Saturday 27 May 2023 02:36 PM IST

ചെറിയ വെയിലു പോലും മുഖത്തു കരുവാളിപ്പു വരുത്തും; ഗർഭകാലത്തു ചർമം സെൻസിറ്റീവ് ആകും, സുന്ദരിയാകാന്‍ ടിപ്സ്

Ammu Joas

Sub Editor

pregbeauuu

ബേബി ഷവർ, മെറ്റേണിറ്റി ഫോട്ടോഷൂട്ട്... ഗർഭകാലം ആഘോഷങ്ങളുടേതു കൂടിയാണ്. സൗന്ദര്യം ഒട്ടും കുറയേണ്ട...

ഗർഭകാലത്തു മുഖക്കുരു, കരുവാളിപ്പ്, സ്ട്രെച്ച് മാർക്സ് എന്നിവയൊക്കെ കാരണം ടെൻഷനടിക്കുന്ന പെൺമക്കളോടു ‘പ്രസവം കഴിയുമ്പോൾ ഇതെല്ലാം മാറിക്കോളുമെന്നേ...’ എ ന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ അമ്മ പറയും. അതു സത്യവുമാണ്, ഗർഭകാലത്തുണ്ടാകുന്ന മിക്ക ചർമ പ്രശ്നങ്ങളും പ്രസവശേഷം മൂന്നു മുതൽ ആറ് ആഴ്ചയ്ക്കുള്ളില്‍ മാറും. ഗർഭകാലത്തു ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണു ചർമത്തിലെ ഈ മാറ്റങ്ങൾക്കു കാരണം.

പക്ഷേ, പണ്ടത്തെ കാലമല്ലല്ലോ അമ്മമാരേ, ഗർഭകാലത്തും ജോലിക്കു പോകുന്നവരാണു മിക്ക സ്ത്രീകളും. ചർമപ്രശ്നങ്ങൾ ആത്മവിശ്വാസത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടേ. മാത്രമല്ല, ബേബി ഷവർ, മെറ്റേണിറ്റി ഫോട്ടോഷൂട്ട് തുടങ്ങി എന്തൊക്കെ ആഘോഷങ്ങളുണ്ടു തിളങ്ങാൻ.

അറിയാം, ഗർഭകാലത്ത് അലട്ടുന്ന ചർമപ്രശ്നങ്ങളും പരിഹാരങ്ങളും.  

കൂടിവരുന്ന  കരുവാളിപ്പ്

ഗർഭകാലത്തെ 90 ശതമാനം ചർമപ്രശ്നവും പിഗ്‌മന്റേഷൻ സംബന്ധമായാണ്. ഗര്‍ഭം എട്ടാഴ്ചയാകുന്നതോടെ ശരീരത്തിൽ മെലാനോസൈറ്റ്സ് സ്റ്റിമുലേറ്റിങ് ഹോർമോണുകൾ കൂടുതലാകും. ഇതുമൂലം ശരീരത്തിലെ മെലാനിന്റെ (ചർമത്തിനു നിറം നൽകുന്ന ഘടകം) അളവു കൂടുകയും പല ശരീരഭാഗങ്ങളിലായി നിറവ്യത്യാസം ഉണ്ടാകുകയും ചെയ്യും. ഗർഭകാലത്തു ചർമം സെൻസിറ്റീവ് ആകും. അപ്പോൾ ചെറിയ വെയിലു കൊണ്ടാൽ തന്നെ മുഖത്തും കഴുത്തിലും കരുവാളിപ്പു വരാം.

ഈ കരുവാളിപ്പു കുറയ്ക്കാൻ പരിഹാരം സൺസ്ക്രീൻ ആണ്. ഗർഭകാലമായതിനാൽ സിങ്ക് ഓക്സൈഡ് അടങ്ങിയവ ആണു സുരക്ഷിതം. എസ്പിഎഫ് 30 എങ്കിലും വേണം. ചൂണ്ടുവിരലിന്റെ നീളത്തിൽ ക്രീം എടുത്ത് മുഖത്തും കഴുത്തിലും പുരട്ടണം. പുറത്തു പോകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മൂന്നു – നാലു മണിക്കൂർ ഇടവേളയിൽ സൺസ്ക്രീൻ ഉപയോഗിക്കുക.

കഴുത്ത്, കക്ഷം എന്നിങ്ങനെ ശരീരത്തിലെ മടക്കുകളുള്ള ഭാഗങ്ങള്‍ ഇരുണ്ടുതുടങ്ങും. അമ്മവയറിനു നടുവിൽ നാഭിയിൽ നിന്ന് അടിവയറു വരെ നീളത്തിൽ കാണുന്ന ഇരുണ്ട പാടാണു ലീനിയ നൈഗ്ര. ഗർഭകാലം കഴിയുന്നതോടെ ഈ പാടു പൂർണമായി അകലുമെന്നതിനാൽ കരുതലൊന്നും ആവശ്യമില്ല.

കഴുത്തിലും കക്ഷത്തിലും കൈകാൽ മുട്ടുകളിലും കരുവാളിപ്പ് അകറ്റാൻ അടുക്കളയിലും മുറ്റത്തുമായി ഒന്നു കറങ്ങാം. ചർമത്തിനു ബ്ലീച്ചിങ് ഇഫക്ട് നൽകുന്ന തക്കാളി, ഓറഞ്ച്, പപ്പായ, നാരങ്ങ എന്നിവയിലേതെങ്കിലും ഉപയോഗിച്ചു മസാജ് ചെയ്യുന്നതു കറുപ്പകറ്റും.

മുഖം അങ്ങിങ്ങായി കരുവാളിക്കുന്ന മെലാസ്മ അഥവാ കൊളാസ്മയും പലരിലും കാണാറുണ്ട്. മാസ്ക് ഓഫ് പ്രഗ്‌നൻസി എന്നാണ് ഇതിനെ പറയുന്നത്. കവിൾ, മൂക്ക്, മേൽചുണ്ട്, നെറ്റി എന്നിവിടങ്ങളിലാണ് ഇരുണ്ട അടയാളങ്ങൾ കാണപ്പെടുക. മിക്കവരിലും ഗർഭശേഷം മെലാസ്മ മാറുമെങ്കിലും ചിലരിൽ ഇതു നീണ്ടുപോകാം. ഇവർക്കു ചികിത്സ വേണ്ടിവരും.

ഇടയ്ക്കിടെ ചൊറിച്ചിൽ

ഗർഭകാലം ഏഴാം മാസത്തിൽ എത്തുന്നതോടെയാണു ചിലർക്കു ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു തുടങ്ങുന്നത്. ഹോർമോൺ വ്യതിയാനം മൂലം ഇതു വരാമെങ്കിലും   വൃക്ക, കരൾ, തൈറോയ്ഡ് പ്രശ്നങ്ങളുടെ ലക്ഷണമായും ചൊറിച്ചിൽ ഉണ്ടാകാം. അതിനാൽ അസ്വസ്ഥതകൾ തുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കണ്ടു വിവരം പറഞ്ഞു വേണ്ട ടെസ്റ്റുകൾ നടത്തുക.

ഹോർമോൺ വ്യതിയാനം മൂലമുള്ള ചൊറിച്ചിൽ വയറിൽ മാത്രമാണ് ഉണ്ടാകാറ്. നഖം കൊണ്ടു ചൊറിയാതെ ഒരു തുണി ഉപയോഗിച്ചു മെല്ലേ തടവുക. നഖമോ ചീപ് പോലെ കൂർത്ത അഗ്രമുള്ള വസ്തുക്കളോ ഉപയോഗിച്ചാൽ ചർമം ലോലമായതിനാൽ പെട്ടെന്നു മുറിയാം. മുറിവുകൾ വീണ്ടും വീണ്ടും വയറിൽ ഉണ്ടാകുന്നത് അസ്വസ്ഥതയും ചൊറിച്ചിലും കൂട്ടുകയേ ഉള്ളൂ.

സ്കിൻ കെയർ റുട്ടീൻ ഉപേക്ഷിക്കല്ലേ

ഗർഭിണിയായാൽ ഉടനെ ഇതുവരെ ചെയ്തിരുന്ന ചർമപരിപാലന രീതികളെല്ലാം പാടേ ഉപേക്ഷിക്കാറുണ്ട് പലരും. സൗന്ദര്യവർധക വസ്തുക്കൾ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ചിന്തയാണു കാരണം.

മുഖം വൃത്തിയാക്കാൻ ക്ലെൻസറും ചർമത്തിന്റെ വരൾച്ച അകറ്റി ജലാംശം നിലനിർത്താൻ മോയിസ്ചറൈസറും  അത്യാവശ്യമാണ്. ഇതോടൊപ്പം സൂര്യരശ്മികൾ ചർമത്തെ ബാധിക്കാതിരിക്കാൻ സൺസ്ക്രീനും രാവിലത്തെ ചർമപരിപാലനത്തിനു നിർബന്ധമായും ഉപയോഗിക്കണം. ഡോക്ടറുടെ നിർദേശത്തോടെ ഗർഭകാല സുരക്ഷിത പ്രോഡക്റ്റ്സ് തിരഞ്ഞെടുക്കാം.

രാത്രിയിൽ മുഖം കഴുകിയശേഷം അണ്ടർ ഐ ക്രീമും മോയിസ്ചറൈസറും പുരട്ടിയാൽ മതി. ശരീരത്തിൽ മോയിസ്ചറൈസർ പുരട്ടുന്നതും ശീലമാക്കാം. പെട്ടെന്നു വരണ്ടുപോകുന്ന കൈ, കാൽ മുട്ടുകളിൽ പ്രത്യേകിച്ചും. വരണ്ട ചർമമുള്ളവരുടെ മുലക്കണ്ണിനും വരൾച്ച വരാം.

സ്കിൻ ട്രീറ്റ്മെന്റ്സ് എല്ലാം വേണ്ട

കോസ്മറ്റിക് ചികിത്സകളെല്ലാം ഗർഭകാലത്തു സുരക്ഷിതമല്ല. ലേസർ, ബോട്ടോക്സ്, ഫില്ലേഴ്സ് എന്നിവയൊന്നും ഗർഭകാലത്തു വേണ്ട. ചർമസംരക്ഷണത്തിനായി പലതരം കെമിക്കൽ പീലുകളുണ്ട്. ഫെയ്സ് ആസിഡ്സ് ഉപയോഗിച്ച് ചെയ്യുന്ന പീലുകളിൽ അസ്കോർബിക് ആസിഡ്, മാൻഡലിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്, ഹയലൂറിണിക് ആസിഡ് എന്നിവ സുരക്ഷിതമായി ഉപയോഗിക്കാവുന്നവയാണ്.

മാസത്തില്‍ ഒരിക്കൽ പാർലറിൽ പോയി സാധാരണ ഫേഷ്യൽ ചെയ്യാം. മസാജിങ്ങും ഫെയ്സ് മാസ്കും ഉൾപ്പെടുന്ന ഫേഷ്യൽ മുഖത്തിന് ഉന്മേഷം നൽകും. സ്വയം ഒന്ന് ഓമനിക്കണമെന്നു തോന്നുമ്പോൾ പെഡിക്യൂറും മാനിക്യൂറും ചെയ്തോളൂ.  

ഗർഭകാലത്തിന്റെ രണ്ടാം പകുതിയിൽ സ്കിൻ ടാഗ് വരാം. അഭംഗിയല്ലേ എന്നു കരുതി ഇവ കരിച്ചു കളയാനൊന്നും ശ്രമിക്കേണ്ട. പ്രസവശേഷം ഇതു സ്വാഭാവികമായി തന്നെ മാറിക്കോളും.

മുഖക്കുരു എന്നെ വിട്ടുപോകുന്നില്ലല്ലോ

കൗമാരം മുതൽ കൂടെക്കൂടുന്ന സൈക്കോ വില്ലനാണു മുഖക്കുരു. സ്ത്രീ ജീവിതത്തിന്റെ സുവർണ കാലങ്ങളിൽ ഇതു ശല്യമായി എത്തും. സെബേഷ്യസ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടുന്നതാണു പ്രശ്നം. മുഖത്തെ എണ്ണമയം കൂടുമ്പോൾ, ചർമസുഷിരങ്ങളി‍ൽ പൊടി കയറിയടഞ്ഞു വില്ലൻ പുറത്തു വരും. ചുവന്നു തുടുത്തും പഴുത്തു വേദനിപ്പിച്ചും വരുന്ന മുഖക്കുരു മായ്ക്കാൻ മരുന്നു പുരട്ടാം. സാലിസിലിക് ആസിഡ്, ക്ലിൻഡാമൈസിൻ എന്നിവ മിതമായ അളവിൽ പുരട്ടുന്നതിൽ തെറ്റില്ല.

എണ്ണമയമുള്ള ചർമക്കാർക്കു വേണ്ടിയുള്ള ക്ലെൻസർ ഉപയോഗിച്ചു മുഖം കഴുകുക. രാത്രി ഉറങ്ങും മുൻപ് ഇളം ചൂടുവെള്ളത്തിൽ മുഖം തുടയ്ക്കാം. ആഴ്ചയിൽ രണ്ടു ദിവസം തുളസിയില ഇട്ട വെള്ളത്തിന്റെ ആവി കൊള്ളുന്നതു മുഖക്കുരുവിനു തടയിടും.

രോമം കളയാൻ വാക്സിങ് വേണോ?

വാക്സിങ് ചെയ്യുന്നതു ഗർഭകാലത്തു ദോഷകരമല്ലെങ്കിലും ശരീരസ്വഭാവം മാറിയതുകൊണ്ടു വേദന അധികമായി അനുഭവപ്പെടാം. ഹെയർ റിമൂവൽ ക്രീമിലെ കെമിക്കലുകള്‍ ചർമത്തിനെ അസ്വസ്ഥമാക്കാനും ഇടയുണ്ട്. അതിനാ ൽ ഷേവിങ് ആണ് ഈ സമയത്തു നല്ലത്.

ഷേവിങ് ജെല്ലോ കറ്റാർവാഴ ജെല്ലോ പുരട്ടിയതിനു ശേഷം ബോഡി റേസർ ഉപയോഗിച്ച് അനാവശ്യരോമം നീക്കാം. ഷേവ് ചെയ്തതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിയിട്ടു മോയിസ്ചറൈസർ പുരട്ടണം. മുഖത്തെ രോമം നീക്കാൻ ഫെയ്സ് റേസർ വേണം ഉപയോഗിക്കാൻ

വേണ്ടേ വേണ്ട

ഗർഭകാലത്ത് ഒട്ടും സുരക്ഷിതമല്ലാത്തതാണ് റെറ്റിനോയ്ഡ്, ഹൈഡ്രോക്വിനോൺ, ഐസോ ട്രെറ്റിനോയിൻ എന്നിവ. ഇവയുടെ ഉപയോഗം ഗർഭസ്ഥശിശുവിനു  വൈകല്യങ്ങളുണ്ടാക്കാമെന്നതിനാൽ ഗർഭിണിയാകാൻ ഒരുങ്ങുമ്പോൾ തന്നെ ഇവ ഒഴിവാക്കേണ്ടതാണ്.

വൈറ്റമിൻ എയാണു റെറ്റിനോയ്ഡ്, ട്രെറ്റിനോയിൻ എന്നിവ. ചർമത്തിലെ കൊളാജെന്റെ ഉൽപാദനം കൂട്ടുന്നതു വഴി പ്രായാധിക്യത്തിന്റെ ലക്ഷണങ്ങള്‍ അകറ്റാനും  പിഗ്‌മന്റേഷൻ പരിഹരിക്കാനുമാണു റെറ്റിനോയ്ഡ് ഉപയോഗിക്കുന്നത്.

മുഖക്കുരുവിനെ തുരത്താനാണ് ഐസോ ട്രെറ്റിനോയിൻ. ഒറ്റനോട്ടത്തിൽ ഗർഭകാല ചർമപ്രശ്നങ്ങൾക്കു പരിഹാരമായി തോന്നുമെങ്കിലും ഇവ സുരക്ഷിതമല്ല. ഡോക്ടറുടെ നിർദേശത്തോടെ ചർമപ്രശ്നങ്ങൾക്കു മരുന്ന് ഉപയോഗിക്കണമെന്നു പറയുന്നത് ഇതുകൊണ്ടാണ്.

വൈറ്റമിൻ സി സൂപ്പറാ....

ഗർഭകാലത്ത് ഉപയോഗിക്കാൻ സുരക്ഷിതമായതാണു വൈറ്റമിൻ സി സീറം. ബ്രൈറ്റനിങ് ഗുണങ്ങളാണ് ഇതിന് അധികമായി ഉള്ളതെങ്കിലും മികച്ച ആന്റി ഓക്സി‍ഡന്റ് ആയതിനാൽ ചർമകോശങ്ങളുടെ പുനരുജ്ജീവനത്തിന് ഇതു സഹായിക്കും. ചർമത്തിന് തിളക്കവും ആരോഗ്യവും നൽകും.

വൈറ്റമിൻ ബി 3 ആയ നിയാസിനമൈഡും ഗർഭിണികൾ ധൈര്യമായി പുരട്ടിക്കോളൂ. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കും, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാൽ മുഖക്കുരു വരാതെ കാക്കും, മുഖക്കുരുവിന്റെ പാടുകൾ മായ്ക്കും, ചർമ സുഷിരങ്ങൾ അടച്ച് ചർമം സുന്ദരമാക്കും, സ്കിൻ ടോൺ മെച്ചപ്പെടുത്തും എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങളുണ്ട്.

അസിലിക് ആസിഡ് – നിയാസിനമൈഡ് കോംബോയും ഗർഭകാലത്തു സുരക്ഷിതമാണ്. പിഗ്‌മന്റേഷൻ അകറ്റാനും സഹായിക്കും.

സ്ട്രെച്ച് മാർക്സ് വരാതിരിക്കുമോ?

അമ്മയാകാന്‍ ഒരുങ്ങുമ്പോൾ തന്നെ സ്ട്രെച്ച് മാർക്സിനെ കുറിച്ചുള്ള ചിന്തയും ചിലരെ അലട്ടിത്തുടങ്ങും. കുഞ്ഞു വളരുന്നതനുസരിച്ചു ചർമം വലിയുമ്പോഴുണ്ടാകുന്നതാണ് ഈ പാടുകൾ. പിന്നീട് ശരീരവും വയറും ചുരുങ്ങുമെങ്കിലും പാടുകൾ മായാതെ അവശേഷിക്കും.  

സ്ട്രെച്ച് മാർക്സ് അധികം വരാതിരിക്കാൻ ആദ്യ ട്രൈമസ്റ്റർ മുതൽ മോയിസ്ചറൈസർ പുരട്ടാം. കൊക്കോ ബട്ടർ ഗർഭകാലത്തു സുരക്ഷിതമായി ഉപയോഗിക്കാവുന്ന മോയിസ്ചറൈസറാണ്. ആർഗൻ ഓയിൽ, റോസ്ഹിപ് ഓയിൽ, വെളിച്ചെണ്ണ എന്നിവ ചർമത്തിനു മികച്ച ഹൈഡ്രേഷൻ നൽകുകയും സ്ട്രെച്ച് മാർക്സിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യും.

സ്ട്രെച്ച് മാർക്സ് വരാൻ സാധ്യത കൂടുതലുള്ള വയറിലും തുടയിലും നിതംബത്തിലും രാവിലെയും രാത്രിയും മോയിസ്ചറൈസർ പുരട്ടി മൃദുവായി മസാജ് ചെയ്തു കൊടുക്കണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. എസ്. റാണിലക്ഷ്മി,

അസി. പ്രഫസർ, ഗൈനക്കോളജി വിഭാഗം,

ഗവ. മെഡിക്കൽ കോളജ്, കോട്ടയം

ഡോ. ഉഷ വിജയ് പദ്മൻ,

മാധവി സ്കിൻ ആൻഡ് മെഡിക്കൽ ക്ലിനിക്,

ഇരട്ടയാൽ, പാലക്കാട്.

Tags:
  • Glam Up
  • Beauty Tips