Thursday 08 December 2022 02:45 PM IST : By സ്വന്തം ലേഖകൻ

മഞ്ഞുകാലത്ത് ഇനി ചുണ്ടുകൾ വരണ്ടു വിണ്ടുകീറില്ല; വീട്ടില്‍ ലഭ്യമായ അഞ്ച് ഒറ്റമൂലികള്‍ ഇതാ..

900475418

മഞ്ഞുകാലത്ത് ചുണ്ടു വരണ്ട് വിണ്ടുകീറല്‍ സര്‍വസാധാരണമായ ഒരു കാര്യമാണ്. ഇതിനു പ്രതിവിധിയായി കെമിക്കലുകള്‍ അടങ്ങിയ ലിപ് ബാമുകളേക്കാള്‍ നല്ലത് പ്രകൃതിദത്തമായി നമ്മുടെ വീടുകളില്‍ കിട്ടുന്ന ഒറ്റമൂലികള്‍ തന്നെയാണ്. പാര്‍ശ്വഫലങ്ങളില്ലാതെ ചുണ്ടുകളെ ഭംഗിയായി സൂക്ഷിക്കാന്‍ അഞ്ചു മാര്‍ഗ്ഗങ്ങൾ ഇതാ.. 

വെണ്ണ

ശുദ്ധമായ വെണ്ണ ഒരല്‍പ്പമെടുത്ത് ചുണ്ടുകളില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ഇടയ്ക്കിടയ്ക്കു ചെയ്യുന്നത് ചുണ്ടുകളുടെ മൃദുത്വം വര്‍ധിപ്പിക്കുകയും വരണ്ടുകീറുന്നത് ഒരു പരിധിവരെ തടയുകയും ചെയ്യുന്നു.

റോസാപ്പൂവിതളും പാല്‍പാടയും

കുറച്ചു റോസാപ്പൂവിതളുകൾ എടുത്ത് അല്‍പ്പം പാല്‍പ്പാടയില്‍ അരച്ച് ചുണ്ടില്‍ പുരട്ടുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇതൊന്നു ചെയ്തു നോക്കൂ... ചുണ്ടു വിണ്ടുകീറല്‍ പമ്പ കടക്കുമെന്നതില്‍ സംശയമില്ല.

തേന്‍

ചുണ്ടുകളില്‍ തേന്‍ തേയ്ക്കുന്നതു മൂലം വിണ്ടുകീറല്‍ മാത്രമല്ല അണുബാധയടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഇല്ലാതാകുന്നു. അല്‍പം തേനെടുത്ത് ചുണ്ടില്‍ പുരട്ടിയാല്‍ മാത്രം മതി. നാരങ്ങാനീരും തേനും കൂടി മിക്സ് ചെയ്ത് പുരട്ടുന്നതും ചുണ്ട് വിണ്ടുപൊട്ടുന്നതിന് മികച്ച പരിഹാരമാണ്. 

കറ്റാര്‍വാഴ

കറ്റാര്‍വാഴ ജെല്‍ കുറച്ചെടുത്ത് ചുണ്ടില്‍ പുരട്ടി 5 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ 2-3 വട്ടം ഇങ്ങനെ ചെയ്താല്‍ ഫലം ഉറപ്പാണ്. 

വെള്ളരിക്ക

വെള്ളരിക്കയുടെ നീര് പുരട്ടുന്നത് ചുണ്ടിനെ ബാധിക്കുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും മികച്ച പ്രതിവിധിയാണ്. ചുണ്ട് വിണ്ടുകീറല്‍, തൊലി പൊളിയല്‍, ഫംഗസ് തുടങ്ങിയവെല്ലാം വെള്ളരിക്കാ നീരിനാല്‍ നീക്കം ചെയ്യാം. 

Tags:
  • Glam Up
  • Beauty Tips