Thursday 04 May 2023 12:55 PM IST : By സ്വന്തം ലേഖകൻ

‘ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധ, 50 വയസ്സാകുമ്പോഴേക്കും മറനീക്കി പുറത്തുവരും’: സെർവിക്കൽ കാൻസറും മുൻകരുതലും

cervical-cancer

‘ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധ, 50 വയസ്സാകുമ്പോഴേക്കും മറനീക്കി പുറത്തുവരും’: സെർവിക്കൽ കാൻസറും മുൻകരുതലും



ലോകത്താകെയുള്ള സ്ത്രീകളിൽ 25 ശതമാനം പേരെയും മരണത്തിലേക്കു നയിക്കുന്ന കാൻസറിനെ കുറിച്ചു കേട്ടാലോ? കാൻസർ മരണങ്ങളിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്തും കേരളത്തിൽ മൂന്നാം സ്ഥാനത്തുമുള്ള സെർവിക്കൽ കാൻസറിനെ (ഗർഭാശയമുഖ അർബുദം) പറ്റിയാണു പറയുന്നത്.

ലോകരാജ്യങ്ങളിലെ സെർവിക്കൽ കാൻസർ വ്യാപനത്തിന്റെ വ്യാപ്തി അളന്നാൽ ആകെ രോഗികളുടെ 25 ശതമാനവും ഇന്ത്യയിലാണത്രേ. ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും ഒരു സ്ത്രീ വീതം ഈ രോഗം മൂലം മരിക്കുന്നു എന്നാണു ‘ഗ്ലോബൽ കാൻ 2020’ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പറയുന്നത്.

ഇത്രമാത്രം പ്രാധാന്യത്തോടെ പ്രതിരോധിക്കേണ്ട സെർവിക്കൽ കാൻസറിനെതിരേ വാക്സിനേഷൻ നമ്മുടെ സർക്കാർ ഇമ്യൂണൈസേഷൻ ഷെഡ്യൂളിന്റെ ഭാഗമാകാൻ പോകുകയാണ്. ലോകാരോഗ്യ സംഘടനയുടെ ഗർഭാശയമുഖാർബുദ നിർമാർജന യജ്ഞത്തിൽ 15 വയസ്സിൽ താഴെയുള്ള 90 ശതമാനം പെൺകുട്ടികൾക്കും 2030നു മുൻപേ ഈ വാക്സീൻ കൊടുത്തിരിക്കണമെന്നാണു നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു 45 വയസ്സു വരെ ഈ വാക്സീൻ കൊടുക്കാമെന്ന് ഇന്ത്യൻ ഗൈനക്കോളജിസ്റ്റുകളുടെ സംഘടനയായ FOGSI നിർദേശിച്ചിട്ടുണ്ട്.

ഇനി വേണ്ടതു കരുതലാണ്. സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞുതരുന്നതു കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് ഓങ്കോളജി കമ്മിറ്റി ചെയർപേഴ്സണും ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഓഫ് ഇന്ത്യ ഓങ്കോളജി കമ്മിറ്റി സ്റ്റേറ്റ് കോ ഓർഡിനേറ്ററുമായ ഡോ. ജീന ബാബുരാജാണ്.

കാരണം ഈ വില്ലൻ

സ്ത്രീപ്രത്യുത്പാദന അവയവമായ ഗർഭാശയത്തിന്റെ ഏറ്റവും താഴ്ഭാഗമാണു സെർവിക്സ് അഥവാ ഗർഭാശയമുഖം. ഹ്യൂമൻ പാപ്പിലോമ വൈറസാണു സെർവിക്കൽ കാൻസറുണ്ടാക്കുന്ന വില്ലൻ. ഈ വൈറസ് ബാധ ഉണ്ടായവർക്കു വളരെ അപൂർവമായി വർഷങ്ങൾക്കു ശേഷമുണ്ടാകുന്ന കോശവ്യതിയാനങ്ങളാണു സെർവിക്കൽ കാൻസറിലേക്കു നയിക്കുന്നത്. ഏതാണ്ട് 200 ൽപരം ഉപജാതികളുള്ള ഈ വൈറസിന്റെ 14 വിഭാഗങ്ങൾ മാത്രമാണു കാൻസറിനു കാരണമാകുന്നത്.

ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ സർവസാധാരണമാണ്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഈ അണുബാധ, 50 വയസ്സാകുമ്പോഴേക്കും 80 ശതമാനം പേരിലും ബാധിച്ചിട്ടുണ്ടാകാം എന്നാണു പഠനങ്ങൾ പറയുന്നത്. അണുബാധ ഉണ്ടായ 90% പേർക്കും ഇതു തനിയെ മാറുകയാണു പതിവ്. പക്ഷേ, ഹൈ റിസ്ക് ഗ്രൂപ്പിൽ പെട്ട വൈറസുകളാണു ബാധിച്ചതെങ്കിൽ അതു സ്ഥിരമായി നിൽക്കാനുള്ള സാധ്യത കൂടുതലാണ്. ഈ അണുബാധ കൊണ്ടു ഗർഭാശയ മുഖാർബുദം മാത്രമല്ല ഉണ്ടാകുന്നത്. മലദ്വാരത്തിലെ കാൻസർ, പുരുഷന്മാർക്കുണ്ടാകുന്ന പെനൈൽ കാൻസർ, വായിലും തൊണ്ടയിലും ഉണ്ടാകുന്ന കാൻസർ, വൾവൽ കാൻസർ, വജൈനൽ കാൻസർ തുടങ്ങിയവയൊക്കെ ഇതു കൊണ്ടുണ്ടാകാം.

cervical-cancer-1

രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, കൂടുതൽ പ്രസവിച്ചവർ, ചെറിയ പ്രായത്തിൽ തന്നെ ലൈംഗിക ജീവിതം ആരംഭിച്ചവർ, പുകവലി ശീലമുള്ളവർ, ഒന്നിലേറെ ലൈംഗിക പങ്കാളികൾ ഉള്ളവർ തുടങ്ങിയവരിലൊക്കെ അണുബാധ സ്ഥിരമായി നിൽക്കാൻ സാധ്യത കൂടുതലാണ്.

അണുബാധ സ്ഥിരമായി നിൽക്കുന്ന സ്ത്രീകളിൽ സെർവിക്കൽ കാൻസറിനു മുന്നോടിയായുള്ള കോശവ്യതിയാനങ്ങൾ സംഭവിക്കാം. ഇതിനെ സെർവിക്കൽ ഇൻട്രാ എപ്പിത്തേലിയൽ നിയോപ്ലേസിയ (CIN) എന്നാണു വിളിക്കുക. CIN കാൻസറായി മാറാൻ 10– 15 വർഷമെടുക്കും. അതിനുള്ളിൽ കണ്ടുപിടിച്ചു ചികിത്സിച്ചാൽ സെർവിക്കൽ കാൻസർ പൂർണമായും പ്രതിരോധിക്കാനാകും.

ലക്ഷണങ്ങൾ ഇല്ല

ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയോ സിഐഎന്നോ ഉള്ളവർക്കു പ്രത്യേകിച്ചു രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. സാധാരണയായി നടത്തുന്ന പരിശോധനകൾ കൊണ്ടു ഗൈനക്കോളജിസ്റ്റുകൾക്ക് CIN കണ്ടുപിടിക്കാനും കഴിയില്ല. അതിനാൽ 25 വയസ്സിനു ശേഷം എല്ലാ സ്ത്രീകളും കരുതലോടെ സെർവിക്കൽ കാൻസർ സ്ക്രീനിങ് ടെസ്റ്റുകൾ നടത്താൻ മടിക്കരുത്.

CIN സെർവിക്കൽ കാൻസറായി മാറിക്കഴിഞ്ഞാൽ ല ക്ഷണങ്ങൾ പ്രകടമാകും. രക്തം കലർന്ന, നിറവ്യത്യാസത്തോടു കൂടിയ യോനീസ്രവം, ലൈംഗികബന്ധത്തിനു ശേഷം കാണുന്ന രക്തസ്രാവം, ആർത്തവ ചക്രങ്ങൾക്കിടയിലെ ബ്ലീഡിങ് തുടങ്ങിയവ കാണാം. ഈ ലക്ഷണങ്ങ ൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.

2018070320

സ്ക്രീനിങ് ടെസ്റ്റുകൾ അറിയാം

സെർവിക്കൽ കാൻസറിനു മുന്നോടിയായ കോശവ്യതിയാനങ്ങളെ കണ്ടുപിടിച്ചു ചികിത്സിച്ചാൽ ഗർഭാശയമുഖാർബുദം വരാതെ തടയാം എന്നു പറഞ്ഞല്ലോ. അതിനു വേണ്ടിയുള്ള പ്രത്യേക ടെസ്റ്റുകൾ വിവാഹിതരായ എ ല്ലാ സ്ത്രീകളുടെയും അവകാശമാണ്.

സൈറ്റോളജി സ്ക്രീനിങ് (പാപ്സ്മിയർ) : ഗർഭാശയ മുഖത്തു നിന്നു മൃതകോശങ്ങളെടുത്തു പ്രത്യേകമായി സ്റ്റെയിൻ ചെയ്തു മൈക്രോസ്കോപ്പിന്റെ സഹായത്തോടെ CIN ഉണ്ടോ എന്നു പരിശോധിക്കുന്ന ടെസ്റ്റാണിത്. 25 വയസ്സു മുതൽ 65 വയസ്സു വരെ ഓരോ മൂന്നുവർഷത്തിലും ഈ സ്ക്രീനിങ് ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കണം.

വിഐഎ (Visual Inspection with 3-5% Acetic acid, VIA) : ഗർഭാശയമുഖത്തു വളരെ നേർപ്പിച്ച മരുന്നു പുരട്ടിയതിനു ശേഷം നിറവ്യത്യാസങ്ങൾ മനസ്സിലാക്കി CIN ഉണ്ടോ എന്നു നോക്കുന്ന സ്ക്രീനിങ് െടസ്റ്റ് ആണിത്. ഈ ടെസ്റ്റ് വളരെ ലളിതവും വേഗത്തിൽ റിസൽറ്റ് കിട്ടുന്നതുമാണ്. 30 വയസ്സു മുതൽ 65 വയസ്സു വരെയുള്ള സ്ത്രീകൾ ഓരോ അഞ്ചുവർഷം കൂടുമ്പോഴും VIA ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കണം. ഇന്ത്യാ ഗവൺമെന്റ് സെർവിക്കൽ കാൻസർ സ്ക്രീനിങ്ങിനു നിർദേശിച്ചിരിക്കുന്നത് ഈ ടെസ്റ്റാണ്.

എച്ച്പിവി ഡിഎൻഎ സ്ക്രീനിങ് : ഗർഭാശയ മുഖത്തുള്ള കോശങ്ങളിൽ എച്ച്പിവി ഡിഎൻഎ ഉണ്ടോ എന്നു നോക്കുന്ന മോളിക്കുലാർ ടെസ്റ്റാണിത്.

വളരെയധികം സംവേദന ക്ഷമതയുള്ള ടെസ്റ്റ് ആയതിനാൽ 30 വയസ്സു കഴിഞ്ഞവർ അഞ്ചു മുതൽ 10 വർഷത്തിനുള്ളിൽ ഈ സ്ക്രീനിങ് ടെസ്റ്റ് ചെയ്താൽ മതിയാകും.

ഈ സ്ക്രീനിങ് ടെസ്റ്റുകളിൽ ഏതെങ്കിലും പോസിറ്റീവ് ആകുകയാണങ്കിൽ അടുത്ത ടെസ്റ്റായ കോൾപ്പോസ്കോപി ചെയ്യണം. കോശവ്യതിയാനങ്ങൾ സംഭവിച്ച സ്ഥലങ്ങൾ എളുപ്പത്തിലും കൃത്യതയോടെയും കണ്ടെത്താൻ ഇതിലൂടെ സാധിക്കും. ഇങ്ങനെ കണ്ടെത്തിയ സ്ഥലത്തു നിന്നും ബയോപ്സി സാംപിൾ എടുത്തു പരിശോധിച്ചാൽ CIN ഉണ്ടോ എന്ന് ഉറപ്പാക്കാം.

ചികിത്സയെ പേടിക്കേണ്ട

വളരെ ലളിതമായ ചികിത്സാരീതികൾ കൊണ്ടു പൂർണമായി ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണ് CIN. എന്നാൽ കരുതലില്ലാതെ കൊണ്ടുപോയാൽ മാരകമായ കാൻസറായി ഇതു മാറുകയും ചെയ്യാം. CIN ചികിത്സകൾ ഇനി പറയുന്നവയാണ്.

∙ CIN കോശങ്ങളെ തണുപ്പിച്ചു നശിപ്പിക്കുന്ന രീതിയാണ് ക്രയോതെറപ്പി (Cryotherapy). ഒപിയിൽ വച്ച് അനസ്തേഷ്യ ഇല്ലാതെ തന്നെ ചെയ്യാവുന്ന ലളിതമായി ചികിത്സാരീതിയാണിത്.

∙ CIN കോശങ്ങളെ ചൂടാക്കി നശിപ്പിക്കുന്ന രീതിയാണ് തെർമൽ അബ്ലേഷൻ (Thermal ablation). ഈ ചികിത്സയും ചുരുങ്ങിയ സമയം കൊണ്ട് ഒപിയിൽ വച്ചുതന്നെ ചെയ്യാം.

∙ CIN ഉള്ള ഭാഗം മാത്രം മുറിച്ചു മാറ്റുന്ന ലീപ് സർജറി ലോക്കൽ അനസ്തേഷ്യ നൽകി ഡേകെയർ സർജറി ആയി ചെയ്യാവുന്നതാണ്. CIN അണുബാധ ഉണ്ടായവരിൽ ഗർഭപാത്രം എടുത്തു കളയേണ്ട ആവശ്യം വരില്ല. എന്നാൽ അണുബാധ കാൻസറായി മാറിയ പ്രാരംഭഘട്ടത്തിലാണെങ്കിൽ റാഡിക്കൽ ഹിസ്റ്ററക്ടമി വേണ്ടിവരും.

ഗർഭാശയവും ഗർഭാശയ മുഖവും ലിംഫ് നോഡുകളുമടക്കമാണ് ഇതിലൂടെ നീക്കം ചെയ്യുന്നത്. തുടർചികിത്സകളായ റേഡിയേഷനും കീമോതെറപ്പിയും വേണ്ടിവരാം. കാൻസർ ചികിത്സയുടെ രീതികളാണ് ഈ ഘട്ടത്തിൽ അവലംബിക്കുക. രോഗതീവ്രത അനുസരിച്ചാണു തുടർചികിത്സ വേണ്ടിവരിക.

വാക്സീൻ പ്രതിരോധം പ്രധാനം

HPV അണുബാധയ്ക്കെതിരായുള്ള പ്രതിരോധ കുത്തിവയ്പ് സർക്കാർ ഇമ്യൂണൈസേഷൻ ഷെഡ്യൂളിന്റെ ഭാഗമാകുകയാണ്. ലൈംഗിക ജീവിതം ആരംഭിക്കുന്നതിനു മുൻപേ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ വാക്സീൻ എടുത്താൽ ജീവിതകാലം മുഴുവൻ വിവിധ കാൻസറുകളിൽ നിന്നു പ്രതിരോധം നൽകും. സെർവിക്കൽ കാൻസർ കണക്കുകൾ പേടിപ്പെടുത്തുന്ന തരത്തിൽ ഉയരുന്നതിനാൽ പെൺകുട്ടികൾക്കാണ് വാക്സിനേഷനിൽ ആദ്യ പരിഗണന. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതാണ് HPV വാക്സീൻ.

ഒൻപതു വയസ്സു മുതൽ 26 വയസ്സു വരെയുള്ള പെൺകുട്ടികൾക്കാണ് സെർവിക്കൽ കാൻസർ പ്രതിരോധ വാക്സിനേഷനിൽ പ്രധാന പരിഗണന നൽകുന്നത്. 9 – 14 വയസ്സു വരെയുള്ളവർക്കു രണ്ടു ഡോസ് വാക്സീൻ മതി. ഒന്നാമത്തെ ഇൻജക്‌ഷൻ കഴിഞ്ഞ് ആറാം മാസ ത്തിൽ രണ്ടാമത്തെ ഇൻജക്‌ഷൻ എടുക്കണം. 15 വയസ്സിനു മുകളിൽ മൂന്നു ഡോസ് വാക്സീൻ എടുക്കണം. ഒന്നാമത്തെ വാക്സീൻ കഴിഞ്ഞു രണ്ടാമത്തെ മാസത്തിലും ആറാമത്തെ മാസത്തിലുമാണ് അവ എടുക്കേണ്ടത്. ബൂസ്റ്റർ ഡോസിന്റെ ആവശ്യമില്ല.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജീന ബാബുരാജ്,
MD, FICOG,
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ആൻഡ് കോൾപ്പോസ്കോപിസ്റ്റ്,
വടകര, കോഴിക്കോട്