Thursday 16 March 2023 03:24 PM IST : By സ്വന്തം ലേഖകൻ

‘അകാലനര അകറ്റാൻ ദിവസവും ഒരു കാരറ്റ് മതി’; സൗന്ദര്യപ്രശ്നങ്ങള്‍ക്ക് എട്ടു നാടൻ പോംവഴികൾ ഇതാ..

carrot66788

ചർമത്തിലുണ്ടാക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ചിലവു കുറഞ്ഞവയും ആരോഗ്യപ്രദവുമാണ് തലമുറകളായി നമ്മുടെ മുത്തശ്ശിമാർ കൈമാറിത്തരുന്ന പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ മാർഗ്ഗങ്ങൾ. അവയിൽ ചിലത് പരിയചപ്പെടാം.

1. മുഖം ശോഭിക്കാൻ മഞ്ഞൾ

ചർമം തിളങ്ങാനും മുഖക്കുരുവിൽ നിന്നും രക്ഷ നേടാനും മഞ്ഞള്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്. മുഖത്തെ പാടുകൾ മായുന്നതിനും മഞ്ഞൾ ഗുണം ചെയ്യും. ചർമ്മത്തിന്റെ പ്രശ്നങ്ങൾ അകറ്റി നിർത്താനും ചർമം ശുദ്ധമായിരിക്കാനും സഹായിക്കുന്ന ഒന്നാണ് മ‍ഞ്ഞൾ ഫെയ്സ്മാസ്ക്.

2. വെളുപ്പിക്കാന്‍ നാരങ്ങയും വെള്ളരിക്കയും

മുഖചർമ്മത്തിലെ കരുവാളിപ്പും അഴുക്കും നീക്കം ചെയ്യാൻ നാരങ്ങയുടെ നീരും വെള്ളരിക്കയുടെ നീരും ചേർത്ത മിശ്രിതം ഉപയോഗിക്കാം. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ബ്ലീച്ചിങ്ങ് ഏജന്റ്സ് ഏതൊരു ആധുനിക ബ്ലീച്ചിങ്ങ് ഉപാധിയേക്കാളും ഫലം ചെയ്യും.

3. മുഖക്കുരു അകറ്റാൻ നാരങ്ങ

ഒരു ചെറുനാരങ്ങ മുറിച്ച് അതിന്റെ നീര് ഒരു പാത്രത്തിലെടുക്കുക. അത്രയും അളവിൽ തന്ന വെള്ളവും ഒഴിച്ച് യോജിപ്പിക്കാം. ഇനി ഈ നീര് പഞ്ഞിയിൽ മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിക്കോളൂ. മുഖക്കുരു പോകാൻ ഇത് സഹായിക്കുമെന്ന് മാത്രമല്ല നാരങ്ങയുടെ അണുനാശനശക്തി ചർമ്മം പാടുകളില്ലാതെ ഭംഗിയായിരിക്കാനും സഹായിക്കും.

4. കറുത്തപാടിന് ഉരുളക്കിഴങ്ങ്

കണ്ണിനു താഴെയുള്ള കറുത്തപാടുകളകറ്റാൻ ഉരുളക്കിഴങ്ങിന് സാധിക്കും. ഒരു ഉരുളക്കിഴങ്ങെടുത്ത് ചെറിയ കഷ്ണമായി മുറിക്കണം. കഴുകിയ ശേഷം അത് കണ്ണിനു താഴെ വയ്ക്കാം. അ‍ഞ്ചു മുതൽ പത്തു മിനിറ്റ് വരെ ഉരുളക്കിഴങ്ങിന്റെ നീര് ചർമ്മം ആഗിരണം ചെയ്യാൻ അനുവദിക്കണം.

5. ചർമ്മഭംഗിയ്ക്ക് തേൻ

ചർമം മനോഹരമായിരിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് തേൻ. ഫെയ്സ്മാസ്കായി തേൻ ഉപയോഗിക്കാം. 

6. ഇടതൂർന്ന കാർകൂന്തലിന്

മുടിയുടെ വളർച്ചയ്ക്ക് നെല്ലിക്ക കഴിക്കുന്നത് ഗുണപ്രദമാണ്. ഭക്ഷണക്രമത്തിൽ നെല്ലിക്കയ്ക്കും ഇടം കൊടുത്തോളൂ. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സിയും പോഷകഘടകങ്ങളും മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

7. അകാലനര അകറ്റാൻ കാരറ്റ്

ഇന്ന് മിക്ക ചെറുപ്പക്കാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. ഇതിൽ നിന്നും രക്ഷനേടാൻ കണ്ണിൽ കണ്ട ഹെയർകളറുകളും ഡൈയും ഉപയോഗിച്ച് മുടി നശിപ്പിക്കേണ്ട. സുലഭമായി ലഭിക്കുന്ന കാരറ്റ് ഉപയോഗിച്ചാൽ മാത്രം മതി. ദിവസവും കാരറ്റ് ‍ ‍‍‍ജ്യൂസ് കുടിക്കുന്നത് തലമുടിക്കും ശരീരത്തിനും ഉത്തമമാണ്. അകാലനര ബാധിക്കുന്നതിനെ തടയാനും കണ്ണുകളുടെ ആരോഗ്യത്തിനും ഇത് സഹായിക്കും.

8. കടലമാവിലുണ്ട് കടലോളം ഗുണങ്ങൾ

ചർമ്മത്തിലെ അമിതമായ എണ്ണമയം അകറ്റാൻ കടലമാവ് പാലിൽ ചാലിച്ച് മുഖത്തു തേച്ചാൽ മാത്രം മതി. പാല്‍ ലഭിച്ചില്ല എങ്കിൽ ശുദ്ധമായ വെള്ളം തന്നെ ധാരാളം. അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്ന ചർമ്മകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ച് എണ്ണമയം അകറ്റാൻ ഇത് സഹായിക്കും.

Tags:
  • Glam Up
  • Beauty Tips