Wednesday 22 March 2023 12:41 PM IST : By സ്വന്തം ലേഖകൻ

സൗന്ദര്യവർധകം മാത്രമല്ല, വാതരോഗങ്ങൾക്കും തലവേദനയ്ക്കും നല്ല‌ത്; കറ്റാർവാഴയുടെ ഔഷധഗുണങ്ങൾ അറിയാം

ottamoolikattar34

എല്ലായിടത്തും എല്ലാ കാലാവസ്ഥയിലും വളരുന്ന ഔഷധസസ്യമാണ് കറ്റാർവാഴ. പൊതുവെ സൗന്ദര്യവർധക ഔഷധമായാണ് കരുതുന്നതെങ്കിലും വിളർച്ച കരൾരോഗങ്ങൾ, പ്ലീഹരോഗങ്ങൾ, മലബന്ധം, സ്ത്രീരോഗങ്ങൾ, വാതരോഗങ്ങൾ എന്നിങ്ങനെ ഒട്ടേറെ രോഗാവസ്ഥകളുടെ ചികിത്സയ്ക്കായി കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. ആഹാരാവശ്യത്തിനും തുണികൾക്ക് നിറം നൽകാനും ഉപയോഗിക്കുന്നു.

കറ്റാർവാഴയുടെ ശാസ്ത്രനാമം അലോവെര എന്നാണ്. ലില്ലിയേസി കുടുംബത്തിൽപെടുന്ന കറ്റാർവാഴയുടെ ഔഷധയോഗ്യമായ പ്രധാനഭാഗം മാൈംസളവമായ ഇല അഥവാ പോള തന്നെയാണ്. സാധാരണയായി 30 മുതൽ 50 സെ.മീ വരെ ഉയരത്തിൽ ഇതു വളരാറുണ്ട്.

കറ്റാർവാഴയുടെ ഇലയിൽ അൽ‌പ്രോജൻ എന്ന ഘടകം കണ്ടെത്തിയിട്ടുണ്ട്. അലർജിക്കെതിരെ പ്രവർത്തിക്കുന്ന പ്രധാനഘടകമാണിത്. ജീവകം എ, ബി, ഇ, ബി12, തയമിൻ, ഫോളിക് ആസിഡ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിീവയും ധാരാളമായി കറ്റാർവാഴയിലുണ്ട്. കറ്റാർവാഴയിലുള്ള ആന്ധ്രാക്കിനോൺസ്, അലോയിൽ എ,ബി തുടങ്ങിയ ഗ്ലൈക്കോയ്ഡുകൾ വൈറൽരോഗങ്ങൾക്ക് ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്. സന്ധികളിലെ വേദനയും പുകച്ചിലും കുറയ്ക്കുന്നതിനു സഹായകമായ കോംബിസ്റ്റിറോൾ, ബി–സിറ്റോസ്റ്റിറോൾ എന്നിവയും ധാരാളമായി കറ്റാർവാഴയിലുണ്ട്.

എങ്ങനെ കൃഷി ചെയ്യാം?

ഏതുതരം മണ്ണിലും , പ്രത്യേകിച്ച് വരണ്ട പ്രദേശങ്ങളിൽ കൃഷി ചെയ്യുവാൻ അനുയോജ്യമായ ഔഷധസസ്യമാണ് കറ്റാർവാഴ. ചെടിയുടെ ചുവട്ടിൽ നിന്നും ഉണ്ടാകുന്ന മുകുളങ്ങൾ (കന്നുകൾ) നടാൻ ഉപയോഗിക്കാം. ചെടികൾ തമ്മിലുള്ള അകലം മൂന്നടി എങ്കിലും വേണം. രണ്ടടി വ്യാസവും അത്ര തന്നെ ആലമുള്ള കുഴികളെടുത്ത് അതിൽ ജൈവവളം നിറച്ച് കന്നുകൾ നടാം.

ഔഷധപ്രയോഗങ്ങൾ

∙ ദിവസവും കറ്റാർവാഴനീര് കഴിക്കുന്നത് ശരീരത്തിനു തണുപ്പുണ്ടാകാനും ഗർഭാശയസംബന്ധിയായ രോഗങ്ങൾക്കും ഔഷധമാണ്.

∙ പ്രമേഹത്തിലും പ്രമേഹ അനുബന്ധമായും ഉണ്ടാകുന്ന ശരീരത്തിന്റെ ചുട്ടുപുകച്ചിലിനും കറ്റാർവാഴ പോള ദിവസവും ഒാരോ കഷമം വീതം കഴിക്കുക.

∙ കറ്റാർവാഴപ്പോള ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ അളവു കുറയ്ക്കും.

∙ വയറുവേദന, വയറുവീർപ്പ് എന്നീ രോഗാവസ്ഥകളിൽ കറ്റാർവാഴ പോളയുടെ നീര് 5 മുതൽ 10 മി.ലീറ്റർ വരെ രാവിലെയും വൈകിട്ടും കഴിക്കാം.

∙ കറ്റാർവാഴയും ഗോതമ്പുപൊടിയും ചേർത്തരച്ച് പുരട്ടുന്നത് സന്ധിവേദന കുറയാൻ ഫലപ്രദമാണ്.

സൗന്ദര്യത്തിന് കറ്റാർവാഴ

കറ്റാർവാഴ ഫേസ്പാക്ക്

കറ്റാർവാഴ ജ്യൂസ്, പഴുത്ത പപ്പായ, തൈര് എന്നിവ തുല്യം അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് കുഴമ്പുപരുവമാകുമ്പോൾ മുഖത്തുപുരട്ടുക. ഉണങ്ങിയശേഷം കഴുകിക്കളയുക. മുഖത്തെ കറുത്തപാടുകൾ നീങ്ങി സുന്ദരമാകും.

∙ സ്കിൻപാക്ക്

നേന്ത്രപ്പഴവും കറ്റാർവാഴ പോളയും സമം അളവിൽ എടുക്കുക. ഇതിൽ അൽപം പഞ്ചസാരയും നാലോ അഞ്ചോ തുള്ളി പുതിനതൈലവും ചേർത്തരച്ച് കുഴമ്പാക്കുക. ശരീരത്തിൽ പുരട്ടി ഉണങ്ങിയശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. ദിവസവും ചെയ്താൽ ചർമത്തിന് ഉത്തമം.

ഡോ. കെ. എസ്. രജിതൻ

ഔഷധി ആയുർവേദിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്  & പഞ്ചകർമ ഹോസ്പിറ്റൽ

തൃശൂർ

Tags:
  • Manorama Arogyam
  • Health Tips