Monday 22 April 2019 05:21 PM IST : By രാഖി റാസ്

അവൾ കുട്ടിയിൽ നിന്നു പെൺകുട്ടിയാവുകയാണ്; പറഞ്ഞു കൊടുക്കാം ഇക്കാര്യങ്ങൾ!

mom-with-girl

മകളുടെ ശാരീരിക മാറ്റങ്ങളുടെ ഓരോഘട്ടത്തിലും അമ്മ കൂടെയുണ്ടാവണം. അവൾക്കു വഴികാട്ടിയായി.

വയസ്സ് എട്ടായതേയുളളൂ അവൾ‌ക്ക് ചേച്ചിമാരുടെ പോലെയുളള ഷൂ വേണമത്രേ. ബർത്ത്ഡേക്ക് ഫ്രോക്ക് വേണ്ട ഗൗൺ മതി എന്നു തീരുമാനിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം എന്ന് തോന്നിത്തുടങ്ങിയോ നിങ്ങൾക്ക്? എങ്കിൽ ചില സ്വയം തയാറെടുപ്പുകൾക്കായി ഒരുങ്ങിക്കോളൂ.... അവൾ കുട്ടിയിൽ നിന്നു പെൺകുട്ടിയായി തുടങ്ങിയിരിക്കുന്നു.

ശാരീരിക വളർച്ച പല അമ്മമാരും പെൺകുട്ടികളും പല വിധത്തിലാണ് ഉൾക്കൊളളുന്നത്. ചിലർ സ്വാഭാവികമായി മാറ്റത്തെ സ്വീകരിക്കുമ്പോൾ ചിലർ പിരിമുറുക്കത്തിലാകുന്നു. പെൺകുട്ടികളുടെ ലൈംഗികമായ ശാരീരിക വളർച്ചയെ സ്വാഭാവികമായി കാണാൻ അമ്മയ്ക്ക് കഴിയണം. ശാരീരികമായ മാറ്റങ്ങളെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയും വേണം. കാലം അവളെ പെൺപൂവായി വിരിയിക്കുമ്പോൾ അവൾക്ക് കൂട്ടായി ഓരോ നിമിഷവും അമ്മ വേണം..... സ്വന്തം ശരീരത്തെ അറിയാനും സംരക്ഷിക്കാനും സ്നേഹിക്കാനും...

 അവൾ വളർന്നു തുടങ്ങിയോ ?

എട്ട്– ഒൻപതു വയസ്സുളള പെൺകുട്ടിയുടെ വളർച്ചയെക്കുറിച്ച് അമ്മയ്ക്ക് തീർച്ചയായും സംശയം ഉണ്ടാകും. ശരീരത്തിലെ ചെറിയ മാറ്റങ്ങൾ വളർച്ച ആണോ അല്ലയോ എന്ന് നിശ്ചയിക്കാൻ പ്രായാസം തോന്നാം. പെൺകുട്ടിയുടെ വളർച്ച ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായമാണ് എട്ടു വയസ്സ്. അതിനാൽ ഈ സമയത്തു കാണുന്ന മാറ്റങ്ങൾ വളർച്ചയുടേതു തന്നെ ആയിരിക്കും.

ഒൻപതു വയസ്സു മുതൽ പതിനൊന്നു വയസ്സു വരെയുളള സമയമാണ് പെൺകുട്ടികളുടെ ശരീര വളർച്ച തുടങ്ങുന്ന പ്രായം. ആഹാരം, കുടുംബ പശാചാത്തലം എന്നിവയ്ക്കനുസരിച്ച് പല കുട്ടികളിലും പല സമയത്തായിരിക്കും വളർച്ച തുടങ്ങുക. കൂടെ പഠിക്കുന്ന കുട്ടികൾക്ക് വളർച്ച കൂടുതലുണ്ട് എന്നു കരുതി ആശങ്കപ്പെടേണ്ടതില്ല. 9–11 വയസ്സിനേക്കാൾ ഒരു വർഷം മുൻപേയോ താമസിച്ചോ വളർച്ച തുടങ്ങിയാലും ഭയപ്പെടേണ്ടതില്ല.

ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അവളുടെ അണ്ഡാശയത്തിൽ അണ്ഡങ്ങൾ ഉണ്ടായിരിക്കും. അവ വിരിയുന്ന പ്രക്രിയ തുടങ്ങുമ്പോഴാണ് രണ്ടാം ഘട്ട ലൈംഗിക വളർച്ചയായ (സെക്കണ്ടറി സെക്ഷ്വൽ കാരക്റ്റേഴ്സ്) ശാരീരിക മാറ്റങ്ങൾ കണ്ടു തുടങ്ങുക. തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്ലാൻഡ‍ിൽ നിന്നും ഉണ്ടാകുന്ന ലൂട്ടിനൈസിങ് ഹോർമോൺ ഫോളിക്കുലാർ സ്റ്റിമുലേഷൻ ഹോർമോൺ (Lh-FSH) എന്നിവയാണ് അണ്ഡവളർച്ചയെ ഉണർത്തുന്നത്. അണ്ഡവളർച്ച തുടങ്ങുന്നതോടെ ഈസ്ട്രജൻ എന്ന സ്ത്രൈണ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നു. ഇതാണ് മാറ്റങ്ങൾക്ക് കാരണമാകുന്നത്.

 ആദ്യത്തെ മാറ്റം എങ്ങനെയായിരിക്കും?

‌പെൺകുട്ടികളിൽ ആദ്യം കാണുന്ന സെക്കൻഡറി ലൈംഗിക വളർച്ച മാറിലായിരിക്കും. സ്തന വളർച്ചയുടെ തുടക്കമെന്നോണം ഭാവിയിൽ മുലക്കണ്ണായി മാറേണ്ട ഭാഗം (നോഡ്യൂൾ) കട്ടിയുളളതാകുകയും നേർത്ത രീതിയിൽ പുറത്തേക്കു പൊങ്ങുകയും ചെയ്യും. സ്തനങ്ങളായി വളരേണ്ട ഭാഗങ്ങളിൽ തരിപ്പോ തുടിപ്പോ തോന്നാം. ആദ്യ ആർത്തവത്തെ മെനാർക്കി എന്നു പറുന്നതുപോലെ സ്തനവളർച്ചയുടെ തുടക്കത്തെ ടെനാർക്കി എന്നു പറയും. ടെനാർക്കിയിൽ തുടങ്ങുന്ന സ്തനവളർച്ച 22 വയസ്സാകുന്നതോടെയേ പ്രായപൂർത്തിയായ സ്ത്രീക്ക് ആവശ്യമായ വിധത്തിൽ, അഥവാ കുഞ്ഞിനെ മുലായൂട്ടാവുന്ന വിധത്തിൽ വളരുകയുളളൂ.

മകൾ പതിനഞ്ചിനോടടുക്കുമ്പോൾ തീർച്ചയായും എല്ലാ കണ്ണുകളും അവളിലേക്ക് നീളുന്നത് നിങ്ങൾക്കു കാണാം. കാരണം അവളുടെ ശരീരം കുട്ടിത്തം വിട്ട് കൂടുതൽ പെണ്ണത്തമുളളതായി മാറിയിട്ടുണ്ടാകും.

ശാരീരിക വളർച്ച തുടങ്ങുന്ന പ്രായത്തിൽ കുട്ടികളുടെ വസ്ത്രധാരണത്തിൽ ശ്രദ്ധ വേണം. സ്വന്തം ശരീരഭാഗങ്ങൾ മറ്റുളളവർ കാണാതെയും സ്പർശിക്കാതെയും നോക്കേണ്ടതിന്റെ ആവശ്യം കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം. പെൺകുട്ടികളുടെ ധൈര്യവും ആത്മവിശ്വാസവും ആണ് ലൈംഗിക പീഡനങ്ങൾക്കെതിരായ ഏറ്റവും വലിയ പ്രതിരോധം.

ശാരീരിക വളർച്ച തുടങ്ങുന്നതോടെ അതു വരെ ഉണ്ടായിരുന്ന കളികൾ കുറയാൻ ഇടയുളളതിനാൽ വ്യായാമത്തിനു കൂടുതൽ പ്രാധാന്യം നൽകണം. വളർച്ചയുടെ ഘട്ടത്തിൽ വ്യായ‌ാമത്തിലൂടെ എല്ലുകൾക്കു കിട്ടുന്ന ബലം ആർത്തവ വിരാമത്തിനു ശേഷം വരാവുന്ന, എല്ലുകൾക്കു ബലം കുറയുന്ന ഓസ്റ്റിയോ പൊറോസിസ് സാധ്യത ഗണ്യമായി കുറയ്ക്കും.

പാന്റീസിൽ നനവ് കാണുന്നുണ്ടോ?‌

പത്ത് വയസ്സായ പെൺകുട്ടിയുടെ യോനിയിൽ വഴുവഴുപ്പോടു കൂടിയ നനവ് കാണുന്നതും വളർച്ചയുടെ ഭാഗമാണ്. ഈസ്ട്രജന്റെ പ്രവർത്തനത്താൽ ഗർഭപാത്രത്തിന്റെ അടിഭാഗത്തുളള ഗ്രന്ഥികളിൽ നിന്നാണ് ഈ നനവ് ഉണ്ടാകുന്നത്. ലൈംഗികമായ ഉണർവു മൂലം യോനിയിൽ ഉണ്ടാകുന്ന സ്രവം അല്ല ഇത്. വെളളം പോലെ ശുദ്ധമായ വഴു‌വഴുപ്പുളള സ്രവമാവും ഈ പ്രായത്തിൽ പെൺകുട്ടികളിൽ ഉണ്ടാകുക. യോനിയിലുണ്ടാകുന്ന സ്രവം മൂലം ചൊറിച്ചിലോ മഞ്ഞ നിറമോ തൈരു പിരിഞ്ഞതു പോലെയോ സ്രവത്തിന്റെ സ്വഭാവം മാറിയാൽ അണുബാധയുണ്ടോയെന്നു സംശയിക്കണം. കുട്ടിയെ ഗൈനക്കോളജിസ്റ്റിനെ കാണിച്ച് ഉടൻ ചികിത്സിക്കണം.

എപ്പോഴാണ് ബ്രേസിയർ ധരിപ്പിക്കേണ്ടത്?

പന്ത്രണ്ട് – പതിമൂന്നു വയസ്സാകുന്നതോടെ കപ്പ് ഉളള ബ്രേസിയറുകളുടെ ഏറ്റവും ചെറിയ അളവ് ധരിക്കാൻ മിക്ക പെൺകുട്ടികൾക്കും സാധിച്ചു തുടങ്ങും. ഇതിനേക്കാൾ സ്തനവളർച്ച തുടങ്ങുന്ന ഘട്ടമാണ് പെൺകുട്ടികൾക്ക് പ്രായാസമായി തീരുന്നത്. എന്നാൽ പത്തു മുതൽ പന്ത്രണ്ടു വയസ്സു വരെയുളള കുട്ടികളിൽ ചിലർ നേരത്തേ വളർന്നു തുടങ്ങുന്നതിനാൽ സമപ്രായക്കാരായ പെൺകുട്ടികളാണെങ്കിലും ശാരീരികമായി അവർ വ്യത്യസ്തരായിരിക്കും. ശാരീരിക വളർച്ച നേരത്തേ എത്തുന്ന കുട്ടികൾ കളിയാക്കപ്പെടാനും കൂട്ടുകാരിൽ നിന്ന് തെറ്റായ നിർദേശങ്ങൾ ലഭിക്കാനും ഇതു വഴി അവരുടെ ആത്മവിശ്വാസം തന്നെ കുറയാനും ഇടയാകാം.

ശരീരത്തിന്റെ വളർച്ച മറ്റുളളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനും കുറച്ചു തോന്നിക്കാനും കളിയ‌ാക്കലുകളിൽ നിന്നും രക്ഷപ്പെടാനും വേണ്ടി കുട്ടികൾ മുതുക് വളച്ചു നടക്കാനും അതുവഴി മറ്റു ശാരീരിക പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.

സ്തന വളർച്ച മറ്റുളളവരുടെ ശ്രദ്ധയിൽപ്പടും മുൻപു തന്നെ വേണ്ടവിധത്തിൽ വസ്ത്രം ധരിപ്പിക്കാൻ അമ്മമാർ ശ്രദ്ധിക്കണം. തുടക്കത്തിൽ ആവശ്യത്തിന് കട്ടിയുളള കോട്ടൺ സ്ലിപ്പുകൾ അഥവാ കാമിസോളുകൾ മതിയാകും. ഡബിൾ ലെയേർഡ് യോക്ക് ഉളള സ്ലിപ് തയ്പിച്ച് ധരിക്കുന്നതും നന്നായിരിക്കും. സ്തനവളർച്ച മറ്റുളളവരുടെ ശ്രദ്ധ ആകർഷിക്കുന്ന വിധത്തിലാകുന്ന ഘട്ടത്തിൽ കപ്പുകളില്ലാത്ത ബ്രാലൈറ്റ് അല്ലെങ്കിൽ ബിഗ്ഗിനേഴ്സ് ബ്രാ ധരിപ്പിക്കണം. ബിഗ്ഗിനേഴ്സ് ബ്രാ ഓടുകയും ചാടുകയും നടക്കുകയും ചെയ്യുമ്പോൾ സ്തനങ്ങൾ ചലിക്കാതെയും വസ്ത്രത്തിനു പുറത്തേക്കു സ്തനങ്ങളുടെ നിപ്പിളുകൾ കാണാതെയും സഹായിക്കും.

ശരീരത്തിനു രൂപഭംഗി നൽകുകയും ചെയ്യും. സാധാരണ ബ്രേസിയർ ധരിക്കാവുന്ന പ്രായത്തിൽ തുടക്കത്തിൽ നേർത്ത പാഡിങ്ങോടു കൂടിയുളള ബ്രാ ആയിരിക്കും നല്ലത്. സ്തനങ്ങൾക്ക് വേണ്ടവിധത്തിൽ സപ്പോർട്ട് ഉളളതും ശരിയായ അളവിലുളളതുമായ ബ്രാ വേണം ധരിക്കാൻ. ഭംഗിയോടൊപ്പം ശാരീരികാരോഗ്യത്തിനും അത്യാവശ്യമാണ് ബ്രാ. സ്തനങ്ങൾ ഇടിയാതിരിക്കാൻ തുടക്കം മുതൽ ബ്രാ ധരിക്കാൻ ശീലിപ്പിക്കണം.

 ഹെയർ റിമൂവൽ ക്രീമുകൾ ഉപയോഗിക്കാമോ?

വളരുന്ന പ്രായത്തിൽ രോമ നിർമാർജനത്തിനായി ഹെയർ റിമൂവൽ ക്രീമുകളും, വാക്സിങ്ങും ഇലക്ട്രോളിസിസും മറ്റും ചെയ്യാതിരിക്കുകയാണ് നല്ലത്. രോമം ഷേവ് ചെയ്തു നീക്കുന്നതും നല്ലതല്ല. ഷേവ് ചെയ്യുന്നത് അണുബാധയും മുറിവുകളും ഉണ്ടാകുന്നതിനു കാരണമാകാം. രോമങ്ങൾ വളർന്നു തുടങ്ങുന്ന ഘട്ടത്തിൽ ചൊറിച്ചിലും അനുഭവപ്പെടാം. ഷേവ് ചെയ്യുന്ന ഭാഗത്ത് കുരുക്കൾ വരാനും അവ പഴുക്കാനും സാധ്യതയുണ്ട്. കക്ഷം ഷേവ് ചെയ്യുന്നത് കക്ഷഭാഗം കറുക്കാൻ കാരണമാകാം. മുഖക്കുരു സാധാരണമാണെങ്കിലും അവ മുഖത്തു പാടുകളും കുഴികളും വരുത്തുമെന്നതിനാൽ തീർച്ചയായും ചികിത്സിക്കണം

എന്നാൽ രോമങ്ങൾ തീർച്ചയായും വെട്ടി വൃത്തിയാക്കണം. ഗുഹ്യഭാഗത്തെയും കക്ഷത്തിലെയും രോമങ്ങൾ മൂർച്ചയില്ലാത്ത് അഗ്രമുളള കത്രിക കൊണ്ട് രോമത്തിന്റെ തുടക്കത്തോട് അധികം ചേർക്കാത്ത വിധം വെട്ടണം. സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ ചർമം മുറിയാൻ കാരണമാകും. ചിലർക്ക് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകാം. രോമവളർച്ച വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ ലേസർ ഹെയർ റിമൂവലായിരിക്കും നല്ലത്.

രോമവളർച്ചയോടൊപ്പം പെൺകുട്ടികളുടെ വിയർപ്പു ഗന്ധം കൂടുതൽ രൂക്ഷമാകും. കുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തമായി സ്ത്രീയുടേതായ ഗന്ധം രൂപപ്പെടുന്നതിന്റെ ഭാഗമാണ് ഇത്. ഓരോരുത്തരുടേയും ഗന്ധം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. ഹോർമോണുകളുടെ പ്രവർത്തനം വിയർപ്പിന് നിറവും സമ്മാനിച്ചേക്കാം. കക്ഷ ഭാഗത്തും ഗുഹ്യഭാഗത്തുമുളള രോമങ്ങൾ കൂടുതൽ വിയർക്കാനും വസ്ത്രങ്ങളിൽ നിറം പിടിക്കാനും കാരണമാകും. ശരീരവും വസ്ത്രങ്ങളും എക്കാലവും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ടെങ്കിലും ഈ പ്രായത്തിൽ അത് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. രോമങ്ങൾ വെട്ടി വൃത്തിയാക്കുകയും വസ്ത്രങ്ങൾ ശ്രദ്ധയോടെ കഴുകുകയും ചെയ്യുകയാണ് വിയർപ്പുഗന്ധം അകറ്റാനുളള പ്രതിവിധി.

രോമവളർച്ചയെക്കുറിച്ച് പറഞ്ഞു കൊടുക്കണോ?

സ്തന വളർച്ച തുടങ്ങിയ ശേഷം വരുന്ന മറ്റൊരു ശാരീരിക മാറ്റം ഗുഹ്യഭാഗത്തും കക്ഷത്തിലും ഉളള രോമവളർച്ചയാണ്. രോമവളർച്ചയെക്കുറിച്ചും അത് സ്വാഭാവികമായ മാറ്റമാണെന്ന് രോമവളർച്ച തുടങ്ങും മുൻപേ കുട്ടിക്ക് കൃത്യമായി പറഞ്ഞു കൊടുക്കണം ഗുഹ്യഭാഗത്തായിരിക്കും രോമം ആദ്യം വളർന്നു തുടങ്ങുക. ചെമ്പിച്ച രോമങ്ങൾക്ക് കട്ടി കൂടുകയും നിറം കറുപ്പാകുകയും ചെയ്യും. താമസിയാതെ കക്ഷത്തിലും രോമങ്ങൾ വളർന്നു തുടങ്ങും. കൈകാലുകളിലും രോമങ്ങൾ െകൂടുതൽ കറുത്ത് വളരും. ചിലർക്ക് പാന്റി ലൈനിൽ നിന്ന് പൊക്കിൾ വരെയുളള ഭാഗത്തും നെഞ്ചിലും മുലക്കണ്ണുകൾക്കു ചുറ്റും രോമം വളർന്നുവെന്നു വരാം.

വളരുന്ന പ്രായത്തിൽ രോമ നിർമാർജനത്തിനായി ഹെയർ റിമൂവൽ ക്രീമുകളും, വാക്സിങ്ങും ഇലക്ട്രോളിസിസും മറ്റും ചെയ്യാതിരിക്കുകയാണ് നല്ലത്. ചിലർക്ക് ജനിതകപരമായി രോമവളർച്ച കൂടുതലായിരിക്കും. എന്നാൽ ചുണ്ടിന് മുകളിലും താടിയിലും രോമവളര്‍ച്ച ഉണ്ടെങ്കിൽ പരിശോധിക്കുന്നത് നന്നായിരിക്കും. വന്ധ്യതയിലേക്കു നയിക്കുന്ന പോളിസിസ്റ്റിക് ഓവറി, അണ്ഡാശയത്തിലെ ട്യൂമർ എന്നിവ ശരീരത്തിൽ പുരുഷ ഹോർമോൺ കൂട്ടുന്നതും അമിത രോമവളർച്ചയ്ക്കും കാരണമാകാം. ഇത് നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നത് ഭാവിയിൽ വന്ധ്യത തടയാൻ സഹായകമാകും.

എവിടുന്നു കിട്ടി അവൾ‌ക്ക് ഇതുവരെയില്ലാത്ത ഭംഗി ?

മകൾ പതിനഞ്ചിനോടടുക്കുമ്പോൾ തീർച്ചയായും എല്ലാ കണ്ണുകളും അവളിലേക്ക് നീളുന്നത് നിങ്ങൾക്കു കാണാം. കാരണം അവളുടെ ശരീരം കുട്ടിത്തം വിട്ട് കൂടുതൽ പെണ്ണത്തമുളളതായി മാറിയിട്ടുണ്ടാകും. ഇടുപ്പ് കൂടുതൽ ഒതുക്കമുളളതാകും സ്തനങ്ങൾ ഉയരും. അരക്കെട്ടിനും പിൻഭാഗത്തിനും വിരിവേറും. നടപ്പിനും ചലനങ്ങൾക്കും ശരീരത്തിന്റെ മാറ്റം കൂടുതൽ അഴകു നൽകും. ഈസ്ട്രജന്റെ പ്രവർത്തനം ആണ് ഈ പുതു സൗന്ദര്യം അവൾക്കു സമ്മാനിക്കുന്നത്.

പതിനഞ്ചു പതിനാറു വയസ്സാകുന്നതോടെ പെൺകുട്ടിക്ക് ലഭിക്കുന്ന നല്ല മാറ്റമാണ് മൃദുത്വമേറിയ ചർമം. ചുണ്ടുകൾക്കും മാറിടങ്ങൾക്കും തുടുപ്പ് കൂടും. ശബ്ദം കൂടുതൽ സ്ത്രൈണവും മധുരമുളളതുമാകും. ചർമം ഏറ്റവും സുന്ദരമാകുന്ന കാലഘട്ടമാണെങ്കിലും സൗന്ദര്യ സംരക്ഷണത്തോടുളള ആഗ്രഹം വർധിക്കുന്നതിനാൽ കൃത്രിമ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കാൻ ഉളള ഇഷ്ടം കൂടും. അതു ചർമത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കാം. കൗമാരക്കാരുടെ സൗന്ദര്യ പ്രശ്നങ്ങൾക്കു ഡെർമറ്റോളജിസ്റ്റുകളുടെ സഹായത്തോടെ മാത്രം പരിഹാരം കാണുകയാണു നല്ലത്.

ടീനേജുകാരിയുടെ മുഖക്കുരു ചികിത്സിക്കണോ?

സ്ത്രീത്വത്തിലേക്ക് നടന്നു തുടങ്ങുന്നതിന്റെ ഭാഗമായി ചർമവും മുടിയും കൂടുതൽ മൃദുലവും തിളക്കമുളളതുമാക്കാനായി ശരീരം ഉല്പാദിപ്പിക്കുന്ന സെബം ആണ് മുഖക്കുരുവിന് കാരണം. ഹോർമോണിന്റെ പ്രവർത്തനത്താൽ ഉത്തേജിപ്പിക്കപ്പെടുന്ന രോമകൂപങ്ങളിലെ സെബേഷ്യസ് ഗ്രന്ഥി സെബം കൂടുതലായി ഉല്പാദിപ്പിക്കുന്നതും മൃതചർമത്തിന്റെ സാന്നിധ്യവും ചേർന്ന് ബാക്റ്റീരിയൽ ഇൻഫെക്ഷനും മുഖക്കുരുവിനും വഴിവയ്ക്കുന്നു. പാരമ്പര്യമായി മുഖക്കുരു വരുന്ന തരത്തിലുളള ശരീരപ്രകൃതിയും കാരണമാണ്.

മിക്കവാറും ടീനേജ് പെൺകുട്ടികളിലും മുഖക്കുരു കാണാറുണ്ടെങ്കിലും എല്ലാവർക്കും ടീനേജിൽ മുഖക്കുരു ഉണ്ടാകാറില്ല. മുഖക്കുരു സാധാരണമാണെങ്കിലും അവ മുഖത്തു പാടുകളും കുഴികളും വരുത്തുമെന്നതിനാൽ തീർച്ചയായും ചികിത്സിക്കണം. ചർമം വൃത്തിയായി സൂക്ഷിക്കുകയും മുഖക്കുരു കുറയ്ക്കാനുളള നാടൻ രീതികൾ പരീക്ഷിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. എന്നിട്ടും മുഖക്കുരു തുടരുന്നുണ്ടെങ്കിൽ ആഹാരം, ചർമസംരക്ഷണം, മരുന്നുകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിച്ച് മുഖക്കുരു ചികിത്സിക്കണം.

ശുചിത്വമില്ലാത്ത തലയണയിൽ മുഖം അമർത്തി ഉറങ്ങുക, കട്ടി കൂടിയ തുണികൊണ്ട് മുഖം അമർത്തി തുടയ്ക്കുക, അമിതമായി വെയിലേൽക്കുക എന്നിവ മുഖക്കുരു വേഗത്തിൽ പിടിപെടാൻ കാരണമാകും. ആർത്തവം തുടങ്ങി രണ്ടു മുതൽ ഏഴു വരെ ദിവസങ്ങളിലും മുഖക്കുരു കൂടുതലായി വരാം. മുഖക്കുരു കൂടുതലായി വരാൻ പാരമ്പര്യമായി സാധ്യതയുളളവർ ഭക്ഷണക്രമീകരണം നടത്തുന്നതു മുഖക്കുരുവിന്റെ തീവ്രത കുറയ്ക്കും. മുഖക്കുരു ഉളളവർ എണ്ണമയമുളളതും കൊഴുപ്പുളളതുമായ ഭക്ഷണം പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കണം.

വിവരങ്ങൾക്കു കടപ്പാട് :ഡോ. ഹഫീസ് റെഹ്മാൻ

ചീഫ് ഗൈനക്കോളജിസ്റ്റ് സൺറൈസ് ഹോസ്പിറ്റൽ,കൊച്ചി