Monday 06 March 2023 11:57 AM IST : By സ്വന്തം ലേഖകൻ

‘മലത്തിൽ രക്തം, അതിയായ വയറിളക്കവും ഛർദിയും ക്ഷീണവും ശ്രദ്ധിക്കാം’; വേനൽ കടുക്കുന്നു, കരുതിയിരിക്കാം ജലജന്യ രോഗങ്ങളെ...

sttt65577h

വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങളായ ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പുറത്തു നിന്നുള്ള ഭക്ഷണം, ശീതളപാനീയങ്ങൾ, വിവാഹം തുടങ്ങിയ ചടങ്ങുകൾക്കു നൽകുന്ന വെൽക്കം ഡ്രിങ്കുകൾ, തിളച്ച വെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്തു കുടിക്കുന്ന ശീലം, ശുചിത്വക്കുറവ് തുടങ്ങിയവ ജലജന്യരോഗങ്ങൾ പിടിപെടാൻ കാരണമാകും.

വയറിളക്കത്തിനു ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് തയാറാക്കിയ നാരങ്ങാവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഒരു ഗ്ലാസിന് ഒരു സ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും എന്ന കണക്കിൽ ചേർത്ത പാനീയവും നൽകാം. 

കുട്ടികൾക്ക് അര മണിക്കൂർ ഇടവിട്ട് ആവശ്യത്തിനും മുതിർന്നവർക്ക് ഓരോ ഗ്ലാസ് വീതവും നൽകണം. മലത്തിൽ രക്തം കാണുക, അതിയായ വയറിളക്കവും ഛർദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം, തുടങ്ങിയവ ഉണ്ടായാൽ പാനീയ ചികിത്സ തുടരുകയും അടിയന്തര ചികിത്സ തേടുകയും വേണം.

പ്രതിരോധ മാർഗങ്ങൾ‌

∙ ചടങ്ങുകളിലെ വെൽക്കം ഡ്രിങ്ക് ശുദ്ധമായ വെള്ളവും ഐസും ഉപയോഗിച്ചാണ് തയാറാക്കുന്നതെന്ന് ഉറപ്പാക്കണം.

∙ പച്ചവെള്ളം കുടിക്കരുത്. നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

∙ തിളച്ച വെള്ളത്തിൽ പച്ചവെള്ളം കൂട്ടിക്കലർത്തി ഉപയോഗിക്കരുത്.

∙ പുറമേ നിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക, കയ്യിൽ കുടിവെള്ളം കരുതുക.

∙ കിണർ വെള്ളം പതിവായി ക്ലോറിനേറ്റ് ചെയ്യുക.

∙ ആഹാരസാധനങ്ങൾ പാകം ചെയ്തു ചൂടോടെ കഴിക്കുക

∙ പഴകിയ ഭക്ഷണം കഴിക്കരുത്.

∙ ഈച്ച കടക്കാതെ ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക.

∙ ആഹാരത്തിനു മുൻപും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും രോഗീപരിചരണത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.

Tags:
  • Health Tips
  • Glam Up