Saturday 28 January 2023 03:32 PM IST

‘ഒരുനേരം ഭക്ഷണം ഒഴിവാക്കി അടുത്ത നേരം ഇരട്ടിയായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും’; പ്രമേഹബാധിതരുടെ ഭക്ഷണരീതി ഇങ്ങനെ

Rakhy Raz

Sub Editor

diabbeeeee

സന്തോഷകരമായ ജീവിതം മുന്നോട്ട് പോകുന്നതിനിടയ്ക്കാകും കുടുംബത്തിലൊരാൾക്ക് അൽപം ക്ഷീണവും പരവേശവും അനുഭവപ്പെടുക. വൈറ്റമിൻ മരുന്നുകൾ കൊടുത്താൽ മാറും എന്നു കരുതും. ഡോക്ടറെ സമീപിക്കുമ്പോഴാകും പ്രമേഹമാണെന്ന് തിരിച്ചറിയുക.

പല കുടുംബങ്ങൾക്കും ഇത് ആഘാതം തന്നെയാണ്. പ്രമേഹമുള്ളവരെ അയൽപക്കത്തും ബന്ധുവീടുകളിലും ഓഫിസിലും നടവഴിയിലും നിത്യേന കണ്ടുമുട്ടുന്നുണ്ടെങ്കിലും വീട്ടിലൊരാൾക്ക് പ്രമേഹം ആണ് എന്ന് തിരിച്ചറിയുമ്പോൾ പലരും തളർന്നു പോകുന്നു.

പ്രമേഹത്തെക്കുറിച്ചുള്ള യഥാർഥ അറിവിലേക്ക് വളരുകയാണ് ഈ ഘട്ടത്തിൽ വേണ്ടത്. പ്രമേഹം ഗുരുതരാവസ്ഥയിലേക്ക് നീങ്ങാവുന്ന രോഗമാണെങ്കിലും ശരിയായി നിയന്ത്രിച്ചാൽ പ്രശ്നങ്ങളില്ലാതെ ജീവിക്കാനാകും എന്ന അറിവ് തന്നെയാണ് ആശ്വാസമാകേണ്ടത്.

അടുത്തത് രോഗിയായ വ്യക്തിയെ വേണ്ടത്ര ആത്മവിശ്വാസം കൊടുത്ത് രോഗത്തെ ശരിയായി നിയന്ത്രിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തരാക്കുകയാണ്.

ആദ്യ സ്പർശം വേണ്ടത് മനസ്സിന്

വീട്ടിലെ ഒരു അംഗത്തിന് പ്രമേഹമുണ്ട് എന്ന അറിവ് ആ ദ്യം ബാധിക്കുക പ്രമേഹമുള്ള വ്യക്തിയുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെയാണ്. ഇതിൽ നിന്ന് ആദ്യം മുക്തി നേടേണ്ടത് കുടുംബാംഗങ്ങളാണ്.

പ്രമേഹബാധിതർ നിരാശയിലേക്ക് വീണുപോകാതെ പരിരക്ഷിക്കണം. ‍സ്നേഹവും പിന്തുണയും പ്രമേഹമുള്ള വ്യക്തിക്ക് കരുത്താകണം. ശരിയായ അറിവ് രോഗിയും കുടുംബാംഗങ്ങളും ഉണ്ടാക്കുകയാണ് വേണ്ടത്. നമുക്ക് ചുറ്റും എത്രയോ പേർ പ്രമേഹവുമായി സന്തോഷകരമായി ജീവിക്കുന്നുണ്ടെന്ന് അറിയുക.

പ്രമേഹ ബാധിതരെ ഉൾക്കൊള്ളുക എന്നത് ദുരിതമേറിയ കാര്യമല്ല. ആഹാരത്തിലും മറ്റും വളരെ ചെറിയ ചില മാറ്റങ്ങൾ മാത്രമേ വരുത്തേണ്ടി വരികയുള്ളു..

ചികിത്സ കൃത്യമായി പിന്തുടരുന്നതിനൊപ്പം കാപ്പി, ചായ എന്നീ പാനീയങ്ങൾ പഞ്ചസാരയിടാതെ കഴിക്കുക, മധുരപലഹാരങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ ഉപ്പ്, എണ്ണ എന്നിവയുടെ അളവ് കുറയ്ക്കുക, സമീകൃതാഹാരം കഴിക്കുക എന്നീ പതിവുകൾ ശീലിക്കണം.

ആഹാരത്തിൽ നിന്നു തുടങ്ങണം

രക്തപരിശോധനയിൽ പഞ്ചസാരയുടെ നില ബോർഡർ ലൈനിലാണെങ്കിൽ നമ്മൾ പ്രീ ഡയബറ്റിക് വിഭാഗത്തിലാണ് ഉള്ളത്. പ്രമേഹം വരുന്നത് ഒഴിവാക്കാവുന്ന സുവർണാവസരമാണിത്.

പ്രമേഹം വരാതിരിക്കാനും നിയന്ത്രിക്കാനും ആഹാരക്രമീകരണം കൂടിയേ തീരൂ. രക്തത്തിലെ പഞ്ചസാരയുടെ നിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ വരുത്താത്ത സമീകൃത ഭക്ഷണം നിത്യവും കഴിക്കുക.

വല്ലപ്പോഴും ഈ പതിവ് തെറ്റിക്കുന്നതിൽ കുഴപ്പമില്ല. നിയന്ത്രണം എന്നാൽ ഇഷ്ടപ്പെട്ട ആഹാരത്തെ പൂർണമായി മാറ്റി നിർത്തൽ അല്ല. പ്രമേഹസാധ്യതയുള്ളവർ ഡയറ്റീഷ്യനെ കണ്ട് ഭക്ഷണരീതി തീരുമാനിക്കുന്നത് നന്നായിരിക്കും.

പ്രമേഹബാധിതരുടെ ഭക്ഷണരീതി

ഭക്ഷണം ശ്രദ്ധയോടെ തിരഞ്ഞെടുത്തു കഴിക്കുകയാണ് പ്രമേഹബാധിതർ ചെയ്യേണ്ടത്. പ്രമേഹ ബാധിതർ ശരിയായ അളവിൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ഒരുനേരം ഭക്ഷണം കഴിക്കാതെ അടുത്ത നേരം ഇരട്ടിയായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂട്ടും.

മൂന്നു നേരം മിതമായ അളവിൽ ഭക്ഷണം കഴിക്കുക. അമിത വിശപ്പ് പരിഹരിക്കാൻ ഇടനേരങ്ങളിൽ സാലഡ് കഴിക്കാം. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂട്ടുക. പ്രമേഹ ബാധിതർക്ക് കഴിക്കാവുന്ന പഴങ്ങൾ തണ്ണിമത്തൻ, ഓറഞ്ച്, അധികം പഴുക്കാത്ത പേരയ്ക്ക, മാതളം, തക്കാളി, നെല്ലിക്ക എന്നിവയാണ്. ആപ്പിൾ, വാഴപ്പഴം, റോബസ്റ്റ, ചെറുപഴം എന്നിവ നിയന്ത്രിതമായി കഴിക്കുക.

അന്നജമാണ് ശരീരത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സ്. എന്നാൽ കാർബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഏറെ സ്വാധീനിക്കുന്ന ഘടകവുമാണ്. കേരളത്തിലെ പൊതുഭക്ഷണരീതി അന്നജം കൂടുതലായി അടങ്ങിയതുമാണ്. പ്രമേഹബാധിതർ അന്നജം, മാംസ്യം, എണ്ണ, ഉപ്പ് ഇവ മിതമായി ഉപയോഗിച്ചു കൊണ്ടുള്ള  സമീകൃത ആഹാര രീതിയാണ് പിന്തുടരേണ്ടത്. അരിയും ഗോതമ്പും കുറയ്ക്കുക. ഗോതമ്പ് കഴിക്കുന്നവർ തവിടുള്ള ഗോതമ്പ് കഴിക്കാൻ ശ്രദ്ധിക്കുക. ‌

പയറില, മുരിങ്ങയില, ചീരയില, പാലക് ചീരയില, ഉ ലുവയില, പുതിനയില, ചേമ്പില തുടങ്ങിയ ഇലകളെല്ലാം തന്നെ നാരുകള്‍, ജീവകങ്ങള്‍, ഇരുമ്പ്, കാത്സ്യം ഇവയാൽ സമ്പന്നമാണ്. പ്രമേഹമുള്ളവർക്ക് ഏറ്റവും അനുയോജ്യമാണിവ.

കടല, വന്‍പയര്‍, ചെറുപയര്‍, ഉലുവ, തുവര, മുതിര തുടങ്ങിയവ പ്രോട്ടീൻ കലവറയാണ്. പ്രമേഹബാധിതർ 20 ഗ്രാം വീതം പയർ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ചോളം, റാഗി, തിന, ബാർലി എന്നിവ കഴിക്കാം. നാരുകളടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുക. ചിക്കൻ, മത്സ്യം, മുട്ട എന്നിവ കഴിക്കാം. പാൽ, തൈര്, ചീസ് എന്നിവയും പ്രമേഹബാധിതർക്ക് ഇണങ്ങും.

ശർക്കര, പഞ്ചസാര, തേൻ എന്നിവ പെട്ടെന്ന് ഗ്ലൂക്കോസായി മാറും എന്നതിനാൽ പ്രമേഹ രോഗികൾ കഴിവതും ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്.

വേർതിരിവ് അരുത്

പ്രമേഹരോഗിയെ അമിതമായി പരിപാലിക്കുക, മറ്റു കുടുംബാംഗങ്ങളുടെ കൂടെയല്ലാതെ ഭക്ഷണം കൊടുക്കുക, അവർക്കു മാത്രമായി പ്രത്യേക ഭക്ഷണം പാചകം ചെയ്യുക തുടങ്ങിയ രീതികൾ രോഗിക്ക് മനോവിഷമം ഉണ്ടാക്കും. കുടുംബത്തിന്റെയൊന്നാകെ ഭക്ഷണരീതിയിൽ ആരോഗ്യകരമായ മാറ്റം വരുത്തുകയാണ് നല്ല മാർഗം. അതുവരെ തുടർന്നു വന്നിരുന്ന ആഹാരരീതിയിൽ അൽപം കൂടി ശ്രദ്ധയും ചിട്ടയും കൊണ്ടുവരികയേ വേണ്ടൂ.

ഇടയ്ക്ക് മരുന്ന് കഴിക്കാനും ചില ഭക്ഷണങ്ങൾ വേണ്ട എന്ന് മറ്റുള്ളവരുടെ മുന്നിൽ വച്ചു പറയാനും മടിച്ച് പ്രമേഹബാധിതരിൽ ചിലർ പൊതുവായ ഒത്തുകൂടലുകളിൽ നിന്നും ഒഴിവാകാറുണ്ട്.

പ്രമേഹം പിടിപെട്ടാൽ അതിനെ നാണക്കേടായി കാണേണ്ടതില്ല. ഏതൊരു മനുഷ്യനും ഏതു പ്രായത്തിലും പിടിപെടാവുന്ന ഒരവസ്ഥയാണത് എന്ന് മനസ്സിലാക്കുക.

മാറ്റാനാകില്ല എന്ന യാഥാർഥ്യം മനസ്സിലാക്കുക

ഒരിക്കൽ പിടിപെട്ടാൽ മാറ്റിയെടുക്കാവുന്ന രോഗമല്ല പ്രമേഹം. നിയന്ത്രിച്ചു കൊണ്ടുനടക്കുക മാത്രമാണ് പരിഹാരം. പ്രമേഹം പൂർണമായി മാറി എന്നെല്ലാമുള്ള പരസ്യങ്ങ ളിൽ ആകൃഷ്ടരായി മറ്റു ചികിത്സാരീതികൾ പരീക്ഷിച്ച് ആരോഗ്യനില വഷളാകാതിരിക്കാൻ ശ്രദ്ധ വേണം.

ഉപ്പുവെള്ളം ഒഴുകുന്ന ഇരുമ്പ് പൈപ്പ് പോലെയാണ് പ്രമേഹ രോഗിയുടെ രക്തധമനികൾ. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിന്നാൽ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനക്ഷമതയെ ബാധിക്കും. അതിനാൽ പ്രമേഹരോഗിയുടെ ബ്ലഡ് ഷുഗർ നിയന്ത്രണത്തിലായിരിക്കേണ്ടത് അത്യാവശ്യമാണ്.

ഷുഗർ നിയന്ത്രണമില്ലാതെ കൂടുന്ന അവസ്ഥയിൽ ഹൃദയം, കരൾ, വൃക്ക, നാഡി ഞരമ്പുകൾ എന്നിവയുടെ പ്രവർത്തനക്ഷമത കുറയാം. പിന്നീട് തിരികെ ആരോഗ്യത്തിലേക്ക് എത്തിക്കുക ഏറക്കുറെ അസാധ്യം ആകും. ശരിയായി നിയന്ത്രിച്ചാൽ ഗുളികകളുടെ എണ്ണം കുറയ്ക്കാനും അനുബന്ധ പ്രശ്നങ്ങൾ പരമാവധി വൈകിപ്പിക്കാനും സാധിക്കും.

Tags:
  • Health Tips
  • Glam Up