Friday 25 November 2022 03:28 PM IST : By സ്വന്തം ലേഖകൻ

‘മുടി കളർ ചെയ്താൽ കുറഞ്ഞത് മൂന്നു ദിവസത്തേക്കെങ്കിലും തലമുടി കഴുകരുത്’; ശ്രദ്ധിച്ചില്ലെങ്കിൽ കളർ പോകും, സിമ്പിള്‍ ടിപ്സ്

hair-colour4367hjuj

നിറമില്ലാത്ത സാധാരണ മുടിയുള്ളവർ ഇപ്പോൾ പുതിയ തലമുറയ്ക്കിടയില്‍ കുറഞ്ഞു വരുകയാണ്. മുടിയ്ക്ക് കളര്‍ ചെയ്യുന്നത് അത്രയധികം ഇഷ്ടപ്പെടുന്നവരാണ് ഏറെപേരും. അതേസമയം ഏറെ പണം ചെലവാക്കി മുടിയ്ക്ക് നിറം കൊടുക്കുമ്പോൾ അത് ഏറെനാൾ നിലനിൽക്കണം എന്നാഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ കളർ ചെയ്ത മുടിക്ക് വേണ്ട കരുതൽ നൽകിയില്ലെങ്കിൽ മുടിയുടെ തിളക്കവും ഭംഗിയും നിറവും വളരെ എളുപ്പം നഷ്ടപ്പെടാം.

നിറം തെല്ലും മങ്ങാതെ

ഏറെ ഇഷ്ടപ്പെട്ട് മുടിയിൽ ഹൈലൈറ്റ് നൽകി അധിക ദിവസം കഴിയും മുൻപ് നിറം മങ്ങിയാലോ? ശ്രദ്ധിച്ചില്ലെങ്കിൽ സംഭവിക്കാവുന്ന കാര്യമാണിത്. മുടി കളർ ചെയ്താൽ കുറഞ്ഞത് മൂന്നു ദിവസത്തേക്കെങ്കിലും തലമുടി കഴുകരുത്. ശിരോചർമത്തിലെ സ്വാഭാവിക എണ്ണമയം മുടിയിൽ നൽകിയ നിറം മുടിയോട് ചേരാൻ അവസരമൊരുക്കും.

മൂന്നു ദിവസത്തിനിടയിൽ ആവശ്യമെങ്കിൽ ഡ്രൈ സ്പ്രേ ഷാംപൂ ഉപയോഗിക്കാം. ഇത് മുടിക്ക് തിളക്കവും വൃത്തിയും നൽകും. മുടിയുടെ കനം കൂടിയതായി തോന്നിപ്പിക്കുകയും ബൗൺസിങ് ഫീൽ നൽകുകയും ചെയ്യും.

മൂന്നു ദിവസത്തിനു ശേ ഷം തണുത്ത വെള്ളത്തിൽ മുടിയും ശിരോചർമവും കഴുകാം. തണുത്ത വെള്ളം നിറം മുടിയിൽ കൂടുതൽ ചേരാൻ സഹായിക്കും. ചൂടുവെള്ളം തല കഴുകാൻ ഉപയോഗിക്കുകയേ അ രുത്. മുടിയിലെ നിറം മങ്ങുമെന്നതു മാത്രമല്ല, മുടി വരണ്ടതാകാനും പൊട്ടിപ്പോകാനും ഇടയാക്കും.

ഷാംപൂ ഏതു വേണം

നര മറയ്ക്കാനാണെങ്കിലും സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആ യാണെങ്കിലും മുടിക്ക് നിറം നൽകിക്കഴിഞ്ഞാൽ മുടിയിൽ ഷാംപൂ ഉപയോഗിക്കുന്നത് ആഴ്ചയിൽ രണ്ടു തവണ മതി. ഷാംപൂവിലെ കെമിക്കലുകളും പതയും മുടിയിൽ നൽകിയ നിറം മങ്ങാൻ ഇടയാക്കും.

ഷാംപൂവിൽ അടങ്ങിയിരിക്കുന്ന സോഡിയം ലോറെത് സൾഫേറ്റ് (എസ്എൽഎസ്) ആണ് അവ പതയാൻ സഹായിക്കുന്നത്. പെർമനന്റ് ആയി ചെയ്ത ഹെയർ കളർ പോലും മങ്ങിപ്പോകാൻ ഈ ഘടകം കാരണമാകും. അതിനാൽ എസ്എൽഎസ് ഫ്രീ ഷാംപൂകളാണ് ഹെയർ കളർ ചെയ്തവർക്ക് നല്ലത്.

സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്പിഎഫ്) ഉള്ള ഷാംപൂവും ഹെയർ കെയർ പ്രോഡക്റ്റുകളും ഉപയോഗിക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ കളറിസ്റ്റിനോട് ചോദിച്ച് ഹെയർ കെയർ പ്രോഡക്റ്റ്സ് വാങ്ങുന്നതാണ് ഏറ്റവും നല്ലത്.

മുടിയിഴകളുടെ ആരോഗ്യത്തിന്

ഹെയർ കളറിങ്ങിന് ശേഷം മുടിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കളറിങ്ങിനു ശേഷം മുടി പിളരുകയോ പൊട്ടിപ്പോകുയോ ചെയ്യാതിരിക്കാൻ കളർ പ്രൊ ട്ടക്ഷൻ ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കുക. കളർ സേഫ് ഹെയർ മാസ്കുകളുമുണ്ട്.

അമിതമായി വരണ്ട മുടിയാണെങ്കിൽ കെരറ്റിൻ ട്രീറ്റ്മെന്റ് ചെയ്തശേഷം ഹെയർ കളർ ചെയ്താൽ മുടി മ‍ൃദുവാകും, ആരോഗ്യവും കിട്ടും. ഹെയർ കളർ ചെയ്ത, വരണ്ട മുടിയുള്ളവർ മാസത്തിലൊരിക്കൽ കെരറ്റിൻ സ്പാ ചെയ്യാൻ ശ്രദ്ധിക്കുക.

മുടി സ്റ്റൈൽ ചെയ്യാനായി ഹോട്ട് എയർ ബ്ലോവർ, അയൺ എന്നിവ ഉപയോഗിക്കുന്നത് മുടിയിലെ നിറം പെട്ടെന്ന് മങ്ങാൻ ഇടയാക്കും. ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ മുടിക്ക് ചൂടിൽ നിന്നും രക്ഷ നൽകുന്ന ‘ഹീറ്റ് പ്രൊട്ടക്ഷൻ മിസ്റ്റ് ’ ഉപയോഗിച്ച ശേഷം മാത്രം സ്റ്റൈൽ ചെയ്യുക.

മുടി കളർ ചെയ്യും മുൻപ് അറിയാം ഇക്കാര്യങ്ങള്‍ 

. മുടി കളർ ചെയ്യുമ്പോൾ ചർമ്മത്തിന്റെ നിറമനുസരിച്ചു വേണം നിറങ്ങൾ തിരഞ്ഞെടുക്കാൻ. മുടിയിലേക്കു കളർ പുരട്ടുന്നതിനു മുൻപ് ഒരൽപ്പമെടുത്തു കയ്യിൽ പുരട്ടിനോക്കുക. അസ്വസ്ഥതയോ അലർജിയോ ഇല്ല എന്ന് പൂർണ ബോധ്യം വന്നതിനു ശേഷം മാത്രം മുടി കളർ ചെയ്യുക.

. മുടി കളർ ചെയ്യുമ്പോൾ എപ്പോഴും കളറും ബ്രാൻഡും മാറി മാറി പരീക്ഷിക്കുന്നത് മുടിക്ക് നല്ലതല്ല. ഇത് മുടിയുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും. 

. മുടി കളർ ചെയ്തു കഴിഞ്ഞാലുടൻ ക്ലോറിൻ കലർന്ന വെള്ളത്തിൽ മുടി കഴുകാൻ പാടില്ല. മുടി കഴുകുവാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. യാതൊരു കാരണവശാലും ചൂടുവെള്ളം ഉപയോഗിക്കാൻ പാടില്ല. 

. മുടി കളർ ചെയ്തു കഴിഞ്ഞാൽ പിന്നെ ഷാംപൂവിന്റെ ഉപയോഗം ആഴ്ചയിൽ ഒന്ന് മതി. ദിനവും മുടി ഷാംപൂ ചെയ്താൽ കളർ മങ്ങി പോകാനിടയുണ്ട്.

. മുടി ഹെന്ന ചെയ്യുമ്പോളും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. അമിതമായി ഹെന്ന ചെയ്യുന്നതും ആഴ്ചതോറും ഹെന്ന ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മാസത്തിൽ ഒരിക്കൽ ഹെന്ന ചെയ്യുന്നതാണ് നല്ലത്. 

. മുടിയുടെ ആവശ്യത്തിന് ഉള്ള അളവിൽ മാത്രം ഹെന്ന എടുത്തു ചെയ്യുന്നതാണ് ഉത്തമം. അതുപോലെ തന്നെ ഏറെ സമയം മുടിയിൽ ഹെന്ന ഇരുന്നു ഉണങ്ങാൻ അനുവദിക്കരുത്. കാരണം ഉണങ്ങുന്നതനുസരിച്ചു മുടിയ്ക്ക് കട്ടി കുറയുകയും, വളരെ വേഗം പൊട്ടി പോകാനുമുള്ള സാധ്യതയും ഉണ്ട്.

. ഹെന്ന തുടർച്ചയായി ചെയ്താൽ മുടി ചുരുണ്ടു ചകിരി പോലെ അകാൻ സാധ്യത ഉണ്ട്. അതുപോലെ തന്നെ മുടി കറുപ്പിക്കാൻ ഡൈ ചെയ്യുന്നവരും പല ബ്രാൻഡുകൾ മാറി മാറി ഉപയോഗിക്കാതിരിക്കുക. 

Tags:
  • Glam Up
  • Beauty Tips