Wednesday 21 December 2022 04:54 PM IST : By സ്വന്തം ലേഖകൻ

മുക്കിന്റെ ഭംഗി കെടുത്തുന്ന ബ്ലാക്ക് ഹെഡ്സും വശങ്ങളിലെ കറുപ്പും; പരിഹരിക്കാം സിമ്പിള്‍ ബ്യൂട്ടി ടിപ്സിലൂടെ..

black-headsssss

മുഖസൗന്ദര്യത്തിൽ മൂക്കിനു വലിയ പങ്കുണ്ട്. മൂക്കിനെ ബാധിക്കുന്ന സാധാരണ ചില സൗന്ദര്യപ്രശ്നങ്ങളുണ്ട്. അവയ്ക്കുള്ള പരിഹാരങ്ങൾ നോക്കാം.

ബ്ലാക്ക് ഹെഡ് നീക്കാം

മൂക്കിന്റെ ചർമത്തിൽ കാണപ്പെടുന്ന ചെറിയ കറുത്ത പൊട്ടുകളാണ് ബ്ലാക് ഹെഡുകൾ.  ഒരുതരം മുഖക്കുരുവാണ് ഇവ. സെബേഷ്യസ് ഗ്രന്ഥിയിൽ നിന്നുള്ള നാളി(Duct)യിൽ നീർവീക്കമുണ്ടാകുകയും അതിലുള്ള സെബം എന്ന എണ്ണ അന്തരീക്ഷവായുവിലെ ഓക്സിജനുമായി പ്രതിപ്രവർത്തിക്കുകയും ചെയ്താലാണ് ബ്ലാക്ക് ഹെഡ് ഉണ്ടാകുന്നത്.

ബ്ലാക് ഹെഡിന്റെ  ചികിത്സ എന്നാൽ മുഖക്കുരുവിന്റെ ചികിത്സ തന്നെയാണ്. ചില ബ്യൂട്ടി പാർലറുകളിൽ ബ്ലാക് ഹെഡ് നീക്കം ചെയ്യാനായി ഞെക്കിപ്പൊട്ടിക്കുക പോലെയുള്ള പ്രക്രിയകൾ ചെയ്യുന്നത് ഇവയുടെ കറുപ്പു നിറംവർധിപ്പിക്കുന്നതായാണ് കാണിക്കുന്നത്. മുഖക്കുരുവിന്റെ ചികിത്സയാണ് പകരം ചെയ്യേണ്ടത്. ആറാഴ്ചയെങ്കിലും മുഖക്കുരുവിന്റെ ചികിത്സ െചയ്തതിനുശേഷം മാത്രമെ ത്വക്‌രോഗവിദഗ്ധൻ ബ്ലാക് ഹെഡിന്റെ ചികിത്സയായ കോമെഡോ എക്സ്ട്രാക്ഷൻ ചെയ്യൂ.

വശങ്ങളിലെ കറുപ്പ്

മൂക്കിന്റെ വശങ്ങളിലുള്ള കറുപ്പു നിറത്തിനു കാരണം സെബോറിക് മെലനോസിസ് (Seborrheic Menanosis) എന്ന രോഗാവസ്ഥയാണ്. സാധാരണയായി ഏഷ്യയിലും ആഫ്രിക്കയിലുമുള്ള ഇരുണ്ട ചർമമുള്ളവരിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്.

മൂക്കിന്റെ വശങ്ങൾ കൂടാതെ, ചുണ്ടിന്റെ വശങ്ങളിലും ചുണ്ടിനു താഴെയും ഈ കറുപ്പു നിറം കാണാറുണ്ട്. തുടക്കത്തിൽ നേരിയ ചുവപ്പുനിറം കാണപ്പെടുന്നു. പിന്നീട് മൊരിച്ചിലും കറുപ്പുനിറവും ഉണ്ടാകുന്നു. സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലും. തണുപ്പുകാലങ്ങളിൽ മൊരിച്ചിൽ കൂടും. മറ്റ് കാലാവസ്ഥയിൽ എണ്ണമയം ഉണ്ടാകുന്നു. ചിലർക്ക് ഇതോടൊപ്പം തലയിൽ താരനും ഉണ്ടാകാം.

കറുപ്പുനിറം കുറയ്ക്കാനായി സാധാരണ നൽകുന്ന ക്രീമുകൾ ഈ അവസ്ഥയിൽ ഫലപ്രദമല്ല. നീർവീക്കം കാരണമുണ്ടാകുന്ന ഈ മൊരിച്ചിൽ മാറ്റാൻ വീര്യം കുറഞ്ഞ സ്റ്റിറോയ്ഡ് ക്രീമുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ആ ഭാഗത്തു നിരന്തരമായി സ്പർശിക്കുന്നതും മൊരി ഇളക്കിക്കളയുന്നതും അവസ്ഥ മോശമാക്കാൻ ഇടയാക്കും. ഒരു വാട്ടർ ബേയ്സ്ഡ് (Water based) മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ഗുണം െചയ്യും. കൂടാെത വീര്യം കുറഞ്ഞ ഫെയ്സ് വാഷോ സോപ്പോ ഉപയോഗിക്കുന്നതും നല്ലതാണ്. മേക്കപ്പ് ചെയ്യാനുപയോഗിക്കുന്ന കോസ്മെറ്റിക്സും ശ്രദ്ധിച്ചു തിരഞ്ഞെടുക്കണം.

Tags:
  • Glam Up
  • Beauty Tips