Monday 23 January 2023 04:17 PM IST : By സ്വന്തം ലേഖകൻ

‘കടലമാവ് പാലിൽ ചാലിച്ചു മുഖത്തു തേച്ചാൽ അമിതമായ എണ്ണമയം മാറും’; മുഖം തിളങ്ങാന്‍ എട്ടു നാടൻ വഴികൾ

faceglooo55677

ചർമ്മകാന്തി ലഭിക്കാനും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും കേശസംരക്ഷണത്തിനുമൊക്കെ കൃത്രിമ മാര്‍ഗങ്ങൾക്കു പിന്നാലെ പായുന്നവരാണ് ഇന്നത്തെ തലമുറയിൽ അധികവും. എന്നാൽ ഇത്തരം ആധുനിക വഴികൾ തേടുന്നതിനേക്കാൾ അധികം ഫലം ചെയ്യുന്നവയും ചിലവു കുറഞ്ഞവയും ആരോഗ്യപ്രദവുമാണ് തലമുറകളായി നമ്മുടെ മുത്തശ്ശിമാർ കൈമാറിത്തരുന്ന പ്രകൃതിദത്ത സൗന്ദര്യസംരക്ഷണ മാർഗങ്ങൾ. അവയിൽ ചിലത് പരിയചപ്പെടാം.

1. ശോഭിക്കാൻ മഞ്ഞൾ

സൗന്ദര്യസംരക്ഷണത്തിന് പണ്ടുകാലം മുതലേ മഞ്ഞൾ അതീവ പ്രധാന്യമുള്ള ഒന്നാണ്. ചർമ്മം തിളങ്ങാനും മുഖക്കുരുവിൽ നിന്നും രക്ഷ നേടാനും മഞ്ഞളുപയോഗിക്കുന്നത് അത്യുത്തമമാണ്. ഇതു മാത്രമല്ല മുഖത്തെ പാടുകൾ മായുന്നതിനും മഞ്ഞൾ ഗുണം ചെയ്യും. മികച്ച അണുനാശിനി കൂടിയാണ് മഞ്ഞൾ. ചർമ്മത്തിന്റെ പ്രശ്നങ്ങൾ അകറ്റി നിർത്താനും ചർമ്മം ശുദ്ധമായിരിക്കാനും സഹായിക്കുന്ന മ‍ഞ്ഞൾ ഫെയ്സ്മാസ്ക് തന്നെയാണ് ബെസ്റ്റ്.  

2. ബ്ലീച്ചിങ്ങിന് നാരങ്ങയും വെള്ളരിക്കയും

രാസപദാർത്ഥങ്ങള്‍ ഉപയോഗിച്ചുള്ള ബ്ലീച്ചിങ്ങിനുമുണ്ട് പകരക്കാരൻ. മുഖചർമ്മത്തിലെ കരുവാളിപ്പും അഴുക്കും നീക്കം ചെയ്യാൻ നാരങ്ങയുടെ നീരും വെള്ളരിക്കയുടെ നീരും ചേർത്ത മിശ്രിതം ഉപയോഗിക്കാം. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ബ്ലീച്ചിങ്ങ് ഏജന്റ്സ് ഏതൊരു ആധുനിക ബ്ലീച്ചിങ്ങ് ഉപാധിയേക്കാളും ഫലം ചെയ്യും.

3. മുഖക്കുരു അകറ്റാൻ നാരങ്ങ

പെൺകുട്ടികളുടെ സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാം സ്ഥാനം മുഖക്കുരുവിനു തന്നെയാണ്. മുഖക്കുരുവിനെ ചെറുക്കാൻ ഇനി ഒരു നാടൻ വിദ്യ പരീക്ഷിക്കാം. ഒരു ചെറുനാരങ്ങ മുറിച്ച് അതിന്റെ നീര് ഒരു പാത്രത്തിലെടുക്കുക. അത്രയും അളവിൽ തന്ന വെള്ളവും ഒഴിച്ച് യോജിപ്പാം. ഇനി ഈ നീര് അൽപം പഞ്ഞിയിൽ മുക്കികുരുവുള്ള ഭാഗത്ത് പുരട്ടിക്കോളൂ. മുഖക്കുരു പോകാൻ ഇത് സഹായിക്കുമെന്ന് മാത്രമല്ല, നാരങ്ങയുടെ അണുനാശനശക്തി ചർമ്മം പാടുകളില്ലാതെ ഭംഗിയായിരിക്കാനും സഹായിക്കും.

4. കറുത്തപാടിന് ഉരുളക്കിഴങ്ങ്

കണ്ണിനു താഴെയുള്ള കറുത്തപാടുകളകറ്റാൻ ഉരുളക്കിഴങ്ങിന് സാധിക്കും. ഒരു ഉരുളക്കിഴങ്ങെടുത്ത് ചെറിയ കഷ്ണമായി മുറിക്കണം. കഴുകിയ ശേഷം അത് കണ്ണിനു താഴെ വയ്ക്കാം. അ‍ഞ്ചു മുതൽ പത്തുമിനുട്ട് വരെ ഉരുളക്കിഴങ്ങിന്റെ നീര് ചർമ്മം ആഗിരണം ചെയ്യാൻ അനുവദിക്കണം. ബ്യൂട്ടിപാർലറിൽ പോകാതെ തന്നെ കൺതടങ്ങളിലെ കറുപ്പകലും.

5. ചർമ്മഭംഗിക്ക് തേൻ

ചർമ്മം മനോഹരമായിരിക്കാൻ നമ്മുടെ മുത്തശ്ശിമാർ ഉപയോഗിച്ചിരുന്ന മറ്റൊന്നാണ് തേൻ. ഒരു ഫെയ്സ്മാസ്കായി തേൻ ഉപയോഗിക്കാം. കോസ്മെറ്റിക്സ് ഉപയോഗിക്കാതെ തന്നെ തിളക്കമുള്ള ചർമ്മം നിങ്ങൾക്കും സ്വന്തമാകും.

6. ഇടതൂർന്ന കാർകൂന്തലിന്

മുട്ടോളം എത്തുന്ന മുടിയായിരുന്നു സൗന്ദര്യത്തിന്റെ പ്രതീകം. ധാരാവം വൈറ്റമിൻ അടങ്ങിയ ഭക്ഷണം തന്നെയായിരുന്നു ഇതിന്റെ സീക്രട്ടും. മുടിയുടെ വളർച്ചയ്ക്ക് നെല്ലിക്ക കഴിക്കുന്നത് ഗുണപ്രദമാണ്. ഭക്ഷണക്രമത്തിൽ നെല്ലിക്കയ്ക്കും ഇടം കൊടുത്തോളൂ. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സിയും പോഷകഘടകങ്ങളും മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

7. അകാലനര അകറ്റാൻ കാരറ്റ്

ഇന്ന് മിക്ക ചെറുപ്പക്കാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. ഇതിൽ നിന്നും രക്ഷ നേടാൻ കണ്ണിൽ കണ്ട ഹെയർകളറുകളും ഡൈയും ഉപയോഗിച്ച് മുടി നശിപ്പിക്കേണ്ട. സുലഭമായി ലഭിക്കുന്ന കാരറ്റ് ഉപയോഗിച്ചാൽ മാത്രം മതി. ദിവസവും കാരറ്റ് ‍ ‍‍‍ജ്യൂസ് കുടിക്കുന്നത് തലമുടിക്കും ശരീരത്തിനും ഉത്തമമാണ്. അകാലനര ബാധിക്കുന്നതിനെ തടയാനും കണ്ണുകളുടെ ആരോഗ്യത്തിനും ഇത് സഹായിക്കും.

8. കടലമാവിലുണ്ട് കടലോളം ഗുണങ്ങൾ

ചർമ്മത്തിലെ അമിതമായ എണ്ണമയം അകറ്റാൻ രാസപദാർത്ഥങ്ങൾ നിറഞ്ഞ സോപ്പും ഫെയ്സ് വാഷും തേടി പോകേണ്ട. അതിനുമുണ്ട് പൊടിക്കൈ. കടലമാവ് പാലിൽ ചാലിച്ച് മുഖത്തു തേച്ചാൽ മാത്രം മതി. പാലു ലഭിച്ചില്ല എങ്കിൽ ശുദ്ധമായ വെള്ളം തന്നെ ധാരാളം. അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്ന ചർമ്മകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിച്ച് എണ്ണമയം അകറ്റാൻ ഇത് സഹായിക്കും.

Tags:
  • Glam Up
  • Beauty Tips