Thursday 23 February 2023 03:00 PM IST : By ഡോ. അരുൺ ഉമ്മൻ

‘ഞരമ്പിലൂടെ ബുള്ളറ്റു പായും കണക്കെ പെട്ടെന്നുള്ള ഷോക്ക്, സൂചി കുത്തും പോലുള്ള വേദന’; 10 തരം നാഡീസംബന്ധമായ വേദനകളെ തിരിച്ചറിയാം

pain-drarunooo2

നാഡീസംബന്ധമായ വേദനകൾ തിരിച്ചറിയാതെ ചികിത്സ വൈകുന്നത് ഗുരുതരമായ അപകടമാകാം...

കാലിലും കയ്യിലും സൂചികൊണ്ടു കുത്തും പോലുള്ള വേദന, ചിലപ്പോൾ തീപ്പൊള്ളൽ പോലെ, മറ്റു ചിലപ്പോൾ ഞരമ്പിലൂടെ ബുള്ളറ്റു പായും കണക്കെ പെട്ടെന്നുള്ള ഷോക്ക്, ഇതൊന്നുമല്ലെങ്കിൽ കയ്യോ കാലോ മരവിക്കും പോലെ... ഇതു പോലുള്ള വേദനകൾ പല ർക്കും ഉണ്ടാകും. മിക്കവരും അത്ര കാര്യമാക്കാറില്ലെങ്കിലും പ ലപ്പോഴും ഗുരുതരമായി അപകടം ആയേക്കാവുന്ന നാഡീസംബന്ധമായ (ന്യൂറോളജിക്കൽ) വേദനയുടെ ആദ്യലക്ഷണങ്ങളാണിത്. ഇതു മനസ്സിലാക്കാതെ വേദനസംഹാരികളിലോ താത്കാലിക പ്രതിവിധികളിലോ ആശ്രയം തേടാറുമുണ്ട്.

ന്യൂറോളജിക്കൽ വേദനകൾക്ക് പല കാരണങ്ങളുണ്ട്. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടിയില്ലെങ്കിൽ സ്പർശനശേഷിയും ചലനശേഷിയും വരെ നഷ്ടപ്പെട്ടേക്കാം. നാഡീസംബന്ധമായ 10 തരം വേദനകളെ തിരിച്ചറിയാൻ ഇനി വൈകേണ്ടതില്ല.

പൊള്ളുന്നതു പോലെ

കയ്യിലോ കാലിലോ പെട്ടെന്നു തീപ്പൊള്ളൽ ഏറ്റതു പോലെ തോന്നാറില്ലേ. ആ ഭാഗത്തിന്റെ സ്പർശനശേഷി നഷ്ടപ്പെട്ടതു പോലെയും അനുഭവപ്പെടാം. പൊള്ളുന്നതു പോലെയോ ഇലക്ട്രിക് ഷോക് ഏൽക്കുന്നതു പോലെയോ ഉള്ള ഈ വേദനയാണ് ‘പെരിഫെറൽ ന്യൂറോപ്പതി’ എന്നറിയപ്പെടുന്നത്.

മറ്റൊരു ശാരീരിക ലക്ഷണവുമില്ലാതെ പെട്ടെന്നാകും ഈ വേദന വരിക. ചിലർക്കെങ്കിലും ഷോക്കും മരവിപ്പും കുറച്ചുസമയം നീണ്ടുനിൽക്കാം. കാലിലാണ് സാധാരണയായി ഈ ഷോക്ക് അനുഭവപ്പെടാറുള്ളത്. പതിയെ തുടങ്ങിയ ശേഷം പിന്നീടു പൊള്ളുന്ന പോലുള്ള അനുഭവം തീവ്രമായി മാറും.

അനിയന്ത്രിതമായ പ്രമേഹമുള്ളവർക്കും ചില കീമോ തെറപി മരുന്നുകൾ ഉപയോഗിക്കുന്നവർക്കും വൈറ്റമിൻ ബി12ന്റെ കുറവുള്ളവർക്കും ‘പെരിഫെറൽ ന്യൂറോപ്പതി’ വരാം. എച്ച്ഐവി ബാധിതരിലും ഈ വേദന കാണാം. ചി ലപ്പോഴെങ്കിലും ‘പെരിഫെറൽ ന്യൂറോപ്പതി’യുടെ കാരണം അജ്ഞാതമായി ഇരിക്കും.

ക്ലിനിക്കൽ പരിശോധനയിലൂടെ (നെർവ് കണ്ടക്‌ഷൻ സ്റ്റഡി) നാഡികളുടെ തകരാറുകളും നാശവും കണ്ടുപിടിക്കാനാകും. അതിനു ശേഷമാണ് ചികിത്സ തിരഞ്ഞെടുക്കുക.

മിക്കവരിലും ആന്റി ഡിപ്രസന്റ് മരുന്നുകളോ അപസ്മാര ചികിത്സയ്ക്കുള്ള മരുന്നുകളോ ഫലപ്രദമാകും. ചിലപ്പോഴെങ്കിലും ഈ പ്രശ്നം വർഷങ്ങളോളം നീണ്ടുനിൽക്കുന്നതോ ചികിത്സിക്കാൻ വളരെ പ്രയാസമുള്ളതോ ആകാം.

മിന്നൽപിണര്‍ കണക്കെ

കയ്യിലോ കാലിലോ ചിലപ്പോഴൊക്കെ മിന്നലുപോലെ തൊടുത്തുവിടുന്ന വേദന അനുഭവപ്പെടാറില്ലേ. അതിതീവ്രവും തുളച്ചുകയറുന്നതുമായ ഈ വേദന മുന്നോട്ട് ആ യുമ്പോഴും മറ്റും കൂടാറുമുണ്ട്.  

നാഡീപാതയിലൂടെ തൊടുത്തുവിടുന്നതുപോലെ അ നുഭവപ്പെടുന്ന ഇതിനെ ‘റാഡിക്കുലാർ വേദന’ എന്നാണു വിളിക്കുന്നത്. ഡിസ്ക് തകരാർ മൂലം നാഡികൾക്കുണ്ടാകുന്ന അസ്വസ്ഥതകളാണ് ഈ വേദനയ്ക്കു പ്രധാന കാരണം. എന്തെങ്കിലും ജോലികൾ ചെയ്യുമ്പോഴോ, ഡിസ്ക് തകരാർ മൂലമുള്ള വീക്കം കാരണമോ ഇതു വരാം. നീണ്ടുനിൽക്കുന്ന ഈ അസ്വസ്ഥത ഞരമ്പുകളെ ‘ഹൈപ്പർ സെൻസിറ്റീവ്’ ആക്കി മാറ്റും. അതായത് തീരെ ചെറിയ പ്രകോപനങ്ങൾ കൊണ്ടുപോലും വേദന ആരംഭിക്കാവുന്ന അവസ്ഥ. ഇതു നാഡീവേരുകളിൽ (റാഡിക്കുലാർ) അതിതീവ്രമായ വേദന സൃഷ്ടിക്കും.

കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്കും ദീർഘനേരം എഴുതുന്നവർക്കും ചെറുവിരലിൽ ഇതുപോലെയുള്ള വേദന അനുഭവപ്പെടാം. തുടർച്ചയായി എഴുതുമ്പോഴും കംപ്യൂട്ടറോ മൗസോ ഉപയോഗിക്കുമ്പോഴും കൈമുട്ടിനോടു ചേർന്നുള്ള അൾനാർ നാഡി അമരുന്നതാണ് ഇതിനു കാരണം.

രോഗം ബാധിച്ച നാഡി, ന്യൂറോളജിക്കൽ പരിശോധനയിലൂടെ തിരിച്ചറിയാം. പരുക്കുള്ള (പുറത്തേക്കു ചാടിയ) ഡിസ്ക് തിരിച്ചറിയാൻ എംആർഐ പരിശോധന നടത്താം. ആന്റി ഡിപ്രസന്റ് മരുന്നുകളോ അപസ്മാര ചികിത്സയ്ക്കുള്ള മരുന്നുകളോ മിക്കവർക്കും ഫലപ്രദമാകും. എപ്പിഡ്യൂറൽ സ്റ്റിറോയ്ഡ് കുത്തിവയ്പും ഫിസിയൊതെറപിയും ഫലപ്രദമാണ്. അനിയന്ത്രിതമായ സാഹചര്യങ്ങളിൽ ശസ്ത്രക്രിയയും വേണ്ടിവരും.

സൂചി കുത്തും പോലെ

കൈപ്പത്തിയിൽ ഇലക്ട്രിക് ഷോക് പോലെയോ സൂ ചി കൊണ്ടു കുത്തുന്നതു പോലെയോ തോന്നുന്ന തരം വേദനയാണിത്. ചിലപ്പോൾ കൈകൾക്കു ശോഷിപ്പു പോലെയും വരാം. കയ്യിലേക്കു സംവേദനങ്ങൾ (Sensations) എത്തിക്കുന്ന മീഡിയൻ നെർവ് മണിബന്ധത്തിലെ ഒരു ടണലിലൂടെയാണു പ്രവേശിക്കുന്നത്. ഈ ടണലിന്റെ പേരാണു കാർപൽ ടണൽ.

ഈ ടണലിൽ സമ്മർദമേൽക്കുമ്പോൾ നീർക്കെട്ടുണ്ടാക്കും. ഈ നീർക്കെട്ടു കാരണം മീഡിയൻ ഞരമ്പു െഞരുങ്ങും. ഇ താണു കയ്യിലെ വേദനയ്ക്കു കാരണം. തള്ളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരലിന്റെ പകുതി എന്നിവിടങ്ങളിലേക്കാണു മീഡിയൻ ഞരമ്പുവഴി സംവേദനങ്ങൾ എത്തുക. സമ്മർദമുണ്ടാകുമ്പോൾ ഈ വിരലുകൾക്കാണ് വേദനയും ബുദ്ധിമുട്ടും വരുക.

കൈത്തണ്ടയെ കൃത്യസ്ഥാനത്തു നിർത്തുന്ന റിസ്റ്റ് സ്പ്ലിന്റ് ഇടുന്നത് കൈവേ ദനയ്ക്കു ആശ്വാസം നൽകിയേക്കാം. അതല്ലെങ്കിൽ മരുന്നുകൾ കഴിക്കാം. നാഡീഞെരുക്കത്തിനു കാരണമാകുന്ന നീർക്കെട്ട് കുറയ്ക്കാനുള്ള ഇൻജക്‌‌ഷനുമുണ്ട്. ഇവ കൊണ്ടൊന്നും പരിഹരിക്കാനാകാത്ത പ്രശ്നമാണെങ്കി ൽ ശസ്ത്രക്രിയ വേണ്ടിവരും.

ഫാന്റം ലിംബ്

കാൽ മുറിച്ചുമാറ്റിയവർക്ക് ആ കാൽ അവിടെ തന്നെ ഉണ്ടെന്നു തോന്നുന്നത് സ്വാഭാവികം. എന്നാൽ മുറിച്ച കാലിനു വേദന തോന്നിയാലോ. ആ അവസ്ഥയാണ് ഫാന്റം ലിബ്. മുറിച്ചു മാറ്റിയ ശേഷവും കാൽ ഉള്ളതു പോലെ തോന്നുന്നതു കൊണ്ടാണ് ഈ പേരു കിട്ടിയത്. ഇല്ലാത്ത കാലിൽ അനുഭവപ്പെടുന്ന കഠിനമായ വേദന, പുകച്ചിൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കാൽ മുറിച്ച 90 ശതമാനം രോഗികളിലും ഈ അവസ്ഥ വരാറുണ്ടെങ്കിലും കാലക്രമേണ വേദന കുറയുന്നതാണ് പതിവ്. വേദന കുറവില്ലെങ്കിൽ ചികിത്സ വേണം.

കാൽ മുറിക്കുമ്പോൾ ഛേദിക്കപ്പെട്ട നാഡിയുടെ അറ്റത്തു സ്ഥാപിക്കുന്ന ടെൻസ് (TENS- Transcutaneous Electric Nerve Stimulation) വഴി നൽകുന്ന നാഡീ ഉത്തേജനവും ഞരമ്പിലെ ബ്ലോക് തെറാപി ചികിത്സയുമാണ് ചെയ്യേണ്ടത്. സുഷുമ്ന നാഡി സ്റ്റിമുലേറ്ററുകൾ, സിംപതറ്റിക് നാഡി ബ്ലോക്കുകൾ എന്നിവയും ഗുണം ചെയ്യും. ഇല്ലാത്ത അവയവത്തെ ചികിത്സിക്കുന്നതിനു മനഃശാസ്ത്ര സമീപനവും വേണം. മാനസിക പരിചരണം ഉൾപ്പെടുത്തിയ വേദന ചികിത്സയിലെ മൾട്ടിമോഡൽ സമീപനമാണ് മിറർ ബോക്സ് മാനിപുലേഷൻ. ഫാന്റം ലിംബ് രോഗികളിൽ ഇതും വേണ്ടിവരും.

മദ്യമെന്ന വില്ലൻ

തലച്ചോറിൽ നിന്നുള്ള സിഗ്‌നലുകൾ ശരീരത്തിലേക്കു വ്യാപിപ്പിക്കുന്ന പെരിഫെറൽ ഞരമ്പുകൾക്കു അമിതമായ മദ്യപാനം മൂലം നാശം സംഭവിക്കുന്നു. സിഗ്‌നലുകൾ ലഭിക്കാതിരുന്നാൽ സിസ്റ്റം തകരാറിലാകുന്നതു പോലെ തന്നെയാണ് മനുഷ്യരുടെ കാര്യവും. ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാകും, കൈകാലുകളിൽ മരവിപ്പും വേദനയുമൊക്കെ വരും. ഇതിനെയാണ് ‘ആൽക്കഹോൾ ഇൻഡ്യൂസ്ഡ് ന്യൂറോപ്പതി’ എന്നു വിളിക്കുന്നത്.

നാഡികളുടെ ശരിയായ പ്രവർത്തനത്തിനു തയാമിൻ, ഫോളേറ്റ്, നിയാസിൻ, വൈറ്റമിൻ ബി6, ബി12, ഇ എന്നിവ ആവശ്യമാണ്. അമിതമായി മദ്യപിക്കുന്നവർക്ക് ഈ പോഷകങ്ങൾ കുറയുമ്പോൾ നാഡികളുടെ പ്രവർത്തനം തകരാറിലാകും. കുടലിലെയും മൂത്രസഞ്ചിയിലെയും പ്രശ്നങ്ങൾ, ബലഹീനത, മറ്റു ലൈംഗിക പ്രശ്നങ്ങൾ എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.

മദ്യപാനം ഒഴിവാക്കുക എന്നതാണ് രോഗചികിത്സയിൽ പ്രധാനം. ഇതു രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, രോഗലക്ഷണങ്ങൾ കുറയുകയും ചെയ്യും. വൈറ്റമിൻ സപ്ലിമെന്റുകൾ നാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഒപ്പം മരുന്നും നൽകാം.

വൈറസ് ആക്രമണം കൊണ്ടും

നെഞ്ചിലോ വയറിലോ കത്തുന്നതു പോലെയുള്ള വേദനയാണ് ഇതിന്റെ ലക്ഷണം. ചിലപ്പോൾ വിട്ടുമാറാത്ത വേദനയും വരാം. ഇതൊരു വൈറസ് രോഗമാണ്. സുഷുമ്ന നാഡിയിലെ ഞരമ്പുകളിലാണ് ഹെർപസ് സോസ്റ്റർ അണുബാധ ഉണ്ടാകുന്നത്. ഈ അണുബാധയ്ക്കു ശേ ഷമാണ് വേദന അനുഭവപ്പെടുന്നത്. അതിനാലാണ് ഇതിനെ ‘പോസ്റ്റ് ഹെർപെറ്റിക് ന്യൂറൽജിയ’ എന്നു വിളിക്കുന്നത്. സുഷുമ്ന നാഡിയിലെ വൈറസിന്റെ പ്രവർത്തനം മൂലമാണ് വൈദ്യുതാഘാതം പോലെ വേദന ആരംഭിക്കുന്നത്. ചിലപ്പോൾ കുമിളകൾ പോലെയും വരാം.

പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ഇതു കൂടുതലായും സംഭവിക്കുക. ഹെർപസ് അസുഖം ആരംഭിക്കുന്ന സമയത്തു തന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിരോധം. ആന്റിവൈറൽ മരുന്നുകളാകും ഫലപ്രദം. നട്ടെല്ലിലേക്കുള്ള എപ്പിഡ്യൂറൽ ഇൻജക്‌ഷൻ, ഒട്ടിച്ചുവയ്ക്കാവുന്ന ലിഗ്‌നോകെയിൻ പാച്ചുകൾ എന്നിവയും നൽകാം. സങ്കീർണമായ കേസുകളിൽ സുഷുമ്ന നാഡി സ്റ്റിമുലേറ്ററുകളും നൽകാറുണ്ട്.

തരിപ്പ്, മരവിപ്പ്, വേദന

തുടയുടെ മുകൾഭാഗത്ത് അനുഭവപ്പെടുന്ന തരിപ്പ്, മരവിപ്പ്, തീക്ഷ്ണമായ വേദന തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഗർഭാവസ്ഥ, അടിവയറ്റിലെ ട്യൂമറുകൾ, അമിതവണ്ണം എന്നിവയുള്ളവരിലാണ് ഇത് അനുഭവപ്പെടുക. ലിവർ സിറോസിസോ കഠിനമായ കരൾരോഗമോ കാരണം വയറിനുള്ളിൽ വെള്ളം കെട്ടുന്ന അ വസ്ഥയുള്ളവർക്കും ഈ രോഗം വരാം. ഈ അവസ്ഥയാണ് ‘മെറാൾജിയ പാരസ്തെറ്റിക്ക’.

കാലിന്റെ മുകൾഭാഗത്തേക്ക് സംവേദനങ്ങൾ എ ത്തിക്കുന്ന നാഡിയിൽ സമ്മർദമേൽക്കുന്നതാണ് ഇതിനു കാരണം. മിക്കവരിലും ഈ നാഡി തടസ്സമൊന്നുമില്ലാതെ മുകളിലേക്കു കടന്നുപോകും. എന്നാൽ രോഗാവസ്ഥയിൽ ഉള്ളവരുടെ ഇടുപ്പിനു താഴെ നാഡി കുടുങ്ങിപ്പോകുന്നു. ഇവർക്ക് നടുവേദനയോ കാൽമുട്ടു വേദനയോ അനുഭവപ്പെടാറുമില്ല.

നെർവ് കണ്ടക്‌ഷൻ സ്റ്റഡിയിലൂടെ നാഡികളുടെ തകരാറും നാശവും കണ്ടുപിടിക്കാം. സ്റ്റിറോയിഡുകളോ മറ്റു മരുന്നുകളോ നൽകി നാഡിയുടെ തടസ്സം പരിഹരിക്കുന്നതാണ് ചികിത്സാരീതി. ഫിസിയോതെറപിയും നല്ലതാണ്. ഗർഭാവസ്ഥയിലുണ്ടാകുന്ന ‘മെറാൾജിയ പാരസ്തെറ്റിക്ക’ പ്രസവശേഷം കുറയും.

നടക്കുമ്പോൾ ബുദ്ധിമുട്ട്

പുറംഭാഗം, നിതംബം, കാലുകൾ എന്നിവിടങ്ങളിൽ അനു ഭവപ്പെടുന്ന വേദനയും തരിപ്പുമാണ് ഇതിന്റെ പ്രധാന ല ക്ഷണം. നടക്കുമ്പോഴും മറ്റും ഉണ്ടാകുന്ന വേദനയ്ക്ക് വിശ്രമത്തിലൂടെ ആശ്വാസം കിട്ടുമെങ്കിലും വീണ്ടും നടന്നാൽ വേദനയും വരും.

ശരീരത്തിന്റെ ഇരുവശങ്ങളെയും ഒരുപോലെ ബാധിക്കുന്ന തരത്തിലാണ് വേദന വരിക. ചിലർക്ക് പുറത്താണ് അതിതീവ്ര വേദന തോന്നുക. ഈ അവസ്ഥയെയാണ് ന്യൂറോജനിക് ക്ലോഡിക്കഷൻ എന്നു വിളിക്കുന്നത്.

നട്ടെല്ലിന്റെ തേയ്മാനം പോലുള്ള തകരാറുകൾ മൂലം സുഷുമ്ന നാഡി കടന്നുപോകുന്ന കനാലിനു സമ്മർദം അനുഭവപ്പെടും. തേയ്മാനം മൂലം കനാലിന്റെ വ്യാസം കുറയുന്നത് ഇതുവഴി കടന്നുപോകുന്ന സുഷുമ്ന നാഡിയിലും ഞരമ്പുകളിലും സമ്മർദമേൽപ്പിക്കും.

ഇതിനെ ‘സ്പൈനൽ കനാൽ സ്റ്റെനോസിസ്’ എന്നാണു വിളിക്കുന്നത്. ഇതിന്റെ ഫലമായി സ്പൈനൽ കനാലിന്റെ അസ്ഥിബന്ധങ്ങൾക്കു കട്ടി കൂടാം. ഡിസ്ക് തകരാ   റോ മറ്റോ സംഭവിക്കുമ്പോഴാണ് ഇതു കഠിനവേദനയായി മാറുന്നത്. മരുന്നുകൾ കഴിക്കാമെങ്കിലും കഠിനമായ വേദ ന പരിഹരിക്കുന്നതിനു ശസ്ത്രക്രിയ വേണ്ടിവരും.

റേഡിയോ തെറപ്പിക്കു ശേഷം

റേഡിയേഷൻ ചികിത്സയ്ക്കു ശേഷം ആ ഭാഗത്തു ക ത്തുന്നതു പോലുള്ള തീവ്രമായ വേദനയും തരിപ്പും ബ ലക്കുറവുമൊക്കെ അനുഭവപ്പെടുന്ന അവസ്ഥയാണിത്. സാവധാനം ആരംഭിച്ച് കഠിനമാകുന്ന ഈ വേദന ചിലരിലെങ്കിലും വർഷങ്ങളോളം നീണ്ടുനിൽക്കാം. റേഡിയേഷൻ സ്വീകരിക്കുന്ന ഭാഗത്തെ ചെറിയ രക്തക്കുഴലുകളുടെ തകരാറോ തടിപ്പോ (ഫൈബ്രോസിസ്) ആകാം കാരണം. റേഡിയേഷൻ ചികിത്സ നടത്തിയ ശേഷം 30 വർഷം കഴിഞ്ഞുവരെ രോഗലക്ഷണങ്ങ ൾ പ്രകടമായിട്ടുള്ള കേസുകളുണ്ട്.

എംആർഐ പരിശോധന, നെർവ് കണ്ടക്‌ഷൻ സ്റ്റഡി, ഇഎംജി (ഇലക്ട്രോമയോഗ്രാഫി) എന്നിവയിലൂടെ രോഗനിർണയം നടത്താം. മരുന്നു കൊണ്ടു രോഗം മാറ്റാമെങ്കിലും ചിലപ്പോൾ വർഷങ്ങളോളം ചികിത്സ വേണ്ടി വരും. ഈ രോഗാവസ്ഥ വരാതെ തടയുന്നതിനെ കുറിച്ചും മറ്റും  ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

ഏറ്റവും കഠിന വേദന

മുഖത്തിന്റെ ഒരു വശത്തായാണ് ഈ വേദന അനുഭവപ്പെടുക. മൂക്കിനു ചുറ്റുമുള്ള ഭാഗത്തെയും കണ്ണുകൾക്കു മുകളിലും താടിയെല്ലിലും നെറ്റിയിലും കവിളിലേക്കുമൊക്കെ ഈ വേദന വരാം. തണുത്ത വെള്ളം കുടിക്കുമ്പോഴോ, കാറ്റേറ്റാലോ, ഭക്ഷണം ചവയ്ക്കുമ്പോഴോ ഒക്കെയാകും മിക്കവാറും ഈ വേദന ആരംഭിക്കുന്നത്.

ഒരു ഭാഗത്തുനിന്നു തുടങ്ങി ഇലക്ട്രിക് ഷോക് പോലെ മുഖത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്ന ഇതിനെ വിളിക്കുന്നതു തന്നെ നാഡീസംബന്ധമായ ഏറ്റവും കഠിനമായ വേദനയെന്നാണ്. അത്ര കഠിനമായ ഈ വേദന സഹിക്കാതെ ചിലപ്പോൾ ആത്മഹത്യ ചെയ്യണമെന്നു വരെ തോന്നാം. അത്രയ്ക്ക് കഠിനമാണ് ഈ വേദന ശരീരത്തിൽ ഏൽപിക്കുന്ന ആഘാതം.

മുഖത്തെ ട്രൈജെമിനൽ നാഡിയെയാണ് ഈ രോഗാവസ്ഥ ബാധിക്കുന്നത്. തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലും ട്രൈജെമിനൽ നാഡിയും തമ്മിൽ സമ്പർക്കത്തിൽ വരുന്നതാണ് ഇതിന്റെ കാരണം.

ഇത്തരത്തിൽ ട്രൈജെമിനൽ നാഡിക്കു സമ്മർദമേൽപ്പിക്കുമ്പോഴാണ് വേദന (ട്രൈജെമിനൽ ന്യൂറൾജിയ) തുടങ്ങുക. ചിലപ്പോൾ മുഖത്തെ ഒരു സ്പർശനം പോലും ഇത്തരത്തിൽ സമ്മർദമാകാം.

രോഗനിർണയം നടത്താൻ ക്ലിനിക്കൽ പരിശോധനയും എംആർഐ പരിശോധനയും നടത്താം. മരുന്നുകളും നാഡിയിലേക്കുള്ള ഇൻജക്‌ഷനും കൊണ്ടു തന്നെ മിക്കവാറും രോഗം മാറും. സങ്കീർണമായ കേസുകളിൽ ട്രൈജെമിനൽ നാഡിയുമായി സമ്പർക്കത്തിൽ വരുന്ന രക്തക്കുഴലിനെ മാറ്റിസ്ഥാപിക്കാനോ നീക്കം ചെയ്യാനോ ശസ്ത്രക്രിയയും വേണ്ടിവരും.

കടപ്പാട്: ഡോ. അരുൺ ഉമ്മൻ, സീനിയർ കൺസൽറ്റന്റ് ന്യൂറോ സർജൻ, VPS ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി.

Tags:
  • Health Tips
  • Glam Up