Friday 16 December 2022 04:25 PM IST

തിളങ്ങുന്ന ചർമ്മത്തിനും മുടിയുടെ ആരോഗ്യത്തിനും 'ഹെൽതി ഹെയർ ആൻഡ് സ്കിൻ ഡയറ്റ്'

Roopa Thayabji

Sub Editor

glowiinnnnn

സൗന്ദര്യപ്രശ്നങ്ങളിൽ ഭക്ഷണശീലങ്ങൾക്ക് വലിയ പങ്കൊന്നും ഇല്ല എന്നായിരുന്നു ഇതുവരെ നമ്മുടെ ധാരണ. അതുകൊണ്ടാണ് മുഖത്തിനും  മുടിക്കും പ്രശ്നങ്ങളുണ്ടായാൽ ഉടൻ ക്രീമുകളെയും ഓയിന്റ്മെന്റുകളെയും കുറിച്ച് നമ്മൾ ചിന്തിച്ചിരുന്നതും. എന്നാൽ സൗന്ദര്യത്തിലും ചർമത്തിന്റെ സ്വഭാവത്തിലും എന്നു വേണ്ട മുടിയുടെയും മുഖത്തിന്റെയും തിളക്കത്തിലും അഴകിലുമെല്ലാം ഭക്ഷണശീലത്തിന് വലിയ പ‌ങ്കുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

ഹെൽതി ഹെയർ ആൻഡ് സ്കിൻ ഡയറ്റ്

മുടിയുടെ അഴകാണ് സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകം. നല്ല ആരോഗ്യമുള്ളവർക്കേ നല്ല മുടിയും ചർമവും ഉണ്ടാകൂ. മുടിയുടെ ആരോഗ്യത്തിനും അഴകിനും വേണ്ടി മാത്രമല്ല, തിളങ്ങുന്ന ആരോഗ്യമുള്ള  ചർമത്തിനു വേണ്ടിയും ഹെൽതി ഹെയർ ആൻഡ് സ്കിൻ ഡയറ്റ് ചെയ്യാം. ഈ ഡയറ്റ് ചെയ്യുമ്പോൾ തക്കാളി, കാരറ്റ്, ബദാം, സവാള, ചീര, മുട്ട, മീൻ, കോളിഫ്ലവർ, മധുരക്കിഴങ്ങ്, വാൽനട്സ് എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ചായ, കാപ്പി, ബേക്കറി പലഹാരങ്ങൾ, മധുരം കലർന്നതും പ്രോസസ്ഡുമായ ഫൂഡ്, പ്രിസർവേറ്റീവ്സ് ചേർന്നവ, ഫാസ്റ്റ് ഫൂഡ് എന്നിവ ഒഴിവാക്കണം.

ഡയറ്റ് ചാർട്

അതിരാവിലെ – ഒരു നാരങ്ങ പിഴിഞ്ഞൊഴിച്ച, ഇഞ്ചി ചതച്ചിട്ട ഒരു ഗ്ലാസ് വെള്ളം

പ്രാതലിന് – മധുരക്കിഴങ്ങോ ചേനയോ പുഴുങ്ങിയതും തേങ്ങാ ചമ്മന്തിയും, തേങ്ങയും ശർക്കരയും ചേർത്തു           

വേവിച്ച  ഒരു ബൗൾ ചെറുപയർ

ഇടനേരത്തേക്ക് – ലെറ്റൂസ്, സവാള, തക്കാളി, ഒരു പുഴുങ്ങിയ മുട്ട എന്നിവ ചേർന്ന സാലഡ്

ഉച്ചയ്ക്ക് – ചോറ്, ചിക്കനോ മീനോ, മിക്സഡ് വെജിറ്റബിൾ തോരൻ, വഴറ്റിയെടുത്ത അച്ചിങ്ങ പയർ

വൈകിട്ട് – നുറുക്കിയ പഴങ്ങളും നട്സും, 

ഒരു ബൗൾ

അത്താഴത്തിന് – ചോറ്, മീൻ, മിക്സഡ് വെജിറ്റബിൾ തോരൻ 

വെള്ളം – ദിവസം 9– 11 ഗ്ലാസ്

മുഖത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു വേണ്ടി ഈ ഡയറ്റിനൊപ്പം ഫെയ്സ് പാക്കും ഹെയർ പായ്ക്കും കൂടി ഇടാം. നന്നായി ഉടച്ചെടുത്ത പഴുത്ത പപ്പായയിലേക്ക് വേണമെങ്കിൽ ഒരു വലിയ സ്പൂൺ തേൻ കൂടി ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകണം. വരണ്ട മുടിയുള്ളവർ അൽപം തേനും വെളിച്ചെണ്ണയും കൂടി യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് മസാജ് ചെയ്ത് 20 മിനിറ്റിനുശേഷം കഴു കണം. തലയോട്ടിയിലെ ചൊറിച്ചിലും അസ്വസ്ഥതയും അലട്ടുന്നവർ അൽപം ബ്രൗൺ ഷുഗറും ഒലിവ് ഓയിലും കൂടി മിക്സ് ചെയ്ത് നന്നായി തേച്ചുപിടിപ്പിച്ച ശേഷം കഴുകിയാൽ മതി. ആപ്പിൾ സെഡർ വിനിഗറും  നാരങ്ങാനീരും മിക്സ് ചെയ്ത് പുരട്ടിയ ശേഷം കഴുകിയാൽ ഓയ്‌ലി ഹെയർ വെട്ടിത്തിളങ്ങും.

വിവരങ്ങൾക്ക് കടപ്പാട്: പ്രിൻസി ജിജോ, കൺസൽട്ടന്റ് ഡയറ്റിഷ്യൻ (നോർമൽ ആൻഡ് തെറാപ്യൂട്ടിക് ഡയറ്റ്സ്) Longevity Diet Clinic, സിംഗപ്പൂർ

Tags:
  • Glam Up
  • Beauty Tips