Monday 26 December 2022 03:21 PM IST : By ഡോ. കെ. എസ്. രജിതൻ

ചെമ്പരത്തി പൂവും മൊട്ടും ഇലയും ഔഷധങ്ങൾ; ആരോഗ്യകരമായ ചെമ്പരത്തി ചായ റസിപ്പിയും അറിയാം

ottamooli

അലങ്കാരപുഷ്പമായി എപ്പോഴും പുഷ്പിച്ചുകൊണ്ടിരിക്കുന്ന ചെമ്പരത്തി ഒൗഷധമായും ആഹാരമായും ഉപയോഗിച്ചുവരുന്നു. പൂക്കളാണു പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും ഇലയും മൊട്ടും വേരും വിവിധ തരത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. മലേഷ്യയിലെ ദേശീയപുഷ്പം കൂടിയാണ് ചെമ്പരത്തിപ്പൂവ്.

‘മാല്‍വേസിയെ’ സസ്യകുടുംബത്തില്‍പ്പെട്ട ചെമ്പരത്തിയുടെ ശാസ്ത്രനാമം ‘െെഹബിസ്കസ് റോസ െെസനന്‍സിസ്’ എന്നാണ് ‘ഷൂ ഫ്ലവര്‍’ എന്നാണു ഇംഗ്ലീഷില്‍ പറയുന്നത്. പൂവിന്റെയും ഇതളിന്റെയും സ്വഭാവവ്യത്യാസമനുസരിച്ചു 100ല്‍പരം ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. അഞ്ച് ഇതളുകളോടുകൂടിയ നാടന്‍ ചെമ്പരത്തിപ്പൂവിനാണു ഒൗഷധഗുണം കൂടുതല്‍.

പ്രോട്ടീന്‍, കാര്‍ബോെെഹഡ്രേറ്റ്, കൊഴുപ്പ്, കാല്‍സ്യം, നാരുകള്‍, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, അന്തോസയാനിന്‍, ചിലതരം െെതലങ്ങള്‍ എന്നിവയ്ക്കു പുറമെ വിറ്റമിന്‍ എ, െെറബോഫ്ലാവിന്‍, നിയാസിന്‍, തയമിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ അസ്കോര്‍ബിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, ഒാക്സാലിക് ആസിഡ്, െെഹബിസ്കസ് ആസിഡ് എന്നീ ആസിഡുകളും ഉണ്ട്.

പ്രത്യേക ചെലവുകളൊന്നും കൂടാതെ എളുപ്പത്തില്‍ നട്ടുവളര്‍ത്തി എടുക്കാനും കൃഷി ചെയ്യാനും പറ്റുന്നതാണ് ചെമ്പരത്തി. സാധാരണ തണ്ടുകള്‍ മുറിച്ചാണു നടാന്‍ ഉപയോഗിക്കുന്നത്. ഏകദേശം 6 മാസങ്ങള്‍ കൊണ്ടു ചെടികള്‍ പുഷ്പിച്ചു തുടങ്ങും.

ഒൗഷധപ്രയോഗങ്ങള്‍

∙ ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ചെടുത്ത് തേനും നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ ശരീരക്ഷീണം മാറും. ∙ ആറു ചെമ്പരത്തിപ്പൂക്കള്‍ അര ലീറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ചു കാല്‍ ലീറ്ററാക്കി ദിവസവും പല പ്രാവശ്യമായി കുടിച്ചാല്‍ ചൂടും അമിതവിയര്‍പ്പും കുറയും.

∙ ചെമ്പരത്തിപ്പൂക്കള്‍ ഉണക്കിപ്പൊടിച്ചു െവളിച്ചെണ്ണയില്‍ ഇട്ട് ഏഴു ദിവസം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്പിക്കുക. അതിനുശേഷം ചില്ലുകുപ്പിയിലാക്കി വയ്ക്കുക. ഈ വെളിച്ചെണ്ണ ദിവസവും തലയില്‍ പുരട്ടി തടവിയാല്‍ തലമുടി കറുക്കുന്നതിനു സഹായിക്കും.

∙ ചെമ്പരത്തിപ്പൂക്കള്‍ കഷായമാക്കി കുടിച്ചാല്‍ മൂത്രരോഗങ്ങളും രക്തപിത്തവും മാറും.

∙ ചെമ്പരത്തിപ്പൂക്കളും ശര്‍ക്കരയും പച്ചരിയും ചേര്‍ത്തു പാകം ചെയ്തു കഴിച്ചാല്‍ രക്തശുദ്ധിവരും.

∙ ചുവന്ന നാടന്‍ ചെമ്പരത്തിപ്പൂവിന്റെ 25 ഇതളുകള്‍ ഒരു ചില്ല് ഗ്ലാസില്‍ ഇടുക. അതില്‍ രണ്ട് ഒൗണ്‍സ് ചെറുനാരങ്ങാനീര് ചേര്‍ത്ത് 8 മണിക്കൂര്‍ അടച്ചുവയ്ക്കുക. ഇതു പിഴിഞ്ഞെടുത്ത് തേനോ പഞ്ചസാരയോ ചേര്‍ത്തു ദിവസവും കഴിച്ചാല്‍ ശരീരക്ഷീണം അകന്നു രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവു വര്‍ധിക്കും.

∙ ചെമ്പരത്തിപ്പൂവും കോഴിമുട്ടയും എള്ളെണ്ണയും കൂടി ചാലിച്ചു ദേഹം മുഴുവന്‍ പുരട്ടി തടവിയാല്‍ മെയ് വഴക്കമുണ്ടാകും.

∙ ചെമ്പരത്തിയിലയുടെ നീര് ഒരു ഒൗണ്‍സ് വീതം ദിവസവും കഴിച്ചാല്‍ വെള്ളപോക്കിന് ശമനം കിട്ടും.

∙ ചെമ്പരത്തിവേരും ചുക്കും കുരുമുളകും കൂടി കഷായം വച്ചു കുടിച്ചാല്‍ ചുമ മാറും. ∙ ചെമ്പരത്തിവേര്‍ അരിക്കാടിയില്‍ അരച്ചു ലേപനം ചെയ്താല്‍ നീരു വറ്റിപ്പോകും.

ചായയും ജ്യൂസും

∙ ചെമ്പരത്തിപ്പൂവ് ചായ: ഉണക്കിയെടുത്ത ചെമ്പരത്തിപ്പൂവിന്റെ പൊടി ഒരു ടീസ്പൂണ്‍ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. അതില്‍ രുചിക്കനുസരിച്ചു ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തു കുടിക്കാം. ടീബാഗോ, തനി ചായപ്പൊടിയോ ചേര്‍ത്തു കുടിക്കാം.

∙ ചെമ്പരത്തിപ്പൂവ് ശീതളപാനീയം: ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റെ പൊടി 15 ഗ്രാം തിളപ്പിച്ചാറ്റി തണുത്ത ശുദ്ധജലം 4 കപ്പ്, പഞ്ചസാരപ്പാനി, െഎസ്ക്യൂബ് ഇവയാണു ചേരുവകള്‍. ചെമ്പരത്തിപ്പൂവിന്റെ പൊടി വെള്ളത്തില്‍ ചേര്‍ത്തു നല്ലതുപോലെ ഇളക്കുക. ആവശ്യത്തിന് പഞ്ചസാരപ്പാനി ചേര്‍ത്തു വീണ്ടും ഇളക്കി ഒരു മണിക്കൂര്‍ മൂടിവയ്ക്കുക. പിന്നീട് െഎസ്ക്യൂബുകള്‍ ചേര്‍ത്തു കുടിക്കാം.

∙ െെഹബിസ്കസ് ജ്യൂസ്: ശുദ്ധജലം 6 കപ്പ്, ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റെ പൊടി ഒന്നര കപ്പ്, കനംകുറഞ്ഞ് പാളികളായി അരിഞ്ഞെടുത്ത ഇഞ്ചി ആറു കഷണം, പഞ്ചസാരപ്പാനി. ചെമ്പരത്തിപ്പൂവിന്റെ പൊടിയും ഇഞ്ചിയും വെള്ളവും ചേര്‍ത്ത് 20 മിനിറ്റു ചൂടാക്കി തണുക്കാന്‍ അനുവദിക്കുക. അതിനുശേഷം അരിച്ചെടുത്ത് പഞ്ചസാരപ്പാനി ചേര്‍ത്തു കുടിക്കാവുന്നതാണ്.

∙ ചെമ്പരത്തി ഇലകള്‍ തോരന്‍ വയ്ക്കാം. ചിലയിനം ചെമ്പരത്തിപ്പൂക്കള്‍ ഗര്‍ഭധാരണശക്തി ഇല്ലാതാക്കും. ഗര്‍ഭിണികള്‍ ഈ വിഭവങ്ങള്‍ കഴിക്കുന്നതു നല്ലതല്ല.

(തൃശൂർ ഔഷധി ആയുർവേദ ആശുപത്രി & പഞ്ചകർമ സെന്റർ സൂപ്രണ്ടാണ് ലേഖകൻ)

Tags:
  • Manorama Arogyam
  • Health Tips