Saturday 13 May 2023 02:48 PM IST : By സ്വന്തം ലേഖകൻ

പരിചരണം മതി അഭംഗി മായ്ക്കാൻ; കഴുത്തിലെയും കൈമുട്ടിലെയുമൊക്കെ ഇരുണ്ടനിറം അകറ്റാന്‍ ടിപ്സ്

renju-darkk5566

കഴുത്തിന്റെ വശങ്ങളിൽ, കൈ – കാൽമുട്ടുകൾ, കക്ഷം എന്നീ ഭാഗങ്ങളിലെ പരുപരുത്ത ചർമവും ഇരുണ്ട നിറവും അകറ്റാൻ എന്താണ് വഴിയെന്ന് ആലോചിക്കാത്തവർ ചുരുക്കമായിരിക്കും. അതിനുള്ള വഴികളാണ് ഇത്തവണ.

∙ ഒരു തക്കാളിയുടെ നീരിൽ രണ്ടു വലിയ സ്പൂൺ ഓട്സ് പൊടിച്ചതു ചേർത്തു പേസ്റ്റ് രൂപത്തിലാക്കി ഇരുണ്ട നിറമുള്ള കഴുത്തിലും കൈ – കാൽമുട്ടിലും കക്ഷത്തിലും പുരട്ടി മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്നു തവണ ചെയ്താൽ മൃതകോശങ്ങൾ അകന്നു ചർമം മൃദുവാകും. കറുപ്പും മാറും.

∙ ഒരു വലിയ സ്പൂൺ ബേക്കിങ് സോഡയിൽ അൽപം നാരങ്ങാനീരും വെള്ളവും ചേർത്തു പേസ്റ്റ് രൂപത്തിലാക്കുക. ഇതു കൈമുട്ടിലും കാൽമുട്ടിലും പുരട്ടി മൂന്നു മിനിറ്റ് മസാജ് ചെയ്ത് അഞ്ചു മിനിറ്റിനു ശേഷം കഴുകാം. ആഴ്ചയിലൊരിക്കൽ ചെയ്യാമിത്.

∙ രണ്ടു വലിയ സ്പൂൺ കടലമാവില്‍ പാൽ ചേർത്തു കുഴമ്പുരൂപത്തിലാക്കി കഴുത്തിന്റെ വശങ്ങള്‍, കൈ – കാൽമുട്ടുകൾ, കക്ഷം എന്നീ ഭാഗങ്ങളിൽ പുരട്ടി 10 മിനിറ്റിനു ശേഷം കഴുകുക. 

∙ ഉരുളക്കിഴങ്ങ് കഷണത്തിന്റെ നീരെടുത്തു കക്ഷത്തിൽ പുരട്ടി 10 മിനിറ്റിനു ശേഷം കഴുകാം. കരുവാളിപ്പും കറുത്ത പാടും അകറ്റാൻ കേമമാണ് ഉരുളക്കിഴങ്ങ്.

∙ ഒരു വലിയ സ്പൂൺ തൈരിൽ അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇരുണ്ട നിറമുള്ള ഭാഗങ്ങളിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകാം. 

∙ ഒരു വലിയ സ്പൂൺ അ രിപ്പൊടിയിൽ പേസ്റ്റ് രൂപത്തിലാക്കാൻ പാകത്തിൽ തേനൊഴിച്ചു കൈ – കാൽമുട്ടുകളിൽ പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യുക. ഉണങ്ങിയശേഷം കഴുകാം.

കടപ്പാട്: രഞ്ജു രഞ്ജിമാർ, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, ഡോറ ബ്യൂട്ടി വേൾഡ്, അങ്കമാലി 

Tags:
  • Glam Up
  • Beauty Tips