Thursday 30 March 2023 12:41 PM IST : By സ്വന്തം ലേഖകൻ

‘മുഖത്തിന് ഇണങ്ങുന്ന ഫ്രെയിം തിരഞ്ഞെടുക്കാം, ഒപ്പം ശ്രദ്ധയോടെയുള്ള ഐ മേക്കപ്പും’; ആളുകൾ കണ്ണുചിമ്മാതെ നോക്കി നിൽക്കും!

glassseelll99

കണ്ണട വയ്ക്കുമ്പോൾ മുഖത്തിനു ഭംഗി കുറയുമെന്നായിരുന്നു ന മ്മുടെ ധാരണ. അതുകൊണ്ടാകും കണ്ണട വയ്ക്കേണ്ടി വരുമെന്ന് അറിയുമ്പോൾ പണ്ടൊക്കെ വിഷമിച്ചിരുന്നതും. പക്ഷേ, സ്റ്റൈലിങ് ആക്സസറീസിന്റെ കൂട്ടത്തിൽ സ്പെക്ടക്കിൾസ് സ്ഥാനം പിടിച്ചതോടെ ‘കണ്ണടയോ ആഹാ’ എന്നു പുഞ്ചിരിക്കുന്നു പുതിയ ജനറേഷൻ. കണ്ണട ധരിച്ചു കൂടുതൽ പ്രസന്റബിൾ ആകാനാണ് അവർക്കിഷ്ടം. കണ്ണട തിരഞ്ഞെടുക്കുമ്പോൾ മുതൽ കണ്ണടയ്ക്കൊപ്പം അണിയേണ്ട മേക്കപ്പിൽ വരെ ശ്രദ്ധിച്ചാൽ കാഴ്ച മാത്രമല്ല, കാഴ്ചയിലും കൂടുതൽ തെളിയാം.

ഫ്രെയിം തിരഞ്ഞെടുക്കുമ്പോൾ

1. ഓവൽ : ഓവൽ ആകൃതിയിലുള്ള മുഖത്തിന് ഒട്ടുമിക്ക ഫ്രെയിമും ചേരും. അപ്പോഴും റൗണ്ട്, ഓവല്‍ കണ്ണട ഫ്രെയിംസ് മാത്രം മാറ്റി നിർത്താൻ മറക്കല്ലേ.

2. ഡയമണ്ട്:  റൗണ്ട്, ജോമെട്രിക്, ഓവൽ കണ്ണടകളാണ് ഇവർക്ക് ഇണങ്ങുക.

3. സ്ക്വയർ : വശങ്ങൾ ഉരുണ്ട മിക്ക ഫ്രെയിമുകളും ചതുരാകൃതിയിലുള്ള മുഖത്തിനു ചേരുമെങ്കിലും വീതി കുറഞ്ഞ ഫ്രെയിമുള്ള റൗണ്ട് ഫ്രെയിമും ക്യാറ്റ് ഐയും കൂടുതൽ ഇണങ്ങും.

4. റൗണ്ട് : വൃത്താകൃതിയിലുള്ള മുഖത്തിന് ദീർഘചതുരാകൃതി, ചതുരം ഫ്രെയിമുകൾക്കു പുറമേ ഏവിയേറ്റർ ഫ്രെയിമും നല്ലതാണ്.

5. റെക്ടാങ്കിൾ : ഇക്കൂട്ടർക്ക് ദീർഘചതുരത്തിലും ചതുരത്തിലുമുള്ള കണ്ണട ഫ്രെയിമുകൾ യോജിക്കില്ല. റൗണ്ട്, റാപ് ഫ്രെയിംസ് തിരഞ്ഞെടുത്തോളൂ.

6. ഹാർട് : റെക്ടാങ്കിൾ, ക്യാറ്റ് ഐ ഫ്രെയിം ഹൃദയാകൃതിയിൽ മുഖമുള്ളവർക്ക് ഇണങ്ങും. ഫ്രെയിം‌ലെസ് കണ്ണടകളും നന്നായിരിക്കും.

എല്ലാ ആകൃതിയിലുള്ള മുഖത്തിനും ഇണങ്ങുന്ന ഫ്രെയിമാണ് ഏവിയേറ്റർ ഫ്രെയിം. അതിനാൽ ഷേപ്പിൽ കൺഫ്യൂഷൻ ഉള്ളവർക്കു കണ്ണടച്ച് ഇവ തിരഞ്ഞെടുക്കാം.

selecctgglll8

കോൺടാക്ട് ലെൻസ് സൂപ്പറാണ്

സോഷ്യൽ മീഡിയയിൽ ചുറ്റിത്തിരിയുന്ന ചില  വിഡിയോസ് കണ്ടിട്ടില്ലേ, കണ്ണിലെ കൃഷ്ണമണിയുടെ നിറം ഒന്നു മാറ്റിയതും അഴക് നൂറായി മാറുന്നത്. ചർമത്തിന്റെ നിറത്തിനു ചേരുന്ന കോൺടാക്ട് ലെൻസ് വയ്ക്കുന്നതാണ് ഈ ബ്യൂട്ടി മാജിക്കിന്റെ പിന്നിൽ.  

ലെൻസ് തിര‍ഞ്ഞെടുക്കുമ്പോൾ  മനസ്സിൽ വേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, മുടിയുടെ നിറം. ഹെയർ കളറിൽ മാറി മാറി പരീക്ഷണം നടത്തുന്നവർ കോണ്ടാക്ട് ലെൻസും അതിനൊപ്പം ഇണങ്ങുന്നത് ഉപയോഗിച്ച് സുന്ദരിയായിക്കോളൂ...

∙ ഫെയർ സ്കിൻ ഉള്ളവർക്ക് ഗ്രേ, ബ്ലൂ, ടർക്കോയ്സ് നിറങ്ങളിലുള്ള ലെൻസ് വശ്യഭംഗി നൽകും.

∙ ടാൻ സ്കിൻ ടോണിന് ബ്രൗൺ, ഹേസൽ, ഹണി, ഗ്രീൻ ലെൻസസ് ആണ് ഇണങ്ങുക.

∙ ഇരുണ്ട നിറക്കാർക്ക് ഗ്രേ, ബ്രൗൺ ലെൻസുകൾ നല്ലതാണ്.

∙ നിറങ്ങൾക്കു പുറമേ കൃഷ്ണമണിയുടെ നിറം തെല്ലും പുറത്തു കാണാത്ത ഒപ്പേക് ലെൻസ്, കൃഷ്ണമണിയുടെ നിറം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന തരം ലെൻസ് എന്നിങ്ങനെ വ്യത്യസ്തതകൾ കോണ്ടാക്ട് ലെൻസിലുണ്ട്. അവസരങ്ങൾക്കും വസ്ത്രത്തിനും അനുയോജ്യമായി തിരഞ്ഞെടുക്കാം. ലെൻസിന്റെ നിറം ചോരാത്ത വിധം ഐ മേക്കപ് ചെയ്യാനും ശ്രദ്ധിക്കുക.

1805379256

ഐ മേക്കപ്പ് പ്രധാനമാണ്

കണ്ണടയുള്ളവരുടെ കണ്ണിലേക്കാകും ആദ്യനോട്ടമെത്തുക. അതുകൊണ്ട് ഐ മേക്കപ്പ് എപ്പോഴും ഭംഗിയായിരിക്കണം.

∙ പുരികത്തിന്റെ ആകൃതി കണ്ണട ഫ്രെയിമിനു ചേരുംവിധമായിരിക്കണം. വീതിയുള്ള ഫ്രെയിമിനു വീതി കുറഞ്ഞ പുരികമാണ് ഇണങ്ങുക. ബോൾഡ് പുരികമാണ് നേർത്ത കണ്ണട ഫ്രെയിം അണിയുന്നവർക്ക് ചേരുക.

∙ ഐ ഷാഡോ അണിയാൻ മറക്കേണ്ട. കണ്ണട  അണിയുന്നവർ ന്യൂഡ് ഷേഡ് തിരഞ്ഞെടുത്താൽ മതി. നിറവും തിളക്കവുമുള്ള ഐ ഷാഡോ വിശേഷാവസരങ്ങളിൽ ഡ്രമാറ്റിക് ലുക്ക് ആഗ്രഹിക്കുമ്പോൾ മാത്രം അണിയുക.

∙ കണ്ണടക്കാർക്ക് മസ്കാര ‘മസ്റ്റ് ഹാവ്’ ആണ്. കൺപീലികളിൽ രണ്ടു മൂന്നു കോട്ട് ആയി മസ്കാര അണിഞ്ഞാൽ തന്നെ കണ്ണുകൾക്ക് ആകർഷണീയത ലഭിക്കും. നീളം കൂട്ടുന്ന ലെങ്തനിങ് മസ്കാരയേക്കാൾ വോള്യമൈസിങ് അല്ലെങ്കിൽ കേളിങ് മസ്കാരയാണ് നല്ലത്. വാട്ടർപ്രൂഫ് തിരഞ്ഞെടുത്തില്ലെങ്കിൽ മസ്കാര കണ്ണടയിൽ പറ്റിപ്പിടിക്കാനിടയുണ്ട്.

∙ കണ്ണെഴുതണോ വേണ്ടയോ എന്ന സംശയം കണ്ണടക്കാരികൾക്കുണ്ട്. കാജൽ എഴുതുന്നതു പതിവാക്കിക്കോളൂ. കൺപോളയിലും കണ്ണിനു താഴെയും കാജൽ എഴുതാം. വീതി  ശ്രദ്ധിക്കണമെന്നു മാത്രം. വീതിയുള്ള ഫ്രെയിമിനൊപ്പം ഐലൈനറും വീതി കൂട്ടിയെഴുതാം. കണ്‍പോളയിൽ വീതി കൂട്ടിയെഴുതിയശേഷം കണ്ണിനു താഴെയെഴുതുമ്പോൾ കണ്ണിനു വലുപ്പം കൂട്ടുന്ന ഒരു സൂത്രപ്പണി കൂടി ചെയ്യാം. കണ്ണു തുടങ്ങുന്ന മൂക്കിനോടു ചേർന്നുവരുന്ന ഭാഗത്തു വെള്ളയോ ഇളംനിറത്തിലോ ഉള്ള ലൈനർ ഉപയോഗിക്കാം. അതിനുശേഷം ബ്ലാക്, ബ്രൗൺ നിറത്തിലെഴുതാം.

കണ്ണടയ്ക്കുള്ളിലും കണ്ണിന് തിളക്കം നൽകാൻ  ക്യാറ്റ് ഐ സ്റ്റൈൽ സഹായിക്കും. കൺപോളയിലേക്കു വാലിട്ടെഴുതി, കണ്ണിനു  താഴെ നേർത്ത് എഴുതുന്ന ഈ ഐ മേക്കപ് സ്റ്റൈൽ എപ്പോഴും ട്രെൻഡിയാണ്.

നിറമുള്ള ഐലൈനറും ഐ മേക്കപ്പിന് ഉപയോഗിക്കാം.  ഫ്രെയിമിന്റെ നിറത്തിനു ചേരുന്ന നിറത്തിൽ ഐ ലൈനർ വാങ്ങി കണ്ണിൽ വർണം നിറയ്ക്കാം.

∙ കണ്ണട പതിവായി അണിയുന്നവരുടെ ടെൻഷനാണ് കണ്ണിനടിയിലെ ഇരുണ്ടനിറം. കണ്ണട അണിയുമ്പോൾ കണ്ണിനു ചുറ്റും നേർത്ത നിഴൽ വീണേക്കാം. അതിനാൽ  ബ്രൈറ്റനിങ് കൺസീലർ തന്നെ ഉപയോഗിക്കണം. ചർമത്തിന്റെ നിറത്തേക്കാള്‍ ഒരു ഷേഡ് കുറഞ്ഞ കൺസീലറാണു തിരഞ്ഞെടുക്കേണ്ടത്.

261023570

മേക്കപ്പിൽ ഓർക്കേണ്ട ചിലത്

∙  പ്രൈമർ അണിയുമ്പോൾ മാറ്റ് ഫിനിഷ് തന്നെ തിരഞ്ഞെടുക്കാം. കണ്ണട മുഖത്തോടു ചേർന്നിരിക്കുന്ന മൂക്കിന്റെ ഭാഗത്തു മാത്രമെങ്കിലും മാറ്റ് ഫിനിഷ് പ്രൈമർ തിരഞ്ഞെടുക്കണം. അല്ലെങ്കിൽ നോസ് പാഡ് തെന്നി, മേക്കപ്പിന്റെ ഫിനിഷിങ്ങനെ ബാധിക്കാം. കണ്ണട ഫ്രെയിം തട്ടുന്ന ഭാഗത്തെല്ലാം കോംപാക്ട് പൗഡർ ഇട്ടു മേക്കപ്പിനു ഫിനിഷിങ്ങും നൽകണം.

∙ ചുണ്ടും കണ്ണുമാണു മേക്കപ്പ് അണിയുമ്പോൾ ഏറ്റവും ശ്രദ്ധ നൽകേണ്ട ഭാഗങ്ങൾ. കണ്ണട ഫ്രെയിം ബോൾഡ് ആൻഡ് ബ്രോഡ് ആകുമ്പോൾ ലിപ് കളറും ബോൾഡ് ആകുന്നതാണു സ്റ്റൈൽ.  

ഹെയർകട്ട് എങ്ങനെ ?

കണ്ണടയ്ക്കു ചേരുന്ന കിടിലൻ ഹെയർ കട്ട്  വ ന്നാൽ തന്നെ മേക്കോവർ ആയി.

∙ പതിവായി കണ്ണട ഉപയോഗിക്കുന്നവർ മുടി വെട്ടാൻ പോകുമ്പോൾ കണ്ണട കൂടി മുഖത്തു വച്ചശേഷം ഇണങ്ങുന്ന സ്റ്റൈൽ ഏതെന്ന് ഹെയർ സ്റ്റൈലിസ്റ്റിനോടു ചോദിക്കണം. അതനുസരിച്ച് മുടി വെട്ടിയാൽ മാത്രം പോരാ. വീട്ടിൽ വന്നാലും അതെങ്ങനെ സ്റ്റൈൽ ചെയ്തിടണമെന്ന് മനസ്സിലാക്കി അതു പിന്തുടരുകയും വേണം.

∙ വലിയ ഫ്രെയിമിന് ചേരുന്നത് മുടിക്ക് കനം തോന്നിക്കുന്ന ലെയര്‍ കട്ടാണ്. ഫെയിമില്ലാത്ത ചെറിയ കണ്ണട അണിയുന്നവർ മുഖത്തോട് ഒട്ടിക്കിടക്കുന്ന നീളൻ ഹെയർ സ്റ്റൈൽ ഭംഗിയായിരിക്കും.  ഇങ്ങനെ ഓരോരുത്തും അവരുടെ മുഖത്തിന്റെയും കണ്ണട ഫ്രെയിമിന്റെയും ആകൃതിക്ക് അനുസരിച്ച് മുടി വെട്ടുക.

∙ നെറ്റിയിലേക്ക് ബാങ്‌സ് വെട്ടിയിടുന്നവർ കണ്ണട ഫ്രെയിമിലേക്ക് മുടി വീഴാത്തവിധം വെട്ടിയിടണം.

∙ മറ്റൊന്നു മുടി കെട്ടുന്ന രീതിയാണ്. ചേരുന്ന ഹെയർ സ്റ്റൈലുകൾ വിദഗ്ധരോടു ചോദിച്ചും സ്വയം പരീക്ഷിച്ചും കണ്ടെത്തിക്കോളൂ.

Tags:
  • Glam Up
  • Beauty Tips