Saturday 27 May 2023 03:49 PM IST

‘വൃഷണത്തിന് ഏതെങ്കിലും വിധത്തിൽ ആഘാതമേറ്റിട്ടുള്ളവർക്ക് വന്ധ്യതാ സാധ്യത ഉണ്ട്’; പുരുഷ വന്ധ്യതയുടെ കാരണങ്ങൾ അറിയാം

Rakhy Raz

Sub Editor

infertimen66788

പുകവലി, മദ്യപാനം, സ്റ്റിറോയിഡുകളുടെ ഉപയോഗം, മയക്കുമരുന്ന് പോലുള്ള ശീലങ്ങൾ ഇവ പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകും. ബീജ സംഖ്യ കുറവ്, ബീജത്തിനു ചലനശേഷി ഇല്ലായ്മ, ബീജവാഹിനി കുഴലുകളിലെ തടസ്സങ്ങൾ, വെരിക്കോസിൽ, കൗമാരപ്രായത്തിലെ മുണ്ടിനീര് തുടങ്ങിയവ ശാരീരിക കാരണങ്ങളിൽ പ്രധാനമായവയാണ്. ഒരു തകരാർ മാത്രമായോ ഒന്നിലധികം തകരാറുകൾ ഒന്നിച്ചോ ഉണ്ടാകാം.

∙ ഹോർമോൺ തകരാറുകൾ പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമാണ്. ടെസ്റ്റോസ്റ്റീറോൺ ഹോർമോണിന്റെ തകരാറുകൾ ബീജത്തിന്റെ ഗുണം കുറയ്ക്കും. കുറഞ്ഞ ലൈംഗികാഭിലാഷം പോലുള്ള പ്രശ്നങ്ങൾ ഹോർമോൺ തകരാറുകൾ മൂലം സൃഷ്ടിക്കപ്പെടാം. അമിതവണ്ണമുള്ള പുരുഷന്മാരിൽ സ്ത്രീ ഹോർമോണുകളുടെ അളവ് കൂടുതലായിരിക്കും എന്നതു വന്ധ്യതയ്ക്ക് കാരണമാകും.  ഹോർമോൺ തകരാറുണ്ടോ എന്ന് ശരീര പരിശോധനയിലൂടെയോ രക്തപരിശോധനയിലൂടെ തിരിച്ചറിയാം. ഹോ ർമോൺ തെറാപ്പിയിലൂടെ പരിഹരിക്കാം.

∙ ലൈംഗികാവയവത്തിന്റെ പ്രശ്നങ്ങൾ വന്ധ്യത വരുത്താം. ലൈംഗിക ബന്ധത്തിന് സാധ്യമല്ലാത്ത വിധം ലിംഗത്തിന് വളവുണ്ടായിരിക്കുക, ഉദ്ധരിക്കാതിരിക്കുക, മൂത്രനാളി ലിംഗത്തിനു ചുവട്ടിൽ തുറക്കുന്നതിനാൽ ശുക്ലനാളിയിൽ നിന്നും സ്ഖലനത്തിലൂടെ ബീജം വേണ്ട വിധത്തിൽ പുറത്തു വരാതിരിക്കുക തുടങ്ങിയ അവയവ പ്രശ്നങ്ങൾ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകും

∙ വൃഷണത്തിന് ഏതെങ്കിലും വിധത്തിൽ ആഘാതമേറ്റിട്ടുള്ളവർക്ക് വന്ധ്യതാ സാധ്യത ഉണ്ട്. വൃഷണങ്ങളിലെ രക്തധമനികൾ (Veins) തടിക്കുന്ന വെരിക്കോസിൽ രോഗത്തിന് ശസ്ത്രക്രിയ ചെയ്തവർ, അപകടങ്ങൾക്ക് ഇരയായവർ, വൃഷണങ്ങളിൽ അണുബാധയുണ്ടായിട്ടുള്ളവർ ഇ വർക്ക് വന്ധ്യതാ സാധ്യത കൂടും.   

∙ ഉദ്ധാരണത്തിനുള്ള പ്രയാസം, സംഭോഗത്തിന് മുൻപ് സ്ഖലനം, സ്ഖലനം സംഭവിക്കാത്ത അവസ്ഥ, എന്നിവയെ ലൈംഗിക കാരണങ്ങൾ എന്നു പറയാം. പ്രമേഹം ഉ ള്ളവർക്കും രക്താതിസമ്മർദത്തിനു മരുന്നു കഴിക്കുന്നവർക്കും ലൈംഗിക അവയവങ്ങളിൽ ശസ്ത്രക്രിയകൾ ചെയ്യേണ്ടി വന്നിട്ടുള്ളതു മൂലമോ ഈ പ്രശ്നങ്ങൾ ഉണ്ടാകാം.

∙ ഉത്ക്കണ്ഠ, ഭയം, വിഷാദം എന്നിവ മൂലം ശീഘ്രസ്ഖലനം, ലൈംഗികബന്ധത്തിനു മുൻപു സ്ഖലനം എന്നീ ലൈംഗിക പ്രശ്നങ്ങൾ പുരുഷന്മാർക്ക് ഉണ്ടാകാറുണ്ട്. ഇതു കൗൺസലിങ്ങും ഔഷധ ചികിത്സയും കൊണ്ടു മാറ്റിയെടുക്കാനാകും.

∙ സ്ത്രീക്കും പുരുഷനും ഇപ്പറഞ്ഞ കാരണങ്ങളൊന്നും ഇല്ലാതെയും വന്ധ്യത അനുഭവിക്കേണ്ടി വരാറുണ്ട്. അതിനെ വിശദീകരിക്കാനാകാത്ത കാരണങ്ങളാലുള്ള വന്ധ്യത (unexplained infertility) എന്നു പറയുന്നു.

ചികിത്സകൾ അറിയാം

സ്ത്രീക്കും പുരുഷനും ഉള്ള പ്രശ്നങ്ങൾ പരിഹരിച്ച ശേഷവും സ്വാഭാവിക ഗർഭധാരണം സാധ്യമല്ലാതെ വന്നാൽ കൃത്രിമ ഗർഭധാരണ ചികിത്സകൾ  അവലംബിക്കേണ്ടി വരും. അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നിക്ക് (ART) എന്നാണ് ഈ ചികിത്സയുടെ പേര്. പ്രധാനപ്പെട്ട ART ചികിത്സകൾ ഇവയാണ്.

ഇൻട്രാ യൂട്ടറൈൻ ഇൻസെമിനേഷൻ(IUI)

അണ്ഡോത്പാദനം നടക്കുന്ന സമയത്തു ലാബിൽ വേർതിരിച്ചെടുത്ത ഗുണനിലവാരമുള്ള ബീജം ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് ഇൻട്രാ യൂട്ടറൈൻ ഇൻസെമിനേഷൻ. ഗർഭാശയത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചശേഷവും സ്വാഭാവിക ഗർഭധാരണം നടക്കാത്തവരിലും സ്ഖലനത്തിൽ ബീജത്തിന്റെ എണ്ണം കുറവുള്ളവരിലും ബീജത്തിനു ചലനശേഷിക്കുറവുള്ളവരിലും ഗർഭാശയത്തിനകത്ത് ബീജത്തിന്റെ പ്രവർത്തനം കുറഞ്ഞു പോകുന്നവരിലും ഈ ചികിത്സ ഗുണകരമാകും. ചെറിയ ട്യൂബ് വഴിയാണു ബീജത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്.

ഇൻവിട്രോ ഫെർട്ടിലൈസേഷൻ (IVF)

പ്രത്യേകം സജ്ജീകരിച്ച ഐവിഎഫ് ലാബിൽ അണ്ഡവും ബീജവും സങ്കലനം നടത്തി ഭ്രൂണത്തെ ഗർഭാശയത്തിലേക്കു നിക്ഷേപിക്കുന്ന ചികിത്സാ രീതിയാണിത്. IUI കൊണ്ടു ഗർഭധാരണം നടക്കാത്തവർക്ക് അടുത്ത പടിയായി സ്വീകരിക്കാവുന്ന ചികിത്സയാണിത്. ഒവേറിയൻ റിസർവ് കുറവുള്ള സ്ത്രീകൾ, അണ്ഡത്തിനു ഗുണനിലവാരം കുറവുള്ളവർ, ബീജത്തിന്റെ എണ്ണം കുറവുള്ളവർ എന്നിവരിൽ വിജയസാധ്യതയുള്ള ചികിത്സയാണ്. നിക്ഷേപിക്കപ്പെട്ട ഭ്രൂണം ആരോഗ്യത്തോടെ വളരുന്നതിനായി  ഹോർമോൺ ചികിത്സയും ചെയ്യേണ്ടി വരും.

ഇൻഫെർട്ടിലിറ്റി മരുന്നുകൾ

അണ്ഡോത്പാദന വൈകല്യങ്ങൾക്കും ബീജോത്പാദനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മരുന്നുകൾ ഉപയോഗിച്ച് ചികിത്സ ചെയ്യാനാകും. പിസിഒസ്, എൻഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ ചികിത്സ വേണ്ടി വരാം. ഐയുഐ, ഐവിഎഫ് വിജയ സാധ്യത കൂട്ടുന്നതിന് ഇൻഫെർട്ടിലിറ്റി മരുന്നു ചികിത്സയും ഹോർമോൺ കുത്തിവയ്പ്പും കൂടി വേണ്ടി വരാം.

തലവേദന, ഓക്കാനം, സ്തനങ്ങളുടെ ഭാരം കൂടുക, മൂ ഡ് മാറ്റങ്ങൾ, അമിത വണ്ണം  എന്നിവയുണ്ടാകാം. മരുന്നുകളും ഇൻജക്ഷനുകളും അണ്ഡോത്പാദനം കൂട്ടുന്നതിനാൽ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കൂടും.

ഇക്സി

ഇക്സി അഥവാ ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ വേർതിരിച്ചെടുത്ത ഗുണമുള്ള ബീജങ്ങളെ ഇക്സി മെഷീൻ ഉപയോഗിച്ച് അണ്ഡത്തിലേക്കു സന്നിവേശിപ്പിച്ചു ഭ്രൂണമാക്കിയെടുക്കുന്ന ചികിത്സയാണ്. വളരെക്കുറച്ച് കൗണ്ട് ഉള്ളവർക്ക് പോലും ഫലപ്രദമാണ്.

ബീജത്തിന് ചലനശേഷി കുറവ്, അസ്വാഭാവികമായ ആകൃതി, ബീജ സംഖ്യയിൽ വളരെയധികം കുറവ്, വൃഷണങ്ങളിൽ നിന്ന് ബീജം കുത്തിയെടുക്കേണ്ടി വരുന്ന അവസ്ഥ ഐവിഎഫ് പരാജയപ്പെടുന്ന അവസ്ഥ എന്നീ അവസരങ്ങളിൽ ഇക്സി ചികിത്സ ഫലപ്രദമാകും.

സർജിക്കൽ സ്പേം റിട്രീവൽ

ബീജങ്ങൾ വൃഷണങ്ങളിൽ നിന്നോ എപ്പിഡിഡിമസിൽ നിന്നോ കുത്തിയെടുക്കുന്ന രീതിയാണ് സർജിക്കൽ സ്പേം റിട്രീവൽ. ഇങ്ങനെ ലഭിക്കുന്ന ബീജങ്ങളെ ഇക്സിയിലൂടെയാണു ഭ്രൂണമാക്കി മാറ്റി ഗർഭത്തിൽ നിക്ഷേപിക്കുന്നത്. ബീജത്തെ സ്ഖലനത്തിൽ ശ്രവിപ്പിക്കാൻ കഴിയാത്ത അവസ്ഥയുള്ളവർക്ക് ഈ ചികിത്സ ഫലപ്രദമാണ്. ബീജവാഹിനിക്കുഴൽ ഇല്ലാതിരിക്കുക, ബീജവാഹിനിക്കുഴലിൽ തടസ്സമുണ്ടാകുക, വൃഷണ സംബന്ധമായ തകരാറുകൾ ഇവയ്ക്കെല്ലാം പരിഹാരമാണിത്.

എംബ്രിയോ ഫ്രീസിങ്

ഇക്സി പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഒന്നിലധികം നല്ല ഭ്രൂണങ്ങളെ തയാറാക്കിയെടുക്കാറുണ്ട്. ഇവയെ ശീതീകരിച്ചു സൂക്ഷിച്ചു വയ്ക്കുന്നതാണ് എംബ്രിയോ ഫ്രീസിങ്. ആദ്യ ഭ്രൂണം ഗർഭത്തിൽ വളരുന്നതിൽ പരാജയപ്പെട്ടാലോ രണ്ടാമതായി മറ്റൊരു കുട്ടി കൂടി വേണ്ടി  വരുമ്പോഴോ വീണ്ടും ഐവിഎഫ്/ ഇക്സി ചെയ്യാതെ തന്നെ ഗർഭിണിയാകാം എന്നതാണ് പ്രയോജനം.

Tags:
  • Health Tips
  • Glam Up