Wednesday 22 February 2023 04:47 PM IST : By സ്വന്തം ലേഖകൻ

‘എഴുപതു ശതമാനവും നശിക്കുമ്പോഴേ ആ സത്യമറിയൂ.. ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക’: കരളിനുണ്ടാകുന്ന രോഗങ്ങള്‍, അറിയേണ്ടതെല്ലാം

liver-psss66788

മനുഷ്യ ശരീരത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രവര്‍ത്തന രീതി നിലനിര്‍ത്തുന്ന അവയവങ്ങളില്‍ പ്രധാനപ്പെട്ടതാണ് കരള്‍. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരളാണ്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും മറ്റ് രീതിയിലുമെല്ലാം ശരീരത്തിനകത്തെത്തുന്ന മാലിന്യങ്ങളെയും വിഷമയമായ വസ്തുക്കളെയും സംസ്‌കരിച്ച് ശരീരം ശുദ്ധിയായി സൂക്ഷിക്കുക എന്നതാണ് കരളിന്റെ പ്രവര്‍ത്തന ധര്‍മ്മം. അതായത് കരളിന് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടും എന്ന് ഒറ്റവാക്കില്‍ പറയാം.

കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍

ഹെപ്പറ്റൈറ്റിസ്, ഫാറ്റിലിവര്‍, ലിവര്‍ സിറോസിസ്, കരളിലെ അര്‍ബുദം എന്നിവയാണ് കരളിനെ ദോഷകരമായി ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗാവസ്ഥകള്‍.

കരളിന് നീര്‍വീക്കമുണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. പ്രധാന കാരണമായി കണക്കാക്കുന്നത് വൈറസ് ബാധയാണ്. മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം, ബാക്ടീരിയ, അമീബ തുടങ്ങിയവയും ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്. മഞ്ഞപ്പിത്തമാണ് പ്രധാന രോഗലക്ഷണം. വിശപ്പില്ലായ്മ, ക്ഷീണം, മനംപിരട്ടല്‍, ഛര്‍ദ്ദി തുടങ്ങിയവയും ലക്ഷണങ്ങളാണ്.

കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. മദ്യപാനം പ്രധാന കാരണമാണ്. കൂടാതെ പ്രമേഹം, അമിത കൊളസ്‌ട്രോള്‍, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് നില, പൊണ്ണത്തടി, പെട്ടെന്നുണ്ടാകുന്ന തൂക്കക്കുറവ് തുടങ്ങിയവ മറ്റു കാരണങ്ങളാണ്. സാധാരണയായി ലക്ഷണമൊന്നും ഉണ്ടാകാറില്ല. വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടായേക്കാം.

കരളിലെ കോശങ്ങള്‍ നശിച്ച് കരള്‍ പ്രവര്‍ത്തനരഹിതമാകുന്ന ഗുരുതരാവസ്ഥയാണ് ലിവര്‍ സിറോസിസ്. മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി, ഫാറ്റിലിവര്‍, ചിലയിനം മരുന്നുകളുടെ ഉപയോഗം, പാരമ്പര്യം തുടങ്ങിയവയും സിറോസിസിന് കാരണമാകാം. ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങളെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിക്കുക, വയറ്റില്‍ വെള്ളം കെട്ടി നിറയുക, കാലില്‍ നീര് തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. പോര്‍ട്ടല്‍ ഹൈപ്പര്‍ടെന്‍ഷന്‍, രക്തസ്രാവം, നീരുണ്ടാകുക, മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് തലച്ചോറിനെ ബാധിക്കുക തുടങ്ങിയവയാണ് പ്രധാന സങ്കീര്‍ണതകള്‍.

ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറസ് രോഗങ്ങളും ഗര്‍ഭനിരോധന ഗുളികകള്‍ പോലെയുള്ള മരുന്നുകളും കരളിലെ കാന്‍സറിന് കാരണമാകാറുണ്ട്. ജനിതക ഘടകങ്ങളും ഇതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. വയറുവേദന, വിശപ്പില്ലായ്മ, തൂക്കം കുറയുക, വിട്ടുമാറാത്ത പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

കരള്‍ രോഗ ചികിത്സ

രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നത് തന്നെയാണ് പരമപ്രധാനമായ കാര്യം. ഏറ്റവും വലിയ വില്ലന്മാരിലൊരാള്‍ മദ്യപാനമായതിനാല്‍ ആ ശീലം നിര്‍ബന്ധമായും ഉപേക്ഷിക്കണം. അസുഖം നേരത്തെ നിര്‍ണ്ണയിക്കാന്‍ സാധിക്കുക എന്നതാണ് ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പലപ്പോഴും കരളിന്റെ എഴുപത് ശതമാനത്തിലധികവും നശിച്ച് കഴിഞ്ഞ ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ പുറത്ത് കാണാറുള്ളൂ എന്നതാണ് രോഗ നിർണയത്തിലെ ഏറ്റവും വലിയ വെല്ലുവിളി. 

ചെറിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ തന്നെ ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ ഉറപ്പ് വരുത്തുക എന്നത് പരമപ്രധാനമാണ്. മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ രോഗങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ ഫലപ്രദമാണ്. ഹെപ്പറ്റൈറ്റിസ് ബി പോലുള്ള രോഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പും ലഭ്യമാണ്.

രോഗത്തിന്റെ അവസ്ഥ അതീവ സങ്കീര്‍ണ്ണമായി കഴിഞ്ഞാല്‍ പിന്നീടുള്ള ചികിത്സ കരള്‍ മാറ്റിവെക്കല്‍ മാത്രമാണ്. കരളിന്റെ പ്രവര്‍ത്തനത്തെ അവലോകനം ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുള്ള മെല്‍ഡ് (MELD) എന്ന സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് രോഗത്തിന്റെ കാഠിന്യം നിര്‍ണ്ണയിക്കുന്നത് മെല്‍ഡ് സ്‌കോര്‍ 15ല്‍ അധികമായാല്‍ കരള്‍ മാറ്റിവെക്കലിനെ കുറിച്ച് ഗൗരവമായി ചിന്തിച്ച് തുടങ്ങണം.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ

പ്രധാനമായും രണ്ട് രീതികളിലൂടെയാണ് കരള്‍ മാറ്റിവെക്കലിന് ആവശ്യമായ കരള്‍ കണ്ടെത്തുന്നത്. ഡി ഡി എല്‍ ടി (DDLT-Dec eased Donor Liver Transplant), എല്‍ ഡി എല്‍ ടി (LDLT-Living Donor Liver Transplant) എന്നിവയാണ് ഇവ. അപകടങ്ങളിലോ മറ്റോ മസ്തിഷ്‌ക മരണം സംഭവിക്കുകയും ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധ്യതയില്ല എന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തുകയും ചെയ്തവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ കരള്‍ സ്വീകരിക്കുന്ന രീതിയാണ് ഡി ഡി എല്‍ ടി. രോഗിയുടെ അടുത്ത ബന്ധുക്കള്‍ സ്വമേധയാ അവയവദാനത്തിന് തയ്യാറാകുന്ന രീതിയാണ് എല്‍ ഡി എല്‍ ടി. രോഗിയുടെ ബന്ധുവന്റെ കരളിന്റെ ഒരു ഭാഗം മുറിച്ചു മാറ്റിയ ശേഷം ശേഷം അത് രോഗിയില്‍ വെച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വയം വളരുവാനുള്ള ശേഷിയുള്ള അവയവമായതിനാല്‍ രോഗിയില്‍ വെച്ചുപിടിപ്പിച്ച കരളില്‍ പുതിയ കോശങ്ങള്‍ ഉണ്ടാവുകയും അത് വളരുകയും ചെയ്യും.

ദാനം ചെയ്യുന്ന വ്യക്തിക്ക് ബുദ്ധിമുട്ടുകളുണ്ടാകുമോ?

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ദാതാവിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ആശങ്കകളാണ്. സാധാരണഗതിയില്‍ ദാനം ചെയ്യുന്ന വ്യക്തിക്ക് ആരോഗ്യപരമായി വലിയ ബുദ്ധിമുട്ടുകളുണ്ടാകാറില്ല. താരതമ്യേന സങ്കീർണമായ ഓപ്പറേഷനാണ് നടക്കുന്നത് എന്നതിനാല്‍ ശസ്ത്രക്രിയയോടനുബന്ധിച്ചുള്ള ചില ബുദ്ധിമുട്ടുകള്‍ തുടക്കത്തില്‍ കുറച്ച് ദിവസം ഉണ്ടായേക്കാം. എന്നാല്‍ അത് ദീർഘകാലം നീണ്ടുനില്‍ക്കുന്നവയല്ല. 

ഏതാണ്ട് രണ്ടാഴ്ചയാകുമ്പോഴേക്കും ദാതാവിന്റെ കരള്‍ നല്ല രീതിയില്‍ വളരുകയും രണ്ടോ മൂന്നോ മാസത്തിനകം തന്നെ പൂര്‍വ്വാവസ്ഥയിലെത്തിച്ചേരുകയും ചെയ്യും. ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരും, നിത്യരോഗിയായി മാറും മുതലായ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നറിയുകയും വേണം.

തുടര്‍ ജീവിതം

കരള്‍ മാറ്റിവെച്ചാലും തുടര്‍ ജീവിതം ദുഷ്‌കരമായിരിക്കും എന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു പ്രചരണം. ഇതും സത്യത്തില്‍ അടിസ്ഥാന രഹിതമാണ്. പുറമെ നിന്നുള്ള മറ്റൊരു വസ്തു (Foreign Body) നമ്മുടെ ശരീരത്തിനകത്തെത്തിച്ചേര്‍ന്നാല്‍ അതിനെ തിരസ്ക്കരിക്കുക എന്നത് സ്വാഭാവിക ശരീര പ്രകൃതിയാണ് . ഈ അവസ്ഥയെ അതിജീവിക്കാനായി മരുന്നുകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതുണ്ട്. ആദ്യത്തെ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇത്തരം മരുന്നുകളുടെ അളവുകള്‍ ക്രമേണ കുറച്ച് കൊണ്ടുവരുവാന്‍ സാധിക്കും.

അണുബാധകള്‍ക്കുള്ള സാധ്യതകളും ആദ്യത്തെ കുറച്ച് കാലം പ്രതീക്ഷിക്കേണ്ടതാണ്. ഇതിനെ അതിജീവിക്കാനാവശ്യമായ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണം. അതിനായുള്ള മരുന്നുകളും കഴിക്കേണ്ടതായി വന്നേക്കാം. കരള്‍ മാറ്റിവച്ച വ്യക്തിക്ക് പില്‍ക്കാലത്ത് സാധാരണ ജീവിതം നയിക്കാൻ സാധിക്കും. അതായത് അതേ പ്രായത്തിലുള്ള ഏതൊരു വ്യക്തിയും നിര്‍വ്വഹിക്കുന്ന സാധാരണ കാര്യങ്ങള്‍ ഇദ്ദേഹത്തിനും നിര്‍വ്വഹിക്കാന്‍ സാധിക്കും. ജോലി, കുടുംബ ജീവിതം, ലൈംഗിക ജീവിതം, ഗര്‍ഭധാരണം മുതലായവയെല്ലാം തടസ്സങ്ങളില്ലാതെ നിര്‍വ്വഹിക്കാം. എങ്കിലും അണുബാധ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എപ്പോഴും സ്വീകരിക്കണം.

കടപ്പാട്: ഡോ. ജിജോ വി ചെറിയാൻ & ഡോ. രോഹിത് രവീന്ദ്രൻ, സെന്റർ ഓഫ് എക്സല൯സ് ഫോർ ഗ്യാസ്ട്രോസയൻസസ്, മേയ്ത്ര ഹോസ്പിറ്റൽ , കോഴിക്കോട്

Tags:
  • Health Tips
  • Glam Up