Monday 02 January 2023 04:11 PM IST : By സ്വന്തം ലേഖകൻ

വൃത്തിയാക്കാനായി കാൽപാദം കല്ലിൽ ഉരയ്ക്കുന്നത് നല്ലതല്ല; തണുപ്പുകാലത്തെ വരള്‍ച്ച മാറ്റാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

crack-heels

തണുപ്പുകാലത്ത് കാല്‍പാദങ്ങള്‍ വരളുന്നതിന് പല കാരണങ്ങളും ഉണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും കൊടുത്താല്‍ വരൾച്ച കുറയ്ക്കാനും കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനുമാകും. കാല്‍പാദങ്ങളിലെ വരള്‍ച്ച ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

∙ കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും.

∙ സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ്- ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ വരൾച്ച കുറയ്ക്കാം.

∙ കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുന്‍പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം.

∙ ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. അതിനുശേഷം കാൽ തുടച്ച് മോയിസ്ച്വറൈസർ പുരട്ടാം.

∙ വരൾച്ച രൂക്ഷമാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. അവർ നിർദേശിക്കുന്ന ഓയിന്റ്മെന്റുകളും ലോഷനുകളും ഉപയോഗിക്കുന്നത് വരൾച്ച തടയാൻ സഹായിക്കും.

∙ വൃത്തിയാക്കാനായി കാൽ കല്ലിൽ ഉരയ്ക്കുന്നവരുണ്ട്. ഇതു ശരിയായ പ്രവണതയല്ല. കാൽപാദം പരുക്കനാകാനേ ഇത് സഹായിക്കൂ. ഈ ശീലമുണ്ടെങ്കിൽ അതൊഴിവാക്കാം.

Tags:
  • Glam Up
  • Beauty Tips