Tuesday 16 May 2023 04:18 PM IST

‘നിറവ്യത്യാസം, മുലഞെട്ടുകൾ ഉൾവലിയുക, തള്ളിവരിക, സ്തനങ്ങളിൽ വേദന’; സ്തനങ്ങളിൽ മാറ്റമുണ്ടോ? നിരീക്ഷിക്കണം ശ്രദ്ധയോടെ...

Rakhy Raz

Sub Editor

gyncoo78

പ്രായമേറുകയല്ലേ, അതൊക്കെ കാണും എന്നു തീരുമാനിച്ച് അവഗണിച്ചു കളയരുത്. സ്തനങ്ങളിലെ ഏതുതരം മാറ്റവും ശ്രദ്ധയോടെ നിരീക്ഷിക്കണം. 

നിറവ്യത്യാസം, മുലഞെട്ടുകൾ ഉൾവലിയുക, തള്ളിവരിക, സ്തനങ്ങളിൽ  വേദന, വേദനയുള്ളതും ഇല്ലാത്തതുമായ മുഴകൾ, ഒരു സ്തനത്തിനു മാത്രം വലുപ്പം വയ്ക്കുക, സ്തനങ്ങളിൽ നിന്നും സ്രവങ്ങൾ വരിക എന്നിവയുണ്ടോ എന്നു ശ്രദ്ധിക്കുക. സ്തനങ്ങളിൽ നിന്നുള്ള സ്രവങ്ങൾ വെള്ളം പോലെയുള്ളതോ പാൽ പോലെയോ, പച്ച നിറം കലർന്നോ രക്തം കലർന്നോ വരാം. ഓരോ സൂചനയും അണുബാധ മുതൽ ഗുരുതര രോഗങ്ങളുടെ വരെ ആദ്യ ലക്ഷണമാകാം.

കാരണം ഇതാകാം

സ്തനങ്ങളിൽ കാണുന്ന ഇത്തരം ലക്ഷണങ്ങൾ സ്തനാർബുദ സൂചനയാകാം. പരിശോധനകളിലൂടെ മാത്രമേ അതു നിർണയിക്കാനാകൂ. 

ആർത്തവ കാലങ്ങളിൽ സ്ത്രീകൾക്കു സ്തനങ്ങളിൽ വേദനയുണ്ടാകുന്നതു സ്വാഭാവികമാണ്. ആർത്തവാരംഭത്തിനു മുൻപു തുടങ്ങുന്ന വേദന ആർത്തവം തുടങ്ങുന്നതോടെ ഇല്ലാതാകും. അതല്ലാതെ വേദനയുണ്ടാകുന്നുണ്ടെങ്കിൽ ഡോക്ടറെ കാണണം.

അപകടകരമല്ലാത്ത ട്യൂമർ മൂല‍‌വും അണുബാധ ഉണ്ടാകാം. നിസാരമാക്കാതെ പരിശോധനയ്ക്ക് വിധേയമാകുക. ചെറിയ പ്രശ്നമാണെങ്കിൽ ഉടനടി പരിഹരിക്കാനും സ്തനാർബുദ സാധ്യതയാണെങ്കിൽ തുടക്കത്തിലേ തടയാനും സാധിക്കും.

മടിക്കരുത്, മറക്കരുത്

മാസത്തിൽ ഒരു തവണയെങ്കിലും സ്തനങ്ങൾ പരിശോധിക്കണം.ആറു മാസത്തിലൊരിക്കൽ ക്ലിനിക്ക ൽ ബ്രസ്റ്റ് എക്സാമിനേഷൻ ചെയ്യുന്നതു നന്നായിരിക്കും. 35 വയസ്സിനു ശേഷം വർഷത്തിൽ ഒരിക്കൽ അൾട്രാസൗണ്ട് ബ്രെസ്റ്റ് സ്ക്രീനിങ് ചെയ്യുക. 40 വയസ്സിനു ശേഷം വർഷത്തിലൊരിക്കൽ മാമോഗ്രാം പരിശോധന ചെയ്യുക.

യോനിഭാഗത്തു ഭാരം തോന്നുന്നുണ്ടോ ?

യോനിയുടെ മുകളിലായി ഭാരം തോന്നുന്നു, അല്ലെങ്കിൽ യോനിയിലൂടെ എന്തോ പുറത്തേക്കു വരാൻ വെമ്പുന്നതായി അനുഭവപ്പെടുന്നു. സങ്കൽപിക്കാൻ പ്രയാസമാണെങ്കിലും ഗർഭാശയം, ഗർഭാശയമുഖം, മൂത്രസഞ്ചി, മലാശയം ഇവയെല്ലാം യോനിയിലൂടെ ഇറങ്ങി വരുന്ന സ്ഥിതി സ്ത്രീകൾക്ക് നേരിടേണ്ടി വരാറുണ്ട്.  

കടുത്ത നടുവേദന, കാലുകൾക്കിടയിൽ എന്തോ തടയുന്നതായി തോന്നുക, രക്തം വരിക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടു നേരിടുക എന്നിവയാണ് രണ്ടാം ഘട്ട  ലക്ഷണങ്ങൾ. ആ അവസ്ഥയിലേക്ക് എത്തുന്നതിനു മുൻപേ ചികിത്സ തേടണം. ഗർഭാശയത്തെ പിന്തുണയ്ക്കുന്ന ഘടനയുടെ ബലഹീനതയാണ് പ്രൊലാപ്സ് എന്ന അവസ്ഥ ഉണ്ടാക്കുന്നത്. 

കാരണങ്ങൾ ഇതാകാം

പ്രൊലാപ്സ് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. ഒന്നിലധികം പ്രസവങ്ങൾ നടന്ന സ്ത്രീകളിൽ, പ്രസവ സമയത്തു കുഞ്ഞിനെ പുറത്തേക്കു തള്ളുമ്പോൾ ഗർഭാശയത്തിന് അത്യധികം സമ്മർദം വേണ്ടിവന്നത് പിൽക്കാലത്തു പ്രശ്നമുണ്ടാക്കാം.  

ആർത്തവ വിരാമത്തിനു ശേഷം  പെൽവിക് പേശികൾക്കും ഗർഭപാത്രത്തിന്റെ ഘടനകൾക്കും ബലം നൽകുന്ന ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം മറ്റൊരു കാരണമാണ്. അമിതവണ്ണം ഗർഭാശയ തളർച്ചയ്ക്കു മറ്റൊരു കാരണമാണ്. സ്ഥിരമായി പുകവലിക്കുന്നതും പ്രൊലാപ്സിലേക്ക് നയിക്കാം.

മടിക്കരുത്, മറക്കരുത്

ഗർഭാശയത്തിനോ അടുത്തു നിൽക്കുന്ന ഘടനകൾക്കോ സ്ഥാനചലനം വന്നിട്ടുണ്ടോ എന്നു പെൽവിക് പരിശോധനയിലൂടെ അറിയാൻ സാധിക്കും. പ്രൊലാപ്സ് പരിഹരിക്കുന്നതിനു ശസ്ത്രക്രിയ – ശസ്ത്രക്രിയേതര മാർഗങ്ങൾ ഉണ്ട്. 

ഗർഭപാത്രം, മൂത്രസഞ്ചി, ലൈംഗിക അവയവങ്ങൾ ഇവയെ താങ്ങി നിർത്തുന്ന പേശികളെ ശക്തിപ്പെടുത്തുന്ന കീഗൽ വ്യായാമങ്ങളാണ് ഏറ്റവും ലളിതമായ പ്രതിരോധ മാർഗം. അവ വിദഗ്ധരുടെ നിർദേശം അനുസരിച്ചു ചെയ്യണം.  

ഇറങ്ങിവരുന്ന ഗർഭാശയത്തിനു സപ്പോർട്ട് നൽകുന്ന വജൈനൽ പെസറി എന്ന ഉപകരണം ഉ പയോഗിച്ചു പ്രശ്നം നേരിടാനാകും. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ അവയവങ്ങൾ യഥാസ്ഥാനത്തേക്കു വലിച്ചു നിർത്താൻ കഴിയും. ഗർഭപാത്രം തന്നെ നീക്കം ചെയ്യുന്ന ഹിസ്ട്രെക്റ്റമി ചെയ്യുന്നതും പരിഹാരമാണ്.   

Tags:
  • Health Tips
  • Glam Up