Tuesday 09 May 2023 04:04 PM IST : By സ്വന്തം ലേഖകൻ

‘ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകള്‍ ഉപയോഗിക്കരുത്’; കരള്‍ രോഗം: ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്!

liverdisssss66789

ചർമം കഴി‍ഞ്ഞാൽ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. നിരവധി ശാരീരിക ഉപാപചയ പ്രവർത്തനങ്ങൾക്ക് മാതൃകാ പരമായ മേൽനോട്ടം വഹിക്കുന്ന കരളിനെ ശരീരത്തിലെ കെമിക്കൽ ഫാക്ടറി എന്നാണ് വിളിക്കുന്നത്. ഈ കരളിനുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും ശരീരത്തിന്റെ മൊത്തം പ്രവർത്തനത്തെ ബാധിക്കും. അതുകൊണ്ടുതന്നെ കരളിനെ സംരക്ഷിക്കേണ്ടതു പ്രധാനമാണ്. കരൾരോഗങ്ങളെ എങ്ങനെ തടയാമെന്നു നോക്കാം

∙ മദ്യപാനം ഒഴിവാക്കുക

∙ ഭക്ഷണം ആരോഗ്യകരമാക്കുക, എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കണം, പഴങ്ങൾ, പച്ചക്കറികൾ ധാരാളമായി ഉൾപ്പെടുത്തുക.

∙ വ്യായാമം ശീലമാക്കണം. കരളിന്റെ ആരോഗ്യത്തിനായി പ്രതിദിനം 30–40 മിനിട്ട് വ്യായാമം ചെയ്യുക.

∙ പ്രമേഹം, അമിത കൊളസ്ട്രോള്‍ തുടങ്ങിയവ നിയന്ത്രിക്കുക.

∙ രക്തദാനം ചെയ്യുമ്പോൾ കർശനമായി ജാഗ്രത പാലിക്കണം.

∙ ലൈംഗിക ശുചിത്വവും മിതത്വവും പാലിക്കുക.

∙ മറ്റൊരാൾ ഉപയോഗിച്ച ഷേവിംഗ് സെറ്റ്, ബ്ലേഡ്, സിറിഞ്ച് എന്നിവ ഉപയോഗിക്കരുത്. 

∙ കുടിവെള്ളം അഞ്ചു മിനിട്ട് തിളപ്പിച്ചാറിയശേഷം മാത്രം ഉപയോഗിക്കുക.

∙ ഭക്ഷണം വൃത്തിയായി അടച്ചു സൂക്ഷിക്കുക.

∙ തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം. 

∙ മലവിസർജ്ജനത്തിനുശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകണം. 

∙ ആഹാരത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. 

∙ ഡോക്ടറുടെ നിർദേശമില്ലാതെ ഒരു തരത്തിലുള്ള മരുന്നുകളും ഉപയോഗിക്കരുത്. 

ഫാറ്റിലിവർ തടയാൻ കഴിക്കാം ഇലക്കറികൾ

പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിക്കുന്നത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കും. പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ഉണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തടയും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തിനും പ്രമേഹത്തിനും ഗുണകരമാണ്. ഇലക്കറികളും പഴങ്ങളും കഴിക്കുന്നത് ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. 

ശരീരം നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

പലപ്പോഴും കരള്‍ രോഗം തിരിച്ചറിയാന്‍ വൈകാറുണ്ട്. എന്നാല്‍ ശരീരം നല്‍കുന്ന ചില മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചാല്‍ പലപ്പോഴും രോഗം വേഗം തിരിച്ചറിയാന്‍ സാധിക്കും. മിക്കവാറും കരള്‍രോഗികളിൽ രോഗലക്ഷണങ്ങൾ ബാഹ്യമായി കണ്ടെന്നിരിക്കില്ല. ചിലപ്പോൾ ഉദരത്തിന്റെ മുകൾഭാഗത്ത് അസ്വസ്‌ഥത ഉണ്ടാവാം. 50 ശതമാനത്തോളം കരളിന്റെ പ്രവര്‍ത്തനം താറുമാറായ ശേഷമാകും പലപ്പോഴും രോഗം കണ്ടെത്തുക. 

കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ പാടുകൾ രൂപം കൊള്ളുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഞരമ്പുകളില്‍ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. രോഗാവസ്ഥയനുസരിച്ച് പ്ലീഹ വലുതാവുകയും പലപ്പോഴും അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദ്ദിക്കുകയും ചെയ്യും. ഇതാണ് പലപ്പോഴും ലിവര്‍ സിറോസിസ് ലക്ഷണം. 

70% സിറോസിസും കാന്‍സറിന് കാരണമാകാറുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. Hepatitis B യെ തടയാന്‍ ഏറ്റവും ഫലപ്രദം പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുക എന്നതാണ്. നവജാതശിശുക്കള്‍ക്ക് ഇന്ന് ഇന്ത്യയില്‍ ഈ വാക്സിന്‍ നിര്‍ബന്ധമാണ്‌.  എന്നാല്‍ Hepatitis C ക്കു നിലവില്‍  വാക്സിന്‍ ഇല്ല. എന്നാല്‍ മൂന്നോ നാലോ മാസത്തെ ഫലപ്രദമായ ചികിത്സ കൊണ്ട് രോഗം ഭേദമാക്കാം. വ്യായാമമില്ലായ്മ, ജങ്ക് ഫുഡിന്റെ അമിതോപയോഗം, മദ്യപാനം എന്നിവയാണ് പലപ്പോഴും കരളിന് ആപത്താകുന്നത്. 

Tags:
  • Health Tips
  • Glam Up