Thursday 01 December 2022 12:29 PM IST : By സ്വന്തം ലേഖകൻ

ഓർമകളെ തിരികെ കൊണ്ടുവരാന്‍ ‘ലെക്കാനെമാബ്’; അൽഷിമേഴ്സിനെ ചെറുക്കാന്‍ മരുന്ന്, ചരിത്രനിമിഷമെന്ന് വിദഗ്ധര്‍

alzia654fyguhuy

ഓർമകളില്ലാത്ത ജീവിതം നരകതുല്യമാണ്. കാരണം ഓർമകളില്ലാതെ മനുഷ്യനു ജീവിക്കാന്‍ പ്രയാസമാണ്. അൽഷിമേഴ്സ്, ഡിമെന്‍ഷ്യ രോഗികളുടെ ബന്ധുക്കളും, അവരെ പരിചരിക്കുന്നവര്‍ക്കുമൊക്കെ അവരെന്നും തീരാ വേദനയാണ്. മരുന്നില്ലാത്ത രോഗമാണ് അൽഷിമേഴ്സ് എന്നതാണ് ഇതുവരെ ഭയപ്പെടുത്തിയിരുന്ന ഒരു കാര്യം. എന്നാലിതാ ആ അവസ്ഥയ്ക്ക് മാറ്റം വരുകയാണ്. അൽഷിമേഴ്സിനു മരുന്ന് വരുന്നു.

യുകെയിൽ നടക്കുന്ന ഒരു പഠനം അൽഷിമേഴ്സിനെ നമുക്കിടയിൽ നിന്ന് തുടച്ചുനീക്കാനാവുമോ എന്ന് അതിതീവ്രമായി പരിശോധിച്ചു വരുകയാണ്. ലെക്കാനെമാബ് (Lecanemab) എന്ന മരുന്നിന് അൽഷിമേഴ്സിനെ ചെറുക്കാനാവുമോ എന്നാണ് പ്രധാനമായും പഠനം നടക്കുന്നത്. അൽഷിമേഴ്സ് രോഗികളുടെ തലച്ചോറിലുണ്ടാകുന്ന ബിറ്റ അമിലോയ്ഡിനെ (Beta Amyloid) പ്രതിരോധിക്കുകയാണ് ലെക്കാനെമാബ് ചെയ്യുന്നത്. ഈ മരുന്ന് പരീക്ഷിച്ചു നോക്കിയ രോഗികളിൽ മാറ്റം കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പഠനത്തിനു പിന്നിൽ മുപ്പത് വർഷത്തോളമായി പ്രവർത്തിക്കുന്ന പ്രൊഫസർ ജോൺ ഹാർഡ്‌ലി പറയുന്നത് ഇത് ചരിത്ര നിമിഷമാണെന്നാണ്. അൽഷിമേഴ്സ് ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ രോഗികളിൽ മരുന്ന് മാറ്റമുണ്ടാക്കുന്നു എന്നത് പ്രത്യാശ നിറയ്ക്കുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. നൂറ് ശതമാനവും തോൽവി മാത്രമായിരുന്നു ഇത്രയും നാൾ ഇതിനു പിന്നിൽ പ്രവർത്തിച്ചതിൽ നിന്നുണ്ടായത്. എന്നാൽ ഇന്ന് ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കാൽവയ്പ്പിലേക്ക് നീങ്ങുകയാണ് എന്നും പഠനത്തെക്കുറിച്ച് ഹാർഡ്‌ലി വ്യക്തമാക്കുന്നു.

ലെക്കാനെമാബ് ഒരു ആന്റിബോഡിയായി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. തലച്ചോറിലുണ്ടാകുന്ന അമിലോയ്ഡുകളെ പ്രതിരോധിക്കുകയാണ് ഇത് ചെയ്യുന്നത്. അൽഷിമേഴ്സ് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ 1,795 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്. രോഗികളിൽ അത്ഭുതകരമായ മാറ്റം പെട്ടെന്നുണ്ടാക്കാൻ കഴിയില്ലെങ്കിലും ഓർമകളെ മുഴുവനായും അസുഖം കാർന്നു തിന്നുന്ന അവസ്ഥയിലേക്ക് നീങ്ങുന്നതിൽ നിന്ന് പ്രതിരോധിക്കാൻ‌ ഈ മരുന്നിന് കഴിയുന്നുണ്ട്. രോഗവസ്ഥയെ നിയന്ത്രിച്ചുനിർത്താനും സഹായിക്കുന്നുണ്ട്.

ലെക്കാനെമാബിന്റെ ഉപയോഗം സംബന്ധിച്ച വിദഗ്ധ നിർദേശങ്ങൾക്കും ഇതിന്റെ ഉപയോഗത്തെക്കുറിച്ചുമെല്ലാം വിശദമായ ചർച്ചകൾ നടന്നുവരുകയാണ്. അടുത്ത തലമുറയെ അൽഷിമേഴ്സ് മുക്തമാക്കാനുതകുന്ന മരുന്നാവും ഇതെന്നാണ് പഠനത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരും സർക്കാർ തലത്തില്‍ വിഷയം ചർച്ച ചെയ്യുന്നവരും കരുതുന്നത്. 

Tags:
  • Health Tips
  • Glam Up