Friday 10 March 2023 04:48 PM IST : By സ്വന്തം ലേഖകൻ

‘എണ്ണ ഏതായാലും കുറച്ചു മാത്രം’; കൊളസ്ട്രോളിനെ പേടിക്കാതെ ഭക്ഷണം കഴിക്കാം, അറിയേണ്ടതെല്ലാം

choleer57888

കൊളസ്ട്രോൾ ഇന്നു ഏവർക്കും പരിചിതമായ ഒരു പദമാണ്. ഒരു പക്ഷേ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള പദവും ഇതു തന്നെ. കൊളസ്ട്രോൾ നമ്മുടെ ശത്രുവല്ല, മിത്രമാണ്. എന്നാൽ നാം അവയെ ദുരുപയോഗപ്പെടുത്തുമ്പോഴാണു വില്ലനാകുന്നത്. കരൾ ശരീരത്തിലെ ‘രാസഫാക്ടറിയാണ്’. ഇവ ഉത്പാദിപ്പി ക്കുന്ന ബൈൽ അമ്ലങ്ങൾക്കു കൊളസ്ട്രോൾ ആവശ്യമാണ്. ഇതിന്റെ ഉൽപ്പാദനം കുറഞ്ഞാൽ എണ്ണയും കൊഴുപ്പും ആഗിരണം ചെയ്യുവാനുള്ള കഴിവു ശരീരത്തിനു കുറയുന്നു. 

നമ്മുടെ ആയിരക്കണക്കിനു കോശങ്ങളെ ആവരണം ചെയ്യപ്പെടുന്ന സ്തരങ്ങളുടെ ആരോഗ്യത്തിനും കൊളസ്ട്രോൾ ആവശ്യമാണ്. ശരീരത്തിലുള്ള സ്റ്റീറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനം കൊളസ്ട്രോളിന്റെ അളവനുസരിച്ചു വ്യത്യാസപ്പെടുന്നു. ഇതിന്റെ അസന്തുലിതാവസ്ഥയിൽ ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളും ഉണ്ടാകുന്നു. 

ഞരമ്പുകളിലും ധാരാളം കൊളസ്ട്രോള്‍ ഉണ്ട്. ഞരമ്പുകളുടെ പ്രവര്‍ത്തന ക്ഷമതയ്ക്കും കൊളസ്ട്രോള്‍ അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ വളർച്ചയേയും ആരോഗ്യത്തേയും നിയന്ത്രിക്കുന്ന ജീവകം ‘ഡി’ സൂര്യപ്രകാശത്തിൽ നിന്നു ശരീരം സ്വയം ഉൽപാദിപ്പിക്കുന്നു. ഈ പ്രക്രിയയ്ക്കും കൊളസ്ട്രോള്‍ സഹായകമാണ്. ഇത്രയൊക്കെ ഗുണം ചെയ്യുന്ന കൊളസ്ട്രോള്‍ കൂടുതലായി ശരീരത്തിൽ എത്തിപ്പെട്ടാൽ ദോഷങ്ങൾ ഏറെയാണ്.

ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ ആവശ്യാനുസൃതം കൊളസ്ട്രോള്‍ നിർമിക്കുന്നുണ്ട്. വളരെ കുറച്ചു കൊളസ്ട്രോൾ മാത്രമേ ഭക്ഷണത്തിൽ നിന്ന് എടുക്കുന്നുള്ളൂ. എന്നാൽ കൂടുതൽ കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണം നാം കഴിക്കുമ്പോൾ മെഴുകുപോലെയുള്ള ഈ വസ്തു രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നു. ഇതു രക്തക്കുഴലുകളുടെ വികസിക്കുവാനുള്ള കഴിവു നഷ്ടപ്പെടുത്തുന്നു.

ചില ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കിയാൽ മാത്രം കൊളസ്ട്രോള്‍ കുറയ്ക്കാം എന്നുള്ളത് ഒരു തെറ്റിദ്ധരണയാണ്. കൂടുതൽ അന്നജം മാംസ്യാംശം, കൊഴുപ്പുകലർന്ന ഭക്ഷണം എന്നിവ ശരീരത്തിൽ എത്തിപ്പെട്ടാൽ ഇവയുടെ ഉപാപചയത്തിനു ശേഷം കൊളസ്ട്രോള്‍ ഉൽപാദനത്തിനാവശ്യമായ ‘അസിറ്റേറ്റ്’ എന്ന വസ്തു ശരീരത്തിനു ലഭിക്കുന്നു. ഇതിൽ നിന്ന് എല്ലാ ഭക്ഷണവും ആവശ്യത്തിനു മാത്രം എന്നു സാരം. 

അന്നജം, മാംസ്യാംശം, കൊഴുപ്പ് എന്നീ പോഷകങ്ങൾ എല്ലാം കുറച്ചാലേ കൊളസ്ട്രോള്‍ ഉൽപാദനം കുറയുകയുള്ളൂ. അന്നജം കൂടിയാലും അതു കൊഴുപ്പായി ശരീരം മാറ്റുന്നു. മുക്കാൽ കപ്പു തേങ്ങ അരച്ച കറി കഴിക്കുമ്പോൾ കാൽ കിലോ അരിയോ ഗോതമ്പോ കൊണ്ടുള്ള വിഭവം കഴിക്കുന്ന ഫലം ശരീരത്തിലുണ്ടാകുന്നു. കേരളീയരിൽ പ്രമേഹവും കൊളസ്ട്രോളും കൂടുന്നതിന്റെ കാരണം വേറെ അന്വേഷിക്കേണ്ട.

കൊളസ്ട്രോള്‍ കൂടുതലുള്ള ഭക്ഷണം നിത്യാഹാരത്തിൽ കുറയ്ക്കുക. എണ്ണകൾ തരം തിരിച്ചു കൊളസ്ട്രോള്‍ ഉണ്ടാക്കുന്നവ, ഉണ്ടാക്കാത്തവ എന്നു പൊതുവേ അറിയപ്പെടുന്നുണ്ട്. ‘എണ്ണ ഏതായാലും കുറച്ചു മാത്രം’ എന്നതാണ് ഏത് എണ്ണ ഉപയോഗിക്കുന്നു എന്നതിലേറെ പ്രധാനം. പൂരിത കൊഴുപ്പു കുറഞ്ഞ എണ്ണകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. 

പൂരിത കൊഴുപ്പുകൾ കൊളസ്ട്രോള്‍ ഉൽപാദനത്തെ കുറയ്ക്കുന്നു. പൊരിച്ച വകകൾ, വറ്റലുകൾ, ട്രാൻസ്ഫാറ്റ് ഉപയോഗിക്കുന്ന ബേക്കറി സാധനങ്ങൾ, പായ്ക്കറ്റുകളിൽ ലഭിക്കുന്ന ‘കറുമുറെ ചവച്ചു’ തിന്നാവുന്ന വസ്തുക്കൾ എന്നിവ ഒഴിവാക്കിയാൽ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാം.

കൊളസ്ട്രോള്‍ നല്ല കൊളസ്ട്രോള്‍, ചീത്ത കൊളസ്ട്രോൾ എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുണ്ട്. നല്ല കൊളസ്ട്രോളായ ‘എച്ച്ഡിഎൽ’ ഹൃദ്രോഗത്തെ തടയുകയും എൽഡിഎൽന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. ഒലിവ് എണ്ണ, തവിട് എണ്ണ എന്നിവയിലുള്ള ഒമേഗ–3 എച്ച്‍‍ഡിഎൽ അളവു കൂട്ടുന്നു. ഒന്നര ടേബിൾസ്പൂൺ എണ്ണ മാത്രം ഉപയോഗിക്കുക. പഴം പൊരി, വടകള്‍– ഉഴുന്നുവട, ഉള്ളിവട, പരിപ്പുവട– ഇവയൊ ന്നും സമീക‍ൃതാഹാരത്തിൽ വേണ്ട.

തഴുതാമയില, ചീരയില, മുരിങ്ങയില, ഉലുവാ, വെളുത്തുള്ളി, ചെറിയ ഉള്ളി, തുളസിയില, കൂവരക്, തവിട്, കറിവേപ്പില, മത്തി, അയില, ചൂര തൊലികളഞ്ഞ കോഴി ഇവയൊക്കെ ദൈനംദിനാഹാരത്തിൽ ധാരാളം ഉൾപ്പെടുത്തുക. കൊളസ്ട്രോളിനെ പേടിക്കാതെ ഭക്ഷണം കഴിക്കാം.

കടപ്പാട്: ഡോ. എം. റഹീനാ ഖാദറിന്റെ ആരോഗ്യ പാചകം ബുക്ക്

Tags:
  • Health Tips
  • Glam Up