Wednesday 28 December 2022 03:31 PM IST : By സ്വന്തം ലേഖകൻ

അങ്ങനെ വലിച്ചെറിയേണ്ട ഒന്നല്ല കറിവേപ്പില; മുഖക്കുരുവിനു പ്രതിവിധി, വീട്ടിലുണ്ടാക്കാം കറിവേപ്പില ഫെയ്സ്പാക്ക്

curry-leaves7754788

ആവശ്യം കഴിയുമ്പോള്‍ അങ്ങനെ വലിച്ചെറിയേണ്ട ഒന്നല്ല കറിവേപ്പില. ഇത് ഭക്ഷണത്തില്‍ മാത്രമല്ല, ചില സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയായും ഉപയോഗിക്കാം. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി- മൈക്രോബിയൽ പദാർഥങ്ങൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ മുഖക്കുരുവിനെ ചെറുക്കും. കറിവേപ്പില കൊണ്ടുള്ള സിമ്പിള്‍ ഫെയ്സ്പാക്കുകൾ പരിചയപ്പെടാം. അലർജി പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കി മാത്രം മുഖത്ത് പുരട്ടുക.

കറിവേപ്പില കൊണ്ടുള്ള സിമ്പിള്‍ ഫെയ്സ്പാക്കുകൾ

1. ആറോളം തണ്ട് കറിവേപ്പിലയിലേക്ക് മുക്കാല്‍ അളവില്‍ മഞ്ഞൾപൊടിയും അര സ്പൂൺ വെള്ളവും ചേർത്ത് നല്ലതു പോലെ അരച്ചെടുക്കുക. ഈ മിശ്രിതം 10 മിനിറ്റു നേരം മുഖത്ത് പുരട്ടിയതിനു ശേഷം കഴുകി കളയാം. ഈ പായ്ക്ക് മുഖത്തു അടിഞ്ഞുകൂടുന്ന അഴുക്കിനെയും എണ്ണമയത്തേയും നീക്കി ബാക്ടീരിയകളെ പ്രതിരോധിക്കുന്നു. 

2. ഒരു സ്പൂൺ പെരുംജീരകം, എട്ടോ ഒമ്പതോ തണ്ട് കറിവേപ്പില, ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ ഒരുമിച്ചു ചേർത്ത് നല്ലതു പോലെ അരച്ചെടുക്കുക. ഈ മിശ്രിതം 15 മുതൽ 20 മിനിറ്റു വരെ മുഖത്ത് പുരട്ടിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കിനെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഈ ഫെയ്സ്പായ്ക്കിനു സാധിക്കും.

3. ആറു തണ്ട് കറിവേപ്പിലയിലേയ്ക്ക് അര ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ചതിനു ശേഷം അരച്ചെടുക്കുക. ആഴ്ചയിൽ ഒരു തവണ ഈ ഫെയ്സ്പാക്ക് മുഖത്തിടാം. മുഖക്കുരുവിനെ ശക്തമായി പ്രതിരോധിക്കാൻ ഈ കൂട്ടിനു കഴിയും. കറുത്തപാടുകളെ നീക്കി ചർമത്തിനു തിളക്കം നൽകുകയും ചെയ്യുന്നു.

Tags:
  • Glam Up
  • Beauty Tips