Tuesday 29 November 2022 04:24 PM IST : By സ്വന്തം ലേഖകൻ

‘ഡെഡ് സ്കിൻ മാറി കൈകള്‍ സോഫ്റ്റാക്കാം’; മാനിക്യൂർ വീട്ടിൽ ചെയ്യാം സിമ്പിളായി, ടിപ്സ്

manicutrreww

വെയിലേറ്റ് കൈകളിൽ ഉണ്ടാകുന്ന കരിവാളിപ്പ്, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതു മൂലമുള്ള വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ മിക്കവരെയും ബാധിക്കുന്ന പ്രശ്നങ്ങളാണ്. കൈകൾക്ക് ഭംഗിയും വൃത്തിയും മൃദുത്വവും നൽകാൻ സഹായിക്കുന്നതാണ് മാനിക്യൂർ.

ഒരു ബൗളിൽ അൽപം ചൂടുവെള്ളമെടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ നീരും അൽപം ഇന്തുപ്പും ഏതെങ്കിലും ഒരു ഷാംപുവും ചേർക്കുക.ഈ വെള്ളത്തില്‍ 20 മിനിറ്റ് കൈകൾ മുക്കി വയ്ക്കുക. നെയിൽ ബ്രഷ്, ക്യൂട്ടിക്കിൾ കട്ടർ, ക്യൂട്ടിക്കിൾ പുഷർ, നെയിൽ കട്ടർ, ബഫർ എന്നിവയെല്ലാം അടങ്ങിയ മാനിക്യൂർ പാക്കുകൾ വിപണികളില്‍ ലഭ്യമാണ്.

മുക്കി വച്ച ശേഷം ക്യൂട്ടിക്കൾ പുറകിലേക്ക് പുഷ് ചെയ്ത് കട്ടർ ഉപയോഗിച്ച് നഖത്തിന്റെ അരികിലെ ക്യൂട്ടിക്കിൾ വൃത്തിയാക്കാം. ആവശ്യാനുസരണം നഖങ്ങൾ മുറിച്ച ശേഷം നെയിൽ ബ്രഷ് ഉപയോഗിച്ച് പതുക്കെ സ്ക്രബ് ചെയ്ത് നഖങ്ങൾ വൃത്തിയാക്കുക. നഖങ്ങൾ തുടങ്ങുന്ന ഭാഗം വരണ്ടാണിരിക്കുന്നതെങ്കിൽ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. മുഖത്ത് ഉപയോഗിക്കുന്ന സ്ക്രബ് തന്നെ കൈകളിലും ഉപയോഗിക്കാം. നെയിൽ ബ്രഷിൽ അൽപം സ്ക്രബ് എടുത്ത് കൈമുട്ട് വരെയുള്ള ഭാഗത്ത് ഉരസാം. ഡെഡ് സ്കിൻ മാറി കൈകള്‍ സോഫ്റ്റാകാൻ ഇത് സഹായിക്കും.

കൈമുട്ടിൽ കട്ടിയുള്ളതും വരണ്ടതുമായ ചർമമുള്ളവർക്ക് ആഴ്ചയിൽ ഒരു തവണ ഇത് പരീക്ഷിക്കാം. മാനിക്യൂറിന്റെ അവസാനം ചർമത്തിന്റെ സ്വഭാവമനുസരിച്ചുള്ള മോയ്സചറൈസിങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യണം. താഴെ നിന്നും മുകളിലേക്ക് വേണം വിരലുകൾ ചലിപ്പിക്കാൻ.

നഖത്തിലെ രോഗങ്ങൾ

നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖത്തിലെ നിറ വ്യത്യാസങ്ങൾ. അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന ഇവയെല്ലാം കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്.

∙ പച്ചമഞ്ഞൾ, വേപ്പെണ്ണ ചേർത്ത് മിശ്രിതമായി കാലിലിട്ടാൽ കുഴിനഖം മാറും.

∙ ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകൾ അതിൽ ഇറക്കി വച്ചാൽ നഖത്തിന്റെ അതിയായ വേദന കുറയും.

∙ മഞ്ഞളും കറ്റാർവാഴയുടെ നീരും ചേർത്ത് കുഴിനഖത്തിൽ വച്ച് കെട്ടുക. ഒരു പരിധി വരെ തടയാൻ കഴിയും.

∙ നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാൻ അനുവദിക്കാതെ ഒരേ നിരപ്പിൽ വെട്ടി നിർത്തിയാൽ കുഴി നഖം തടയാം.

∙ മാസത്തിൽ ഒരു തവണയെങ്കിലും നഖങ്ങളിൽ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും.

∙ തുളസിയില ഇട്ട് കാച്ചിയ എണ്ണ കൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാൻ സഹായിക്കും.

∙ നാരങ്ങാനീരും വൈറ്റ് വിനഗറും ചേർത്ത് നഖത്തിൽ പുരട്ടിയാൽ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.

Tags:
  • Glam Up
  • Beauty Tips