Wednesday 14 December 2022 03:43 PM IST : By സ്വന്തം ലേഖകൻ

ചർമം വരണ്ടു തുടങ്ങിയാല്‍ ക്രീം രൂപത്തിലുളള ക്ലെൻസർ ഉപയോഗിക്കാം; തണുപ്പുകാലത്തെ വരണ്ട ചർമ്മത്തോട് ഗുഡ്ബൈ പറയാം...

cream-on-face44565

തണുപ്പുകാലത്ത് ചര്‍മത്തിന്റെ ഭംഗി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാകും പലരും. വേനൽക്കാലത്തു പുരട്ടുന്ന അതേ സൗന്ദര്യ ഉൽപന്നങ്ങൾ മഞ്ഞുകാലത്തും ഉപയോഗിച്ചാൽ ചര്‍മ്മത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയിൽ ചര്‍മ്മ പരിചരണം നൽകിയാൽ സൗന്ദര്യം മങ്ങാതെ കാത്തുസൂക്ഷിക്കാം.

∙ തണുപ്പുളള കാലാവസ്ഥയിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും ചർമം കൂടുതൽ വരളുകയും ചെയ്യും. ഈ അവസ്ഥയിൽ ചർമത്തിനു പതിവായി ചെയ്യുന്നതു പോലെ മോയ്സ്ചറൈസിങ് കൊണ്ടു മാത്രം പ്രയോജനമുണ്ടാവില്ല. സ്ഥിരമായി ഉപയോഗിക്കുന്ന ക്രീമിലോ മോയ്സ്ചറൈസിലോ ഒന്നോ രണ്ടോ തുളളി ബേബി ഓയിൽ ചേർക്കാം. ഇതു ചർമത്തിനു കൂടുതൽ മോയ്സ്ചറൈസിങ് ഇഫക്ട് നൽകും.

∙ ചർമം വരണ്ടു തുടങ്ങിയെങ്കിൽ ക്രീം രൂപത്തിലുളള ഫേഷ്യൽ ക്ലെൻസർ ഉപയോഗിച്ചു മുഖം വൃത്തിയാക്കുക. ഫെയ്സ് വാഷും മറ്റും തണുപ്പുകാലത്ത് ഉപയോ‌ഗിക്കുന്നത് ചർമത്തെ കൂടുതൽ വരണ്ടതാക്കും.

∙ ചർമത്തിനു മോയ്സ്ചറൈസിങ് നൽകുന്നതിനായി ക്രീം രൂപത്തിലുളള ബോഡി വാഷ് തിരഞ്ഞെടുക്കുക. ഇതു ജലാംശം നഷ്ടപ്പെടാതെ ചർമം വൃത്തിയാക്കും. സോപ്പ് ഒഴിവാക്കണം.‌

∙ തണുപ്പുകാലത്തു ഷാംപൂ കൂടുതല്‍ ഉപയോഗിക്കുന്നതു നല്ലതല്ല. ഫാറ്റി ആസിഡ് അടങ്ങിയ ഷാംപൂ മുടിക്കു മൃദുത്വം നൽകുകയും വരണ്ടു പാറിപ്പറക്കുന്നത് ഒഴിവാക്കുകയും ചെയ്യും.

∙ ആഴ്ചയിലൊരിക്കൽ എക്സ് ഫോളിയേറ്റ് ചെയ്യുന്നതു ചർമം വരണ്ടു ഭംഗി നഷ്ടപ്പെടുന്നതു തടയും. വരണ്ട ഏതെങ്കിലും പൊടി കൊണ്ടു ചർമം എക്സ് ഫോളിയേറ്റ് ചെയ്യുന്നതു ചർമത്തെ കൂടുതൽ വരണ്ടതാക്കുകയും ചൊറിച്ചിലും മറ്റും ഉണ്ടാക്കുകയാണു ചെയ്യുക. ഇതൊഴിവാക്കാൻ ഓയിൽ ബേസ്‍ഡ് സ്ക്രബ് വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതേയുളളൂ.

അര വലിയ സ്പൂൺ വീതം കല്ലുപ്പും പഞ്ചസാരയുമെടുക്കുക. ഇതിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയോ ബേബി ഓയിലോ ചേർക്കുക. മുഖത്തും വരണ്ട ചർമത്തിലും പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കുക. ആവശ്യമെങ്കിൽ കടലമാവ് ഉപയോഗിക്കാം. ഇതു ചർമം മൃദുലവും സുന്ദരവുമാകാൻ സഹായിക്കും. സോപ്പോ ബോഡി വാഷോ ഉപയോഗിക്കരുത്.

∙ തണുപ്പുകാലത്ത് ഉപ്പൂറ്റി വരണ്ടു വിണ്ടുകീറുന്നതു സാധാരണമാണ്. രണ്ട് വലിയ സ്പൂൺ കടുകെണ്ണയെടുത്ത് ഉപ്പൂറ്റിയിൽ പുരട്ടുക. രാത്രി മുഴുവൻ സോക്സ് ഇട്ട് കിടക്കുക. ഇതു കാലുകൾ വിണ്ടു കീറുന്നത് തടയും.

Tags:
  • Glam Up
  • Beauty Tips