Friday 24 February 2023 03:15 PM IST : By സ്വന്തം ലേഖകൻ

‘ഓരോ കുഞ്ഞിനുമൊപ്പവും ഒരു ഫലവൃക്ഷതൈ കൂടി’; പുതുജീവനൊരു ജീവനുള്ള സമ്മാനവുമായി കാരിത്താസ് ആശുപത്രി, വേറിട്ട ഉദ്യമം

carithas3455

തലമുറകൾ കടന്നുപോകുമ്പോള്‍ പ്രകൃതിയോടുള്ള സ്നേഹവും പ്രകൃതിയെ സംരക്ഷിക്കാനുള്ള സാധ്യതകളും അസ്തമിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമായി മാറുകയാണ് നമ്മള്‍. എന്നാല്‍ ഈ കാലഘട്ടത്തിൽ ശ്രദ്ധ നേടുന്നത്, ഫാ. ബിനു കുന്നത്തിന്റെ വീക്ഷണത്തെ പ്രാബല്യത്തിൽ കൊണ്ടുവരാനായി കാരിത്താസ് ആശുപത്രി എടുക്കുന്ന ചടുലമായ ശ്രമങ്ങളാണ്.

കാരിത്താസ് ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനൊപ്പവും അവരുടെ വീട്ടിലേക്കു കാരിത്താസിന്റെ സംഭാവനയായി ഒരു ഫലവൃക്ഷതൈ കൂടി നല്‍കുന്നു. കാരിത്താസിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി 2022 ൽ തുടങ്ങിയ ഈ ഉദ്യമം ഇതിനോടകം തന്നെ ജനഹൃദയങ്ങളിൽ വേരെടുത്തു എന്നു പറയാം.

കാരിത്താസിലെ ഫാ. മാത്യു ചാഴിശ്ശേരിയിൽ അച്ചന്റെ നേതൃത്വത്തിലുള്ള പാസ്റ്ററൽ കെയർ ആൻഡ് സോഷ്യൽ വർക്ക്‌ ടീം ഇതിനു ചുക്കാൻ പിടിക്കുന്നു. ഈ നല്ല ചിന്തയെ വീണ്ടും ഒരു പടി മുന്നോട്ടു കൊണ്ടുപോകാനായി പാസ്റ്ററൽ കെയർ ഡിപ്പാർട്മെന്റ് കാരിത്താസിലെ ഓരോ ജീവനക്കാർക്കും ഒരു വൃക്ഷതൈ അവരുടെ ജന്മദിനത്തിൽ കൈമാറുന്നു. ഇതിനോടകം 2000 ത്തിൽ പരം തൈകളാണ് ഇങ്ങനെ സമൂഹത്തിലേക്ക് കൈമാറപ്പെട്ടത് എന്ന് ഫാ. എബി വടക്കേക്കര അഭിമാനത്തോടെ ചൂണ്ടിക്കാട്ടി.

carithas3445

‘മരം ഒരു വരം’ എന്ന് കുട്ടികളെ ഇന്നു സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകളിൽ ഇരുത്തി പഠിപ്പിക്കുമ്പോൾ അവർക്കു നഷ്ടമാകുന്നത് പ്രകൃതിയെ അറിയുവാനും പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്നുകൊണ്ട് പ്രകൃതിയുടെ വാത്സല്യം നുകരാനുമുള്ള അവസരമാണ്. പുത്തൻ ടെക്‌നിക്കുകളുടെ ആവിർഭാവനകൾക്കിടയിലും നമ്മുടെ കുട്ടികൾ പ്രകൃതിയെ അറിഞ്ഞും സ്നേഹിച്ചും വളരട്ടെ.

കാരിത്താസിന്റെ അറുപതാം വാർഷികത്തിൽ സോഷ്യൽ വർക്ക്‌ വിഭാഗം വിഭാവനം ചെയ്യുന്ന ഈ പദ്ധതി പുതുതലമുറയിൽ ഉണ്ടായിരിക്കേണ്ട പ്രകൃതി സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും ആവശ്യകതയെയാണ് ഉയർത്തിക്കാട്ടുന്നത്.

പ്രകൃതിയിൽ പ്രകൃതിയെ സ്നേഹംകൊണ്ട് പരിപാലിച്ചു പ്രകൃതിക്കൊപ്പം ജീവനുള്ളവരായി വളരുക എന്നതാണ് ഈ സാമൂഹികപ്രവർത്തകർ ഇവിടെ ജനിക്കുന്ന ഓരോ കുട്ടിയോടും അവരുടെ മാതാപിതാക്കളോടും സമൂഹത്തോടും പറയാതെ പറയുന്നത്. ഈ ഉദാത്ത മാതൃക മറ്റുള്ളവർക്കും പ്രചോദനമായി തീരട്ടെ എന്ന് ആഗ്രഹിക്കുകയാണ്.

carithas4445
Tags:
  • Health Tips
  • Glam Up