Wednesday 07 June 2023 03:40 PM IST : By സ്വന്തം ലേഖകൻ

ഗ്ലിസറിനും മുട്ടയുടെ വെള്ളയും മുള്‍ട്ടാണി മിട്ടിയും ചേര്‍ത്ത കൂട്ട്; ചര്‍മ്മം അയഞ്ഞു തൂങ്ങുന്നത് ഇല്ലാതാക്കും! സിമ്പിള്‍ ടിപ്സ്

multanimitty677

ഗുണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി. മുഖത്തിന്റെയും ചര്‍മ്മത്തിന്റെയും സൗന്ദര്യം കൂട്ടാന്‍ മുള്‍ട്ടാണി മിട്ടി വളരെ നല്ലതാണ്. മുഖക്കുരുവും പാടുകളും മാറ്റി മുഖം തിളങ്ങാന്‍ മുള്‍ട്ടാണി മിട്ടി കൊണ്ടുള്ള സിമ്പിള്‍ ടിപ്സ് ഇതാ.. 

എണ്ണമയം അകറ്റാം

അമിതമായ എണ്ണമയമകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് മുള്‍ട്ടാണി മിട്ടി ചേര്‍ത്ത ഫെയ്സ്പാക്ക്. എണ്ണമയം വലിച്ചെടുക്കുന്നതിനോടൊപ്പം രോമകൂപങ്ങളില്‍ അടിഞ്ഞു കൂടിയ അഴുക്കു വരെ നീക്കാന്‍ ഇത് സഹായിക്കും. ചന്ദനപൊടിയും പനീനീരും ചേര്‍ത്ത് കുഴച്ചു പുരട്ടിയിട്ട്‌ ഉണങ്ങുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം. അമിതമായ എണ്ണമയം ഉണ്ടെങ്കില്‍ എല്ലാ ദിവസവും അല്ലെങ്കിൽ ആഴ്ചയില്‍ രണ്ടു ദിവസവും ഈ ഫെയ്സ്പായ്ക്ക് ഉപയോഗിക്കാം.

പാടുകള്‍ മായ്ക്കാന്‍

മുറിവ് കൊണ്ടും പൊള്ളല്‍ കൊണ്ടും ഉണ്ടായ പാടുകള്‍ മായ്ക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് കുഴച്ച മുള്‍ട്ടാണി മിട്ടി ഇരുപതു മിനിറ്റ് മുഖത്തിട്ട ശേഷം കഴുകികളയാം. പാട് മായുന്നത് വരെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുടരുക.

നിറം കൂട്ടും

ചര്‍മ്മത്തിന് നിറവും ഓജസ്സും പകരാനും മുള്‍ട്ടാണി മിട്ടി സഹായിക്കും. നിറം കൂട്ടാനായി ഫെയ്സ്പായ്ക്ക് തയാറാക്കുമ്പോള്‍ തൈര് ചേര്‍ത്ത് കുഴയ്ക്കുക. 30 മിനിറ്റിനു ശേഷം കഴുകി കളയാം/ പുതിന ഉണക്കി പൊടിച്ചു ചേര്‍ക്കുന്നത് ഗുണഫലം കൂട്ടും. ആഴ്ചയില്‍ രണ്ടു ദിവസം സ്ഥിരമായി ഇതു ഉപയോഗിക്കാം. വെയിലേറ്റു കരുവാളിച്ച ചര്‍മ്മത്തിനും ഇത് വളരെ ഗുണം ചെയ്യും. മുഖത്ത് മാത്രമായോ കൈകാലുകളിലും ഇത് ഉപയോഗിക്കാം.

മുഖക്കുരു അകറ്റും

അടഞ്ഞ രോമകൂപങ്ങളും അധിക എണ്ണമയവുമാണ് മുഖക്കുരുവിന്റെ പ്രധാന കാരണങ്ങള്‍. ഇവയ്ക്കു മികച്ച പ്രതിവിധിയാണ് മുള്‍ട്ടാണി മിട്ടി എന്നതു കൊണ്ടുതന്നെ ഇത് മുഖക്കുരു മാറ്റാൻ സഹായിക്കും. വേപ്പില അരച്ചതും ഒരു നുള്ള് കര്‍പ്പൂരവും ചേര്‍ത്ത് പനിനീരില്‍ ചാലിച്ചു ഫെയ്സ്പായ്ക്ക് തയാറാക്കാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം പച്ചവെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ആവര്‍ത്തിക്കാം.

ചര്‍മ്മം അയഞ്ഞു തൂങ്ങുന്നത് ഇല്ലാതാക്കും

അമിതമായി വെയില്‍ കൊള്ളുന്നതും ഉറക്കമിളയ്ക്കുന്നതും പ്രായാധിക്യവും എല്ലാം ചര്‍മ്മം അയഞ്ഞു തൂങ്ങുന്നതിന് കാരണം ആകും. ഇത് പരിഹരിക്കാന്‍ ഗ്ലിസറിനും മുട്ടയുടെ വെള്ളയും തേനും ചേര്‍ത്ത് കുഴച്ച മുള്‍ട്ടാണി മിട്ടി ആഴ്ചയില്‍ ഒരിക്കല്‍ മുഖത്ത് പുരട്ടാം. ഇത് ഉണങ്ങി കളയുന്നത് വരെ മുഖത്തെ മസ്സിലുകള്‍ അനക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

താരന്‍ അകറ്റാനും ഉത്തമം

താരന്‍ അകറ്റാന്‍ മാത്രമല്ല എണ്ണമെഴുക്കും അഴുക്കും കളയാനും മുള്‍ട്ടാണി മിട്ടി ഉത്തമമാണ്. തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും ഇത് സഹായിക്കും. ഓറഞ്ചിന്റെ തൊലി പൊടിച്ചതോ അല്ലെങ്കില്‍ തേനും നാരങ്ങാ നീരും തൈരും ചേര്‍ത്തോ കുഴച്ചെടുക്കാം. മുഴുവന്‍ ഉണങ്ങിപിടിക്കുന്നതിനു മുന്‍പേ കഴുകികളയാന്‍ ശ്രദ്ധിക്കണം. വരണ്ട മുടിയുള്ളവര്‍ക്ക് ഈ പായ്ക്ക് നല്ലതല്ല. അല്ലാത്തവര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കാം.

Tags:
  • Glam Up
  • Beauty Tips