Thursday 01 December 2022 04:11 PM IST : By സ്വന്തം ലേഖകൻ

ലിപ്സ്റ്റിക്ക് നീക്കിയശേഷം ചുണ്ടില്‍ ആവണക്കെണ്ണ പുരട്ടാം; വരണ്ടു വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് പ്രതിവിധി ഇതാ..

lips44566-rosyy

ചിരി ഭംഗിയുള്ളതാകണമെങ്കിൽ ചുണ്ടുകൾ മനോഹരമായിരിക്കണം. ചുണ്ടിന്റെ സൗന്ദര്യം കെടുത്തുന്ന ഒട്ടേറെ പ്രശ്നങ്ങളിൽ ഒന്നാണ് ചുണ്ടിലെ കറുപ്പ്. ചുണ്ടുകളുടെ ഭംഗി കെടുത്തുന്നതാണ് വശങ്ങളിലേക്ക് പടര്‍ന്നു കാണുന്ന കറുപ്പുനിറം. ചിലരിൽ പാരമ്പര്യമായും ചുണ്ടിലെ കറുപ്പുനിറം, പ്രത്യേകിച്ചു മേൽചുണ്ടിൽ കാണാറുണ്ട്. ലിപ്സ്റ്റിക്കുകളുടെ നിരന്തരമായ ഉപയോഗം മൂലം ചിലർക്കു ചുണ്ടിൽ കറുപ്പുനിറം ഉണ്ടാകുന്നു. 

സൺസ്ക്രീനുകൾ അടങ്ങിയ ലിപ് മോയ്സ്ചറൈസർ ഉപയോഗിക്കുന്നതു ചികിത്സയിൽ പ്രധാനമാണ്. പകൽ സമയത്തു കുറഞ്ഞതു നാലു മണിക്കൂറിന്റെ ഇടവേളയിലെങ്കിലും ഇതു പുരട്ടണം. അതോടൊപ്പം ചുണ്ടിലെ കറുപ്പ് കുറയ്ക്കാനായി പ്രത്യേകം തയാർ ചെയ്ത ലേപനങ്ങളും കെമിക്കൽ പീലുകളും ഉപയോഗിക്കാം.

കഴിവതും ഗുണമേന്മയുള്ള ലിപ്സ്റ്റിക്കുകൾ മാത്രം തിരഞ്ഞെടുക്കുക. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ലിപ്സ്റ്റിക്ക് നീക്കിയതിനുശേഷം ആവണക്കെണ്ണ പുരട്ടുന്നതു നല്ലതാണ്. വരണ്ടു വിണ്ടുകീറിയ ചുണ്ടുള്ളവർ ഇങ്ങനെ ചെയ്യുന്നതു നന്നായിരിക്കും. ലിപ്സ്റ്റിക്ക് പുരട്ടുന്നതിനു മുമ്പ് ലിപ്ബാം ചുണ്ടിൽ പുരട്ടുന്നതിലൂടെ കറുപ്പുനിറം ഉണ്ടാകുന്നതു തടയാം.

ആകൃതിയിലെ പ്രശ്നങ്ങൾ

പ്രായം കൂടുംതോറും ചുണ്ടിനു പല പ്രശ്നങ്ങളും ഉണ്ടാകാം. വലുപ്പം കുറയൽ, ഇലാസ്തികത, തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് ചുണ്ടിന്റെ സൗന്ദര്യം നഷ്ടപ്പെടാം. ആകൃതിയിലുള്ള വ്യത്യാസം പരിഹരിക്കാൻ ആധുനിക സൗന്ദര്യ ചികിത്സാരീതികളിൽ നിരവധി മാർഗങ്ങളുണ്ട്.

വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾ ലിപ് ഹൈഡ്രേഷൻ എന്ന ചികിത്സയിലൂടെ അത്യാകർഷകമാക്കാം. ചുണ്ടിന്റെ വലുപ്പത്തിൽ പ്രകടമായ മാറ്റം വരുകയുമില്ല. ഭംഗി കുറഞ്ഞ അനാകർഷകമായ ചുണ്ടുകളെ സൗന്ദര്യമുള്ളതാക്കി തീർക്കാനായി ഡെർമൽ ഫില്ലർ ചികിത്സ വളരെ ഫലപ്രദമാണ്. ചുണ്ടുകളുടെ ആകൃതി ക്രമീകരിച്ച് വലുപ്പം കൂട്ടി മൃദുത്വമുള്ളതും നിറമുള്ളതുമാക്കി തീർക്കുന്നു.   

പ്രായം കൂടുമ്പോൾ ചുണ്ടുകൾക്കു ചുറ്റിലുമുണ്ടാകുന്ന ചുളിവുകൾ നീക്കം ചെയ്ത് സൗന്ദര്യം വർധിപ്പിക്കാൻ ബോട്ടുലിനം ഇൻജക്‌ഷൻ ഫലപ്രദമാണ്. പലരെയും അലട്ടുന്ന പ്രശ്നമാണ് ചുണ്ടിലെ ഇരുണ്ട നിറം. ചുണ്ടുകൾക്ക് നല്ല നിറം ലഭിക്കാനായി ലേസർ ചികിത്സ ഉപയോഗിക്കാം. സാധാരണ രണ്ടു മുതൽ നാല് സെഷൻ, ആറ് ആഴ്ച വരെ ഇടവിട്ട് ചെയ്യേണ്ടതാണ്. ഭൂരിഭാഗം പേർക്കും ആദ്യ സെഷനിൽ തന്നെ ഫലം കിട്ടും. ലിപ് സ്ക്രബ് ചുണ്ടിലെ നിർജീവമായ കോശങ്ങൾ നീക്കം ചെയ്ത് കൊളാജൻ ഉൽപാദിപ്പിക്കുന്നു. കുറച്ച് പഞ്ചസാര തേനിൽ ചേർത്ത് ചുണ്ടുകളിൽ മൃദുവായി ഉരച്ചു കഴുകിയാൽ മതി.  

സിമ്പിള്‍ ടിപ്സ്

ദിവസത്തിൽ ഒട്ടേറെ പ്രാവശ്യം ലിപ്സ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണം. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ലിപ്സ്റ്റിക് ഉപയോഗിക്കരുത്. 

കറ്റാർവാഴയുടെ നീര് പുരട്ടുന്നത് ചുണ്ടുകൾ തണുപ്പിക്കാനും മയപ്പെടുത്താനും സഹായിക്കും.

ധാരാളം വെള്ളം കുടിക്കുന്നതും ചുണ്ടുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

ദിവസവും രാത്രി ചുണ്ടുകളിൽ ഗ്ലിസറിൻ‍ പുരട്ടിയാൽ ചുണ്ടിലെ ജലാംശം നഷ്ടമാകില്ല. 

ചുണ്ടുണങ്ങുന്നതു മൂലമുള്ള നിറവ്യത്യാസവും പരിഹരിക്കാം.

Tags:
  • Glam Up
  • Beauty Tips