Wednesday 29 March 2023 03:25 PM IST : By സ്വന്തം ലേഖകൻ

പഴുത്ത നേന്ത്രപ്പഴവും തേനും ചേർത്ത നാച്ചുറല്‍ ഫെയ്സ്പായ്ക്; മിനിറ്റുകള്‍ മതി മുഖം തിളങ്ങാൻ!

girl-pppackkk

ചർമം ഏറ്റവും കരുതലോടെ സൂക്ഷിക്കേണ്ട കാലമാണ് വേനൽക്കാലം. വരൾച്ച, അമിതമായ എണ്ണമയം, വിയർപ്പ്, ചൊറിച്ചിൽ എന്നിങ്ങനെ പല അസ്വസ്ഥതകളും വേനല്‍ക്കാലത്ത് ഉണ്ടാകാം. പ്രകൃതിദത്തമായ ചില ഫെയ്സ്പാക്കുകൾ ഉപയോഗിച്ച് ഫലപ്രദമായി ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ തടയാം. 

1. വളരെ ഫലപ്രദമാണ് കുക്കുംബർ- പഞ്ചസാര ഫെയ്സ്പാക്ക്. കഷ്ണങ്ങളാക്കിയെടുത്ത കുക്കുംബറിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു സമയം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചശേഷം മുഖത്തു പുരട്ടാം. മുഖത്തിന് തിളക്കം കിട്ടാനും ചർമത്തിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഈ ഫെയ്സ്പാക് സഹായിക്കുന്നു. 

2. ഓരോ സ്പൂൺ വീതം നാരങ്ങാനീരും തേനും ചേർത്ത മിശ്രിതം ഒരു മുട്ടയുടെ വെള്ളയിൽ ചേർത്ത് നന്നായി ഇളക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകി കളയാം. ചർമത്തിലെ അധികമുള്ള എണ്ണമയം മാറ്റി തിളക്കം വർധിപ്പിക്കാൻ ഈ പായ്ക് സഹായിക്കും.

3. ഏകദേശം തുല്യ അളവിൽ തൈരും കടലമാവും എടുക്കുക. നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തു പുരട്ടു ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. വെയിലേറ്റു കരുവാളിച്ച ചർമത്തിന്റെ ഫ്രഷ്നസും തിളക്കവും വീണ്ടെടുക്കാൻ ഈ ഫെയ്സ്പാക്ക് സഹായിക്കും.

4. നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ചശേഷം അതിലേക്ക് തേന്‍ ചേർത്തിളക്കുക. മുഖത്ത് എല്ലായിടത്തും എത്തുന്ന രീതിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് വയ്ക്കുക. ഉണങ്ങിയാൽ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. വേനൽക്കാലത്ത് ചർമ്മത്തിലുണ്ടാകുന്ന വരൾച്ച നേരിടാന്‍ സഹായിക്കുന്ന ഫെയ്സ്പാക്കാണിത്. 

5. പാൽപ്പൊടിയോ പാലോ എടുത്തശേഷം അതിലേക്ക് ആവശ്യത്തിന് തേൻ ഒഴിച്ച് മുഖത്തു പുരട്ടുക. 15 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ചർമം തിളങ്ങാനും മൃദുവാകാനും ഈ ഫെയ്സ്പാക് സഹായിക്കും.

Tags:
  • Glam Up
  • Beauty Tips