Saturday 10 December 2022 04:40 PM IST : By സ്വന്തം ലേഖകൻ

‘ശിരോചർമത്തിൽ തൊടാതെ കണ്ടീഷണര്‍ പുരട്ടാം’; മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

hair-loss543chuuu

എല്ലാ ദിവസവും മുടിയിൽ ഷാംപുവും കണ്ടീഷണറും ഉപയോഗിക്കുന്നവരാണ് കൂടുതലും. എന്നാൽ തലമുടിയ്ക്കും ചർമത്തിനും ചേരാത്തവ ഉപയോഗിച്ചാൽ മുടികൊഴിച്ചിലായിരിക്കും ഫലം. അതുപോലെ തന്നെ പ്രധാനമാണ് ശരിയായ രീതിയിൽ ഇവ ഉപയോഗിക്കാൻ ശീലിക്കേണ്ടതും.

മുടിയുടെ സ്വഭാവമറിഞ്ഞ് ഷാംപൂ

മൂന്നു തരത്തിലുള്ള മുടിയാണ് ഉള്ളത്. അമിതമായി വരൾച്ചയോ എണ്ണമയമോ ഇല്ലാത്ത മുടി സാധാരണ മുടിയുടെ ഗണത്തിൽ പെടും. എണ്ണ തേച്ചില്ലെങ്കിൽ പോലും ചർമത്തോട് ചേർന്ന് ഒട്ടിയിരുന്നാൽ എണ്ണമയമുള്ള മുടിയായിരിക്കും അത്. എ ത്ര എണ്ണ തേച്ചാലും പാറി പറന്നു കിടക്കുന്നത് വരണ്ട മുടി. മുടിയുടെ സ്വഭാവമറിഞ്ഞ് ഷാംപൂ തിരഞ്ഞെടുക്കണം.  

അന്തരീക്ഷത്തിലെ പൊടിയും പുകയും തലമുടിക്ക് എൽപിക്കുന്ന പ്രശ്നങ്ങളിൽ നിന്നു മുടിയെ സംരക്ഷിക്കാൻ ഒരു പരിധി വരെ ഗുണമേന്മയുള്ള  ഷാംപുവിനാകും. മൂന്നു ദിവസം കൂടുമ്പോൾ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.

മുടിയുടെ അറ്റം പിളരുക, മുടി വിണ്ടു കീറുക, നൂറിലേറെ മുടി ഒരു ദിവസം കൊഴിയുക ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ ഡോക്ടർ നിർദ്ദേശിക്കുന്ന ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കണം. കരാറ്റിൻ ട്രീറ്റ്മെന്റ്, സ്മൂതിനിങ്, തുടങ്ങിയവ പരീക്ഷിച്ച മുടിയാണെങ്കില്‍ അതിനായി പ്രത്യേകമുള്ള ഷാംപൂ വേണം തിരഞ്ഞെടുക്കാൻ.

ഓയിൽ മസാജ് ചെയ്തോളൂ..

ഷാംപൂ പുരട്ടും മുൻപ് 20 മിനിറ്റു നേരം ഓയിൽ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യം വർധിപ്പിക്കും. വെളിച്ചെണ്ണയ്ക്കു പകരം  ഒലീവ് ഓയിൽ, ബദാം ഓയിൽ. തേങ്ങാപ്പാൽ എന്നിവയെല്ലാം  മസാജിങ്ങിനായി ഉപയോഗിക്കാം. ചൂടാക്കിയ തവിയിലൊഴിച്ചും അല്ലാതെയും എണ്ണ  മസാജിനായി  ഉപയോഗിക്കാം. വരണ്ട മുടിയെങ്കിൽ ഷാംപൂ ഉപയോഗിച്ച് കുളി കഴിഞ്ഞ ശേഷം ഒന്നോ രണ്ടോ തുള്ളി ഓയിൽ കൈകളിൽ പുരട്ടി മുടിയിഴകൾക്കിടിയിൽ മസാജ് ചെയ്യാം.

ഷാംപൂ ചെയ്യുന്നത് ഇങ്ങനെയാണോ?

കഴുത്തിന്റെ പിൻഭാഗത്തു നിന്നു തുടങ്ങി മുകളിലേക്ക് പുരട്ടുകയാണ് ഷാംപൂ ചെയ്യുന്ന ശരിയായ രീതി. എന്നും ഒരേ ഭാഗത്തു തന്നെ ഷാംപൂ പുരട്ടി തുടങ്ങുന്നത് ആ ഭാഗത്തെ മുടി കൊഴിഞ്ഞുപോകാൻ കാരണമാകും.

വിരലിന്റെ അഗ്രം കൊണ്ട്  ഷാംപൂ പുരട്ടുക. ഷാംപൂ ചെയ്ത ശേഷം തണുത്തവെള്ളത്തിൽ മുടി കഴുകണം. ഷാംപൂ ഉപയോഗിക്കുമ്പോള്‍ മുടിയിഴകളേക്കാളും ശിരോചർമത്തിനാണ് പ്രാധാന്യം നൽകേണ്ടത്. തലയോട്ടിയിലും മുടിയിലും പതപ്പിച്ച ഷാംപൂ രണ്ടു മിനിറ്റ് കഴിയുമ്പോൾ കഴുകാം. തലമുടിയിൽ ശക്തമായി വെള്ളം ഒഴിക്കാതിരിക്കാൻ ശ്രദ്ധിക്കാം.

ശിരോചർമത്തിൽ തൊടാതെ കണ്ടീഷണര്‍

ഷാംപൂ കഴുകിയ ശേഷം  മുടിയിലെ പത പൂർണമായും പോയി എന്ന് ഉറപ്പു വരുത്തിയിട്ടേ കണ്ടീഷണർ ഉപയോഗിക്കാവൂ. നനഞ്ഞ മുടിയിലെ വെള്ളം കൈകൾ കൊണ്ട് പൂർണമായും കളഞ്ഞ ശേഷം വേണം കണ്ടീഷ്നർ പുരട്ടാൻ. സ്കാൽപ്പിൽ തൊടാതെ മുടിയുടെ വേരിന്റെ തുടക്കം മുതൽ അറ്റത്തേക്ക് പുരട്ടാം. തല കുനിച്ചു കണ്ടീഷണർ പുരട്ടുന്നതായിരിക്കും നല്ലത്. മൂന്ന് മിനിറ്റു വരെ ഇത് മുടിയിൽ നിലനിർത്താം,

വിടർത്തിയിട്ട് ഉണക്കാം  

മുടിയിൽ നിന്ന് കണ്ടീഷണറിന്റെ അംശം പൂർണമായും പോകുന്നതു വരെ (മുടിയുടെ വഴുവഴുപ്പ് മാറുന്നത് വരെ) വെള്ളമൊഴിച്ച് കഴുകാം. ശേഷം ഉണങ്ങിയ കോട്ടൻ തുണി ഉപയോഗിച്ച് മൃദുവായി തുടച്ച് നനവു മാറ്റാം. ഷാംപൂ വാഷ് ചെയ്തശേഷം മുടി വിടർത്തിയിട്ട് ഉണക്കാനും ശ്രദ്ധിക്കുക.   

Tags:
  • Glam Up
  • Beauty Tips