട് അവരുടെ സുഹൃത്തുക്കള്‍ ആവശ്യക്കാരായി വന്നു. എങ്കിൽ സോഷ്യൽ മീഡിയയിൽ പേജ് തുടങ്ങാമെന്ന് കരുതി. ‘JUttIX  by Fareen H Moosa’ എന്നാണ് ഇൻസ്റ്റഗ്രാമിലെ ബിസിനസ് പേജിന്റെ പേര്. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ജൂത്തീസും വരുത്തുന്നത്.

ആവശ്യക്കാർ കൂടി വന്നപ്പോൾ കസ്റ്റമൈസേഷനും ചെയ്തു കൊടുക്കാൻ തുടങ്ങി. ഓരോ കസ്റ്റമേഴ്സിന്റേയും ആവശ്യങ്ങൾ കേട്ട് ചിത്രം വരച്ചാണ് ഡീലർക്ക് കൊടുക്കുന്നത്. ഹിന്ദിയും കുറച്ച് ഇംഗ്ലിഷും മാത്രമേ അവർക്ക് മനസ്സിലാകൂ. അതുകൊണ്ടാണ് ഡീറ്റെയിലിങ്ങിനായി വരച്ചു നൽകിയത്.  

900 രൂപ മുതൽ 2500 രൂപ വരെയുള്ള ജൂത്തീസാണ് ഞാൻ വിൽക്കുന്നത്. ഓരോന്നിലേയും വർക് അനുസരിച്ചാണ് വിലയിൽ വ്യത്യാസം വരുന്നത്.

ഭർത്താവ് അനീസ് ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നത്. മോൻ ഫൈസാന് മൂന്ന് വയസ്സ്. കുടുംബകാര്യങ്ങൾ കോംപ്രമൈസ് ചെയ്യുകയോ, ബോസിന്റെ ചീത്ത കേൾക്കുകയോ ഒന്നും വേണ്ട എന്നതാണ് ഓൺലൈൻ ബിസിനസിന്റെ ഗുണം. അതു തന്നെയാണ് ജോലി അവസരങ്ങൾ തേടിപ്പോകാതെ എന്നെയിവിടെ പിടിച്ചു നിര്‍ത്തുന്ന കാര്യവും.’’

MY OWN WAY

∙ ക്വാളിറ്റി മെറ്റീരിയലിൽ ഉണ്ടാക്കിയ ജൂത്തീസ് മാത്രമേ വിൽക്കാറുള്ളൂ. വില കൂടിയാലും ക്വാളിറ്റിക്കാണ് പ്രാധാന്യം കൊടുക്കുക.

∙ കുറഞ്ഞ വിലയിൽ പ്രൊഡക്ട് നൽകാനായി ക്വാളിറ്റിയിൽ ഒത്തുതീർപ്പ് ചെയ്യാറില്ല. അതുകൊണ്ട് ഫിക്സഡ് പ്രൈസിനാണ് എപ്പോഴും ജൂത്തീസിന് നൽകാറ്.

∙ എത്ര നല്ല പ്രൊഡക്റ്റാണെങ്കിലും മനോഹരമായി ചിത്രങ്ങളെടുത്തും, കൊളാബ് ചെയ്തും മാർക്കറ്റിങ് ചെയ്തില്ലങ്കിൽ കച്ചവടം നടക്കില്ല. മാർക്കറ്റിങ്ങിന് വേണ്ടി  പരമാവധി ശ്രമങ്ങൾ നടത്താറുണ്ട്.

∙ കസ്റ്റമേഴ്സിന് ഏറ്റവും നല്ല സർവീസ് നൽകാനായി എപ്പോഴും അപ്ടുഡേറ്റ് ആയിരിക്കും.

Tags:
  • Fashion