Monday 27 March 2023 11:19 AM IST : By സ്വന്തം ലേഖകൻ

‘നട്ടുച്ചയ്ക്കു വെയിലത്തു കെട്ടിയി‍ടുന്നത് അപകടം’; വളർത്തുമൃഗങ്ങൾക്ക് സൂര്യാതപ‍ം ഏൽക്കാൻ സാധ്യത, ജാഗ്രതാ നിർദേശം

sunbbranii

വേനൽക്കാലത്തു വളർത്തു മൃഗങ്ങൾക്ക് സൂര്യാതപ‍ം ഏൽക്കാൻ സാധ്യതയുണ്ടെന്നും ഇതു മരണകാരണം ആയേക്കാമെന്നും മൃഗസംരക്ഷണ വകുപ്പ്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വളർത്തു മൃഗങ്ങൾക്കു നിർബന്ധമായും തണൽ ലഭ്യമാക്കണം. നട്ടുച്ചയ്ക്കു വെയിലത്തു കെട്ടിയി‍ടുന്നതും, വായുസഞ്ചാരം കുറഞ്ഞതും ആസ്ബറ്റോ‍സോ തകര ഷീറ്റോ മേഞ്ഞ‍തുമായ ഉയരം കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കു‍ന്നതും സൂര്യാതപത്തിനു കാരണമാകുമെന്ന് അധികൃതർ പറഞ്ഞു. 

ശ്രദ്ധിക്കാൻ

∙ അനിയന്ത്രിതമായ കി‍തപ്പ്, നുരയും പതയും നിറഞ്ഞ ഉമി‍നീരൊലിപ്പ്, പനി, ശ്വാസതടസ്സം, വിറയൽ, തളർച്ച, ഭക്ഷണത്തോടുള്ള വിരക്തി, ഉയർന്ന ഹൃദയമിടിപ്പ്, തൊലിപ്പുറത്തെ പൊള്ള‍ലുകൾ എന്നിവ സൂര്യാതപത്തി‍ന്റെ  ലക്ഷണങ്ങ‍ളാകാം. ഇതു ശ്രദ്ധയിൽ‍പ്പെട്ടാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുക.

∙ സൂര്യാത‍പമേറ്റാൽ വെള്ളം ശരീരം നനച്ചു നന്നായി തുട‍യ്ക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകണം. തുടർന്നു  ചികിത്സ തേടണം.

∙ തൊഴുത്തിൽ പതിയുന്ന സൂര്യ രശ്മികളുടെ അളവു കുറയ്ക്കാൻ തണലുള്ള സ്ഥലങ്ങളിൽ കിഴക്ക്–പടിഞ്ഞാറു ദിശയിൽ നീളത്തിൽ തൊഴുത്തു നിർമിക്കണം. തൊഴുത്തിനു ചുറ്റും പുല്ലു വച്ചുപിടിപ്പി‍ക്കുന്നതും തണൽമരങ്ങൾ നടുന്നതും നല്ലതാണ്. തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കുക,  ഫാനുകൾ സ്ഥാപിക്കുക.

∙ 24 മണിക്കൂറും ശുദ്ധമായ തണുത്ത വെള്ളം ഉറപ്പാക്കണം. പച്ചപ്പുല്ലും പോഷകസമ്പുഷ്ടമായ കാലിത്തീറ്റയും നൽകണം. ഉപ്പ്, അപ്പ‍ക്കാരം, ധാതുലവണ മിശ്രിതങ്ങൾ, വൈറ്റമിൻ ടോണിക്കുകൾ, പ്രോബയോട്ടിക്സുകൾ എന്നിവ വെറ്ററിനറി ഡോക്ടറുടെ നിർദേശ പ്രകാരം തീറ്റയിൽ ഉൾപ്പെടുത്തുക. 

∙ ചൂടു കുറഞ്ഞ സമയങ്ങളിൽ (രാവിലെയും വൈകിട്ടും)കാലിത്തീറ്റ നൽകുകയും  വൈക്കോൽ രാത്രി മാത്രമായി ക്രമപ്പെടുത്തുന്നതു‍മാണ് ഉത്തമം. പ്രതിരോധ കുത്തിവയ്പുകൾ എടുക്കണം. 

∙ ചൂടുസമയങ്ങളിൽ വളർത്തു മൃഗങ്ങളെയും പക്ഷികളെയും വാഹനത്തിൽ ഇരുത്തി‍യോ കാൽനടയായോ യാത്ര ചെയ്യിക്ക‍രുത്.

Tags:
  • Health Tips
  • Glam Up