Wednesday 16 November 2022 03:02 PM IST : By സ്വന്തം ലേഖകൻ

തേനും തേങ്ങാപാലും അരച്ച ചെമ്പരത്തി പൂവിതളുകളും ചേര്‍ത്ത മാജിക്; താരനെ ചെറുക്കാന്‍ ചെമ്പരത്തി ഹെയര്‍പായ്ക്കുകൾ

hibiscus

മുടിയുടെ പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ് സര്‍വ സാധാരണമായി നമ്മുടെയൊക്കെ മുറ്റത്തു നില്‍ക്കുന്ന ചെമ്പരത്തി. എളുപ്പത്തിൽ തയാറാക്കാവുന്ന ചെമ്പരത്തി ഹെയര്‍ പായ്ക്കുകൾ താരനെ ചെറുക്കാനും തലമുടിയ്ക്ക് കരുത്തു പകരാനും സഹായിക്കുന്നു. മുടിയുടെ പലവിധ പ്രശ്നങ്ങൾ പരിഹരിച്ച് കരുത്ത് നല്‍കാന്‍ ഈ ഹെയർ പായ്ക്കുകൾ ഉപകരിക്കും. 

∙ അരച്ച ചെമ്പരത്തി പൂവിതളുകൾ രണ്ടു ടേബിൾ സ്പൂൺ, രണ്ടു ടേബിൾ സ്പൂൺ തേങ്ങാപാൽ, രണ്ടു ടേബിൾ സ്പൂൺ തേൻ, രണ്ടു ടേബിൾ സ്പൂൺ തൈര്, നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്യുക. മുടിയിഴകളിലും വേരുകളിലും ഈ മിശ്രിതം തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്താല്‍ വരണ്ടതും അറ്റം പിളർന്നുപോയതുമായ തലമുടിയുടെ സംരക്ഷണത്തിനു ഈ കൂട്ട് സഹായിക്കും. 

∙ മൂന്നു ടേബിൾ സ്പൂൺ ഇഞ്ചിനീരും രണ്ടു ടേബിൾ സ്പൂൺ ചെമ്പരത്തി പൂവ് അരച്ചതും മിക്സ് ചെയ്യുക. ഇത് തലമുടിയിൽ മുഴുവനായും പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം. തലമുടിയുടെ വളർച്ചയെ സഹായിക്കുന്നു. 

∙ രണ്ടു മുട്ടയുടെ വെള്ളയും ചെമ്പരത്തിപൂവ് അരച്ചത് മൂന്നു ടേബിൾ സ്പൂണും മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിലാകെ പുരട്ടി 20 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. ആഴ്ചയിൽ ഒരു തവണ ഇതു ചെയ്യാം. തലമുടിയിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ ഇല്ലാതെയാക്കാനും മുടികൊഴിച്ചിലിനെ പ്രതിരോധിക്കാനും ഈ കൂട്ട് സഹായിക്കും. 

∙ 10 ആര്യവേപ്പ് ഇലയും ഒരു കൈനിറയെ ചെമ്പരത്തിയിലകളും കാൽകപ്പ് വെള്ളവുമാണ് ഈ ഹെയർ പായ്ക്കിന് ആവശ്യമായ വസ്തുക്കൾ. വെള്ളം ഒഴിച്ച് ആര്യവേപ്പിന്റെ ഇല അരച്ചതിനു ശേഷം, അതിന്റെ നീര് പിഴിഞ്ഞെടുക്കുക. അരച്ചുവച്ച ചെമ്പരത്തിയില ആര്യവേപ്പിലയുടെ നീരുമായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം തലയിലാകെ പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്യാവുന്നതാണ്.

Tags:
  • Glam Up
  • Beauty Tips