Tuesday 22 November 2022 12:11 PM IST : By സ്വന്തം ലേഖകൻ

‘അപസ്‌മാരത്തിന് മരുന്ന് കഴിക്കുന്ന അമ്മമാർ മുലയൂട്ടുമ്പോൾ’: ഗർഭകാലം മുതൽക്കേ ശ്രദ്ധ വേണം: അറിയേണ്ടതെല്ലാം

bleeding-during-pregnancy

അപസ്മാരമുള്ള ഒരാൾക്ക് അമ്മയാകാനൊരുങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും വൈകല്യമുണ്ടാകുമോ? അമ്മമാർ മനസിൽ പേറുന്ന ആ വലിയ ആശങ്കയ്ക്ക് കൃത്യമായി മറുപടി പറയുകയാണ് ഡോ. കൃഷ്ണശ്രീ കെഎസ്. ഗർഭിണിയാകാൻ ഉദ്ദേശിക്കുന്നതിന് മുൻപ്‌ തന്നെ ഡോക്റുമായി രോഗത്തെക്കുറിച്ചും അപസ്മാരത്തിന്റെ ചിത്സയെകുറിച്ചും വിശദമായി ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഡോ. കൃഷ്ണ ശ്രീ കുറിക്കുന്നു.

വനിത ഓൺലൈനുമായി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

മസ്‌തിഷ്‌ക രോഗങ്ങളിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് അപസ്‌മാരം അഥവാ ചുഴലി. തലച്ചോറിലുണ്ടാകുന്ന വൈദ്യുത തരംഗങ്ങളുടെ ചെറിയ വ്യതിയാനങ്ങളാണ് അപസ്‌മാരത്തിന് കാരണമാകുന്നത്.

സ്‌ത്രീകളിൽ കാണുന്ന അപസ്‌മാരം പുരുഷൻമാരിൽനിന്ന് പല കാരണങ്ങളാൽ വ്യത്യസ്‌തപ്പെട്ടിരിക്കുന്നു. ഉദാഹരണമായി ആർത്തവചക്രം, ഗർഭാവസ്ഥ, ആർത്തവവിരാമം തുടങ്ങിയവയെല്ലാം ഈ രോഗത്തെ പലതരത്തിലും സ്വാധീനിക്കാറുണ്ട്. അതിനാൽ ചികിത്സാനിർണ്ണയത്തിനു ഏറ്റവും അനുയോജ്യമായ മരുന്ന് തിരഞ്ഞെടുക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

അപസ്‌മാര ബാധിതരായ സ്‌ത്രീകൾ തനിക്കു ജനിക്കാനിരിക്കുന്ന കുഞ്ഞിനെ ഏതു വിധത്തിൽ ഇത് ബാധിക്കുമെന്ന് ആശങ്കപ്പെടാറുണ്ട്‌. അതുകൊണ്ടുതന്നെ ഗർഭിണിയാകാൻ ഉദ്ദേശിക്കുന്നതിന് മുൻപ്‌ തന്നെ ഡോക്റുമായി രോഗത്തെക്കുറിച്ചും അതിന്റെ ചിത്സയെകുറിച്ചും വിശദമായി ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. ഗർഭകാലത്ത്‌ അപസ്‌മാരത്തിന്റെ മരുന്നുകൾ തുടരുന്നതിന്റെ ആവശ്യകതയെകുറിച്ച് ഭാര്യാഭർത്താക്കന്മാർ അറിഞ്ഞിരിക്കേണ്ടതാണ്.

ഒരുപാട് സ്‌ത്രീകൾ തങ്ങൾ ഗർഭിണിയാണെന്നറിയുമ്പോൾ ഡോക്ടറുടെ അഭിപ്രായം തേടാതെ തന്നെ മരുന്നുകൾ നിർത്തുന്ന പ്രവണത കാണാറുണ്ട്. ഇത് അസുഖത്തിന്റെ തീവ്രത കൂട്ടാനും കുഞ്ഞിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. അപസ്‌മാരമുള്ള സ്‌ത്രീകൾ ഗർഭിണിയാകാൻ തീരുമാനിക്കുന്നതിന് മുൻപ് തന്നെ ഫോളിക് ആസിഡ് എന്ന വിറ്റമിൻ കഴിക്കുകയാണെങ്കിൽ കുട്ടിക്ക് ജനിതക വൈകല്യങ്ങൾക്കുള്ള സാധ്യത വരയധികം കുറയ്ക്കും. അതേപോലെതന്നെ കഴിക്കുന്ന മരുന്നിന്റെ അളവും കണക്കിലെടുക്കേണ്ടതാണ്. ശരിയായ രീതിയുള്ള രോഗനിർണ്ണയവും, ചികിത്സയും അംഗവൈകല്യങ്ങളെ ഒരു പരിധിവരെ ]കുറയ്ക്കുന്നതിൽ സഹായിക്കും.

എല്ലാ സ്‌ത്രീകളെയും ആറുമാസമെങ്കിലും മുലയൂട്ടാൻ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അപസ്‌മാരത്തിന് മരുന്ന് കഴിക്കുന്ന അമ്മമാർ തങ്ങൾ മുലയൂട്ടുന്നത് സുരക്ഷിതമാണോ എന്ന കാര്യത്തിൽ ആശങ്കാഭരിതരാണ്. അപസ്മാരത്തിനുപയോഗിക്കുന്ന പല മരുന്നുകളും ചെറിയ അളവുകളിൽ മുലപ്പാലിൽ ഉള്ളതുകൊണ്ട് തന്നെ, കുട്ടികളിൽ അസാധാരണ രീതിയിലുള്ള ഉറക്കം, പാൽ കുടിക്കാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവ കാണുകയാണെങ്കിൽ ഡോക്‌ടറുടെ വിദഗ്ദ്ധ ഉപദേശം തേടേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ കൃഷ്ണശ്രീ കെ എസ്

അസ്സോസിയേറ്റ് കൺസൾട്ടന്റ്

കിംസ്ഹെൽത്ത് തിരുവനന്തപുരം