Monday 20 February 2023 04:20 PM IST : By സ്വന്തം ലേഖകൻ

കറുപ്പിനോട് മുഖംതിരിക്കേണ്ട, ഇന്ത്യൻ വെയറിൽ നിർബന്ധമായും ഉണ്ടായിരിക്കണം കറുത്ത കുർത്ത: ഏതാണ് ഇണങ്ങും നിറം?

we-makeover1

ദാ, കടുകുമണിയോളം പോന്ന ഒരു കുഞ്ഞിപൊട്ട് മാത്രമാ എന്റെ മേക്കപ്പ്. എപ്പോഴും ഇങ്ങനെ സിംപിളായി നടക്കാനാ എനിക്ക് ഇഷ്ടം.’ ഇങ്ങനെയൊക്കെ പറയുമ്പോഴും പ്രശസ്തരുടെ മേക്കോവർ ചിത്രങ്ങളിലേക്ക് വിടർന്ന കണ്ണുകളോടെ നോക്കിയിരിക്കാറില്ലേ? ഒരു ഫങ്ഷന് പോകാൻ ഒരുങ്ങിയിറങ്ങിയാൽ ‘യ്യോ... പഴയതിലും എന്തു സുന്ദരിയാ...’ എന്ന കമന്റ്സ് കേൾക്കാൻ തന്നെയല്ലേ ഇഷ്ടം? കുഞ്ഞു മേക്കോവർ മോഹം മനസ്സിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ പിന്നെ, എന്തിനു മടിക്കണം. ഇപ്പോൾ തന്നെ തുടങ്ങാം.

ഇനിയിപ്പോൾ മേക്കോവർ ചെയ്യണമെന്ന് ആഗ്രഹമില്ലാത്തവരാണെങ്കിൽ അറിയൂ... മേക്കോവർ എന്നാൽ ഒരു പുതുക്കിപ്പണിയലാണ്. ചിലപ്പോഴൊക്കെ അതൊരു ചികിത്സയും കൂടിയാണ്. മടുപ്പിക്കുന്ന വിരസതയിൽ നിന്ന്, അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളിൽ നിന്ന് ഒക്കെ കരകയറാനുള്ള സിംപിൾ ടെക്നിക്. മേക്കോവർ തുടങ്ങും മുൻപ് ഒരു കാര്യം ഒാർക്കാം. മാറ്റം വരുത്തേണ്ടതിൽ  ഒന്നാം സ്ഥാനം ജീവിതശൈലിക്കും പെരുമാറ്റ രീതിക്കുമാണ്. രണ്ടാമതു മാത്രമാണ് മേക്കപ്പും ഡ്രസ്സിങ് സ്റ്റൈലും.

Wow! What a sense of style

ട്രെൻഡ് ആണ് എന്നതുകൊണ്ടു മാത്രം എല്ലാ വസ്ത്രങ്ങളും എല്ലാവർക്കും ഇണങ്ങണമെന്നില്ല. ശരീരപ്രകൃതിക്ക് യോജിക്കുമോ എന്ന് അണിഞ്ഞു നോക്കി ഉറപ്പാക്കിയ ശേഷം മാത്രം ആ വസ്ത്രം സ്വന്തമാക്കുക. ഇന്ത്യൻ വെയർ, വെസ്റ്റേൺ വെയർ ഇവയിൽ രണ്ടും ഉൾപ്പെടുന്ന വസ്ത്രങ്ങൾ വാഡ്രോബിൽ ഉണ്ടായിരിക്കാൻ ശ്രദ്ധിച്ചാൽ മതി. അവസരത്തിനൊത്ത് ഒരുങ്ങാം.

ഇന്ത്യൻ വെയർ: ഇന്ത്യൻവെയറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് വെള്ള കുർത്തയും കറുപ്പ് കുർത്തയും. ഏതവസരത്തിലും സംശയം കൂടാതെ ക്ലാസിയായി ഇടാവുന്നതാണിത്. പലാസോ, കോട്ടൻ അല്ലെങ്കിൽ സിൽക്ക് ദുപ്പട്ട എന്നിവ വാഡ്രോബിൽ മസ്റ്റാണ്. ഷർട്ട്, ജീൻസ് ടോപ്സ് ഇവയ്ക്കൊപ്പം സാരി ഉടുത്ത് സ്റ്റൈൽ ചെയ്യുന്നത് വേറിട്ട ലുക്ക് തരും. സാരിക്കൊപ്പം ജാക്കറ്റ്, വെയ്സ്റ്റ് ബെൽറ്റ് എന്നി വയും ട്രെൻഡാണ്.

വെസ്റ്റേൺ വെയർ: നല്ല ഫിറ്റിങ്ങുള്ള ജീൻസാണ് വെസ്റ്റേണ്‍ ഗണത്തിൽ ആദ്യം വേണ്ടത്. എന്തിന്റെ കൂടെ വേണമെങ്കിലും പെയർ ചെയ്യാം. ജോലിക്കാർക്ക് ഫോർമൽ പാന്റ്സും അസറ്റാണ്. ഒഫിഷ്യൽ മീറ്റിങ്ങുകൾക്കും മറ്റും ഇതു ത രുന്ന ലുക്ക് സൂപ്പറായിരിക്കും. വെള്ള, കറുപ്പ് എന്നീ ഷർട്ടുകൾ ഉള്ളതും നല്ലതാണ്. സ്കാർഫ് അല്ലെങ്കിൽ സ്റ്റോൾ കൂ ടിയായാൽ കംപ്ലീറ്റ് ലുക്ക് കിട്ടും. ഇടുന്ന ഉടുപ്പിന്റെ ഫിറ്റിങ്ങിലുള്ള ചെറിയ അപാകതകളൊക്കെ സ്റ്റോൾ കൊണ്ട് എളുപ്പത്തിൽ മറയ്ക്കാം.

∙ ഇന്ത്യൻ വെയറിനൊപ്പമായാലും വെസ്റ്റേൺ വെയറിനൊ   പ്പമായാലും വെള്ള കാൻവാസ് ഷൂസ്, വെയ്സ്റ്റ് ബെൽറ്റ് എന്നിവയാണ് പുതിയ ട്രെൻഡ്. 2019ന്റെ നിറമായി തിരഞ്ഞെടുത്തിരിക്കുന്നത് കോറൽ ഓറഞ്ചാണ്. ഡിസൈനർ, ഡെയ്‌ലിവെയറുകളിൽ ഇനി കൂടുതലായി ഈ നിറം കാണാൻ കഴിയും. ടൂണിക്കുകൾ, ലോങ് ഷർട്ട് ഡ്രസ്സ് ഇതൊക്കെ ട്രെൻഡ് മാത്രമല്ല, ഏതു പ്രായക്കാർക്കും യോജിക്കും.

∙ തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഒരു പരിധി വരെ സ്മാർട്ടായ വസ്ത്രധാരണം കരിയറിനെ സ്വാധീനിക്കുമെന്ന് അറി യുമോ? സാരിയാണ് പവർ ഡ്രസ്സിങ്ങിലെ പ്രധാന താരം. എങ്കിലും ത്രീ പീസ് (പാന്റ്, ഷർട്ട്, സ്റ്റോൾ കോംബിനേഷൻ അല്ലെങ്കിൽ കോട്ട്, കുർത്ത, പാന്റ്സ്, ദുപ്പട്ട കോബിനേഷൻ പോലെ) അണിയുന്നതും നല്ല ചോയ്സ് തന്നെ. കാല്‍ വിരലുകൾ മറയ്ക്കുന്ന ക്ലോസ്ഡ് അല്ലെങ്കിൽ ഹാഫ് ക്ലോസ്ഡ് ഷൂസ് ആണ് നല്ലത്. തീരെ നീളം കുറഞ്ഞ മുടിയുള്ളവരൊഴികെ മുടി കെട്ടി വയ്ക്കുന്നതു തന്നെയാണ് നല്ലത്. നെയിൽ പോളിഷും ഇളം നിറത്തിൽ മാറ്റ് ഫിനിഷിൽ ആയാൽ നന്ന്.

ഏതാണ് ഇണങ്ങും നിറം?

ചർമത്തിന്റെ അണ്ടർടോൺ ഏതാണെന്നറിഞ്ഞ് അതിനനുയോജ്യമായ നിറങ്ങൾ തിരഞ്ഞെടുക്കാം. ഒരു വെള്ള പേപ്പർ മുഖത്തിനരുകിൽ, ചെവിക്കു താഴേയായി, കഴുത്തിനോടു ചേർത്ത് പിടിക്കുക. പേപ്പറില്‍ ചെറുതായി പ്രതിഫലിക്കുന്ന നിറം ഏതാണെന്നു നോക്കുക. ഇതാണ് അണ്ടർടോൺ. മഞ്ഞ, ബ്രൗൺ, പച്ച എന്നീ നിറങ്ങളായി തോന്നിയാൽ നിങ്ങളുടേത് വാം ടോൺ ആണ്. ഇനി പിങ്ക്, റോസ്, നീല എന്നീ നിറങ്ങളായിട്ടാണ് തോന്നുന്നതെങ്കിൽ കൂൾ ടോൺ ആണെന്നുറപ്പിക്കാം. ഇതു പോലെ കൈത്തണ്ടയിൽ തെളിഞ്ഞു കാണുന്ന ഞരമ്പിന് പച്ച നിറമാണെങ്കിൽ വാം എന്നും നീലയാണെങ്കി ൽ കൂൾ എന്നും പറയാറുണ്ട്.

∙വാം ടോണിന് ഏറ്റവും ഇണങ്ങുന്ന നിറങ്ങൾ തേൻ നിറം, ഒലിവ് ഗ്രീൻ, കോറൽ ഓറഞ്ച്, ക്രീം, ഗോൾഡ്, മഞ്ഞ എന്നിവയാണ്. കുറച്ചു കൂടെ ന്യൂട്രൽ എഫക്റ്റിനായി കോഫി നിറം, മഷ്റൂം നിറം എന്നിവ തിരഞ്ഞെടക്കാം. ഐസി ബ്ലൂ, സഫയർ, ആമെത്തിസ്റ്റ് എന്നീ നിറങ്ങൾ തിരഞ്ഞെടുക്കുന്നത് സൂ    ക്ഷിച്ചു വേണം. അതു നിങ്ങളുടെ ചർമത്തിന് ഗ്രേ ടോൺ കൊടുക്കും.

∙ കൂൾ ടോൺ ഉള്ളവർക്ക് നീല, ലാവണ്ടർ, റോസ് എന്നീ നിറങ്ങൾ ചേരും. ന്യൂട്രൽ ലുക് കിട്ടാൻ തൂവെള്ള, ഗ്രേ,നേവി ബ്ലൂ എന്നിവ നല്ലതാണ്. ഓറഞ്ച്, ടുമാറ്റോ റെഡ്, സ്ട്രോങ് യെല്ലോ എന്നീ നിറങ്ങൾ ചർമത്തിന്റെ ടോണിന് നേർ വിപരീതമായി നിൽക്കും. തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക.

ആകൃതി അനുസരിച്ച് വസ്ത്രം

പലർക്കും പലതരം ശരീരപ്രകൃതിയാണ്. ഇൻവർട്ടഡ് ട്രയാങ്കിൾ, പിയർ ഷെയ്പ്പ്, ബനാനാ ടൈപ്പ്, അവർഗ്ലാസ് ടൈപ്പ് അങ്ങനെ... എന്തു തന്നെയായാലും വസ്ത്രങ്ങൾ കൊണ്ട് ചില മാജിക് കാണിക്കാനാകും. നമ്മുടെ കുറവുകൾ നികത്തുന്ന  വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം.  

∙ വീതിയുള്ള തോളുള്ള, ഇൻവെർട്ടഡ് ട്രയാങ്കിൾ പ്രകൃതക്കാർ മുകളിൽ ഇറുക്കമുള്ളതും താഴേക്ക് ലൂസ് ആയതുമായ വസ്ത്രങ്ങൾ അണിയുക. ഇത്തരക്കാർക്ക് ടൈറ്റ് ഫിറ്റിങ് ജീൻസ്, സ്കർട്ട്, ലെഗിൻസ്, ചുഡി പാന്റ് എന്നിവ അ ത്ര ഇണങ്ങിയെന്നു വരില്ല. പലാസ്സോ, പാരലൽ പാന്റ്സ്, ലൂസ്/ഫ്ലോയി/ഫ്ലെയേർഡ് സ്കർട്ട് ഒക്കെ ഇണങ്ങും. കുർത്തയാണെങ്കിൽ അനാർക്കലി, അങ്ക്രക്ക ഒക്കെ തിരഞ്ഞെടുക്കാം.

∙ വണ്ണമുണ്ടെങ്കിൽ ഒതുക്കം തോന്നാൻ വെയ്സ്റ്റ് ബെൽറ്റ് നല്ലതാണ്. ഷ്രഗ് ശരീരത്തിന്റെ വീതി മറയ്ക്കും. സ്റ്റോൾ കഴുത്ത് മറയുന്ന തരത്തിൽ ചുറ്റിവയ്ക്കാതെ അൽപം ഇറക്കി ഇടാം. വണ്ണമുള്ളവർ അവരുടെ ശരീരത്തിൽ മെലിഞ്ഞ ശരീര ഭാഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. ഉദാ: മെലിഞ്ഞ കാലുള്ളവർ മുട്ട് വരെയുള്ള വസ്ത്രങ്ങൾ ത്രീ– ഫോർത്ത് എന്നിവ ഇട്ടാൽ വണ്ണം കുറഞ്ഞതായി തോന്നും.

∙ മെലിഞ്ഞവർ വലിയ പ്രിന്റുള്ള വസ്ത്രങ്ങള‍്‍ എടുക്കുക. അരഭാഗത്ത് ഞൊറികളുള്ള വസ്ത്രങ്ങൾ ഇവർക്കിണങ്ങും.  ഒറ്റ ലെയർ ധരിക്കാതെ പല ലെയറുകളുള്ളവ ഇടാം.