Saturday 25 February 2023 03:26 PM IST : By സ്വന്തം ലേഖകൻ

പിംപിൾ അകറ്റാൻ സിംപിൾ വഴികൾ; മുഖക്കുരു മായ്ക്കാനും ഇനി വരാതിരിക്കാനും പരിഹാരമുണ്ട്! രഞ്ജു രഞ്ജിമാർ ബ്യൂട്ടി ടിപ്സ്

renju888beautyyy

കൗമാരക്കാരുടെ മാത്രം തലവേദനയല്ല മുഖക്കുരു. മാസ്ക് അധികനേരം ധരിക്കുന്നതു മൂലം വരുന്ന മുഖക്കുരു ‘മാസ്ക്നെ’ മിക്കവരെയും അലട്ടുന്നുണ്ട്. പ്രായം നാൽപതു കഴിഞ്ഞവരിലും മുഖക്കുരു ശല്യക്കാരനാകുന്നുണ്ട്. മുഖക്കുരു മായ്ക്കാൻ അറിയാം ചില പൊടിക്കൈകൾ. 

∙ പച്ചമഞ്ഞളും ആരിവേപ്പിലയും കിഴി കെട്ടിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു 10 മിനിറ്റ് മുഖത്ത് ആവി പിടിക്കാം. മുഖക്കുരു വരില്ല. ആവി പിടിക്കുമ്പോൾ കണ്ണിൽ ചൂടു തട്ടാതിരിക്കാൻ തുണികൊണ്ടു മൂടാൻ പ്രത്യേകം ശ്രദ്ധിക്കുക. അമിതമായി മുഖക്കുരുവുള്ളവർ ആവി പിടിച്ചശേഷം ഏലാദിചൂർണം വെള്ളത്തിൽ ചാലിച്ചു മുഖത്തു പുരട്ടി 15 മിനിറ്റുശേഷം കഴുകുക.

∙ ഉലുവയില അരച്ച് മുഖത്തു പുരട്ടി 30 മിനിറ്റിനു ശേഷം കഴുകാം. ഒരാഴ്ച തുടർച്ചയായി ചെയ്താൽ മുഖക്കുരു അകലും.

∙ ജാതിപത്രിപ്പൊടി അൽപമെടുത്തു തേനിൽ ചാലിച്ചു മുഖക്കുരുവുള്ള ഭാഗത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. കുരുക്കൾ മായും, പാടുകൾ വരികയുമില്ല.

∙ മുഖത്തു മുട്ടവെള്ള പുരട്ടി ഉണങ്ങിയശേഷം നീക്കം ചെയ്യാം. ചർമത്തിലെ എണ്ണമയം അകലും. മുഖക്കുരു വരാതിരിക്കും.

∙ റാഗിപ്പൊടിയിൽ കുഴയ്ക്കാൻ പാകത്തിനു പാൽ ചേർക്കുക. അൽപം നാരങ്ങാനീരോ ഓറഞ്ചു നീരോ കൂടി ചേർത്തു മുഖത്തു പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകാം. 

ഓർക്കേണ്ട ഒരു കാര്യം മുഖക്കുരു ഉള്ളവർ മുഖം അമിതമായി മസാജ് ചെയ്തു കഴുകുകയോ പരുക്കൻ പ്രതലമുള്ള തോർത്തോ മ റ്റോ ഉപയോഗിച്ചു മുഖം തുടയ്ക്കുകയോ അരുത്.

കടപ്പാട്: രഞ്ജു രഞ്ജിമാർ, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, ഡോറ ബ്യൂട്ടി വേൾഡ്, അങ്കമാലി 

Tags:
  • Glam Up
  • Beauty Tips